അഫ്ഗാനില്‍ നിന്ന് സെപ്തംബര്‍ പതിനൊന്നു കൂടി അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമെന്ന പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയും സുപ്രധാനമായിട്ടുള്ള ബാഗ്രാം എയര്‍ബേസില്‍ നിന്ന് യുഎസ് ട്രൂപ്പ് പിന്‍വാങ്ങുകയും ചെയ്തതോടുകൂടി വലിയ ചര്‍ച്ചകളാണ് അന്താഷ്ട്രതലത്തില്‍ നടക്കുന്നത്. താലിബാന്‍ വടക്കു ഭാഗത്ത് കൂടുതല്‍ പ്രദേശങ്ങള്‍ കയ്യടക്കുന്നതും വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ അഫ്ഗാന്‍ അമേരിക്കന്‍ പ്രശ്‌നത്തെക്കുറിച്ചും നിലവിലെ റിപ്പോര്‍ട്ടുകളെക്കുറിച്ചും ദ ഹിന്ദു ഫോറിന്‍ അഫയേഴ്‌സ് എഡിറ്റര്‍ സ്റ്റാന്‍ലി ജോണി വിശദമാക്കുന്നു.
ഭീകരവാദത്തെ പരാജയപ്പെടുത്തുക, ഒസാമ ബിന്‍ലാദനെ നരകത്തിലേക്ക് അയക്കുക എന്നതായിരുന്നു അമേരിക്കയുടെ ലക്ഷ്യം എന്നാണ് ബൈഡന്‍ പറഞ്ഞത്. ഇതു രണ്ടുമാണ് അമേരിക്കയുടെ ലക്ഷ്യം എന്നുണ്ടെങ്കില്‍ എന്തിനാണ് ഇരുപത് വര്‍ഷം അമേരിക്ക അഫ്ഗാനില്‍ തുടര്‍ന്നത് എന്നതാണ് ചോദ്യം. ബൈഡന്‍ പ്രസിഡന്റായിരിക്കുന്ന സമയത്താണ് യു.എസ് ട്രൂപ്പുകള്‍ അമേരിക്കയില്‍ നിന്ന് പിന്മാറുന്നത്. അതിനു അനുകൂലമായ ഒരു നരേറ്റീവ് ഉണ്ടാക്കാനാണ് ബൈഡന്‍ ശ്രമിക്കുന്നത്.
അമേരിക്ക പിന്‍വാങ്ങുമ്പോള്‍ താലിബാന്‍ അവിടെ കൂടുതല്‍ കൂടുതല്‍ സ്ഥലങ്ങള്‍ കയ്യടക്കികൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ പരാജയത്തിന്റെ ഭാഗമായുള്ള പിന്മാറ്റമാണ് ഇത്. അമേരിക്കയാണ് ഈ യുദ്ധം അവസാനിപ്പിക്കുന്നത് എന്നാണ് നരേറ്റീവെങ്കിലും അമേരിക്ക ഈ യുദ്ധം പരാജയപ്പെട്ടു എന്ന് തന്നെയാണ് അനുമനിക്കാന്‍ സാധിക്കുന്നത്.