സ്വര്‍ണക്കള്ളക്കടത്ത് പിടിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് 'അവിശ്വാസം അതല്ലേ എല്ലാം എന്ന പുസ്തകത്തിനാധാരം'. നിയമസഭയിലെ ആ പത്തരമണിക്കൂര്‍ ആകാംക്ഷ തെല്ലും നഷ്ടപ്പെടാതെ പുനരാവിഷ്‌കരിച്ചിരിക്കുന്നു. ചോദ്യോത്തരങ്ങള്‍, വാദപ്രതിവാദങ്ങള്‍, തര്‍ക്കങ്ങള്‍, പ്രസംഗങ്ങള്‍, ആരോപണപ്രത്യാരോപണങ്ങള്‍ തുടങ്ങിയ എല്ലാനടപടികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് പ്രോട്ടോക്കോള്‍പാലിച്ചുകൊണ്ട് കൂടിയ സമ്മേളനം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടിയതാണ്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് പൂര്‍ത്തീകരിച്ച അവിശ്വാസപ്രമേയ ചര്‍ച്ചയെന്ന പ്രത്യേകത മുതല്‍ ഏറ്റവും വലിയ മറുപടി പ്രസംഗം നടത്തിയ മുഖ്യമന്ത്രിയെന്ന പിണറായി വിജയന്റെ റെക്കോര്‍ഡ്‌വരെ അതില്‍ പെടും. പ്രമേയാവതാരകനായ വിഡി സതീശന്റെ അവതരണത്തോടെയാരംഭിക്കുന്ന പുസ്തകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ 3.40 മണിക്കൂര്‍ നീളുന്ന റെക്കോര്‍ഡ് പ്രസംഗം വരെ സമ്പൂര്‍ണമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഇപി ജയരാജന്റെ ഭാര്യയുടെ തലയ്ക്ക് സ്വപ്‌നസുരേഷിന്റെ തല വെട്ടിയൊട്ടിച്ച് പ്രചാരണം നടത്തിയ സംഭവം മുതല്‍ സ്വപ്‌ന സുരേഷിന്റെ കള്ളക്കടത്ത് സമ്പാദ്യം നിക്ഷേപിച്ച ബാങ്കിന്റെ കഥവരെ വിവിധ നേതാക്കള്‍ പ്രസംഗിക്കുന്നു. എം സ്വരാജ്, ഷാഫി പറമ്പില്‍ കെഎം ഷാജി തുടങ്ങി എസ് ശര്‍മയും മുല്ലക്കര രത്‌നാകരനും രമേശ് ചെന്നിത്തലയും വരെയുള്ളവരുടെ വ്യത്യസ്ത ഭാവങ്ങളുള്‍ക്കൊള്ളുന്ന ഇടപെടലുകളുണ്ട്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, പ്രമേയാവതാരകന്‍ വിഡി സതീശന്‍ തുടങ്ങിയവരുടെ വിശകലനസ്വഭാവമുള്ള അഭിമുഖങ്ങളാണീ ഭാഗത്തിന്റെ പ്രത്യേകത. വിശ്വാസം അതല്ലേ എല്ലാം എന്നത് പ്രശസ്തമായ ഒരു ജ്വല്ലറിയുടെ അതിപ്രശസ്തമായ പരസ്യവാചകമാണ്. കേരളരാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ഒരു അവിശ്വാസപ്രമേയ ചര്‍ച്ച എന്ന നിലയില്‍ അവിശ്വാസം അതല്ലേ എല്ലാം എന്ന പേരും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. കണ്ണൂര്‍ കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ വില 260 രൂപയാണ്.മാധ്യമപ്രവര്‍ത്തകന്‍ കെ.വി.മധുവാണ് പുസ്തകത്തിന്റെ രചയിതാവ്. പുസ്തകത്തില്‍ വി.ഡി സതീശനുമായി മധു നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ വായിക്കാം
? അവിശ്വാസ പ്രമേയം ജൂലിയസ് സീസറില്‍ നിന്ന് തന്നെ തുടങ്ങാന്‍ എന്താണ് കാരണം
വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ ജൂലിയസ് സീസര്‍ വായിച്ചതാണ്. അതെന്നെ വല്ലാതെ സ്വാധീനിച്ചിട്ടുള്ള നാടകമാണ്. മാര്‍ക്ക് ആന്റണിയുടെ പ്രസംഗത്തിന്റെ സവിശേഷതയെന്ന് പറയുന്നത് വളരെ പതുക്കെ ആരംഭിച്ച് നമ്മള്‍ പ്രതീക്ഷിക്കാത്ത വൈകാരികാവസ്ഥകളിലേക്ക് അത് നമ്മളെ എത്തിക്കും. ബ്രൂട്ടസിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് തുടങ്ങുന്നത്. തന്റെ ആത്മമിത്രമായ ജൂലിയസ് സീസറിനെ പിന്നില്‍ നിന്ന് കുത്തിക്കൊന്നതിന്റെ വിരോധം അദ്ദേഹത്തിന്റെ ഉള്ളില്‍ തിളച്ചുനില്‍പ്പുണ്ട്. ബ്രൂട്ടസിനെ ആരാധകരമായി നില്‍ക്കുന്ന ഓഡിയന്‍സിനെ പതിയെ ബ്രൂട്ടസിന്റെ ശത്രുക്കളാക്കി മാറ്റുന്ന വാഗ്ചാതുരിയാണ് ആ പ്രസംഗത്തിലുള്ളത്. ഷെയ്ക്‌സ്പിയറുടെ പ്രതിഭയുടെ അസാധാരണ തലമാണ് ഈ മാര്‍ക്ക് ആന്റണിയുടെ പ്രസംഗത്തില്‍ കാണാനാകുക.
നമ്മള്‍ പോലും അറിയുന്നില്ല എപ്പോഴാണ് മാര്‍ക്ക് ആന്റണി മാറുന്നത് എന്ന്. ആയിരക്കണക്കിന് ആളുകളെ ഒരു പ്രസംഗം കൊണ്ട് സ്വാധീനിച്ച് അവരുടെ തീരുമാനങ്ങളില്‍ സമ്പൂര്‍ണമായ മാറ്റമുണ്ടാക്കി സത്യത്തിന്റെ വെളിച്ചത്തിലേക്ക് നയിക്കാനും ഒരു പ്രസംഗത്തിന് കഴിയും എന്ന് ബോധ്യപ്പെടുത്തിയ നിമിഷങ്ങളാണ് മാര്‍ക്ക് ആന്റണിയുടെ പെര്‍ഫോമന്‍സ്.
? രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിനപ്പുറം പ്രാസംഗികന്‍ എന്ന നിലയില്‍ സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്നോ
സത്യത്തില്‍ ഒരു നല്ല പ്രാസംഗികനാകണം എന്നത് ചെറുപ്പത്തിലേ എനിക്കുണ്ടായ ആഗ്രമാണ്. ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ ആഭിമുഖ്യവും ആവേശവും ഒക്കെ തോന്നിത്തുടങ്ങിയ കാലത്തുതന്നെ ഒരു പ്രാസംഗികനാകണം എന്ന ആഗ്രഹമായിരുന്നു ഉള്ളില്‍. യഥാര്‍ത്ഥത്തില്‍ ആദ്യം വായിക്കുമ്പോഴൊന്നും മാര്‍ക്ക് ആന്റണിയുടെ പ്രസംഗത്തിന്റെ സത്ത പൂര്‍ണമായൊന്നും മനസ്സിലായിരുന്നില്ല. കാരണം ഷെയ്ക്‌സ്പിയറിന്റെ ഇംഗ്ലീഷങ്ങനെയൊന്നും പിടിതരുന്ന ഒന്നല്ലല്ലോ. മികച്ച പ്രസംഗം എന്നതിനപ്പുറത്ത് അത് നമ്മളെ മാറ്റിമറിക്കുന്ന സന്ദേശം വഹിക്കുന്നു എന്ന് പിന്നീട് ആവര്‍ത്തനവായനയില്‍ ബോധ്യപ്പെടുകയായിരുന്നു.
മാര്‍ക്ക് ആന്റണിയുടെ പ്രസംഗം ഇന്നും മനസ്സിലുണ്ട്.
അതെ. നാടകം കൂടാതെ പിന്നീട് ജൂലിയസ് സീസറിനെ ആധാരമാക്കിയിറങ്ങിയിട്ടുള്ള നാടകേതര സൃഷ്ടികളും തേടിപ്പിടിച്ച് വായിക്കാന്‍ ശ്രമിക്കുമായിരുന്നു. സിനിമയുള്‍പ്പെടെ. അതില്‍ മാര്‍ക്ക് ആന്റണിയുടെ ഭാഗം സസൂക്ഷ്മം നിരീക്ഷിക്കുന്ന പതിവുണ്ടായി. അങ്ങനെ ആ പ്രസംഗം ഉള്ളില്‍ കിടപ്പുണ്ടായിരുന്നു. അപ്പോഴാണ് സ്വര്‍ണക്കള്ളക്കടത്തിനെ തുടര്‍ന്നുള്ള അവിശ്വാസപ്രമേയം വന്നത്.
ഷെയ്ക്‌സ്പിയര്‍ വല്ലാതെ സ്വാധീനിച്ചിട്ടുണ്ടോ.
തീര്‍ച്ചയായും. ഞാന്‍ മലയാളം മീഡിയത്തില്‍ പഠിച്ച ഒരാളാണ്. പക്ഷേ നമ്മുടെ ഇംഗ്ലീഷ് അധ്യാപകര്‍ കോളേജുതലത്തിലൊക്കെയെത്തുമ്പോള്‍ ഷെയ്ക്‌സ്പിയര്‍ കഥാപാത്രങ്ങളെ മനസ്സില്‍ പ്രതിഷ്ടിക്കുന്ന നിലയിലാണ് നമ്മളെ പഠിപ്പിച്ചത്.സത്യത്തില്‍ അവരോടാണ് നന്ദി പറയേണ്ടത്. പിന്നീട് ഷെയ്ക്‌സ്പിയറിന്റെ ശവകുടീരവും തിയേറ്ററുമൊക്കെ പിന്നീട് പോയികണ്ടിട്ടുണ്ട്.
അവിശ്വാസപ്രമേയം അവതരിപ്പിക്കുകയെന്നത് അപൂര്‍വ്വ അവസരമാണ്. അതുരുവെല്ലുവിളിയായിരുന്നോ.
15കൊല്ലം മുമ്പാണ് ഇതിന് മുമ്പൊരു അവിശ്വാസപ്രമേയം നിയമസഭയില്‍ വന്നത്. 2001ലാണ് ഞാന്‍ ആദ്യമായി എംഎല്‍എ ആയത്. 2005ല്‍ ആദ്യത്തെ അവിശ്വാസപ്രമേയം നടക്കുമ്പോള്‍ നിയമസഭയിലെ കന്നി അംഗമാണ്. കോണ്‍ഗ്രസിന് അന്ന് 62 എംഎല്‍എമാരാണുണ്ടായിരുന്നത്. വേണമെങ്കില്‍ 62ാമത്തെ ആളായി പരിഗണിക്കാവുന്ന ഒരാള്‍. എന്നാല്‍ അന്ന് സര്‍ക്കാരിനെതിരെ വന്ന അവിശ്വാസപ്രമേയത്തിനെതിരെ സംസാരിക്കാന്‍ പാര്‍ട്ടി എനിക്കവസരം തന്നു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി എന്നോട് നേരിട്ടാവശ്യപ്പെടുകയായിരുന്നു. അത് അന്നെനിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു. ഇന്നിപ്പോള്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള അവസരം പ്രതിപക്ഷനേതാവ് എനിക്ക് തന്നു. വലിയ വിഷയബാഹുല്യമുള്ള ഒരുസമയത്ത് വളരെ ശ്രദ്ധയോടെ കൈവിട്ടുപോകാത്ത വിധത്തില്‍ പ്രമേയം അവതരിപ്പിക്കുക എന്നത് എനിക്ക് വലിയ വെല്ലുവിളിയായിരുന്നു.
ഉള്ളില്‍് ആശങ്കയുണ്ടായിരുന്നോ.
ഇതൊരു ചരിത്രമുഹൂര്‍ത്തമാണ്. 15 വര്‍ഷത്തിന് ശേഷം നടക്കുന്ന ഒരു അവിശ്വാസപ്രമേയം. പ്രമേയാവതാരകനെ സംബന്ധിച്ച് അതൊരുസമ്മര്‍ദ്ദമാണ്. സമ്മര്‍ദമില്ല, കൂളായിപോയി അവതരിപ്പിച്ചു എന്നൊക്കെ പറഞ്ഞാല്‍ അത് തെറ്റാകും.
നിയമസഭയില്‍ ധാരാളം പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഓരോ പ്രസംഗത്തെയും കൂടുതല്‍ കൂടുതല്‍ ഗൗരവത്തോടെയാണ് ഞാന്‍ സമീപിച്ചിട്ടുള്ളത്. എന്നാല്‍ ഇത് എന്റെ ആദ്യത്തെ അവിശ്വാസപ്രമേയവുമായിരുന്നു. ഓരോ ദിവസവും പുതിയ പുതിയ വിവാദങ്ങളുണ്ടായിക്കൊണ്ടിരുന്നു. പ്രമേയാവതാരകന്‍ എന്ന നിലയില്‍ കിട്ടുന്ന പരിമിതമായ സമയത്ത് എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ച് അവതരിപ്പിക്കണം
ജി സുധാകരന്‍ വിമര്‍ശിക്കുകയും ചെയ്തു
ചര്‍ച്ചക്ക് ഗാംഭീര്യമുണ്ടാകുന്നത് അത്തരമുള്ള വിമര്‍ശനങ്ങള്‍ വരുമ്പോഴാണ്. ജി സുധാകരന്‍ എം എ ലിറ്ററേച്ചറൊക്കെകഴിഞ്ഞ നല്ല വായനയുള്ള ഒരാളാണ്. അദ്ദേഹം പറഞ്ഞത് ഷെയ്ക്‌സ്പിയറെ അങ്ങനെയല്ല പ്ലെയ്‌സ് ചെയ്യേണ്ടത് എന്നാണ്. അതിനോട് പക്ഷേ എനിക്ക യോജിപ്പില്ല. എന്നാല്‍ അത് അങ്ങനെയല്ല. അതായത് മാര്‍ക്ക് ആന്റണി കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ആ കലാപം പ്രതീകാത്മകമായിരുന്നു. അനീതിക്കെതിരായ കലാപമായിരുന്നു. ജനങ്ങളുടെ പോരാട്ടമാണ്. അതിനായി ജനങ്ങളെ പ്രചോദിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. അപ്പോ കലാപം എന്തിന് വേണ്ടിയെന്നതിലാണ് കാര്യം. അങ്ങനെയാണ് ബ്രൂട്ടസിന്റെ കൊട്ടാരം കൈയേറാന്‍ ജനം പോകുന്നത്. പോകുന്ന വഴിക്ക് ബ്രൂട്ടസിന് സ്തുതി പാടിക്കൊണ്ടിരുന്ന ഒരു കവിയെ വലിച്ചുകീറി. സുധാകരന്‍ ജന്മനാ കവിയായതുകൊണ്ട് കവിയെ വലിച്ചുകീറിയ സംഭവം മൂലം ആ കലാപം ഇഷ്ടപ്പെട്ടില്ല. രസകരമായ ഭാഗമാണ് അദ്ദേഹത്തിന്റെ ആംഗിളില്‍ പറഞ്ഞത്. അങ്ങനെയുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരണം. ഞാന്‍ ആഗ്രഹിക്കുന്നത് ഐവര്‍ ജെന്നിംഗ്‌സിനെ ഉദ്ധരിച്ചൊരു കാര്യം പറഞ്ഞാല്‍ ഐവര്‍ ജെന്നിംഗ് തന്നെ ക്വോട്ട് ചെയ്‌തൊരു മറുപടി അപ്പുറത്തുനിന്നുണ്ടാകണം എന്നാണ്. ഉദാഹരണത്തിന് വയല്‍കിളികളുടെ സമരത്തിന് രാമായണം ക്വോട്ട് ചെയ്ത് അദ്ദേഹം ഒരു ആരോപണം ഉന്നയിച്ചു. ഞാനതിന് രാമായണത്തില്‍ നിന്നുള്ള ഉദ്ധരണികൊണ്ട്തന്നെ തിരിച്ചടിക്കുകയാണ് ചെയ്തത്.
ഡോ.തോമസ് ഐസക്കിനെ ഉപമിക്കാന്‍ മഹാഭാരതത്തിലേക്കും പോയി.
അതെ. അവിശ്വാസപ്രമേയത്തിനിടെ ഞാന്‍ ധര്‍മപുത്രരുമായാണ് തോമസ് ഐസക്കിനെ ഉപമിച്ചത്. പലരും എന്നോട്‌ചോദിച്ചു. നിങ്ങളെന്തിനാണ് ധര്‍മപുത്രരുമായി ഐസക്കിനെ ഉപമിച്ചത്. എന്തുകൊണ്ട് ദുര്യോധനനാക്കിയില്ല എന്ന്. അതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്ന് എനിക്ക് തോമസ് ഐസക്കിനെ ദുര്യോധനനാക്കാന്‍ എനിക്കദ്ദേഹത്തോട് ഒരു വിരോധവുമില്ല. പിന്നെ യുധിഷ്ഠിരനെന്ന കഥാപാത്രത്തിന്റെ പ്രത്യേകതകൊണ്ടാണ് ആ ഉപമ ഞാന്‍ നടത്തിയത്. ആളു ധര്‍മിഷ്ഠനൊക്കെയാണെങ്കിലും യുധിഷ്ഠിരനെ എനിക്കത്ര ഇഷ്ടമല്ല. നുണപറയുന്നതൊക്കെ തടയും. എല്ലാം അധികാരത്തിന് വേണ്ടിയാണ്. പിന്നെ ചൂതുകളിച്ച് എല്ലാം കളയുമല്ലോ. എല്ലാവരെയും പണയപ്പെടുത്തും. അഞ്ചുപേരും ഒരുമിച്ച്കല്യാണം കഴിക്കണം എന്ന് പറയുകയല്ലേ. ധര്‍മിഷ്ടനാണെങ്കിലും അതൊക്കെ തെറ്റാണ്. അമ്മ പങ്കിട്ടെടുക്കാന്‍ പറഞ്ഞത് ഭിക്ഷയാണ്. എന്നാല്‍ ധര്‍മപുത്രര്‍ അതിനെ വ്യാഖ്യാനിച്ച് മാറ്റി. അപ്പോയുധിഷ്ഠിരനോടുള്ള ക്രോധം എന്റെമനസ്സിലുണ്ട്. അതുകൊണ്ടാണ് ചൂതുകളിച്ച് എല്ലാം പണയപ്പെടുത്തിയ ധര്‍മപുത്രരോട് ഐസക്കിനെ ഉപമിച്ചത്.
അതിനിടയില്‍ മുഖ്യമന്ത്രിയെ ഇന്റര്‍വ്യൂ ചെയ്തത് ഗുണകരമായോ
മുഖ്യമന്ത്രിയെ സഭാടിവിക്ക് വേണ്ടി അഭിമുഖം ചെയ്തത്. വ്യത്യസ്തമായ രീതിയിലാണ്. അതുപോലെയല്ല അടിയന്തിരപ്രമേയം. അതും ഇതുംതമ്മിലൊരു ബന്ധവുമില്ല. ആ അഭിമുഖത്തിനൊരുങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു. അതൊരു പൊളിറ്റിക്കല്‍ ഇന്റര്‍വ്യൂ അല്ല. നിയമസഭയുടെ ടിവിയാണ്. പിന്നെ അദ്ദേഹം ഉള്‍പ്പെടുന്ന ആളുകള്‍ ഒരു തലമുറയിലെ പ്രധാനപ്പെട്ട ആദ്യനിരനേതാക്കളാണ്. പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ചാണ്ടി ഇവരെയൊക്കെ ഞാന്‍ അങ്ങനെയാണ് കാണുന്നത്. ഒരു സുപ്രഭാതത്തില്‍ നൂലില്‍ കെട്ടിയിറങ്ങിയ ആളുകളൊന്നുമല്ല. ഞാന്‍ ഞാനാണ്. അടുത്തതിന്റെയും പിന്നത്തെ തലമറയില്‍ പെട്ട ആളാണ്. അതേ സമയം അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയുമാണ്. അതുകൊണ്ട് ഞാന്‍ അദ്ദേഹത്തോട് എങ്ങനെ എന്തൊക്കെ ചോദിക്കണം എന്നാഗ്രഹിക്കുന്ന ഒരുവലിയ ജനസമൂഹം ഇത് കാണുന്നുണ്ട്. അവരാഗ്രഹിക്കുന്നരീതിയില്‍ എനിക്ക് ചോദിക്കാന്‍ പറ്റില്ല. എന്നാല്‍ ആഗ്രഹിക്കുന്ന വിഷയം ചോദിക്കാന്‍ പറ്റും. അതിനാണ് ഞാന്‍ ശ്രമിച്ചത്. എനിക്കാ വിഷയം കൊണ്ടുവരികയും വേണം ഒരു ഔചിത്യം കാത്തുസൂക്ഷിക്കുകയും വേണം. നമ്മള്‍ അപ്പോഴത്തെ ലാഭത്തിനും അപ്പോഴത്തെ രാഷ്ട്രീയ താല്‍പര്യത്തിനും വേണ്ടി ചോദിക്കുകയല്ല വേണ്ടത്. ഭാവിതലമുറയ്ക്ക് ഒരു മാതൃകയാകുകയാണ വേണ്ടത്. എനിക്ക് അതിരുകടന്ന് മുഖ്യമന്ത്രിയോട് ചോദിക്കാനറിയാഞ്ഞിട്ടല്ല. ഈയൊരു മാന്യത നിലനിര്‍ത്താന്‍ വേണ്ടിയാണ് അത് ചെയ്തത്. ുഖ്യമന്ത്രി അങ്ങനെ അധികമാളുകള്‍ക്കൊന്നും ഇന്റര്‍വ്യൂ നല്‍കിയിട്ടുള്ള ആളല്ല. ഞാന്‍ സംതൃപ്തനാണ്. എനിക്ക് ചോദിക്കാവുന്ന ചോദ്യങ്ങളൊക്കെ ചോദിച്ചു. തുടക്കം മുതല്‍ കംഫട്ടബിളായിരുന്നു. ചിരിച്ചുകൊണ്ടാണ് അവസാനം വരെ പ്രതികരിച്ചത്.
വിശ്വാസപ്രമേയചര്‍ച്ച സംതൃപ്തി നല്‍കിയോ
പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ അതിശക്തമായ ഒരു പ്രതിഷേധം അവതരിപ്പിക്കുകയായിരുന്നു ലക്ഷം. അത് പ്രമേയത്തിലൂടെയും പ്രമേയാനന്തരമുള്ള ചര്‍ച്ചകളിലൂടെയും സാധിച്ചു. ഇനി ജനം വിലയിരുത്തട്ടെ.