ഉപ്പ് തൊട്ട് സോഫ്റ്റ്‌വെയര്‍ വരെയെന്ന് ടാറ്റ ഗ്രൂപ്പിനെക്കുറിച്ച് പറയുന്നത് അതിശയോക്തിയായല്ല. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള വ്യവസായങ്ങള്‍ അത്രയേറെ വൈവിധ്യം നിറഞ്ഞതാണ്. ജംഷെഡ്ജി ടാറ്റയില്‍ നിന്ന് തുടങ്ങി രത്തന്‍ ടാറ്റയില്‍ വരെ എത്തി നില്‍ക്കുന്ന കുടുംബ വ്യവസായത്തില്‍ നൂറു കണക്കിന് ഉത്പന്നങ്ങളുണ്ട്. ഇന്ത്യയിലെ സാധാരണക്കാര്‍ ദിവസവും ഒരു ടാറ്റ ഉത്പന്നമെങ്കിലും ഉപയോഗിക്കാതിരിക്കില്ല. ഒരുകാലത്ത് അത് ഉപ്പ് മുതല്‍ ഉരുക്ക് വരെയായിരുന്നെങ്കില്‍ ഇന്ന് അത് ഉപ്പ് മുതല്‍ സോഫ്റ്റ് വെയര്‍ വരെയായി മാറിയിരിക്കുന്നു എന്നു മാത്രം. ഇന്ത്യയില്‍ മാത്രമല്ല ടാറ്റ ഗ്രൂപ്പ് അതിന്റെ സാന്നിധ്യം അറിയിച്ചിരിക്കുന്നത്. ആറ് ഭൂഖണ്ഡങ്ങളിലായി നൂറിലേറെ രാജ്യങ്ങളില്‍ ടാറ്റ ഗ്രൂപ്പിന്റെ വ്യവസായങ്ങള്‍ പടര്‍ന്ന് പന്തലിച്ചിരിക്കുന്നു. ഗ്രൂപ്പിന്റെ ഇക്വിറ്റി ഷെയറുകളില്‍ നിന്നുള്ള വരുമാനത്തില്‍ 66 ശതമാനവും വിദ്യാഭ്യാസം, ആരോഗ്യം, കല, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളിലേക്കാണ് നല്‍കുന്നത്. 2023-24 വര്‍ഷത്തില്‍ ടാറ്റ കമ്പനികളുടെ ആകെ വരുമാനം 165 ബില്യന്‍ ഡോളര്‍ വരുമെന്നാണ് കണക്ക്. പത്തു ലക്ഷത്തിലേറെ ജീവനക്കാരാണ് ടാറ്റ ഗ്രൂപ്പിന്റെ കരുത്ത്. ഓരോ കമ്പനികളും സ്വതന്ത്രമായ ഡയറക്ടര്‍ ബോര്‍ഡിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. 26 കമ്പനികള്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 30 കമ്പനികളാണ് ടാറ്റ ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ടാറ്റ കണ്‍സള്‍ട്ടന്‍സ് സര്‍വീസസ്
ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടിസിഎസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 54 രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ടിസിഎസിന് ആറ് ലക്ഷത്തിലേറെ ജീവനക്കാരുണ്ട്. 1968ല്‍ പ്രവര്‍ത്തനമാരംഭിച്ച ടിസിഎസ് തുടക്കത്തില്‍ അക്കൗണ്ടിംഗ്, പേറോള്‍ സേവനങ്ങളായിരുന്നു നല്‍കി വന്നത്. പിന്നീട് കാലത്തിന് അനുസരിച്ച് സേവന മേഖല വിപുലപ്പെടുത്തി. ഇന്ന് ഐടി സേവന മേഖലയിലെ ലോകോത്തര കമ്പനികളില്‍ ഒന്നാണ് ടിസിഎസ്
എയര്‍ ഇന്ത്യ
ടാറ്റയുടെ ബിസിനസുകളില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും പിന്നീട് കുടുംബത്തിലേക്ക് മടങ്ങിയെത്തുകയും ചെയ്ത സംരംഭമാണ് എയര്‍ ഇന്ത്യ. 1932ല്‍ ജെആര്‍ഡി ടാറ്റ, ടാറ്റ എയര്‍ സര്‍വീസസ് എന്ന പേരില്‍ ആരംഭിച്ച എയര്‍ലൈന്‍ കമ്പനി 1953ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തു. പിന്നീട് 2022ല്‍ എയര്‍ ഇന്ത്യയെ സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യയെ ഏറ്റെടുക്കുകയായിരുന്നു. ഇന്ത്യയുടെ നാഷണല്‍ കാരിയര്‍ എന്ന് ഒരിക്കല്‍ അറിയപ്പെട്ടിരുന്ന വിമാന കമ്പനി ഇപ്പോള്‍ ടാറ്റയുടെ സ്വന്തം.
ടാറ്റ എല്‍ക്‌സി
ടെക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ഇത്. ഡിസൈന്‍, ടെക്‌നോളജി സേവനങ്ങളാണ് പ്രധാനമായും നല്‍കി വരുന്നത്. ഓട്ടോമോട്ടീവ്, മീഡിയ, കമ്യൂണിക്കേഷന്‍, ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ നല്‍കി വരുന്ന സേവനങ്ങളില്‍ മുന്‍നിരയിലാണ് കമ്പനി.
ടാറ്റ സ്റ്റീല്‍
ടാറ്റയുടെ ആദ്യകാല ബിസിനസുകളില്‍ ഒന്ന്. ജംഷെഡ്പൂരില്‍ നിന്ന് ആരംഭിച്ച ടാറ്റയുടെ സ്റ്റീല്‍ വ്യവസായം ഇന്ന് ഇന്ത്യക്ക് പുറമേ നെതര്‍ലാന്‍ഡ്‌സ്, യുകെ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായി പടര്‍ന്നു കിടക്കുന്നു. ഉരുക്കു വ്യവസായത്തില്‍ തന്നെ ഏറ്റവും വൈവിധ്യമുള്ള ഉല്‍പന്നങ്ങളാണ് ടാറ്റ സ്റ്റീല്‍ ഉദ്പാദിപ്പിക്കുന്നത്.
ടാറ്റ മോട്ടോഴ്‌സ്
വാണിജ്യ വാഹനങ്ങള്‍ മുതല്‍ കാറുകള്‍ വരെ നീണ്ടു കിടക്കുന്ന വാഹനങ്ങളുടെ ശ്രേണി തന്നെ ടാറ്റ മോട്ടോഴ്‌സില്‍ നിന്ന് പുറത്തിറങ്ങുന്നു. കാറുകളില്‍ സാങ്കേതിക മികവിനു പുറമേ സുരക്ഷയ്ക്കും പേര് കേട്ടവയാണ് ടാറ്റയുടെ മോഡലുകള്‍. ബെന്‍സുമായി ചേര്‍ന്ന് കമേഴ്‌സ്യല്‍ വാഹന മേഖലയിലായിരുന്നു ടാറ്റ ആദ്യം കാല്‍വെച്ചത്. പതിറ്റാണ്ടുകള്‍ക്ക് ശേഷം പാസഞ്ചര്‍ കാര്‍ മേഖലയിലേക്കും കടന്നു. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലും ടാറ്റ വിപ്ലവം അരങ്ങേറിക്കൊണ്ടിരിക്കുന്നു.
ജാഗ്വാര്‍, ലാന്‍ഡ് റോവര്‍
ലോകോത്തര ബ്രാന്‍ഡുകളായ ജാഗ്വാറും ലാന്‍ഡ് റോവറും ഇന്ന് ടാറ്റയുടെ സ്വന്തമാണ്. ബ്രിട്ടീഷ് കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ കമ്പനിയായ ഫോര്‍ഡില്‍ നിന്നാണ് ടാറ്റ വാങ്ങിയത്. യുകെയ്ക്കും ഇന്ത്യക്കും പുറമേ ചൈന, ബ്രസീല്‍, ഓസ്ട്രിയ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലും ടാറ്റയ്ക്ക് സാന്നിധ്യമുണ്ട്.
ടാറ്റ ഓട്ടോകോംപ് സിസ്റ്റംസ്
വാഹന ഭാഗങ്ങളാണ് ഈ കമ്പനിയുടെ ഉല്‍പന്നങ്ങള്‍. എന്‍ജിന്‍ കൂളിംഗ് സൊല്യൂഷന്‍സ്, റിയര്‍വ്യൂ മിററുകള്‍, മോട്ടോറുകള്‍, ബാറ്ററി പാക്ക്, ബാറ്ററി കൂളിംഗ് സിസ്റ്റം, ഇവി ചാര്‍ജറുകള്‍ തുടങ്ങി ഒട്ടുമിക്ക വാഹന ഭാഗങ്ങളും ഇവിടെ ഉദ്പാദിപ്പിക്കുന്നു.
ടാറ്റ കെമിക്കല്‍സ്
കെമിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇത്. ഉപ്പ്, സോഡാ ആഷ്, സോഡിയം ബൈകാര്‍ബണേറ്റ് തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ ഇവര്‍ നിര്‍മിക്കുന്നു. ഇന്ത്യയിലെയും യുകെയിലെയും മുന്‍നിര ഉപ്പ് നിര്‍മാതാക്കളാണ് ടാറ്റ കെമിക്കല്‍സ്.
ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്
തേയില, കാപ്പി തുടങ്ങി ഭക്ഷ്യമേഖലയിലെ ഉല്‍പന്നങ്ങളാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് എന്ന കുടക്കീഴില്‍ അണിനിരക്കുന്നത്. ടാറ്റ ടീ, ടെറ്റ്‌ലി, എയ്റ്റ ഒ ക്ലോക്ക് കോഫീ, ടാറ്റ സോള്‍ട്ട്, ടാറ്റ കോഫീ ഗ്രാന്‍ഡ് തുടങ്ങിയ ഒട്ടേറെ ബ്രാന്‍ഡുകള്‍ ഇതിന് കീഴില്‍ വരും.
ടൈറ്റാന്‍ കമ്പനി
ലൈഫ്‌സ്റ്റൈല്‍ വ്യവസായത്തില്‍ ടാറ്റയുടെ ബ്രാന്‍ഡാണ് ടൈറ്റാന്‍. വാച്ച്, ജ്യൂവലറി, ഐ കെയര്‍, ഫാഷന്‍ ആക്‌സസറീസ്, വസ്ത്രങ്ങള്‍ തുടങ്ങി വിപുലമായ ഉല്‍പന്ന ശ്രേണിയാണ് ടൈറ്റാന്‍ കമ്പനിക്ക് കീഴില്‍ വരുന്നത്. തനിഷ്ക് ബ്രാൻഡിലാണ് ആഭരണ വിപണിയിൽ കമ്പനിയുടെ സാന്നിധ്യം.
വോള്‍ട്ടാസ്
ഇന്ത്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ എയര്‍ കണ്ടീഷനിംഗ് കമ്പനിയാണ് വോള്‍ട്ടാസ്. വോള്‍കാര്‍ട്ട് ബ്രദേഴ്‌സ് എന്ന കമ്പനിയുമായി 70 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച സംയുക്ത സംരംഭം പിന്നീട് ഹോം അപ്ലയന്‍സുകളിലേക്കും വിപുലീകരിച്ചു.
ഇന്‍ഫിനിറ്റി റീട്ടെയ്ല്‍സ്
ക്രോമ എന്ന ബ്രാന്‍ഡില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ റീട്ടെയ്ല്‍ വ്യാപാരമാണ് ഇന്‍ഫിനിറ്റിക്ക് കീഴില്‍ നടക്കുന്നത്. 547 ബ്രാന്‍ഡുകളിലായി 25,000ലേറെ ഉല്‍പന്നങ്ങള്‍ 515 ക്രോമ സ്‌റ്റോറുകളില്‍ ലഭിക്കും. 171 പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ 15 ട്രൈബ് സ്റ്റോറുകളും ഇന്‍ഫിനിറ്റിക്ക് കീഴിലുണ്ട്.
ട്രെന്റ്
1952 മുതല്‍ ലാക്‌മെ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബിസിനസാണ് 1998 മുതല്‍ ട്രെന്റ് ആയി മാറിയത്. കോസ്‌മെറ്റിക്‌സ് ബിസിനസില്‍ നിന്ന് പിന്‍മാറി വസ്ത്ര വ്യാപാര മേഖലയിലേക്ക് ശ്രദ്ധ നല്‍കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. സുഡിയോ, വെസ്റ്റ്‌സൈഡ്, സ്റ്റാര്‍, ലാന്‍ഡ്മാര്‍ക്ക് തുടങ്ങിയ ബ്രാന്‍ഡുകള്‍ ട്രെന്റിന് കീഴില്‍ വരും.
ടാറ്റ പവര്‍
ഊര്‍ജ്ജോദ്പാദന രംഗത്ത് ടാറ്റയുടെ സംരംഭമാണ് ടാറ്റ പവര്‍. 14,707 മെഗാവാട്ട് ഉദ്പാദനശേഷിയാണ് കമ്പനിക്കുള്ളത്. 1915ല്‍ ജലവൈദ്യുത പദ്ധതിയുമായി ആരംഭിച്ച കമ്പനി ഇന്ന് സോളാര്‍, വിന്‍ഡ് വൈദ്യുത പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.
ടാറ്റ പ്രോജക്ട്‌സ്
നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ടാറ്റ പ്രോജക്ട്‌സ് വന്‍കിട റിഫൈനറികള്‍, റോഡുകള്‍, പാലങ്ങള്‍, റെയില്‍-മെട്രോ പദ്ധതികള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ വന്‍കിട പദ്ധതികളുടെ നിര്‍മാണം ഏറ്റെടുത്ത് ചെയ്യുന്നു.
ടാറ്റ കണ്‍സള്‍ട്ടിംഗ് എന്‍ജിനീയേഴ്‌സ്
ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ എന്‍ജിനീയറിംഗ്, ഡിസൈന്‍, കണ്‍സള്‍ട്ടന്‍സി സേവനങ്ങളാണ് കമ്പനി നല്‍കി വരുന്നത്.
ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍
റിയല്‍റ്റി, റിയല്‍ എസ്റ്റേറ്റ് രംഗത്തെ ടാറ്റ സംരംഭമാണ് ട്രില്‍ എന്ന് അറിയപ്പെടുന്ന ടാറ്റ റിയല്‍റ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍.
ടാറ്റ ഹൗസിംഗ്
1984ല്‍ പ്രവര്‍ത്തനമാരംഭിച്ച ടാറ്റ ഹൗസിംഗ് റിയല്‍ എസ്റ്റേറ്റ് രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. സ്ഥലം വാങ്ങുന്നത് മുതല്‍ നിര്‍മാണവും എസ്റ്റേറ്റ് മാനേജ്‌മെന്റ് വരെ ടാറ്റ ഹൗസിംഗ് ചെയ്യുന്നു.
ടാറ്റ ക്യാപിറ്റല്‍
ടാറ്റ ക്യാപിറ്റല്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് അടക്കം ഹോം ലോണ്‍, പേഴ്‌സണല്‍ ലോണ്‍, ബിസിനസ് ലോണ്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളാണ് ടാറ്റ കാപിറ്റലിന് കീഴില്‍ വരുന്നത്.
ടാറ്റ എഐഎ ലൈഫ്
ടാറ്റ സണ്‍സും എഐഎ ഗ്രൂപ്പുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ടാറ്റ എഐഎ ലൈഫ്. ഇന്‍ഷുറന്‍സ് മേഖലയിലാണ് പ്രവര്‍ത്തനം.
ടാറ്റ എഐജി
ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ടാറ്റ എഐജി. 2001ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഇപ്പോള്‍ 23 വര്‍ഷം പൂര്‍ത്തിയാക്കി.
ടാറ്റ അസറ്റ് മാനേജ്‌മെന്റ് കമ്പനി
മ്യൂച്ച്വല്‍ ഫണ്ട്, അസറ്റ് മാനേജ്‌മെന്റ്, പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് മേഖലയിലാണ് ടാറ്റ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ പ്രവര്‍ത്തനം.
ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ്
പ്രതിരോധ, എയ്‌റോസ്‌പേസ് മേഖലയിലെ ടാറ്റ സംരംഭമാണ് ഇത്. പ്രതിരോധ മേഖലയിലെ മറ്റു കമ്പനികളുമായി ചേര്‍ന്നുള്ള പാര്‍ട്ണര്‍ഷിപ്പുകള്‍ അടക്കം വ്യോമയാന മേഖലയിലും കമ്പനി പ്രവര്‍ത്തിക്കുന്നു.
ഇന്ത്യന്‍ ഹോട്ടല്‍സ്
താജ്, വിവാന്ത, ജിഞ്ചര്‍ തുടങ്ങിയ വമ്പന്‍ ബ്രാന്‍ഡുകളുമായി ഹോട്ടല്‍ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി. ലോകത്തെ ഏറ്റവും ശക്തമായ ഹോട്ടല്‍ ബ്രാന്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്നു.
ടാറ്റ എസ്‌ഐഎ എയര്‍ലൈന്‍സ്
വിസ്താര എയര്‍ലൈന്‍സ് ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിലാണ് ഇത്. 45 വിമാനങ്ങള്‍ കമ്പനിക്ക് സ്വന്തമായുണ്ട്. 2015ലാണ് വിസ്താര പ്രവര്‍ത്തനം ആരംഭിച്ചത്.
ടാറ്റ കമ്യൂണിക്കേഷന്‍സ്
ഡിജിറ്റല്‍ ലോകത്തേക്ക് വേണ്ടിയുള്ള ഉല്‍പന്നങ്ങളാണ് ടാറ്റ കമ്യൂണിക്കേഷന്‍സ് ഉദ്പാദിപ്പിക്കുന്നത്.
ടാറ്റ പ്ലേ
ടാറ്റ സ്‌കൈ എന്ന പേരില്‍ ഡിടിഎച്ച് സേവനങ്ങളുമായി 2001ല്‍ ആരംഭിച്ച കമ്പനി പിന്നീട് ടാറ്റ പ്ലേ എന്ന് പേര് മാറുകയായിരുന്നു. ഡിടിഎച്ചിന് പുറമേ ഒടിടി സേവനങ്ങളും ടാറ്റ പ്ലേ നല്‍കുന്നു.
ടാറ്റ ടെലിസര്‍വീസസ്
ടാറ്റ ഡോകോമോ എന്ന മൊബൈല്‍ സേവനദാതാവിനെ ചിലര്‍ക്കെങ്കിലും ഓര്‍മ്മ കാണും. മൊബൈല്‍ സേവനത്തില്‍ നിന്ന് ടാറ്റ പിന്‍മാറിയെങ്കിലും ക്ലൗഡ്, ഐഒടി, കണക്ടിവിറ്റി, സെക്യൂരിറ്റി മേഖലകളിലായി ഇപ്പോഴും സര്‍വീസ് തുടരുകയാണ് കമ്പനി. ടാറ്റ ടെലി ബിസിനസ് സര്‍വീസസ് എന്ന ബ്രാന്‍ഡിലാണ് പ്രവര്‍ത്തനം.
ടാറ്റ ഇന്റര്‍നാഷണല്‍
വാഹന വില്‍പന മുതല്‍ സ്റ്റീല്‍, ലെതര്‍ ഉല്‍പന്ന വില്‍പന വരെ നീളുന്ന ശൃംഖലയാണ് ടാറ്റ ഇന്റര്‍നാഷണല്‍. 35ഓളം രാജ്യങ്ങളിലേക്കാണ് ലെതര്‍ പാദരക്ഷകള്‍ കമ്പനി കയറ്റി അയക്കുന്നത്. ആഫ്രിക്കയില്‍ 1977ല്‍ വാഹന വിപണനം ആരംഭിച്ച കമ്പനി ഇപ്പോള്‍ ടാറ്റ മോട്ടോഴ്‌സിന്റെ വാഹനങ്ങളുടെ മുന്‍നിര വിതരണക്കാരായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ ജീപ്പ് ഇന്ത്യ, ആല്‍പൈന്‍സ്റ്റാര്‍സ്, മാരുതി ജെനൂവിന്‍ ആക്‌സസറീസ് തുടങ്ങിയവരാണ് കമ്പനിയുടെ ഉപഭോക്താക്കള്‍.
ടാറ്റ ഇന്‍ഡസ്ട്രീസ്
ടാറ്റ ഗ്രൂപ്പിന്റെ പുതിയ ബിസിനസുകളെ പ്രമോട്ട് ചെയ്യുകയും ഇന്‍ക്യുബേറ്റ് ചെയ്യുകയുമാണ് ടാറ്റ ഇന്‍ഡസ്ട്രീസിന്റെ ദൗത്യം. ഐടി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ് തുടങ്ങി ഡിജിറ്റല്‍ ക്ലാസ്‌റൂമുകള്‍, ഇ-റീട്ടെയില്‍ വരെയെത്തി നില്‍ക്കുന്നു സേവന മേഖല.
ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍
ഒരു നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയാണ് ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍. ദീര്‍ഘകാല നിക്ഷേപങ്ങള്‍, ഇക്വിറ്റി ഓഹരികള്‍, ഇക്വിറ്റി അനുബന്ധ സെക്യൂരിറ്റി നിക്ഷേപങ്ങള്‍ തുടങ്ങിയവയിലാണ് പ്രവര്‍ത്തനം.
ടാറ്റ ഡിജിറ്റല്‍
ഡിജിറ്റല്‍ ലോകത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള സംരംഭം. ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ സാന്ദ്രത വര്‍ദ്ധിക്കുന്നതിന് അനുസൃതമായി ബിസിനസ് സാധ്യതകളും വളരുകയാണെന്നും വിവിധ വ്യവസായങ്ങളെ ഡിജിറ്റല്‍ ലോകവുമായി ചേര്‍ത്തുകൊണ്ടുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു. ടാറ്റ ബ്രാന്‍ഡുകളെ ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ എത്തിക്കുന്ന ടാറ്റ ന്യൂ (Tata Neu) ഒരു പ്രധാന പ്രോഡക്ടാണ്.
ടാറ്റ ടെക്‌നോളജീസ്
പ്രോഡക്ട് എന്‍ജിനീയറിംഗ്, ഡിജിറ്റല്‍ സര്‍വീസ് കമ്പനിയാണ് ടാറ്റ ടെക്‌നോളജീസ്. പുതിയ ബിസിനസുകള്‍ക്ക് ആവശ്യമായ സാങ്കേതിക, ഡിസൈന്‍ സേവനങ്ങള്‍ അടക്കം നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. പുതിയ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം, വലിയ വ്യാവസായിക മെഷിനറികളുടെ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ മറ്റു കമ്പനികള്‍ ടാറ്റ ടെക്‌നോളജീസിന്റെ സേവനം തേടുന്നു.