മലയാള സിനിമക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ രീതിയിലുള്ള വിപണി മൂല്യവും ശ്രദ്ധയും ലഭിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് അഹമ്മദ് ഗോള്‍ചിന്‍. ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങി നിരവധി സിനിമകളാണ് അഹമ്മദ് ഗോള്‍ചിന്റെ ഫാര്‍സ് ഫിലിം ഗള്‍ഫ് രാജ്യങ്ങളില്‍ വിതരണം നടത്തിയിരിക്കുന്നത്. ജിസിസി രാജ്യങ്ങളില്‍ കുറുപ്പിന്റെ ബോക്സ് ഓഫീസ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ദ ക്യുവിനോട് സംസാരിച്ചു.
കുറുപ്പിന്റെ ബോക്സ് ഓഫീസ് വിജയത്തെ എങ്ങനെ നോക്കി കാണുന്നു?
കുറുപ്പിന്റെ ബോക്സ് ഓഫീസ് വിജയം തീര്‍ച്ചയായും വളരെ വലുതാണ്. ജിസിസി രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ മൂന്ന് മില്യണ്‍ യു എസ് ഡോളറിന് മുകളില്‍ സിനിമ നേടി കഴിഞ്ഞു. കുറുപ്പ് എല്ലാം കൊണ്ടും വളരെ മികച്ച ചിത്രമാണ്. അത് പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു.
ഒരു മലയാളം സിനിമ വിതരണത്തിനായി തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ മാനദണ്ഡങ്ങളാണ് നിങ്ങള്‍ മുന്നോട്ട് വെക്കുന്നത്?
സിനിമ പറയുന്നത് നല്ല കഥയും അഭിനേതാക്കളും തന്നെയാണ് പ്രധാനം. പിന്നെ നല്ല പ്രൊഡക്ഷന്‍ വാല്യു ഉണ്ടായിരിക്കണം.
മലയാള സിനിമ മേഖലയുമായി താങ്കള്‍ക്ക് വളരെ കാലങ്ങളായി പ്രവര്‍ത്തിക്കുന്നു. ഒരു ഡിസ്ട്രിബ്യൂട്ടറിന്റെ റോളില്‍ ഏതൊക്കെ രീതിയിലുള്ള മാറ്റങ്ങളാണ് ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളത്?
ഒരു പഴയ പ്രൊജക്ടറില്‍ നിന്ന് സിനിമ ഡിജിറ്റലിലേക്ക് മാറിക്കഴിഞ്ഞു. ഇപ്പോള്‍ ഒരുപാട് സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നു. ഏറ്റവും വലിയ മാറ്റം വന്നിരിക്കുന്നത് സിനിമ പ്രമോഷനിലും മാര്‍ക്കറ്റിങ്ങിലുമാണ്. അതിനെല്ലാം വലിയ സാധ്യതകളാണ് ഇപ്പോള്‍ ഉള്ളത്.
മലയാള സിനിമ അടുത്തിടെ വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. അത്തരം മാറ്റങ്ങളെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
മികച്ച കഥാപാത്രങ്ങളും മികച്ച നടീ നടന്‍മാരും മലയാള സിനിമക്ക് പുതിയ മുഖം നല്‍കുകയാണ് ചെയ്തിരിക്കുന്നത്.
ബോക്സ് ഓഫീസ് വരുമാനം ഇന്നത്തെ കാലത്ത് സിനിമയുടെ കണ്ടെന്റിനെ എന്ത്രമാത്രമാണ് സ്വാധീനിക്കുന്നത്?
സൂപ്പര്‍താരങ്ങള്‍ ബോക്‌സ് ഓഫീസില്‍ കൂടുതല്‍ വിജയം നേടും. അവര്‍ക്കൊപ്പം ആ സിനിമയുടെ കണ്ടന്റും ബോക്‌സ് ഓഫീസ് വരുമാനത്തെ സ്വാധീനിക്കുന്നു.
മലയാള സിനിമ മേഖലയുടെ ഭാവിയെ കുറിച്ച് എന്താണ് അഭിപ്രായം?
തീര്‍ച്ചയായും നല്ല ഭാവി തന്നെയാണ് മലയാള സിനിമക്കുള്ളത്. ലോകത്തിന്റെ പല ഭാഗത്തുള്ള പ്രേക്ഷകരും മലയാള സിനിമ കാണുകയും മികച്ച അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നുണ്ട്. അത് ഇനിയും ശക്തമായി തന്നെ തുടരുമെന്നതില്‍ സംശയമില്ല.
മരക്കാര്‍ എന്ന മോഹന്‍ലാലിന്റെ ബ്രഹ്‌മാണ്ഡ ചിത്രം വിതരണം ചെയ്യുന്നത് താങ്കളാണ്. എന്തൊക്കെയാണ് സിനിമയ്ക്ക് വേണ്ടി ചെയ്യാനിരിക്കുന്ന പ്രമോഷന്‍ പരിപാടികള്‍?
മരക്കാര്‍ എന്ന സിനിമ ഒരുപാട് പേര്‍ കാണാന്‍ കാത്തിരിക്കുന്ന സിനിമയാണ്. പിന്നെ മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ താരമൂല്യവും അതിനൊപ്പമുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ സിനിമയിലും പ്രൊഡക്ഷന്‍ വാല്യുവിലുമാണ് ശ്രദ്ധിക്കുന്നത്.
ഫാര്‍സിന്റെ ഏറ്റവും വലിയ വിജയ സിനിമ ഏതാണ്?
ഫാര്‍സിന് ഒരുപാട് വലിയ ഹിറ്റുകള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ബാഹുബലിയാണ് ഞങ്ങള്‍ക്ക് ഏറ്റവും അധികം വിജയം സമ്മാനിച്ച സിനിമ.