കൃത്യം മെയ് 21 ന് രാത്രി ജില്ലാ ഭരണകൂടം തൂത്തുക്കുടിയിൽ 144 പ്രഖ്യാപിക്കുന്നു. ജനങ്ങൾ ആരും ഇതറിഞ്ഞിരുന്നുപോലുമില്ല. പിറ്റേദിവസം ആയിരങ്ങൾ ഒത്തുകൂടി. നഗരം അക്ഷരാർത്ഥത്തിൽ നിശ്ചലമായി. പോലീസ് ജനങ്ങൾക്ക് നേരെ വെടിയുതിർത്തു. അതി ദാരുണമായ ഈ കൂട്ടക്കൊലയ്ക്ക് കാരണക്കാരായവർ ഇപ്പോഴും യാതൊരു നടപടിയും നേരിടാതെ സർവീസിൽ തുടരുകയാണ്. വെടിവെപ്പിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും എന്ന ഡി.എം.കെ യുടെയും സ്റ്റാലിന്റെയും ഉറപ്പ് എവിടെപ്പോയി? ദി കാരവൻ എക്സ്ക്ലൂസിവ്
പതിനഞ്ചോളം പേരുടെ ജീവനെടുത്ത തൂത്തുക്കുടി വെടിവെപ്പിന്റെ ബാക്കി പത്രം എന്താണ്? ഇരകളായ മനുഷ്യർക്കോ കുടുംബങ്ങൾക്കോ നീതി ലഭിച്ചോ? എക്സ്ക്ലൂസിവ് റിപ്പോർട്ടുമായി ദി കാരവൻ. തൂത്തുക്കുടി കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകരായ പോലീസ് ഉദ്യോഗസ്ഥർ യാതൊരു നടപടിയും നേരിടാതെ ഇപ്പോഴും എല്ലാ ആനുകൂല്യങ്ങളുമായി സർവീസിൽ തുടരുന്നു എന്ന് അരുണ ജഗദീശൻ റിപ്പോർട്ട് ഉദ്ദരിച്ചും മരിച്ചവരുടെ കുടുംബങ്ങളുടെയും, ദൃക്‌സാക്ഷികളുടെയും വിശദീകരണങ്ങളിലൂടെയും ദി കാരവൻ പറയുന്നു.
റിപ്പോർട്ട് ആരംഭിക്കുന്നത് വെടിവെപ്പിൽ കൊല്ലപ്പെട്ട രഞ്ജിത്ത് കുമാർ എന്ന ചെറുപ്പക്കാരന്റെ അമ്മ മുത്തുലക്ഷ്മിയിൽ നിന്നാണ്. "അന്ന് എനിക്ക് നല്ല ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടായിരുന്നു. സാധാരണ ഉണ്ടാകുന്നതായതുകൊണ്ട് അത് കാര്യമാക്കിയെടുത്തില്ല. ഒരു മണിക്കൂർ പിടിച്ച് നിന്നു. പക്ഷെ പിന്നെ കഴിഞ്ഞില്ല." സാധാരണ ശാരീരിക ബുദ്ധിമുട്ടുകളുണ്ടാകുമ്പോൾ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് മുത്തുലക്ഷ്മി തന്റെ മകൻ രഞ്ജിത്തിനെയാണ് വിളിക്കുക. അന്നും വിളിച്ചു. മറുതലയ്ക്കൽ മറ്റാരോ ആയിരുന്നു ഫോൺ എടുത്തത്. രഞ്ജിത്തിന് അപകടം സംഭവിച്ചു, തലയ്ക്കു പരിക്കുണ്ട്. തൂത്തുക്കുടി ജനറൽ ആശുപത്രിയിലാണ് എന്ന് മാത്രം അയാൾ പറഞ്ഞു. "ഞാൻ ഉറക്കെ കരയാൻ തുടങ്ങി, എന്റെ തല കറങ്ങുന്നുണ്ടായിരുന്നു." മുത്തുലക്ഷ്മി പറയുന്നു. ആശുപത്രിയിലേക്ക് പോകാനായി പല ഓട്ടോ ഡ്രൈവർമാരെയും വിളിച്ചു. നഗരത്തിൽ കലാപം നടക്കുകയാണ് അങ്ങോട്ട് പോകാൻ കഴിയില്ല എന്നാണ് മറുപടി കിട്ടിയത്. ഒടുവിൽ കുടുംബാംഗങ്ങളുടെ സഹായത്തിൽ അരമണിക്കൂറുകൊണ്ട് മുത്തുലക്ഷ്മി തൂത്തുക്കുടി ജനറൽ ആശുപത്രിയിലെത്തി. വെടിവെപ്പിൽ ബുള്ളറ്റുകൾ കയറിയ ശരീരങ്ങൾ സ്ട്രെക്ച്ചറിൽ വന്നുകൊണ്ടേയിരുന്നു. അതിനു പുറകെ പോലീസുകാരും. പേടിച്ച് മുത്തുലക്ഷ്മി ആശുപത്രി വരാന്തയിൽ പലവഴിക്ക് ഓടി. പോലീസ് രോഗികളുടെ കൂട്ടിരിപ്പുകാരെ തല്ലുന്നുണ്ടായിരുന്നു. മുത്തുലക്ഷ്മി പറഞ്ഞു.
കുറച്ച് സമയത്തിനു ശേഷം കയ്യിൽ ഫോൺ ഇല്ലാതിരുന്ന മുത്തുലക്ഷ്മി മറ്റൊരാളുടെ ഫോൺ വാങ്ങിച്ച് ഭർത്താവിനെ വിളിച്ചു. പൊതുവെ പരുക്കനായി മാത്രം സംസാരിക്കുന്ന അദ്ദേഹം വളരെ സൗമ്യതയോടെ സംസാരിക്കുന്നത് കേട്ടപ്പോൾ തന്നെ എന്തോ സംഭവിച്ചു എന്ന് മുത്തുലക്ഷ്മിക്ക് മനസ്സിലായിരുന്നു. അങ്ങനെ ഐ.സി.യു വിനരികിലുള്ള ഭർത്താവിനടുത്തേക്ക് പോയി. രഞ്ജിത്ത് ഐ.സി.യുവിലാണ്. കുറച്ച് സമയം കഴിഞ്ഞപ്പോൾ മുത്തുലക്ഷ്മിയെയും കൂട്ടി ഭർത്താവ് വീട്ടിലേക്കു പോന്നു. മകൻ ഐ.സി.യുവിലുള്ളപ്പോൾ എന്തിനാണ് തിരിച്ചു പോന്നത് എന്ന് മുത്തുലക്ഷ്മിക്കറിയില്ലായിരുന്നു. മുഖത്തുകൂടെ ബുള്ളറ്റ് കയറി വികൃതമായ രഞ്ജിത്തിന്റെ മൃതദേഹം വീട്ടിലെത്തിയപ്പോഴാണ് തന്റെ മകൻ മരിച്ചു എന്ന് മുത്തുലക്ഷ്മിക്ക് മനസിലാകുന്നത്. അവരുടെ ബോധം നഷ്ടപ്പെട്ടു. ആറു ദിവസം കഴിഞ്ഞാണ് മുത്തുലക്ഷ്മിക്ക് ബോധം തിരിച്ചു വരുന്നത്. സാധനങ്ങൾ വാങ്ങാൻ പുറത്തേക്കിറങ്ങിയ രഞ്ജിത്ത് മൃതദേഹമായാണ് തിരിച്ചു വരുന്നത്. പുറത്തേക്കിറങ്ങുമ്പോഴേ തന്റെ കടും പച്ച ടി ഷർട്ട് കാരണം പ്രതിഷേധക്കാരായി തെറ്റിദ്ധരിക്കപ്പെടുമോ എന്ന് രഞ്ജിത്ത് ചോദിച്ചിരുന്നു.
എന്തിനായിരുന്നു പ്രതിഷേധം?
ഖനന കമ്പനിയായ സ്റ്റെറിലൈറ്റിനെതിരെ നടന്ന സമരമാണ് ഈ കൂട്ടക്കൊലയിലേക്കെത്തിച്ചത്. വേദാന്ത റിസോഴ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉപകമ്പനിയാണ് സ്റ്റെറിലൈറ്റ് ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ്. പ്രധാനമായും ചെമ്പ് ഖനനമാണ് ഈ കമ്പനി ചെയ്യുന്നത്. വേദാന്ത റിസോഴ്സ് ലിമിറ്റഡ് ഒരു ലണ്ടൻ ബേസ്ഡ് കമ്പനിയാണ്. 109 ബില്യൺ ആസ്തിയുള്ള കമ്പനി പലപ്പോഴായി ജനവാസപരിസരങ്ങളിൽ ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങൾ അടക്കം ഉണ്ടാക്കിയതിന്റെ പേരിൽ കുപ്രസിദ്ധമാണ്. ഒഡിഷയിലെ നിയമഗിരി കുന്നിൽ ആദിവാസി പ്രദേശത്ത് ഖനന പ്ലാന്റ് സ്ഥാപിച്ചതിനെ തുടർന്ന് വലിയതോതിൽ ജനങ്ങളുടെ പ്രതിഷേധം നേരിടേണ്ടി വരികയും, പ്രദേശവാസികളെ ഒടുവിൽ കമ്പനി, ഗുണ്ടകളെ ഉപയോഗിച്ച് കൈകാര്യം ചെയ്തതും വലിയ പ്രശ്നങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. അതുപോലെ സാമ്പിയയിൽ 1826 കുടുംബങ്ങൾ അവർ താമസിക്കുന്നിടത്തുള്ള നദി മലിനമാക്കി എന്ന് പറഞ്ഞ് പ്രതിഷേധിച്ചതിന്റെ ഭാഗമായി ബ്രിട്ടീഷ് കോടതിയിൽ കേസ് നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. 2001 ൽ ബോംബെ സ്റ്റോക്ക് എക്സ്ച്ചഞ്ചിൽ നിന്ന് കമ്പനിയുടെ പേര് നീക്കം ചെയ്തതിന്റെ പിന്നാലെ ലണ്ടൻ സ്റ്റോക്ക് എക്സ്ച്ചഞ്ചിൽ നിന്നും സ്റ്റെർലൈറ്റ് കമ്പനിയുടെ പേര് നീക്കം ചെയ്തിരുന്നു.
ഗോവയിലോ ഗുജ്‌റാത്തിലോ കമ്പനിക്ക് പ്ലാന്റ് തുടങ്ങാൻ അനുമതി ലഭിച്ചിരുന്നില്ല. എന്നാൽ 1993 ൽ മഹാരാഷ്‌ട്രയിലെ രത്‌നഗിരി ജില്ലയിലെ ഷിരഗാവിൽ കമ്പനി പ്ലാന്റ് തുറക്കുന്നു. എന്നാൽ വലിയ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്ന ഗവണ്മെന്റ് സമിതിയുടെ പഠനത്തെ തുടർന്ന് കമ്പനിയെ മഹാരാഷ്ട്രയിൽ നിന്നും പുറത്താക്കി. അതിനു ശേഷമാണ് 1994 ൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പ്ലാന്റ് തുറക്കാൻ അനുമതി ലഭിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രി ജെ. ജയലളിതയാണ് കമ്പനിക്ക് തറക്കല്ലിട്ടത്. അന്ന് തന്നെ കമ്പനിയുടെ പരിസ്ഥിതികാനുമതിയുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നു. ആ അനുമതി വളരെ പെട്ടന്ന് സംഘടിപ്പിച്ചതാണ് എന്നും മഹാരാഷ്ട്രയിൽ സംഭവിച്ചതോന്നും അനുമതി നൽകുന്നതിന് മുമ്പ് പരിഗണിയിച്ചിരുന്നില്ല എന്നും വിമർശനങ്ങളുയർന്നു.
1996 ൽ പ്ലാന്റിന് ആവശ്യമായ അസംസ്കൃതവസ്തുക്കളുമായി വന്ന കപ്പലുകൾ തുറമുഖത്തേക്കടുപ്പിക്കാതെ അഞ്ഞൂറോളം മൽസ്യബന്ധന ബോട്ടുകൾ വച്ച് 15 മണിക്കൂറോളം തടഞ്ഞു വച്ചു. ഒരു രക്ഷയും ഇല്ലെന്നു മനസിലാക്കി സാധനങ്ങൾ കമ്പനി കേരളത്തിൽ ഇറക്കി. അവിടെനിന്ന് റോഡ് മാർഗ്ഗം തൂത്തുക്കുടിയിലേക്കെത്തിക്കുകയായിരുന്നു. സ്റ്റെറിലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി വലിയ പ്രതിഷേധ പരിപാടികൾ തൂത്തുക്കുടിയിൽ നടന്നു. ഒരു നേതാവ് നിരാഹാരം കിടന്നു. പക്ഷെ പോലീസ് സമരക്കാരെ അറസ്റ്റു ചെയ്ത് നീക്കി.
1997 ജൂലൈ മാസം പ്ലാന്റ് പ്രവർത്തനം ആരംഭിച്ചു. തൊട്ടടുത്തുള്ള താരതമ്യേന ചെറിയ ഫാക്ടറി ആയിരുന്ന രമേശ് ഫ്ലവേഴ്സിലെ ജീവനക്കാർക്ക് പെട്ടന്നൊരു ദിവസം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു തുടങ്ങി. നിരവധി സ്ത്രീകളെ ശാരീരിക പ്രശ്നങ്ങളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ജില്ലാ ഭരണകൂടം അന്ന് കമ്പനി അടച്ചു പൂട്ടാൻ ഉത്തരവിട്ടു. എന്നാൽ കമ്പനി വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് (TNPCB) അനുമതി നൽകി. വർഷങ്ങളോളം എതിർപ്പൊന്നും വകവയ്ക്കാതെ കമ്പനി പ്രവർത്തിച്ചു. ഒരു തടസമുണ്ടാകുന്നത് 2010 ൽ മദ്രാസ് ഹൈക്കോടതി കമ്പനി പൂട്ടാൻ ഉത്തരവിടുമ്പോഴാണ്. ഫാക്ടറികൾക്കു ചുറ്റും സൂക്ഷിക്കേണ്ട 250 മീറ്റർ ഗ്രീൻ ബെൽറ്റ് പ്രദേശം ചുരുക്കി 25 മീറ്റർ ആക്കിയതിനായിരുന്നു കോടതി ഇടപെട്ടത്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും കമ്പനി സൃഷ്ടിക്കുന്നതായി കോടതി നിരീക്ഷിച്ചു. എന്നാൽ സുപ്രീം കോടതിയിൽ പോയി കമ്പനി ഈ വിധിയെ മറികടന്നു.
അതിനു ശേഷം നടക്കുന്ന ഒരു പ്രധാനപ്പെട്ട സംഭവം 2013 ൽ നടക്കുന്ന ഗ്യാസ് ലീക്കായിരുന്നു. അത് ഇതുവരെ നടന്ന എല്ലാത്തിനെക്കാളും തീവ്രമായിരുന്നു. എല്ലാം ഇന്നലെ നടന്നതുപോലെ ഓർമ്മിക്കുന്നുണ്ട് ലബർ യൂണിയൻ പ്രവർത്തകയായ ഫാത്തിമ ബാബു, " ഞാൻ വീടിനകത്തായിരുന്നു. പുറത്ത് വന്നു നോക്കിയപ്പോൾ കണ്ടകാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു. അത് വിശ്വസിക്കാനായില്ല. വളരെ ആരോഗ്യത്തോടെ നിന്ന, ദിവസവും പൂക്കളുണ്ടാകുന്ന ചെടികൾ വാടി കരിഞ്ഞു പോയി. അന്തരീക്ഷം മുഴുവൻ അസഹനീയമായ ദുർഗന്ധവുമുണ്ടായിരുന്നു. റോഡിൽ ആളുകൾ കുഴഞ്ഞു വീഴുന്നത് അറിയിക്കാൻ ആളുകൾ ഫോണിലേക്ക് വിളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു." ഫാത്തിമ പറയുന്നു. പ്ലാന്റിനെതിരെ പ്രദേശവാസികൾ പല കോടതികളിൽ കേസ് ഫയൽ ചെയ്തു. TNPCB നടത്തിയ പഠനത്തിൽ കൂടിയ അളവിൽ സൾഫർ ഡയോക്‌സൈഡ് പുറത്തേക്കു വന്നതാണ് അപകടകരമായതെന്ന് വ്യക്തമായി. ഈ പ്ലാന്റിൽ നിന്നുയർന്ന വിഷവാതകം കടലിനു മുഖമായി നിൽക്കുന്ന കളക്ടർ ബംഗ്ലാവുവരെ എത്തിയിരുന്നു. കമ്പനി അടച്ചു പൂട്ടാൻ കളക്ടർ ഉത്തരവിട്ടു. സുപ്രീംകോടതിയെ സമീപിച്ചപ്പോൾ കോടതി 100 കോടി രൂപ പിഴയടച്ച് കമ്പനിയുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാം എന്ന് വിധി പറയുന്നു. ആ വിധിയിൽ തന്നെ TNPCB ക്ക് പ്ലാന്റ് അടച്ചു പൂട്ടുന്നതിന് ഉത്തരവിടാൻ ഈ വിധി ഒരു തടസ്സമാകില്ല എന്നും പറയുന്നു. എന്നാൽ കമ്പനി എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് രണ്ടാമതൊരു പ്ലാന്റ് കൂടി ആരംഭിക്കാനുള്ള അനുമതി നേടുന്നു. നേരത്തെ ഉള്ള പ്ലാന്റിന്റെ കപ്പാസിറ്റി 391 ടൺ ആയിരുന്നെങ്കിൽ പുതിയ പ്ലാന്റിന്റേത് 1200 ടൺ ആണ്. കൂടുതൽ ശക്തമായി തിരിച്ചു വരാനാണ് കമ്പനി ശ്രമിച്ചത്. 2018 ഫെബ്രുവരിയിൽ രണ്ടാമത്തെ പ്ലാന്റിന്റെ നിർമ്മാണം നടക്കുമ്പോഴാണ് വീണ്ടും വലിയ പ്രതിഷേധമുണ്ടാകുന്നത്. ഇതുവരെയുണ്ടായതിനെക്കാളൊക്കെ വലുതായിരുന്നു ആ പ്രതിഷേധം. അതിലാണ് രഞ്ജിത്ത് ഉൾപ്പെടെ 13 പേർക്ക് ജീവൻ നഷ്ടപ്പെടുന്നത്.
"എല്ലാ വഴികളും അവസാനിച്ചിരുന്നു, അങ്ങനെയാണ് പ്രതിഷേധിക്കാൻ തീരുമാനിക്കുന്നത്" മുരുഗൻ പറയുന്നു. രണ്ടാമത് പ്ലാന്റ് വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ കുമാറെഡ്ഡീയപുരം നിവാസികൾ മുഴുവൻ ഒരുമിച്ച് കളക്ടർ എൻ.വെങ്കിടേഷിന് പരാതി നൽകിയിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം പ്രത്യേകിച്ച് ഒന്നും ചെയ്തില്ല.
ഏറ്റവും അടിസ്ഥാനപരമായ സുരക്ഷാ സംവിധാനങ്ങളോ മലിനീകരണ നിയന്ത്രണ നിലവാരങ്ങളോ പാലിക്കുന്നതിൽ കമ്പനി പരാജയപ്പെട്ടിട്ടുണ്ട് എന്നാണ് ആ വലിയ കൂട്ടക്കൊലയ്ക്ക് ശേഷം 2020 ൽ മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജുമാരായ ടി.എസ് ശിവജ്ഞാനവും ഭവാനി സുബ്ബരായനും അവരുടെ വിധികളിൽ പരാമർശിച്ചത്. മണ്ണ് പരിശോധനയിൽ മാരകമായ വിഷാംശത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. TNPCB യും ജില്ലാ ഭരണകൂടവും സ്റ്റെറിലൈറ്റ് കമ്പനിക്കൊപ്പം നിന്നു എന്നും വിധിയിൽ പറയുന്നു.
കുമാറെഡ്ഡീയപുരത്ത് എന്താണ് സംഭവിച്ചത്?
കുമാറെഡ്ഡീയപുരത്ത് നിന്നാണ് സ്റ്റെർലൈറ്റ് വിരുദ്ധ സമരം ആരംഭിക്കുന്നത്. പ്ലാന്റിനും ഈ ഗ്രാമത്തിനുമിടയിൽ രണ്ട് മൂന്നു കൃഷിയിടങ്ങൾ മാത്രമേയുള്ളു. ഏറ്റവും കുറഞ്ഞത് ഇവിടെ ഇരുന്നൂറോളം വീടുകളുണ്ട്. പ്രദേശവാസിയായ ലോറി ഡ്രൈവർ മുരുഗൻ പറയുന്നു; "എല്ലാം തുടങ്ങിയത് ഇരുപത് വർഷം മുൻപാണ്, ഖനന പ്ലാന്റ് വന്നതുമുതൽ. ആദ്യം സംഭവിച്ചത് ജലാശയങ്ങൾ വൃത്തിക്കേടാവുകയാണ്. ഒരു തരത്തിലും ഉപയോഗിക്കാനാകാത്തവിധത്തിൽ ജലം മലിനമായിരുന്നു. തുണി കഴുകാൻ പോലും ഉപയിഗിക്കാനാകുമായിരുന്നില്ല. ആ വെള്ളം കുടിക്കുന്ന കന്നുകാലികൾ അസുഖങ്ങൾ വന്നു വീഴാൻ തുടങ്ങി, വെള്ളത്തിന് മഞ്ഞ നിറവും ദുർഗന്ധവുമായിരുന്നു." പ്ലാന്റിന് ചുറ്റുവട്ടത്തുള്ള 11 ഗ്രാമങ്ങളിലെ ആളുകൾക്ക് കാൻസർ ഉൾപ്പെടെ നിരവധി ഗുരുതരമായ രോഗങ്ങൾ ഉണ്ടായിരുന്നതായി അന്ന് പുറത്ത് വന്ന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ടായിരുന്നു. ആ റിപ്പോർട്ട് പ്രകാരം 2015 ൽ 16 പേർ മരിച്ചതായാണ് വിവരം. 2016 ൽ 28 ഉം 2016 - 17 വർഷങ്ങളിൽ 31 പേരും ഇവിടെ മരണപ്പെട്ടു.
കൃത്യം മെയ് 21 ന് രാത്രി ജില്ലാ ഭരണകൂടം തൂത്തുക്കുടിയിൽ 144 പ്രഖ്യാപിക്കുന്നു. ജനങ്ങൾ ആരും ഇതറിഞ്ഞിരുന്നുപോലുമില്ല. പിറ്റേദിവസം ആയിരങ്ങൾ ഒത്തുകൂടി. നഗരത്തിന്റെ പലയിടങ്ങളിലായി മൊത്തം രണ്ടു ലക്ഷത്തോളം ആളുകൾ ഒത്തുകൂടി. നഗരം അക്ഷരാർത്ഥത്തിൽ നിശ്ചലമായി. മൂവായിരത്തോളം ആളുകൾ ഉൾപ്പെടുന്ന മാർച്ച് കളക്ടറേറ്റിലേക്ക് നടന്നു. അതിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.
"എല്ലാ വഴികളും അവസാനിച്ചിരുന്നു, അങ്ങനെയാണ് പ്രതിഷേധിക്കാൻ തീരുമാനിക്കുന്നത്" മുരുഗൻ പറയുന്നു. രണ്ടാമത് പ്ലാന്റ് വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ കുമാറെഡ്ഡീയപുരം നിവാസികൾ മുഴുവൻ ഒരുമിച്ച് കളക്ടർ എൻ.വെങ്കിടേഷിന് പരാതി നൽകിയിരുന്നു. എന്നാൽ ജില്ലാ ഭരണകൂടം പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. നേരത്തെ തന്നെ പല സമയത്തും കളക്ടർ ഉൾപ്പെടെയുള്ളവർ കമ്പനിയുമായി സഹകരിച്ചിരുന്നു. സംയുക്തമായി പദ്ധതികൾ നടത്തിയിരുന്നു. ഉദ്‌ഘാടനം ചെയ്യാൻ കളക്ടർ പോവുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് 2018 ഫെബ്രുവരി 12 ന് പ്രതിഷേധ സൂചകമായി ഒരു ദിവസം നിരാഹാരമിരിക്കാൻ പ്രദേശവാസികൾ തീരുമാനിക്കുന്നത്. " സ്കൂളിൽ പോയിക്കൊണ്ടിരുന്ന കുട്ടികൾപോലും യൂണിഫോമുമണിഞ്ഞ് ഈ സമരത്തിൽ പങ്കെടുത്തിരുന്നു." മുരുഗൻ പറയുന്നു. എന്നാൽ ആരും ഈ പ്രതിഷേധത്തെ ശ്രദ്ധിച്ചിരുന്നില്ല. ഞങ്ങളോട് സംസാരിക്കാൻ ജില്ലാ ഭരണകൂടം തയ്യാറായിരുന്നില്ല. ഇങ്ങനെ ഒരു സമരത്തിലുള്ളവരോട് സംസാരിക്കുന്നത് തെറ്റായ കീഴ്വഴക്കമാണുണ്ടാക്കുക എന്നതുകൊണ്ടാണ് കളക്ടർ സംസാരിക്കാതിരുന്നതെന്ന് സമരത്തിന്റെ ഭാഗമായിരുന്നവർ പറഞ്ഞു. "ഒരുപാട് സമയം കഴിഞ്ഞിട്ടും ആരും ഗൗനിക്കാതായപ്പോൾ സമരത്തിന്റെ ഭാഗമായിരുന്ന സ്ത്രീകൾക്ക് ദേഷ്യം വന്നു. കുട്ടികളും മുതിർന്നവരുമുൾപ്പെടെയുള്ളവരുമായാണ് അവർ വന്നിരുന്നത്. രാത്രിയായിട്ടും പ്രതിഷേധിക്കുന്നവർ അവിടെ തന്നെ നിന്നു. ഒടുവിൽ പോലീസ് ബലം പ്രയോഗിച്ച് അവരെ അവിടെ നിന്നും തൊട്ടടുത്തുള്ള ശ്മശാനത്തിന്റെ കോമ്പൗണ്ടിലേക്ക് മാറ്റി. "സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഒരുകൂട്ടമാളുകൾ രാത്രി ശ്മശാനത്തിലാണ് എന്ന വിവരം പുറത്ത് വന്നതോടെ ഒരുപാട് ആളുകൾ അങ്ങൊട് എത്താൻ തുടങ്ങി." അടുത്ത ദിവസം സമരക്കാരിൽ ചിലരോട് കളക്ടറെ കാണാൻ ചെല്ലാൻ ആവശ്യപ്പെട്ടു. പക്ഷെ സംസാരിക്കാൻ തയ്യാറായി നിന്ന ഫാത്തിമ ബാബു ഉൾപ്പെടെയുള്ള ആ 12 പേരെയും കൊണ്ടുപോയത് പോലീസ് സ്റ്റേഷനിലേക്കായിരുന്നു. അവരെ അറസ്റ്റു ചെയ്യുകയും റിമാൻഡ് ചെയ്യുകയും ചെയ്തു. മുപ്പതോളം സ്ത്രീകൾ ഗ്രാമത്തിലേക്ക് തിരിച്ചു വന്ന് മുരുകന്റെ വീടിനടുത്തുള്ള വേപ്പ് മരത്തിനു താഴെ ഒത്തുകൂടി. 100 ദിവസം നീണ്ടു നിന്ന സമരത്തിന്റെ തുടക്കമായിരുന്നു അത്. ഈ വേപ്പുമരം ഇപ്പോഴും ആ സമരത്തിന്റെ സ്മാരകമായി നിലനിൽക്കുന്നു.
സമരത്തിന്റെ നൂറാം ദിവസം
എ.ഐ.ഡി.എം.കെ- ബി.ജെ.പി സഖ്യമാണ് ആ സമയത്ത് തമിഴ്നാട് ഭരിക്കുന്നത്. സമരത്തിന് പിന്തുണ നൽകിയിരുന്നെങ്കിലും പ്രത്യേകിച്ച് പരിഹാരമൊന്നുമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. മാർച്ച് മാസമാകുമ്പഴേക്കും സമരം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. തൂത്തുക്കുടി പഴയ ബസ് സ്റ്റാൻഡിൽ 30000 പേർ ഒരുമിച്ചു കൂടി. അതിൽ 12000 പേർ സ്വന്തം സ്ഥാപനങ്ങൾ അടച്ച് ഇറങ്ങിയതാണ്. 2000 മത്സ്യത്തൊഴിലാളികളും പണിമുടക്കി. സബ്‌കളക്ടറുടെ നേതൃത്വത്തിൽ സമാധാന സമിതി സമരക്കാരെ കണ്ടെങ്കിലും, അപ്പോഴും ജില്ലാ കളക്ടർ അവരെ കാണാൻ കൂട്ടാക്കിയില്ല. സമരത്തിന്റെ നൂറാം ദിവസം വലിയ പ്രതിഷേധ റാലിയുണ്ടാകും എന്ന് സമരക്കാർ അറിയിച്ചിരുന്നു. അതിനായി എല്ലാ സന്നാഹങ്ങളും ഒരുക്കി. മെയ് 22 ആണ് ആ ദിവസം.
കൃത്യം മെയ് 21 ന് രാത്രി ജില്ലാ ഭരണകൂടം തൂത്തുക്കുടിയിൽ 144 പ്രഖ്യാപിക്കുന്നു. ജനങ്ങൾ ആരും ഇതറിഞ്ഞിരുന്നുപോലുമില്ല. പിറ്റേദിവസം ആയിരങ്ങൾ ഒത്തുകൂടി. നഗരത്തിന്റെ പലയിടങ്ങളിലായി മൊത്തം രണ്ടു ലക്ഷത്തോളം ആളുകൾ ഒത്തുകൂടി. നഗരം അക്ഷരാർത്ഥത്തിൽ നിശ്ചലമായി. മൂവായിരത്തോളം ആളുകൾ ഉൾപ്പെടുന്ന മാർച്ച് കളക്ടറേറ്റിലേക്ക് നടന്നു. അതിൽ സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. "ഞങ്ങളിൽ ഭൂരിഭാഗംപേരും ചെറിയ കുട്ടികളെ ഉൾപ്പെടെ കൂടെക്കൂട്ടിയാണ് പോയത്." ആർ. സാഗയമേരി പറയുന്നു. "കുട്ടികളുള്ളതുകൊണ്ടു തന്നെ ടിഫിൻ പാത്രത്തിൽ ഉപ്മാവും പാലും എടുത്താണ് ഞങ്ങൾ പോയത്. ഈ മാർച്ച് എത്ര നേരമെടുക്കുമെന്നറിയില്ലല്ലോ, ഞങ്ങൾക്ക് കളക്ടറെ കണ്ട് ഒരു പരാതി കൊടുക്കണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു." പോലീസ് പ്രതിഷേധക്കാരെ അക്രമികൾ എന്നാണ് വിശേഷിപ്പിച്ചത്. "ആക്രമിക്കാൻ തീരുമാനിച്ചിറങ്ങിയവർ കുട്ടികളെയും കൂട്ടി വരുമോ?" എന്ന് അവർ തിരിച്ചു ചോദിക്കുന്നു.
ആ ദിവസം സമരം അടിച്ചമർത്താൻ നേതൃത്വം നൽകിയത് തൂത്തുക്കുടി പോലീസ് സൂപ്രണ്ട് പി. മഹേന്ദ്രനും തൊട്ടടുത്തുള്ള തിരുനെൽവേലി ജില്ലാ സൂപ്രണ്ട് കപിൽ കുമാർ ശരത്കാറും പിന്നെ തമിഴ്നാട് ദക്ഷിണ മേഖല ഐ.ജി ശൈലേഷ് കുമാർ യാദവുമായിരുന്നു. ഇവരുടെ നേതൃത്വത്തിൽ 1800 ഓളം പോലീസുകാർ റോഡിലുണ്ടായിരുന്നു. അരുണ ജഗദീശൻ റിപ്പോർട്ട് പ്രകാരം മാർച്ച് തുടങ്ങിയ ദിവസങ്ങളിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരു മുൻകരുതലുമുണ്ടായിരുന്നില്ല. ജീവഹാനി സംഭവിക്കാതെ മാർച്ച് നിയന്ത്രണവിധേയമാക്കാൻ കഴിയുന്ന ഗ്യാസ് ഷെൽ, ഗ്രെനേഡ് ഉൾപ്പെടെയുള്ളവ വേണമെന്ന് തൂത്തുക്കുടി പോലീസ് രേഘാമൂലം ആവശ്യപ്പെടുന്നത് മാർച്ച് നടന്ന് ആറു ദിവസം കഴിഞ്ഞ് മെയ് 28 ആം തീയ്യതിയാണ്. ആദ്യ ദിവസങ്ങളിൽ തോക്കുകളുൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് തന്നെയാണ് പോലീസ് സമരക്കാരെ നേരിട്ടത് എന്നതിന്റെ തെളിവാണ് ഈ കൂട്ടക്കൊല.
അരുണ ജഗദീശൻ റിപ്പോർട്ട് പ്രകാരം വെടിവെപ്പുനടന്ന 11.45 നും 12.15 നും ഇടയിൽ കൃത്യമായി കളക്ടറേറ്റ് വളപ്പിലെ സി.സി.ടി.വി പ്രവർത്തനരഹിതമായി. കളക്ടറേറ്റിലെ പോലീസ് വെടിവെപ്പിൽ കൊലചെയ്യപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് മനസിലാക്കാൻ സാധിച്ചത്; പോലീസിൽ നിന്ന് ഓടി മാറുന്നതിനിടയ്ക്ക് ലോങ്ങ് റേഞ്ചിൽ നിന്നാണ് വെടിയേറ്റത് എന്നാണ്.
മരിച്ച കാർത്തിക്കിന്റെ പോസ്റ്മോർട്ടത്തിൽ നിന്ന് മനസിലാകുന്നത് ലോങ്ങ് റേഞ്ചിൽ നിന്ന് വെടിയേറ്റു എന്നാണ്. തമിളരസന്റെ തലയോട്ടി തുളച്ച് ബുള്ളറ്റുകൾ പോയത് പോസ്റ്മോർട്ടത്തിൽ കാണാനുണ്ടായിരുന്നു. കാന്തയ്യയുടെ പുറത്ത് തുളച്ച് കയറിയ ബുള്ളറ്റ് നെഞ്ച് തുളച്ച് പുറത്ത് വന്നു. സ്നോലിന് രണ്ടുതവണ വെടിയേൽക്കുന്നുണ്ട്. ഒന്ന് കഴുത്തിലും ഒന്ന് മുഖത്തും. സുഡലായികണ്ണ്, താണ്ഡവമൂർത്തി എന്നിവരുടെ റിവോൾവറിൽ നിന്നായിരുന്നു അത്. രഞ്ജിത്തിനെ സ്വർണ്ണമണിയോ സുഡലായികണ്ണോ പുറകിൽ നിന്ന് തലയ്ക്ക് വെടി വച്ചതാണ്. തൂത്തുക്കുടി അഡിഷണൽ പോലീസ് സൂപ്രണ്ട് എസ് സിൽവനഗരത്തിനം ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് വെടിവെക്കാൻ ഉത്തരവിടുന്നത്. പോലീസ് ലാത്തി ചാർജും വെടിവെപ്പും തുടങ്ങിയതോടെ ഒരു പ്രത്യേക സമയത്ത് പ്രധാനപ്പെട്ട ഓഫീസർമാരെയെല്ലാം കാണാതായി. ഈ സമയത്ത് ബാക്കിയുള്ള പോലീസുകാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ ലഭിച്ചില്ല. ആരും നിയന്ത്രിക്കാനില്ലാതെ എന്തും ചെയ്യുന്ന രീതിയിലേക്ക് പോലീസ് സംഘം മാറിയത് കൊണ്ടാണ് ഇത്ര ക്രൂരമായ ഒരു അടിച്ചമർത്തലായി ഇത് മാറിയത് എന്നും അരുണ ജഗദീശൻ റിപ്പോർട്ട് പറയുന്നു. അതി ദാരുണമായ ഈ കൂട്ടക്കൊലയ്ക്ക് കാരണക്കാരായ ഉദ്യോഗസ്ഥർ ഇപ്പോഴും യാതൊരു നടപടിയും നേരിടാതെ സർവീസിൽ തുടരുകയാണ്. ക്രിമിനൽ നടപടികൾക്ക് വിധേയരായിട്ടില്ല എന്നുമാത്രമല്ല ഡിപ്പാർട്മെന്റ് തല നടപടികളും ഇവർക്കെതിരെ സ്വീകരിച്ചിട്ടില്ല. ഇപ്പോഴും അവർക്ക് പ്രൊമോഷൻ ലഭിക്കുന്നുണ്ട്. അധികാരത്തിലേറുമ്പോൾ തൂത്തുക്കുടി വെടിവെപ്പിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും എന്ന ഡി.എം.കെ യുടെയും സ്റ്റാലിന്റെയും ഉറപ്പ് എന്തുകൊണ്ട് ഇതുവരെ നടന്നില്ല എന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
മലയാളം ഉള്ളടക്കം, സ്വതന്ത്ര വിവർത്തനം: ജിഷ്ണു രവീന്ദ്രൻ
കാരവൻ റിപ്പോർട്ട് ഇവിടെ വായിക്കാം