നമ്മുടെയൊക്കെ ബാല്യകാലത്ത് വൈകുന്നേരങ്ങളിൽ ഉമ്മറത്ത് ഒരുമിച്ചിരുന്ന് ചെറു ചൂടുള്ള ചായയോടൊപ്പം ബിസ്കറ്റ് മുക്കി കഴിക്കുന്നതിന്റെ ഒരു ഓർമയെങ്കിലും മനസ്സിൽ സൂക്ഷിക്കാത്ത എത്രപേരുണ്ടാകും? ഇന്നും നമ്മളിൽ ചിലരുടെയൊക്കെ ദിനചര്യയിൽ ഈ ശീലമുണ്ട്. ചായയോടൊപ്പമുള്ള ബിസ്കറ്റ് എന്ന് പറയുമ്പോൾ ഏതു ബിസ്കറ്റ് ആണ് ചായയുടെ കൂടെ ഏറ്റവും ടേസ്റ്റി ആയി എല്ലാവരും കഴിക്കാൻ ആഗ്രഹക്കുന്നത് എന്ന് കൂടി നോക്കണമെല്ലോ. അങ്ങനെ ചായയുടെ രുചിയോടൊപ്പം അലിഞ്ഞു ചേരുന്ന ഒരു ബിസ്കറ്റ് മാത്രമായിരിക്കും നമ്മുടെ ഓർമ്മയിൽ ഇപ്പോഴും ഉണ്ടാവുക. അത് നമ്മുടെ സ്വന്തം പാർലെ ജി ബിസ്കറ്റ് ആണ്.
നമ്മുടെ വീടുകളിലെയൊക്കെ ടീ ടൈം പൂർത്തിയാകണമെങ്കിൽ അവിടെ പാർലെ ജി നിർബന്ധമാണ്. നമ്മുടെ ബാല്യകാല ഓർമ്മകളിൽ ഏറ്റവും സന്തോഷം പകരുന്ന ഓർമ്മകൾ സമ്മാനിച്ച പാർലെ ജി ക്ക് നമ്മുടെ സ്വന്തന്ത്ര്യ ഇന്ത്യയേക്കാൾ പ്രായമുണ്ടെന്ന് നിങ്ങൾക്കറിയാമോ?
കേട്ടത് ശെരിയാണ്. നമ്മുടെ ഇന്ത്യയേക്കാൾ പ്രായമുള്ള ബിസ്കറ്റ് ആണ് പാർലെ ജി.
സ്വദേശി പ്രസ്ഥാനത്തിലൂടെ ആളുകൾ ബ്രിട്ടീഷ് വസ്തുക്കൾ എന്നുമാത്രമല്ല സകല വിദേശ വസ്തുക്കളും ബഹിഷ്കരിച്ച് കൊണ്ട് ഇന്ത്യൻ നിർമ്മിത വസ്തുക്കൾ നിർമിക്കുന്നതിൽ ഊന്നൽ നൽകിയിരുന്ന കാലം. സ്വദേശി പ്രസ്ഥാനത്തിന്റെ സ്വാധീനം ഇന്ത്യ മുഴുവനും അന്ന് വ്യാപിച്ചിരുന്നു. എല്ലാവരെയും സ്വദേശി പ്രസ്ഥാനം സ്വാധീനിച്ചത് പോലെ മോഹൻലാൽ ദയാൽ സിംഗ് എന്ന വ്യാപാരിയിലും ഇത് വല്ലാതെ സ്വാധീനം ചെലുത്തി. തുണികളുടെ വ്യവസായം ആയിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ തുണികളുടെ ഭൂരിഭാഗവും വന്നുകൊണ്ടിരുന്നത് യൂറോപ്പിൽ നിന്നായിരുന്നു.
സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമാകണമെങ്കിൽ താൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന വ്യവസായം അവസാനിപ്പിച്ചേ മതിയാവൂ എന്ന് അദ്ദേഹത്തിന് മനസിലായി. ഇതിനു പകരമായി എന്ത് എന്ന ആലോചനയിൽ ആണ് അദ്ദേഹം പലഹാരം നിർമിക്കുന്ന ഫാക്ടറി തുടങ്ങാം എന്ന് തീരുമാനിക്കുന്നത്. അങ്ങനെ മോഹൻലാൽ 12 പേരോടൊപ്പം മഹാരാഷ്ട്രയിലെ കോലാപ്പൂർ ജില്ലയിലെ ഇർലെ പാർലെ എന്ന അവരുടെ ചെറിയ ഗ്രാമത്തിൽ ഒരു ഫാക്ടറി തുടങ്ങി. അവരുടെ ഫാക്ടറിയിൽ ആദ്യമായി അവർ നിർമിക്കാൻ തുടങ്ങിയ പ്രോഡക്റ്റ് ചെറിയ ഓറഞ്ച് മിട്ടായികൾ ആയിരുന്നു. എന്നാൽ പിന്നീടാണ് അവർ ഒരു കാര്യം ശ്രദ്ധിച്ചത്. കമ്പനിക്ക് പേരിട്ടിട്ടില്ല എന്നുള്ളത്. തത്കാലത്തേക്ക് അവർ ഫാക്ടറി സ്ഥാപിച്ചിട്ടുള്ള സ്ഥലത്തിന്റെ പേര് തന്നെ കമ്പനിക്ക് ഇട്ടു. പാർലെ എന്ന്.
ഓറഞ്ച് മിട്ടായികൾ നിർമിച്ച് ഏതാണ്ട് 10 വര്ഷങ്ങള്ക്കപ്പുറമാണ് ബിസ്കറ്റ് നിർമിക്കാൻ പാർലെ തുടങ്ങിയത്. അന്നത്തെ സമയത്ത് ബിസ്കറ്റ് വാങ്ങി കഴിക്കാൻ ആകെ കെൽപ്പുണ്ടായിരുന്നത് അതിസമ്പന്നർക്ക് മാത്രമായിരുന്നു. ഉപരിവർഗത്തിന് ബിസ്കറ്റ് വാങ്ങി കഴിക്കാൻ ഒരു നിവൃത്തിയുമില്ലായിരുന്നു. ഇതിൽ നിന്നുമാണ് എല്ലാവർക്കും ഒരേപോലെ പ്രാപ്യമാകുന്ന, ഒരേ പോലെ ആസ്വദിക്കാൻ കഴിയുന്ന, ബിസ്കറ്റ് ലഭ്യമാക്കണം എന്നുള്ള ചിന്ത മോഹൻലാലിന് ഉണ്ടാകുന്നത്.
പോഷകാഹാരം ലഭിക്കുന്ന ബിസ്കറ്റുകളും പാർലെ ലഭ്യമാക്കി. പാർലെ ഗ്ളൂക്കോസ് എന്ന് പേരും നൽകി. 1939 ഇൽ ആയിരുന്നു പാർലെ ഗ്ലുക്കോസിന്റെ വരവ്. ഗ്ളൂക്കോസ് അടങ്ങിയിട്ടുള്ള ബിസ്കറ്റ് ആയിരുന്നതിനാലാണ് പാർലെ ഗ്ളൂക്കോസ് എന്ന് പേര് നൽകിയിരുന്നത്. നിരവധി പ്രത്യേകതകളുണ്ടായിരുന്നു പാർലെ ഗ്ലുക്കോസിന്. പൂർണമായും ഇന്ത്യയിൽ നിർമിച്ചിരുന്ന ആദ്യ ബിസ്കറ്റ് ആയിരുന്നു പാർലെ ഗ്ളൂക്കോസ്. അന്ന് വരെ ബിസ്കറ്റിന്റെ രുചി എന്താണെന്ന് പോലും അറിയാതിരുന്ന ആളുകളിലേക്ക് പാർലെ ഗ്ളൂക്കോസ് എത്തി.
വളരെ തുച്ഛമായ വിലയിൽ ആയിരുന്നു പാർലെ ഗ്ളൂക്കോസ് പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ പാർലെ ഗ്ളൂക്കോസ് പെട്ടെന്ന് തന്നെ ജനകീയമായി. ഇന്ത്യയ്ക്കാറിൽ ബഹുഭൂരിപക്ഷവും ബിസ്കറ്റിന്റെ രുചി മനസിലാക്കുന്നത് പാർലെ ഗ്ലൂക്കോസിന്റെ വരവോടെയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്തും പാർലെ ബിസ്കറ്റിന് ശോഭിക്കാൻ കഴിഞ്ഞു. സൈനികർക്ക് യുദ്ധത്തിൽ കഴിക്കാൻ കഴിയുന്ന ബിസ്കറ്റുകൾ നൽകാൻ പാർലെ ഗ്ളൂക്കോസ്ന് സാധിച്ചു. എന്നാൽ യുദ്ധത്തിന്റെ കാലയളവിൽ ഹിറ്റായി മാറിയ മറ്റൊരു ബിസ്കറ്റ് കമ്പനിയും അക്കാലത്ത് ഉടലെടുത്തു.. ബ്രിട്ടാനിയ. യുദ്ധത്തിന് ശേഷം ഗ്ളൂക്കോസ് ബിസ്കറ്റുകൾ ലഭ്യമാക്കി കുറെയധികം കമ്പനികളും വന്നുതുടങ്ങി. അതോടെ പാർലെ ഗ്ലുക്കോസിന്റെ ശോഭയും മങ്ങി തുടങ്ങി.
പാർലെയുടെ ജനകീയത കുറഞ്ഞതിന്റെ പിന്നിലുള്ള പ്രധാന കാരണം ബിസ്കറ്റുകളുടെ പാക്കിങ്ങിൽ ഒരു വ്യത്യസ്തതയും പുലർത്തിയില്ല എന്നതായിരുന്നു. അക്കാലത്ത് എല്ലാ കമ്പനികളും ബിസ്കറ്റുകൾ വാക്സ് പേപ്പറിൽ പൊതിഞ്ഞായിരുന്നു ഇറക്കിയിരുന്നത്. അതിനാൽ തന്നെ ഇതിൽ പാർലെ ഗ്ലുക്കോസിന്റെ ബിസ്കറ്റ് ഏതാണെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. മറ്റൊരു പ്രധാന പ്രശ്നം നേരിട്ടത് ബിസ്കറ്റുകളുടെ പേരിൽ തന്നെ ആയിരുന്നു. അന്ന് ഇറങ്ങിയ ഒട്ടുമിക്ക ബിസ്കറ്റുകൾ എല്ലാം തന്നെ ഗ്ളൂക്കോസ് ബിസ്കറ്റ് ആയതിനാൽ പാർലെ ഗ്ളൂക്കോസ് എന്ന പേരും പോലും ശ്രദ്ധിക്കപ്പെടുന്ന തരത്തിലായിരുന്നില്ല ഡിസൈൻ ചെയ്തിരുന്നത്. ബിസ്കറ്റ് വാങ്ങാൻ എത്തുന്നവർ ഗ്ളൂക്കോസ് ബിസ്കറ്റ് എന്ന് മാത്രമേ വന്ന് ചോദിക്കുകയുള്ളു. അതായത് പാർലെ എന്ന പേര് ജനങ്ങളുടെ മനസ്സിൽ രെജിസ്റ്റർ ആയിരുന്നില്ല എന്ന് സാരം.
അങ്ങനെ ആദ്യമായി പാർലെ പേരിൽ ഒരു വൈവിധ്യം വരുത്താൻ തീരുമാനിച്ചു. അങ്ങനെ പാർലെ ഗ്ളൂക്കോസ് എന്ന പേര് പാർലെ ജി ആയി മാറ്റപ്പെട്ടു. മറ്റൊരു സുപ്രധാന നീക്കം നടന്നത് അവരുടെ പാക്കിങ്ങിൽ ആയിരുന്നു. അന്നേവരെ ഒരു ബിസ്കറ്റ് കമ്പനിയും ചെയ്യാതിരുന്ന തരത്തിലുള്ള പാക്കിങ് ആണ് പാർലെ അവരുടെ ബിസ്കറ്റിനു നൽകിയത്. മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക്ക് കവറും അതിൽ പാർലെ ജി എന്ന് വലിപ്പത്തിൽ എഴുതിയിരിക്കുന്നതുമായ പാക്കേജിങ്. അതോടെ പാർലെ കമ്പനിക്ക് അക്ഷരാർത്തത്തിൽ ഒരു പുനർജന്മമാണ് 1982 ഇൽ ഉണ്ടായത്.
പിന്നീട് സംഭവിച്ച പാർലെ ജി യുടെ വളർച്ച അമിത വേഗത്തിലായിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ബിസ്കറ്റ് കമ്പനികളിൽ ഒന്ന് പാർലെ ജി ആണെന്ന് തെല്ലും സംശയം ഇല്ലാതെ തന്നെ പറയാൻ കഴിയും. പ്രതിമാസം ഏകദേശം ഒരു മില്യൺ പാർലെ ജി യുടെ പാക്കെറ്റുകൾ ആണ് കമ്പനി പുറത്തിറക്കുന്നത്. 2011 ഇൽ നീൽസെൻ എന്ന കമ്പനി നടത്തിയ സർവേയുടെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ ബിസ്കറ്റ് കമ്പനിയായി പാർലെ ജി പ്രഖ്യാപിക്കപ്പെട്ടു.
വെറും 2 രൂപയിലും 5 രൂപയിലും 10 രൂപയിലുമെല്ലാം പാർലെ ജി ലഭ്യമാകുമായിരുന്നു. ഇത്രയും വർഷങ്ങൾക്കപ്പുറം പാർലെ ജി ക്കു മാറ്റങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. പാർലെ ജി യുടെ രുചിയിലും പാക്കിങ്ങിൽ ലും മാത്രമല്ല വ്യത്യാസം വന്നിട്ടില്ലാത്തത്, വിലയുടെ കാര്യത്തിലും വല്യ വ്യത്യാസമൊന്നും ഇതുവരെ വന്നിട്ടില്ല. 1994 മുതൽ 2021 വരെ പാർലെ ജി യുടെ ചെറിയ പാക്കറ്റിന് വില വെറും 4 രൂപ മാത്രമായിരുന്നു.
ഇന്ന് വിപണി കീഴടക്കിക്കൊണ്ട് നിരവധി ബിസ്കറ്റ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇന്ത്യക്കാരിൽ മാഹാഭൂരിപക്ഷത്തിനും ആദ്യമായി ബിസ്കറ്റിന്റെ രുചി മനസിലാക്കി കൊടുത്ത പാർലെ ജി തന്നെ ആയിരിക്കും അന്നും ഇന്നും ബിസ്കറ്റുകളിലെ ഒരേയൊരു ഹീറോ.