പ്രാപ്പെട ഐ.എഫ്.എഫ്.കെയില്‍ എത്തിയിരിക്കുന്നു? എന്ത് തോന്നുന്നു?
പ്രാപ്പെട ഐ.എഫ്.എഫ്.കെയില്‍ തെരഞ്ഞെടുത്തതില്‍ ഒരുപാട് സന്തോഷമുണ്ട്. 2003ല്‍ മീഡിയ സ്റ്റുഡന്റ് ആയിരിക്കുന്ന കാലം മുതലേ ഐ.എഫ്.എഫ്.കെ സ്ഥിരമായി കൂടുന്ന ഒരാളാണ് ഞാന്‍. ഒരു സിനിമ ചെയ്യുമ്പോള്‍ നമ്മുടെ നാട്ടില്‍ തന്നെ ആദ്യം പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രാപ്പെട ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.
എന്താണ് പ്രാപ്പെട? എങ്ങനെയാണ് പ്രാപ്പെട സംഭവിക്കുന്നത്?
ഹോക്ക്‌സ് മഫിന്‍ എന്നതിന്റെ പരിഭാഷയല്ല പ്രാപ്പെട. ഹോക്ക് (HAWK) എന്നാല്‍ പരുന്ത് എന്നാണ് അര്‍ഥം. മഫിന്‍ പരുന്തിന്റെ തീറ്റയോ കാഷ്ടമോ ആകാം. പ്രാപ്പെട എന്നതുകൊണ്ട് പെടപ്രാവ് അല്ലെങ്കില്‍ പിടക്കുന്ന പ്രാവ് എന്നാണു ഉദ്ദേശിച്ചത്. പ്രാപ്പെടയും ഹോക്ക്‌സ് മഫിനും തമ്മിലുള്ള ബന്ധം സിനിമ കണ്ട് കഴിയുമ്പോഴേ മനസിലാക്കാന്‍ സാധിക്കുകയുള്ളു. 2020ലെ ലോക്ക്ഡൗണില്‍ ആണ് പ്രാപ്പെട സംഭവിക്കുന്നത്. ലോക്ക്ഡൗണില്‍ സുഹൃത്തുക്കളായ സിനിമാക്കാരെല്ലാം വെറുതെ ഇരിക്കുകയും, പെട്ടെന്നൊരു ചിന്ത വരുകയും, ആ ചിന്തയുടെ പുറത്ത് വളരെ ഒറ്റപ്പെട്ട സ്ഥലത്ത് ഷൂട്ട് ചെയുകയും ചെയ്ത ഒരു സിനിമയാണ് പ്രാപ്പെട. ഒരുമാസംകൊണ്ടാണ് സിനിമ സംഭവിക്കുന്നത്.
കോവിഡില്‍ സംഭവിച്ച സിനിമയാണോ പ്രാപ്പെട?
കോവിഡ് ടൈമില്‍ ക്രീയേറ്റീവ് ആയ സുഹൃത്തുക്കള്‍ എല്ലാം ഫ്രീയായി ഇരുന്ന സമയത്ത് പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സുരക്ഷിതമായി ചെയ്യാന്‍ കഴിയുന്ന വിഷയങ്ങള്‍ ആലോചിച്ചപ്പോഴാണ് പ്രാപ്പെട രൂപപ്പെട്ടത്. പോകെ പോകെ സിനിമയുടെ കഥാഘടന രീതികളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിഞ്ഞു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സിനിമ നമ്മളെ കൊണ്ടുപോകുന്ന രീതിയിലേക്ക് ആയി മാറിയിരുന്നു. കാരണം ഒരുപാട് സമയമെടുത്ത് ചെയ്ത പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തെല്ലാം സിനിമ വളര്‍ന്നുകൊണ്ടേയിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് ശേഷവും സിനിമയുടെ നരേറ്റിവ് എന്ന പ്രോസസ്സ് നടന്നിരുന്നു.
ഏത് ജോണറിലുള്ള സിനിമയാണ് പ്രാപ്പെട?
'പ്രാപ്പെട ' എന്നത് സമയ/സ്ഥല റഫറന്‍സുകളില്ലാതെ, ക്രമരഹിതമായ ഒരു ഡിസ്റ്റോപ്പിയന്‍ ഭാവിയില്‍ ഒരുക്കിയ ഫാന്റസി സിനിമയാണ്. 'Hawk's Muffin' എന്ന തലക്കെട്ട് അകലെ ആകാശത്തു ഒരു യുദ്ധവിമാനത്തില്‍ നിന്ന് ആറ്റം ബോംബ് ഇടുന്നതിന്റെ പ്രതീകമാണ്. ഇത് രാഷ്ട്രീയവും ചരിത്രപരവുമായ കോണ്ടെക്സ്റ്റുകള്‍ ഉള്ളൊരു ആഖ്യാനമാണ്. ഇതില്‍ യുദ്ധം, സ്‌നേഹം, കൊതി, അത്യാഗ്രഹം, അഭയാര്‍ത്ഥികള്‍, മുതലാളിത്തം, ഇക്കോ ഫാസിസം എന്നീ വിഷയങ്ങളെ പല ലേയറുകളിലായി കേന്ദ്രീകരിച്ചിട്ടുണ്ട്. അതിന്റെ രൂപത്തിലും ദൃശ്യപരമായ സമീപനത്തിലും ഇത് ഒരു പരീക്ഷണാത്മക വിവരണമാണ്. ഇതിന് വളരെ കുറച്ച് ഡയലോഗുകളേ ഉള്ളൂ. കൂടാതെ സാര്‍വത്രിക കാഴ്ചക്കാര്‍ക്ക് ആക്സസ് ചെയ്യാന്‍ കഴിയുന്ന വിഷ്വല്‍ സൂചകങ്ങള്‍ അടങ്ങിയിരിക്കുന്നു. ശൈലിയില്‍ തരംതിരിക്കുന്നതിന് ഞാന്‍ വ്യക്തിപരമായി ഇതിനെ ഒരു ഹൈബ്രിഡ് ഫിലിം എന്ന് വിളിക്കും.
സിനിമയിലെ കാസ്റ്റിംഗും അഭിനേതാക്കളും
ഒരു സ്റ്റാര്‍ ഫിലിം അല്ല ഇത്. നമ്മുടെ സുഹൃത്തുക്കള്‍ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്. ഇതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കേതകി നാരായണ്‍ എന്ന മറാത്തി മോഡല്‍ ആണ്. യാത്രാ വിലക്കുകള്‍ ഉണ്ടായിരുന്ന സമയത്ത് പോലും അവര്‍ ഇവിടെ വന്ന് സ്വന്തം റിസ്‌കില്‍ ക്വാറന്റൈനില്‍ നിന്നാണ് സിനിമയില്‍ അഭിനയിച്ചത്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സിനിമയുടെ പ്രൊഡ്യൂസര്‍ കൂടിയായ ജയനാരായണന്‍ തുളസീദാസാണ്. പുറത്ത് നിന്ന് ആരും കടന്ന് വരാന്‍ പറ്റാത്ത സാഹചര്യം ആയതുകൊണ്ട് തന്നെ നമ്മുടെ തന്നെ ഒരു സര്‍ക്കിളില്‍ നിന്നുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്.
കരിഞ്ചാത്തനില്‍ നിന്ന് പ്രാപ്പെടയിലേക്കുള്ള ദൂരത്തെ എങ്ങനെ കാണുന്നു?
വളരെ യാദൃച്ഛികമായാണ് കരിഞ്ചാത്തനും പ്രാപ്പെടയും സംഭവിക്കുന്നത്. ഒരുപാട് നാളുകള്‍കൊണ്ട് ഒരുക്കിയ മറ്റ് തിരക്കഥകളുടെ ഇടയിലാണ് ഇത് രണ്ടും സംഭവിക്കുന്നത്. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്ത രണ്ട് വര്‍ക്കുകളും ഒരു തരത്തിലുമുള്ള പ്ലാനിങ്ങില്‍ സംഭവിച്ചത് അല്ല. ഫ്രാന്‍സില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് നേരെയുള്ള തീവ്രവാദ ആക്രമണങ്ങളാണ് കരിഞ്ചാത്തന് കാരണമായത്. കോവിഡ് പരിസരത്തില്‍ ഒറ്റപ്പെട്ട് പോകുന്ന മനുഷ്യന്‍ ഭാവിയില്‍ എങ്ങനെയായിരിക്കും എന്ന ഗൂഢാലോചന സിദ്ധാന്തത്തില്‍ നിന്നാണ് പ്രാപ്പെട സംഭവിക്കുന്നത്. കരിഞ്ചാത്തനും പ്രാപ്പെടയും സാഹചര്യങ്ങള്‍ സൃഷ്ടിച്ചതാണ്. കരിഞ്ചാത്തന് ഫെഫ്ക അവാര്‍ഡ് കിട്ടിയതെല്ലാം വലിയ രീതിയിലുള്ള പ്രോത്സാഹനമായിരുന്നു. പ്രാപ്പെടയെ ഞാന്‍ മനസ്സില്‍ കണ്‍സീവ് ചെയ്തിരിക്കുന്നത് ഒരു ഹൈബ്രിഡ് സിനിമയായിട്ടാണ്. ഒരേ സമയം ഒരു ജോണര്‍ സിനിമയും അതുപോലെ തന്നെ ആര്‍ട്ട് ഹൗസ് സിനിമകളുടെ എലമെന്റ്‌സും പ്രാപ്പെടയിലുണ്ട്. ഒരു പരീക്ഷണ ചിത്രം ആയിരിക്കെ തീര്‍ത്തും പരിചിതമല്ലാത്ത കഥാപാത്രങ്ങളും, കഥാപരിസരവുമാണ് പ്രാപ്പെടയ്ക്ക് ഉള്ളത്. വിഷ്വലുകള്‍ക്കും, സംഗീതത്തിനും, VFX നും വളരെ പ്രാധാന്യമുള്ളൊരു ചിത്രമാണിത്. എനിക്ക് തോന്നുന്നത് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത പശ്ചാത്തലവും സ്വഭാവുമല്ല സിനിമക്ക് ഉള്ളത്. കഥപറയുന്ന രീതിയിലൂടെ രാഷ്ട്രീയം കൂടെ പറയുന്ന സിനിമയാണ് പ്രാപ്പെട. നിശബ്ദ സിനിമയില്‍ നിന്ന് തുടങ്ങിയ സിനിമയുടെ യാത്ര ഇപ്പോള്‍ സാങ്കേതികമായി വളരെ മുന്നിലാണ്. ആ യാത്രയ്ക്കുള്ള ഒരു ആദരവ് കൂടിയാണ് ഈ സിനിമ. സിനിമ എന്ന കലാരൂപത്തെ ഒരു സബ് ലെയറായി പ്രാപ്പെടയില്‍ ഉപയോഗിച്ചട്ടുണ്ട്.