Books

പി എന്‍ ഗോപീകൃഷ്ണന്‍ അഭിമുഖം: ഒന്നിന്റെ പെരുക്കപ്പട്ടികയല്ല ലോകം

അഭിലാഷ് മേലേതില്‍

എന്താണ് പി എൻ ഗോപീകൃഷ്ണന്റെ എഴുത്തു രീതി? എല്ലാദിവസവും എഴുതാറുണ്ടോ?

എല്ലാ ദിവസവും വേണ്ടതാണ്. സാധിക്കാറില്ല. മതാത്മകമല്ലാത്ത ,അനുഷ്ഠാന പരമല്ലാത്ത ,എന്നാൽ അത്തരം പദങ്ങൾക്കുള്ളിൽ ഒളിഞ്ഞിരിയ്ക്കുന്ന ഒരു തരം അച്ചടക്കം ,എന്തിനെന്ന് തിരിച്ചു ചോദിയ്ക്കാൻ തുനിയാത്ത തരം ആവേശം ഒക്കെ എഴുത്തിനോട് കാണിക്കേണ്ടതാണ്. ചെയ്യാൻ സാധിക്കാറില്ല. അതേ സമയം എഴുത്ത് എന്ന സമൂർത്ത ക്രിയയിലേയ്ക്ക് നയിക്കുന്ന ചിന്തയുടെ അസംസ്കൃത വിഭവങ്ങൾ എന്നും ശേഖരിക്കാറുണ്ട്.

ചുരുക്കിപ്പറഞ്ഞാൽ ധാരാളം പുസ്തകങ്ങൾ വാങ്ങിക്കൂട്ടുകയും അതിന്റെ പകുതിയ്ക്കപ്പുറം വായിക്കാൻ സമ്മതിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന അതേ ജീവിത സാഹചര്യം എഴുത്തിനേയും ബാധിയ്ക്കുന്നുണ്ട്.

എത്ര ഡ്രാഫ്റ്റുകളിലൂടെയാണ് പി എന്നിന്റെ ഒരു കവിത രൂപപ്പെട്ടുവന്നത്? ഹെൻറി കോൾ കവിതയൊന്നിന് മുപ്പതോളം ഡ്രാഫ്റ്റുകൾ എഴുതും എന്ന് പറഞ്ഞിട്ടുണ്ട്, രാമാനുജൻ എഴുതിയത് എക്കാലവും തിരുത്തിക്കൊണ്ടേയിരിയ്ക്കും എന്നും. എങ്ങനെയാണ് പി എൻ എഴുത്തു എഡിറ്റ് ചെയ്യാറുള്ളത്?

10 മുതൽ 15 വരെ എന്നാണ് എന്റെ കണക്ക്. കരട് രൂപം എഴുതുന്നതിലല്ലാ ,എഴുത്ത് ഇരിയ്ക്കുന്നത്. എഡിറ്റിംഗിലാണ്. എങ്ങനെയാണ് ഈ കവിത നന്നായത് / ചീത്തയായത് എന്ന ചോദ്യത്തിന് അങ്ങനെയായിപ്പോയി എന്ന് മറുപടി പറയേണ്ട ഒരാളല്ല ഇന്നത്തെ എഴുത്തുകാരൻ / കാരി .തന്റെ എഴുത്തിനെക്കുറിച്ചുള്ള ബോധ്യങ്ങൾ ഏറെക്കുറെ സമഗ്രമായിത്തന്നെ അവർ പേറണം. വഴിയെ പോകുമ്പോൾ വീണ് കിട്ടുന്ന ഒന്നാണ് എഴുത്ത് എന്നാരെങ്കിലും പറയുന്നുണ്ടെങ്കിൽ അതാണ് കലയെപ്പറ്റി ഇന്ന് പറയാൻ കഴിയുന്ന ഏറ്റവും വലിയ നുണ.

എഴുത്ത് അദ്ധ്വാനം കൂടിയാണ്. അദ്ധ്വാനം മോശം പദമാകുന്നത് ഒരു അധീശ ദൃഷ്ടിയിലാണ്. എഴുത്തുകാർ സ്വയം വലിച്ചെറിയേണ്ട ഒന്നാണ് അധീശത്വ പദവി എന്നതിനാൽ തീർച്ചയായും അദ്ധ്വാനമാണ് എഴുത്ത് എന്നത് ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ആ അദ്ധ്വാനം പ്രത്യേക തരത്തിൽ നിജപ്പെടുത്തിയ ഒന്നല്ല എന്ന് മാത്രം. നിങ്ങളുടെ മുഴുവൻ ജീവിതവും കൊടുത്തുള്ള ഒന്ന്.

കരടു രൂപത്തിന് ജീവൻ കൊടുക്കുക എന്നതാണ് എഴുത്ത് എന്ന ക്രിയയുടെ കാതൽ.

ആരാണ് പ്രിയപ്പെട്ട എഴുത്തുകാരൻ, എന്തുകൊണ്ട്?

അപകടകരമായ ചോദ്യമാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വെവ്വേറെ ഉത്തരങ്ങൾ കിട്ടുന്നത് .രാത്രിയും പകലും രണ്ടുത്തരങ്ങൾ നൽകുന്നത്. ഉണ്ണായിവാര്യർ മുതൽ ഡോസ് റ്റോയേവ്സ്കി യിലൂടെ നീളുന്ന ഒരു ഇരുണ്ട നദി ഉണ്ട്. പാതാളത്തിൽ ചെന്ന് ചേരുന്നത്. അതിലെ ഓരോ കടവിനും ഓരോ എഴുത്തുകാരുടെ പേരാണ്. ഇടയ്ക്ക് അവിടെ ചെന്ന് നിന്നില്ലെങ്കിൽ നമ്മൾ അറിയാതെ അഹങ്കാരികൾ ആയിപ്പോകും. ഇരുൾ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ പേന താഴെ വെയ്ക്കാനാണ് അവർ പറയുക.

മറ്റൊരു കൂട്ടരുണ്ട്. കുഞ്ചനെപ്പോലെ ,ബ്രെഹ് റ്റിനെപ്പോലെ മുറിവുകളെക്കൊണ്ട് തമാശ പറയിക്കും. അവർ ഏത് സമയവും അരങ്ങിലാണ്. ക്ഷമിയ്ക്കണം ,അവർ എത്തുമ്പോൾ ലോകം അരങ്ങാകുന്നു.

ഒരു ഗണം എന്ന നിലയിൽ കിഴക്കൻ യൂറോപ്പിലെ ഇരുപതാം നൂറ്റാണ്ടിലെ അവസാന പാദത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യ പാദത്തിലുമായി മരിച്ചു പോയ, വിട പറഞ്ഞു കൊണ്ടിരിയ്ക്കുന്ന കവികളെ പെരുത്തിഷ്ടമാണ് .ഹോളുബ്, സ്ബിഗ് ന്യൂ ഹെർബർട്ട് , റോസെ വിക്സ്, മരീൻ സോരെസ്ക്യു ,വാസ്കോ പോപ്പ , വിസ്ലാവാ സിംബോർസ്കാ ....തുടങ്ങിയവരെ.പിന്നെ ലത്തീൻ അമേരിക്കക്കാർ ..നിക്ക നോർ പാർറ ,കാർലോസ് ഡ്രമ്മണ്ട് ഡി അൻഡ്രാ ഡേ, ജോ വോ കബ്രാൾ ഡി മെലോ നെറ്റോ.

ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റ്സ്മാൻ എന്ന മട്ടിൽ കവികളെപ്പറ്റി ചോദിച്ചാൽ ,പറയാൻ പ്രയാസമാണ്. . നിങ്ങളുടെ ഡ്രീം ടീം ഏതെന്ന് ചോദിച്ചാൽ ഏതാണ്ട് ഒപ്പിക്കാം.

ബൊലാഞ്ഞോ ,ഇടയ്ക്കിടെ ഉദ്ധരിച്ചിരുന്ന പാർറ യുടെ കവിതയുണ്ട്

Chilies great four poets

are three

Alonso de Ercillo and Ruben Dario എന്ന്. ഇപ്പോൾ ഞാൻ എഴുത്തിന്റെ ദൈവശാസ്ത്രമായി കൊണ്ടു നടക്കുന്നത് ഹോളു ബിന്റെ വരികൾ ആണ് . മരണങ്ങൾ എല്ലാ ഭാഷകളിലേയ്ക്കും എല്ലാ നിശ്ശബത കളിലേയ്ക്കും തർജ്ജമ ചെയ്യുക എന്ന് . നിങ്ങൾ നിങ്ങളെ എവിടെ കുഴിച്ചിട്ടിരിയ്ക്കുന്നു എന്നതാണ് എഴുതേണ്ടതെന്ന്.

ആവർത്തിച്ചു വായിയ്ക്കുന്ന കവിതകൾ, നോവലുകൾ, ചെറുകഥകൾ, എഴുത്തുകാർ - അങ്ങനെയെന്തെങ്കിലും? എഴുത്തിൽ റോൾ മോഡലുകൾ ഉണ്ടായിരുന്നുവോ? ഈ വായനകൾ സ്വന്തം എഴുത്തിനെ എങ്ങനെയാണു സ്വാധീനിയ്ക്കുന്നത്?

ഒക്ടാവിയോ പാസിന്റെ ഗദ്യ പുസ്തകങ്ങൾ ആവർത്തിച്ചു വായിക്കാറുണ്ട്. ഓൺ പോയറ്റ്സ് ആൻഡ് അദേഴ്സ് ,ചിൽഡ്രൻ ഓഫ് മയർ, ഡബിൾ ഫ്ലെയിം ....പാസിനെ വായിച്ചാൽ പാസിനെ മാത്രം അല്ല കിട്ടുക .ലോകം അത് വരെ ചിന്തിച്ചതിന്റെ സംഗ്രഹം കിട്ടും. എവിടേയ്ക്കാണ് അത് പോകുന്നത് എന്ന് കിട്ടും. പിന്നെ എലിയറ്റിന്റെ വേസ്റ്റ് ലാൻറ്. നമ്മുടെ ക്ലാസ് മുറികളും യാഥാസ്ഥിതികരും തല്ലിക്കൊല്ലാൻ കിണഞ്ഞു പരിശ്രമിച്ചിട്ടും അതിന് കരുത്തുറ്റ ജീവനുണ്ട്. വാൾട്ടർ ബൻ യാമിൻ, ബോർഹേസ് ,ഡോസ് റ്റോ യേ വ്സ്കിയുടെ ഭൂതാവിഷ്ടരിലെ അവസാന പേജുകൾ, രാമാനുജന്റെ സാംസ്കാരിക പഠനങ്ങൾ, ആശാൻ, മലയാളത്തിലെയും ഇന്ത്യൻ ഭാഷകളിലേയും എൺപതുകളിലെ കവിതകൾ.പിന്നെ ,ബ്രെഹ്ത് പറഞ്ഞത് പോലെ ക്ഷമിക്കണം, ബൈബിൾ - പുതിയ നിയമം.

വിന്റേജ് ബുക്ക് ഓഫ് കൺടം പററി വേൾഡ് പോയ ട്രിയാണ് തുടർച്ചയായി ആവർത്തിച്ച് വായിക്കാറുള്ളത്.

റോൾ മോഡൽ ഉണ്ടോ എന്ന് ചോദിച്ചാൽ, ഇവയൊക്കെ സംഭവിച്ചതിന് ശേഷമാണ് നമ്മൾ കവിത എഴുതുന്നത് എന്നതാണ് വാസ്തവം. എന്നാൽ അവ അനുകരിയ്ക്കാൻ നിന്ന് തരില്ല എന്നതാണ് കഷ്ടം. വായനയില്ലാതെ എഴുതാൻ കഴിയില്ല എന്നതാണ് വാസ്തവം എന്നിരിയ്ക്കേ സ്വാധീനം ഇല്ല എന്ന് വീമ്പടിയ്ക്കുന്നതിൽ കാര്യം ഇല്ല. അതേ സമയം ഞാൻ സ്ഥിരമായി പറയാൻ ഇഷ്ടപ്പെടുന്ന ഒരു കാര്യം, സാഹിത്യം പ്രസവിച്ചല്ല സാഹിത്യം ഉണ്ടാകുന്നത്. സംസ്ക്കാരം എന്ന് വിളിയ്ക്കപ്പെടുന്ന ബൃഹദ് കഥയുടെ മണ്ണ് പിളർന്നാണ് അത് സംഭവിയ്ക്കുന്നത്. അതിനാൽ ഫുട്ബോൾ മൈതാനങ്ങളിൽ നിന്നും ക്യാൻസറിന് മരുന്ന് അന്വേഷിക്കുന്ന ലബോറട്ടറിയിൽ നിന്നും 19 ലക്ഷം പശുക്കളുടെ പേരിൽ കൊല്ലപ്പെട്ടവരിൽ നിന്നും കവിതയുണ്ടാകും.

പി എന്നിന്റെ വായന എങ്ങനെയാണ് രൂപപ്പെട്ടുവന്നത്? ജീവിച്ച ഇടവും പരിസരവും വായനയെ സാധീനിച്ചിട്ടുണ്ടോ? അതോ നമ്മുടെ സാഹിത്യത്തിലെ വലിയൊരു കൂട്ടം എഴുത്തുകാരെയെന്നപോലെ, മറ്റിടങ്ങളാണോ ഇതു രൂപപെടുത്തിയത്?

എന്റെ വായനയ്ക്ക് ലൈബ്രറി പ്രസ്ഥാനവുമായും എന്റെ ചുറ്റിലുമുണ്ടായിരുന്ന മനുഷ്യരുടെ ഉണർവ്വിനോടുമാണ് കടപ്പെട്ടിരിയ്ക്കുന്നത്. വീട്ടിൽ കവിത ചിനപ്പുകൾ വിടർത്തിയിട്ടില്ലെന്നില്ല. എങ്കിലും എസ്.എൻപു രത്തെ ശ്രീനാരായണ വിലാസം വായനശാല പോലെ (എസ്.എൻ.വി വായനശാല ) ,കൊടുങ്ങല്ലൂരിലെ സൂര്യകാന്തി ലൈബ്രറി പോലെ സ്ഥാപനങ്ങൾ ഇല്ലായിരുന്നെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടിൽ ആയേനെ. കോട്ടപ്പുറത്തെ സ്റ്റീഫന്റെ ജോൺ ഏബ്രഹാം ലൈബ്രറിയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ലൈബ്രറിയും രണ്ടാമത്തെ വലയത്തിൽ വരുന്നു.

ഉണർന്ന മനുഷ്യരുടെ ഒരു കൂട്ടം ചുറ്റുമുണ്ടായിരുന്നു. ക്ഷമാപണത്തോടെയല്ലാതെ പുതിയ സാഹിത്യത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിയ്ക്കുന്നവർ. ലോവർ മിഡിൽ ക്ലാസിന്റെ ചിന്തയിൽ എഴുത്ത് ആർഭാടമല്ല എന്ന് പഠിപ്പിച്ചവർ. അതേ സമയം അതി മനോഹരവും അത്ര തന്നെ ദാരുണവുമായ ഒരു ഏകാന്തതയിലും അലഞ്ഞിട്ടുണ്ട്. പക്ഷെ, അത് പുതിയ ഒരു ഏകാന്തത ആയിരുന്നു. വിളറിയ ഉച്ചകളിൽ നിന്ന് പൊട്ടിച്ചെടുക്കാൻ പാകത്തിൽ കവിതകളെ ഒരുക്കി വെച്ച ഏകാന്തത . 1984 മുതലെങ്കിലും അത് കൂടെയുണ്ട് .അവസാന വാക്ക് ആയി അല്ലെങ്കിലും . ചിന്തയുടേയും ഭാവനയുടേയും പഥം എങ്ങനെയാണെന്ന് തിട്ടപ്പെടുത്തിയിട്ടില്ലെങ്കിലും എല്ലാറ്റിന്റേയും അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള അതിന്റെ സഞ്ചാരങ്ങൾ അനുഭവിച്ചിട്ടുണ്ട്.

സ്വയം ഒരു കവിയാണ് എന്നത് പി എന്നിന്റെ വായനയിലെ തിരഞ്ഞെടുപ്പുകളെയും വിലയിരുത്തലുകളെയും സ്വാധീനിച്ചിട്ടുണ്ടോ?

പിന്നീട്. ഓരോ കവിതയേയും നമ്മൾ അഴിച്ചു നോക്കാൻ തുടങ്ങും. അതിന്റെ തന്നെ അന്യാദൃശതയിലേയ്ക്ക് എങ്ങനെ എത്തിപ്പെട്ടു എന്ന് തിരക്കും . ഉത്തരം കിട്ടണം എന്നില്ല.

“വൈ റീഡ് ക്ലാസ്സിൿസ്” എന്ന് കാൽവിനോയുടെ പുസ്തകമുണ്ടല്ലോ. എന്തിനാണ് നമ്മൾ ശരിയ്ക്കും ക്‌ളാസ്സിക്കുകൾ വായിയ്ക്കേണ്ടത്? ക്‌ളാസ്സിക് സാഹിത്യ വായന പിഎന്നിന് എത്ര കണ്ടു പ്രധാനമാണ്? എങ്ങനെയാണ് പിഎന്നിന്റെ ആ ശീലം ഉരുത്തിരിഞ്ഞുവന്നത്?

സ്ബിഗ് ന്യൂ ഹെർബർട്ടിന്റെ ഒരു കവിതയുണ്ട്. why the classics .അതിൽ തോറ്റു പോയ പൊലോ പൊനേഷ്യൻ യുദ്ധത്തെപ്പറ്റി തുസിഡൈഡസ് പറയുന്നുണ്ട്. ഹെർബർട്ട് പറയുന്നു. ഇപ്പോഴത്തെ യുദ്ധത്തിലെ ജനറൽ മാരാണെങ്കിൽ വീമ്പടിയ്ക്കും. തോറ്റതിന് കീഴ് സൈനികരെ കുറ്റപ്പെടുത്തും. അസൂയക്കാരായ സഹപ്രവർത്തകരേയും എതിരെ നിന്ന കാറ്റിനേയും കുറ്റപ്പെടുത്തും. എന്നാൽ തുസി ഡൈഡസ് ഇത്രയേ പറഞ്ഞുള്ളു .” എനിയ്ക്ക് ഏഴു കപ്പലുകൾ ഉണ്ടായിരുന്നു. മഞ്ഞുകാലം ആയിരുന്നു. ഞങ്ങൾ വേഗത്തിൽ തുഴഞ്ഞു “

ഹെർബർട്ട് അവിടെ നിർത്തുന്നില്ല.

If art for its subject

will have a broken jar

a small broken soul

with a great self-pity

what will remain after us

will it be lovers’ weeping

in a small dirty hotel

when wall-paper dawns

ക്ലാസിക്കുകൾ ആ പുസ്തകങ്ങളുടെ അത്ര തന്നെ വലിപ്പത്തിൽ നമ്മൾ കാണാത്ത ഒരു പുസ്തകവും കരുതുന്നു. അവയാണ് ചീത്ത സാഹിത്യത്തെ കാണിച്ചു തന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും നല്ല സാഹിത്യവും ചീത്ത സാഹിത്യവും ഉണ്ട്. കുലീനം / നീചം എന്ന അർത്ഥത്തിൽ അല്ല. നല്ലത് ,ചീത്ത എന്ന അർത്ഥത്തിൽ തന്നെ.

സ്വന്തം കവിതകളിലെ, എഴുത്തിലെ പരിണാമങ്ങളെ, കാലയളവുകളെ എങ്ങനെയാണു കാണുന്നത്? നാലോളം ദശകങ്ങളിൽ എഴുതിയതിന്റെ അനുഭവമെന്താണ്?

പുസ്തകക്കണക്കിനാണ് നോക്കിക്കാണുന്നത്. ഓരോ പരിണാമത്തിനും ഓരോ പുസ്തകം എന്ന നിലയിൽ. കവിയെന്ന നിലയിൽ ഞാനെന്നെ കാണുന്നതും വിലയിരുത്തുന്നതും എന്റെ സമാഹാരങ്ങളിലൂടെ തന്നെ.

മൂന്നു പതിറ്റാണ്ടായി കവിതയ്ക്ക് മേൽ കെട്ടി മറിയാൻ തുടങ്ങിയിട്ട് . ഈ മൂന്നു ദശാബ്ദക്കാലത്തെ ഏറ്റവും വലിയ അറിവ് എന്നത് ഭൂതകാലത്തിൽ നമ്മൾ തന്നെ എഴുതിയ തരക്കേടില്ലാത്ത കവിത എഴുതാൻ പോകുന്ന ദുർബല കവിതയെ രക്ഷിച്ചെടുത്തോളും എന്ന മൂഢവിശ്വാസമാണ്. പുതിയ ഒരു കവിതയെഴുതുമ്പോൾ ശൂന്യതയിൽ നിന്ന് തന്നെ തുടങ്ങണം. കടലാസും പേനയും തമ്മിലുള്ള ആ ഇടപാടിൽ നിങ്ങളുടെ എഴുത്ത് പാരമ്പര്യം ഒരു വരിയെപ്പോലും രക്ഷിക്കില്ല

ഒരു ലിറ്റിൽ മാഗസിനിലാണ് ഹാഫിസ് മുഹമ്മദിന്റെ കണ്ണ് എന്ന കവിത ഞാൻ കാണുന്നത്- അതിന്റെയൊരു കൗതുകം ഇപ്പോഴും ഓർമ്മയുണ്ട്. പിഎന്നിന് അത്തരമൊരു വായനാ/എഴുത്തു അനുഭവമുണ്ടോ?

നിറയെ ഉണ്ട്. സമകാലീന കവിതയുടെ ഒരു ലക്കത്തിൽ “ഹലീമ “ എന്നൊരു കവിത വായിച്ചിട്ടുണ്ട്. ശ്രീകുമാരിയുടെ. പിന്നെ ഒറ്റക്കവിതയും ഞാൻ കണ്ടിട്ടില്ല. ബൈജു നടരാജന്റെ ആദ്യ കവിതാ സമാഹാരവും അങ്ങനെ ഞെട്ടിച്ചതാണ്

കവിതകൾ പരിഭാഷയിൽ വായിയ്ക്കേണ്ടി വരുന്നത് വിഷമിപ്പിച്ചിട്ടുണ്ടോ? പരിഭാഷയെ സാഹിത്യമായി കാണേണ്ടതുണ്ടോ?

ബംഗാളിയിലും മറാത്തി യിലും കന്നഡയിലും ഹിന്ദിയിലും ഇംഗ്ലീഷിലും പരിഭാഷകൾ കണ്ടിട്ടുണ്ട് .അതിൽ മറാത്തി പരിഭാഷയിൽ പേര് പി.എൻ. ഗോപാലകൃഷ്ണൻ എന്നായിപ്പോയത് വിഷമിപ്പിച്ചു. ബാക്കി നമുക്ക് മനസ്സിലാകില്ലല്ലോ . ഹിന്ദിയിൽ കവിത വേറെ ഒന്നായി പോയി .ഇംഗ്ലീഷ് പരിഭാഷകർ ഒക്കെ കവിത അറിയുന്നവർ ആയിരുന്നത് കൊണ്ട് സന്തോഷം തന്നു. ബാക്കി ഭാഷകൾ നമുക്ക് അറിയാത്തത് കൊണ്ട് പെരുത്ത് സന്തോഷം തന്നു

തർജ്ജമ നല്ല സൂക്ഷ്മതയും അദ്ധ്വാനവും സർഗ്ഗാത്മകതയും വേണ്ട പണിയാണ്. ഞാൻ വിവർത്തകരെ ബഹുമാനിയ്ക്കുന്നു. മാർകേസ് എന്ന് കരുതി നമ്മൾ വായിച്ചത് മുഴുവൻ ഗ്രിഗറി റബാസയെ ആണല്ലോ.

സ്വന്തം കവിതകളിൽ ആവർത്തിയ്ക്കുന്ന, ഉറച്ചുപോയ ബിംബങ്ങൾ, പാറ്റേണുകൾ ഇവ ശ്രദ്ധിയ്ക്കാറുണ്ടോ? ഇഷ്ടമുള്ള ഒന്നിനെക്കുറിച്ചു പറയാമോ?

ഒന്ന് ,കഥ പറയാനുള്ള കൊതിയാണ്. അത് ശ്രദ്ധിച്ചിട്ടുണ്ട്. ഇനിയും കഥ പറയാൻ അത് പ്രേരിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തേത് ചിലതരം അവതരണങ്ങൾ ആണ്. അവയും ശ്രദ്ധയിൽ പെടാതിരുന്നിട്ടില്ല. എത്ര മാറി നടക്കാൻ കൊതിച്ചാലും മുഖച്ഛായ പോലെ ഒന്ന് എഴുത്തിലും ഉണ്ട്. എഴുത്തു ഛായ . ചെറുപ്പത്തിലെ നമ്മുടെ ഫോട്ടോ കണ്ടാൽ നമുക്ക് മനസ്സിലാകും. മറ്റുള്ളവർക്ക് മനസ്സിലാകണം എന്നില്ല. അത്തരം സ്ഥിരമല്ലാത്ത ഒരു എഴുത്തു ഛായ എല്ലാ വർക്കും ഉണ്ടാകുമെന്ന് തോന്നുന്നു. എഴുത്തിൽ പ്ലാസ്റ്റിക് സർജറിയ്ക്ക് വലിയ സ്കോപ്പ് ഇല്ല

മറ്റുള്ളവരുടെ കവിതകളിൽ അങ്ങനെ ശ്രദ്ധേയമായ, മനസ്സിൽ തങ്ങിയ എന്തെങ്കിലും?

കെ.ജി.എസിന്റെ കവിതയിൽ കോടതി എന്ന ഭൗതിക രൂപ കത്തിലൂടെ സംസ്ക്കാരത്തിന്റെ സങ്കീർണ്ണതകൾ വന്ന് പോകുന്നതും സച്ചിദാനന്ദന്റെ കവിതയിൽ കുട്ടികൾ വന്നു പോകുന്നതും കണ്ടിട്ടുണ്ട്. പഴയ കാവ്യരൂപങ്ങളോട് പുതിയ പ്രമേയങ്ങളെ കൂട്ടിക്കെട്ടുന്ന ചുള്ളിക്കാടിന്റെ കരവിരുതും ജയശീലന്റെ കവിതയിലെ ജന്തു ചലനങ്ങളും മാങ്ങാട് രത്നാകരന്റെ കവിതയിലെ സംഭാഷണ ശകലങ്ങളും ശ്രദ്ധിച്ചിട്ടുണ്ട്. മേതിലിന്റെ ചിന്തയുടെ ദൃശ്യപരതയും പി.രാമന്റെ ഭാഷയോടുള്ള അവസാനിക്കാത്ത പ്രണയ ലേഖനങ്ങളും നോക്കി നിന്നിട്ടുണ്ട് .വി എം ഗിരിജയുടെ ഏറ്റവും നല്ല കവിതകളിലെ പുലമ്പലുകളും .ഇങ്ങനെ പറയാൻ നിന്നാൽ ഒരു പാട് പറയേണ്ടി വരും.

നമ്മുടെ രാഷ്ട്രീയ കവിതകൾ അധികപങ്കും ക്ഷിപ്രപ്രതികരണങ്ങൾ പോലെയാകുന്നത് എന്തുകൊണ്ടാണ്? ഇൻസ്റ്റന്റ് ഗ്രാറ്റിഫിക്കേഷനാണോ കവിതയിലെ രാഷ്ട്രീയം ലക്‌ഷ്യം വയ്ക്കേണ്ടത്? പാശ്ചാത്യസാഹിത്യത്തിലെ വിപ്ലവകവിതകളെ നമ്മൾ ആരാധിയ്ക്കുകയും ചെയ്യുന്നു.

പ്രതികരണം ജീവിതത്തിന്റെ സഹജതയാണ്. അത് കൊണ്ട് പ്രതികരണത്തോട് എനിയ്ക്ക് യാതൊരു വിരോധവും ഇല്ല. പ്രശ്നം അതല്ല. പ്രതികരണം എന്നത് , ആ ചരിത്ര നിമിഷത്തിന്റെ ആഴം ചോർത്തുന്നതാകരുത് . പ്രതിരോധത്തിന്റേയും മനസ്സിലാക്കലിന്റേയും ഉജ്ജ്വല നിമിഷമായി അതിനെ മാറ്റിയെഴുതുക എന്ന വലിയ ഉത്തരവാദിത്വം ആണ് അതിനുള്ളത്. വമ്പൻ പ്രളയത്തിൽ തോണിയുമായി വന്ന് നമ്മുടെ കടൽത്തീരവാസികൾ മുങ്ങിത്താണവരെ രക്ഷിക്കും പോലെ, ഒരു രക്ഷാപ്രവർത്തനം. ഒരു നിമിഷത്തെ അതിന്റെ കണ്ണിൽ നോക്കി നില്ക്കുക. സ്ഫിങ്ക്സിന്റെ ചോദ്യത്തിന് ഈഡിപ്പസ് ഉത്തരം പറഞ്ഞ പോലെ. ഈ അഭിമുഖീകരണം നടക്കാത്ത കവിതകൾ യഥാർത്ഥത്തിൽ പ്രതികരണ ശേഷിയില്ലായ്മയുടെ കവിതകൾ ആണ്. ദൗർഭാഗ്യവശാൽ നമ്മുടെ കവിതാ ചരിത്രത്തിൽ അവയാണ് പ്രതികരണ കവിതകൾ ആയി വായിക്കപ്പെടുന്നത്.

വിശാലാർത്ഥത്തിൽ ,സാഹിത്യം എന്ന സംവർഗ്ഗത്തിന്റെ വേര് തേടിയാൽ മനുഷ്യവർഗ്ഗത്തിന്റെ പ്രതികരണ ശേഷിയിൽ ആണ് എത്തിച്ചേരുക. അവിടെ പ്രതികരണം എന്നത് നമുക്ക് പരിചിതമായ ഒരു ഫോർമുല വെച്ച് കാലത്തെ അപഗ്രഥിയ്ക്കുന്ന ഒരു നൈപുണി (Skill) അല്ല. മറിച്ച് അഗാധമായ ഒരു പിടിച്ചെടുക്കൽ ആണ്. കണ്ടെത്തൽ ആണ്. ഇതില്ലാത്ത കവിതകൾ ചവറ് ആണ്. താനെന്താണ് എന്ന് നിരന്തരം തെളിയിച്ചു കൊണ്ടിരിയ്ക്കേണ്ട ഒന്നായി ജീവിതത്തേയും സാഹിത്യത്തേയും മനസ്സിലാക്കുന്ന വിഡ്ഢിത്തമാണ്.

എളുപ്പത്തിൽ എത്തിപ്പിടിയ്ക്കാവുന്നഒരു മാർക്കറ്റ് നോക്കുന്നു എന്നതിനപ്പുറം നമ്മുടെ കവികൾ ശരിയ്ക്കും ഇടതുപക്ഷ രാഷ്ട്രീയം ഉൾക്കൊണ്ടിട്ടുണ്ടോ? അഥവാ, ഇടതുപക്ഷമല്ലാത്തത് എല്ലാം അരാഷ്ട്രീയമാണോ? എന്താണ് കവിതയിൽ അതിനു ബദൽ?

ഒരു പ്രതി സംസ്കാരം (Counter culture ) നിർമ്മിക്കുന്നതാണ് ഇന്നത്തെ എഴുത്തിന്റെ രാഷ്ട്രീയം. ഇടത് ബോധത്തിന് പ്രതി സംസ്കാരം നിർമ്മിക്കുന്നതിൽ ഇന്നും പങ്കുണ്ട്. അതിന് മാത്രമല്ല പങ്കുള്ളത് എന്നും അറിയണം. അതിനാൽ ഇന്നിന്റെ രാഷ്ട്രീയ ബോധ്യം എന്നത് കലർപ്പ് ആണ്. ഇത് എത്തിപ്പിടിക്കണമെങ്കിൽ വിമർശനത്തിന്റേയും സ്വയം വിമർശനത്തിന്റേയും നിരന്തരമായ അരങ്ങായി ലോകത്തെ കാണണം. കേരളത്തിലെ സോ കോൾഡ് ഇടത് കവിതയുടെ പ്രശ്നം കാല്പനികത വിട്ട് ഒരടി മുന്നോട്ട് വയ്ക്കാൻ അതിനായില്ല എന്നാണ്. ആ കഴിവില്ലായ്മയെ പാർട്ടി മെമ്പർഷിപ്പ് കൊണ്ടോ നിരുപാധികമായ അനുഭാവം കൊണ്ടോ പകരം വെയ്ക്കാനാണ് സോ കോൾഡ് ഇടത് കവികൾ ശ്രമിച്ചത്. അതിനാൽ അവരുടെ ഉദാസീനതയിൽ കുടിയേറിയ ലോകബോധം 1930 കളുടേതാണ്.

അതേ സമയം തന്നെ, വലിയ രാഷ്ട്രീയ ധാരയുടെ ചരിത്രം മലയാള കവിതയിൽ ഉണ്ട്. ശ്രീ നാരായണ ഗുരു മുതൽ തുടങ്ങുന്നത്. ഓരോ കാലത്തും അത് പുതുതായി കൊണ്ടിരിയ്ക്കുന്നുമുണ്ട്. അബ്രാഹ്മണവും ആധുനികവുമായ ഒരു ബോധമാണ് അതിനെ നയിക്കുന്നത്. ഇത് ഇടത് ബോധം കൂടിയാണ്. “അപരനു വേണ്ടി അഹർന്നിശം പ്രയത്നം / കൃപണത വിട്ടു കൃപാലു ചെയ്തിടുന്നു “ എന്ന് പറയുമ്പോൾ കരുണ എന്ന, ആന്തരിക മൂല്യം എന്ന് നാം കരുതിയിരുന്ന, ഒരു കാര്യത്തെ ശ്രീ നാരായണ ഗുരു ഭൗതികമായി നിർവ്വചിയ്ക്കുകയാണ്. മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്ന അദ്ധ്വാനമായി അതിനെ പുനർ നിർവ്വചിക്കുകയാണ്. ഇത് മാർക്സിനെ വായിച്ചുണ്ടാക്കിയതല്ല. പക്ഷെ മാർക്സ് തെളിയിച്ച ഒരു സ്ഥലം ഇതിലും ഉണ്ട്. അതിനാൽ അനുഭവത്തെ കാണാൻ ഒരു ഇടതുബോധം പ്രവർത്തിയ്ക്കുന്നില്ലെങ്കിൽ, ആ ഇടതുബോധം യാന്ത്രികമാണ് .മലയാളത്തിലെ വലിയ കവിതകളിലൊക്കെ അനുഭവത്തെ അതിന്റെ ഉപരിതലത്തിൽ വച്ചല്ല വിലയിരുത്തുന്നത്.

വൈകാരികത ഇഷ്ടമാണോ?

എന്ത് സംശയം? പക്ഷെ, വൈകാരികത ഇങ്ങനെയേ പ്രകാശിയ്ക്കു എന്ന മട്ടിൽ ഉറച്ചു പോയ ഭാഷാ നിർമ്മിതികളെ ഇഷ്ടമില്ല. ഇന്നത്തെ വൈകാരികതയ്ക്ക് ഇന്നലത്തെ ഉടുപ്പ് അണിയിക്കുന്നത് ഒട്ടും ഇഷ്ടമല്ല.

ലാറ്റിൻ അമേരിക്കൻ ഫിക്ഷൻ നമ്മുടെ ഫിക്ഷനെ സ്വാധീനിച്ചപോലെ അവിടങ്ങളിലെ കവിത നമ്മുടേതിനെ സ്വാധീനിച്ചിട്ടുണ്ടോ? നെരൂദ, ലോർക, അല്ലെങ്കിൽ പാർറ തുടങ്ങിയവർ? നമ്മുടെ കവിതകൾ പൂർണ്ണമായും, ആശയത്തിലും, രാഷ്ട്രീയത്തിലും, മലയാളകവിതകൾ തന്നെയല്ലേ?

എഴുപതുകൾ മുതൽ ഇപ്പറഞ്ഞവർ സ്വാധീനിച്ചിട്ടുണ്ട്. ഒരു പക്ഷേ, സിലബസ്സിന് പുറത്ത് വെച്ച്, മലയാളി ലോക കവിതയെ അഭിമുഖീകരിയ്ക്കാൻ ശ്രമിച്ചത് അപ്പോഴാണ് എന്ന് പറയാം. ചങ്ങമ്പുഴ ബോദ് ലെയറിനെ അഭിമുഖീകരിയ്ക്കാൻ ശ്രമിച്ചതാണ് ഒരു അപവാദം. രണ്ടു ചരിത്രങ്ങൾ ഉള്ള മനുഷ്യർ ഒരു സാമാന്യ സ്ഥലം നിർമ്മിച്ച് നടത്തുന്ന കൊടുക്കൽ, വാങ്ങലുകൾക്കു ശേഷം, പരസ്പര അഭിമുഖീകരണങ്ങൾക്ക് ശേഷം, താൻ എത്ര പുത്തനായി എന്ന് തിരിച്ചറിയുന്നതാണ് ഗുണപരമായ അർത്ഥത്തിൽ സ്വാധീനം. അത് ഒരു തരത്തിൽ നടന്നിട്ടുണ്ട്.

ഇംഗ്ലീഷിലേയ്ക്കും മറ്റുമുള്ള പരിഭാഷയിലേയ്ക്കെത്തുമ്പോൾ മേല്പറഞ്ഞത് പരാധീനതയാകുന്നുണ്ടോ? അതോ പരിഭാഷകളുടെ പ്രശ്നമാണോ അത്?

സ്പാനിഷ് അറിയാത്തതിനാൽ വ്യക്തമായ മറുപടി പറയാൻ പറ്റില്ല. ഇംഗ്ലീഷിൽ ആ കവിതകൾ ഉണ്ടാക്കിയ പുതുസ്ഥലങ്ങൾ വച്ചേ പറയാൻ പറ്റൂ. നമ്മൾ സ്പാനിഷ് കവിത എന്ന് ഉറപ്പിച്ചു പറയുന്നത് തന്നെ ഇംഗ്ലീഷിൽ വന്ന സ്പാനിഷ് കവിതയെ ആണല്ലോ

ആറ്റൂരോ, അക്കിത്തമോ? എന്തുകൊണ്ടെന്ന് ചുരുക്കിപ്പറയാമോ?

ഒരു കവി എന്ന നിലയിൽ രണ്ടും അല്ല. കവിതാ പഠിതാവ് എന്ന നിലയിൽ രണ്ടും ആണ്. ആധുനിക ലോകത്തിന് അല്പം മുമ്പ് തുടങ്ങുകയും ആധുനികതയിലേയ്ക്ക് ഓടിയെത്തുകയും ചെയ്തവർ ആണ് ഇരുവരും. എന്റെ എഴുത്ത് അതിന് ശേഷമാണ്

ലോർക്കയോ, നെരൂദയോ?

നെരൂദ . പ്രത്യേകിച്ചും കാന്റോ ജനറലിനും അതിന് ശേഷവും . ലോർക്ക സ്പെയിൻകാരൻ . ആൻഡലൂഷ്യൻ. നെരൂദ ചിലിയൻ . “ഉച്ചതിരിഞ്ഞ് അഞ്ചു മണിയ്ക്ക് “ തുടങ്ങിയവയിൽ ലോർക മുഴങ്ങുന്നുണ്ടെങ്കിലും , അങ്ങേരുടെ നാടകങ്ങളാണ്, കവിതയല്ല എനിക്കിഷ്ടം. കാല്പനികത വിടാൻ പറ്റിയില്ല, നെരൂദയ്ക്ക്. പക്ഷെ ,ദേശത്തിന്റെ ആഴങ്ങൾ കാണാൻ അദ്ദേഹം അതിനെ പരുവപ്പെടുത്തി. സംസ്കാരത്തിലും ഖനന സാദ്ധ്യതയുണ്ടെന്ന് ബോധ്യപ്പെടുത്തി. യെർമയും ബ്ലഡ് വെഡ്ഡിങ്ങും പോലുള്ള നാടകങ്ങൾ ലോർകയ്ക്ക് മാത്രം ചെയ്യാൻ കഴിയുന്നത്. അതേ സമയം കവിതയിൽ അമിട്ട് വിരിയിയ്ക്കും മുമ്പ് ഫ്രാങ്കോ യുടെ ഫാസിസം അയാളെ കൊന്നു

ബൊലാഞ്ഞോയോ, സെബാൾഡോ?

ബൊലാഞ്ഞോ. ക്ഷമിക്കണം, സെബാൾഡ് അധികം വായിക്കാത്തത് കൊണ്ട് മാത്രം. വായിച്ച് കഴിഞ്ഞാൽ മാറ്റിപ്പറയാൻ തോന്നിയാൽ, അത് അനുവദിയ്ക്കണം എന്ന മുൻകൂർ ജാമ്യത്തോടെ.

ബൊലാഞ്ഞോ, കവിതയെ ഒരു കാലത്തും കൈവിട്ടിരുന്നില്ല. പാർറ അദ്ദേഹത്തിനൊപ്പം എന്റേയും ഇഷ്ട കവി. പാർറയെക്കുറിച്ച് അദ്ദേഹം എഴുതിയ മൂന്ന് കുറിപ്പുകൾ എനിയ്ക്ക് വേണ്ടി മാത്രം എഴുതിയ പോലെ തോന്നിയപ്പോൾ ഇഷ്ടം കൂടി

വിജയലക്ഷ്മിയോ അനിതയോ?

ആദ്യകാല വിജയ ലക്ഷ്മി ,ഇപ്പോഴത്തെ അനിത

എന്താണ് ഗലീനോയോടുള്ള ഇഷ്ടം?

ഗലിയാനോ (ശരിയായ ഉച്ചാരണം പിടിയില്ല ) ലോകത്തെ കഥകളാക്കി. ഭൂമി ശാസ്ത്രത്തിന് സമാന്തരമായി ഒരു കഥാ ശാസ്ത്രം ഉണ്ടെന്ന് കണ്ടു പിടിച്ചു. ചരിത്രത്തിന് സമാന്തരമായി സർഗ്ഗാത്മകതയുണ്ടെന്നും. അത് ഗംഭീരമായിരുന്നു. ഭൗതിക ശാസ്ത്രജ്ഞർ വസ്തുക്കൾ ആറ്റങ്ങൾ കൊണ്ട് ഉണ്ടാക്കിയതാണെന്ന് പറയും പോലെ, ജീവ ശാസ്ത്രജ്ഞർ ജീവൻ കോശങ്ങൾ കൊണ്ട് കെട്ടിപ്പടുത്തതാണെന്ന് കണ്ടെത്തിയ പോലെ, ഗലിയാനോ, പ്രപഞ്ചം കഥകളുടെ ഇഷ്ടികകൾ കൊണ്ട് കെട്ടിപ്പടുത്തതാണെന്ന് കണ്ടു പിടിച്ചു. അതിനാൽ അയാൾക്ക് ഒന്നും അന്യമായില്ല. ഫുട്ബോളും വിപ്ലവ ശ്രമങ്ങളും ലാറ്റിൻ അമേരിക്കൻ ചരിത്രവും എല്ലാം ആ കഥകൾക്ക് പ്രാപ്യമായി. കഥ എന്ന് പ്രത്യക്ഷത്തിൽ വിളിക്കാതെ തന്നെ കഥയായിരിക്കുമ്പോഴും അവ കവിതകൾ ആയിരുന്നു. അല്ലെങ്കിൽ നേരെ തിരിച്ച്.

എന്താണ് ക്രിക്കറ്റിനോട്, ഫുട്‍ബോളിനോട് ഒക്കെയുള്ളത്? “അന്തോണി ടെറീക്കൻ” എങ്ങനെയാണ് രൂപപ്പെട്ടത്? “സാബിറാ സാബിറാ” എന്ന് സിക്സറടിയ്ക്കുന്ന ആൾ എങ്ങനെ വന്നു?

കളിച്ചു പഠിച്ചത് കൊണ്ട്. കളി മൈതാനങ്ങൾക്ക്, മാർക്കറ്റ് എക്കണോമിയ്ക്കപ്പുറം , കടലുകളും പുഴകളും പോലെ ഒരു അസ്തിത്വം ഉള്ളത് കൊണ്ട്. വിജയം മാത്രം നേടാനല്ല പന്തുകളും ബാറ്റുകളും എന്ന് വിശ്വസിക്കുന്നത് കൊണ്ട്. ഗിറ്റാർ പോലെ വിഷാദഗാനമാലപിയ്ക്കുന്ന ഒരു ബാറ്റിന്റെ പിന്നാലെ പോയപ്പോൾ സാബിറാ ,സാബിറാ എന്ന കരച്ചിൽ കിട്ടി. മനുഷ്യപ്രവൃത്തി ഏറ്റവുമധികം ഉൾച്ചേരുന്ന ഒന്നാണ് കളികൾ . ആ ചുഴികളിലേയ്ക്ക് കണ്ണു തുറന്നാൽ എന്തും കിട്ടും. ഏകാന്തത മുതൽ ലോകാന്തത വരെ.

“open-air kingdom of human loyalty” എന്ന് ഗ്രാംഷി ഫുടബോളിനെപ്പറ്റി പറഞ്ഞിട്ടുണ്ട്, ക്രിക്കറ്റിനെപ്പറ്റി പി എൻ എന്ത് പറയും? (കുസൃതിയായും എടുക്കാം)

ക്രിക്കറ്റിനെ പറ്റി ഞാൻ പറയാൻ വെച്ചത് സി എൽ ആർ ജയിംസ് പുസ്തകത്തിന് പേരായിട്ട് ഇട്ടു പോയി. “ബിയോണ്ട് ദി ബൗണ്ടറി “

പിഎന്നിന്റെ കവിത എന്ന് പറയുമ്പോൾ ആദ്യം ഓർമ്മവരുന്ന വരികളാണ് “ഒരു നര പെട്ടെന്നു കറുത്തു” എന്നത്. എന്താണ് “ബനലതാസെൻ” രൂപപ്പെട്ടുവന്ന വഴി? ജീബനാനന്ദ ദാസ് ഏറെ സ്വാധീനിച്ചിട്ടുണ്ടോ?

ജീബനാനന്ദദാസിനെ വായിച്ചിരുന്നു. സ്വാഭാവികമായി ബനലതാ സെന്നും. ജീബനാനന്ദദാസ് ആകർഷിച്ചത് നിറഞ്ഞു നിന്ന ടാഗോറിൽ നിന്നും, വ്യത്യസ്തമായ വഴി എടുത്ത് കണ്ടപ്പോഴാണ്. എന്നാൽ എന്റെ കവിതയിൽ ജീബനാനന്ദനേയോ ബനലതയേയോ കൂട്ടിക്കൊണ്ടുവരാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല. പുരുഷന്റെ ഇരട്ട ജ്വാലയായ സ്ത്രീത്വത്തെ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ആ കവിത. വ്യക്തിഗതവും സാമൂഹികവുമായ സ്വന്തം കാലം ഒരു പാട് വീണ് കിടക്കുന്ന കവിത. സ്വന്തം നാടും വീടിനുമപ്പുറം അക്കാലത്ത് ഓടിയ ബസ്സുകൾ, വായിച്ച പുസ്തകങ്ങൾ തുടങ്ങിയ ഇൻസ്റ്റലേഷനുകളിൽ കൂടി നീങ്ങുന്ന കവിതയായിരുന്നു മനസ്സിൽ. അത് പക്ഷേ, അവസാനമെത്തി നിന്നു. ഏതോ ഒരു ട്രാഫിക് ലൈറ്റ് അതിനു മുന്നിൽ ചുവന്ന് തന്നെ കത്തി. അങ്ങനെ സംഭവിച്ചാൽ, കവിത വലിച്ചു കീറി കളയുക, അതേ ഉള്ളു വഴി. ഏതാണ്ട് അതിനടുത്തെത്തിയപ്പോഴാണ് ജീബനാനന്ദനും ബനലതയും ഒപ്പം വന്ന് ആ ട്രാഫിക് സിഗ്നലിനെ പച്ചയാക്കിയത്.

വൃത്തത്തെ തള്ളാനെന്താണ്? ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിയ്ക്കുന്നതിൽ മോശം തോന്നാറുണ്ടോ?

ആദ്യ പുസ്തകത്തിൽ വൃത്തം കാണാം. ഈയിടെ വീണ്ടുകിട്ടിയ പതിനഞ്ചു വയസിൽ കുറിച്ച കവിതാ പുസ്തകത്തിൽ നിറയെ വൃത്തം. പിന്നെ അടച്ചു വെയ്ക്കുന്ന ഒരു പാത്രമാണ് വൃത്തം എന്ന് മനസിലായി. സംവൃതോകാരം. എനിയ്ക്ക് തുറന്ന രൂപങ്ങൾ വേണമായിരുന്നു. അച്ചടി കണ്ടു പിടിച്ചതിൽ പിന്നെ കവിത ചതുരം ആയി. വാരികയുടെ പേജിൽ, പുസ്തകത്തിന്റെ പേജിൽ, കവിതയുടെ രൂപം ചതുരമാണ്. അടച്ചു വെച്ചവ പുറത്ത് വാരിയിടുന്ന കവിതയ്ക്ക് വൃത്തം ചേരില്ല.

മലയാളത്തിൽ ഉറച്ചിരിയ്ക്കുന്ന ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കുന്നതിൽ ശരിയേ ഉള്ളു.

ആശാൻ വള്ളത്തോൾ തുടങ്ങിയ ക്‌ളാസ്സിക് കവികൾക്ക് നമ്മുടെ ഭാഷയുടെ പരിണാമത്തിന്റെ ഒരു പ്രത്യേക സ്റ്റേജിൽ എഴുതി എന്നതിനേക്കാളും പ്രാധാന്യമുണ്ടോ? റിൽകെ ട്രാൻസ്ട്രോമെർ ജനുസ്സിലുള്ള കവികളാണോ ഇവർ?

ഒരു കവിയും മറ്റ് കവിയുടെ ജനുസ്സിൽ ഉള്ളതല്ല. പക്ഷെ, ആശാനെ വായിക്കുമ്പോൾ, റിൽക്കെയെ വായിക്കുമ്പോഴും, ഉണ്ടാകുന്ന ഉള്ളാന്തലിന് സാമ്യം തോന്നിയിട്ടുണ്ട്. റിൽക്കെയുടെ പുലി ഓരോ തവണയും കണ്ണുകൾ തുറന്നടയ്ക്കുമ്പോൾ യാഥാർത്ഥ്യത്തിന്റെ ഒരു കഷണം മുറിച്ചെടുത്ത് കണ്ണിനുള്ളിൽ ആക്കുന്നു. ആശാന്റെ സിംഹവും ഏതാണ്ട് അതേ പണി ചെയ്യുന്നുണ്ട്. “നിത്യ ഭാസുര നഭശ്ചരങ്ങളേ”, എന്നൊരു വരിയുണ്ട് ആശാന്റെ. അത് വെറും ആകാശ ഗോളങ്ങൾ അല്ല. കുനിഞ്ഞ് നടന്നിരുന്ന മനുഷ്യർ തലയുയർത്തുമ്പോൾ ആദ്യം കാണുന്ന ആകാശമാണ്.

“ദാസിന്റെ അമ്മ”യെക്കുറിച്ചു പറയാമോ, വലിയൊരു കൂട്ടം പുത്തൻ തലമുറക്കാർക്കും അറിയാത്ത ആളായിരിയ്ക്കാം ദാസ്. സത്യത്തിൽ പി എൻ ജീവിച്ചുപോന്ന കാലയളവ് എന്തുമാത്രം കുഴഞ്ഞുമറിഞ്ഞതായിരുന്നു എന്ന് ഇടയ്ക്ക് ഓർക്കാറുണ്ടോ? അതെല്ലാം കവിതയിൽ ഉണ്ടുതാനും.

ദാസ് എന്റെ അയൽ നാട്ടുകാരൻ ആയിരുന്നു. ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലത്ത് സുബ്രഹ്മണ്യദാസ് “കേരളീയർ ഒരു തോറ്റ ജനതയാണ് “ എന്ന് എഴുതി വെച്ച് തീവണ്ടിയ്ക്ക് തല വെച്ചു. ദാസിനെ ആ വാചകത്തിലൂടെയാണ് ഞാൻ കണ്ടുതുടങ്ങിയത്. ഒരു ഗ്രാഫിന്റെ രേഖയെ പുറകോട്ട് വായിക്കും പോലെയാണ് ദാസിനെ വായിച്ചതും. കേരളത്തിന്റെ വിപ്ലവ സ്വപ്ന ചരിത്രത്തെ അതിന്റെ സ്വകാര്യതയിൽ വെച്ച് കാണും പോലെ. ആ ഇരുപത് വയസ്സുകാരൻ സി.എസ് .വെങ്കിടേശ്വരനും ബ്രഹ്മപുത്രനും എഴുതിയ കത്തുകളുടെ കൈപ്പടയിലൂടെ ഞാൻ കടന്നു പോയി. പൂക്കൾ നല്ലപോലെ വിരിഞ്ഞ ഒരു ഓണക്കാലത്ത് സ്വാഭാവികമായി ഞാൻ ആ അമ്മയിലെത്തി. അവർ ധീരയായിരുന്നു. ഒറ്റ മകൻ മരിച്ചു പോയ ഏത് സ്ത്രീയെക്കാളും. അമ്മ എന്ന കാല്പനിക സ്വത്വമല്ലാതെ അവർ അവരെ കാണിച്ചു തന്നു. ചരിത്രത്തിന്റെ മറുവശം . പിന്നെ ഇടയ്ക്കിടയ്ക്ക് അവരെ കണ്ടു. മരണം വരെ.

ഒന്നിന്റെ പെരുക്കപ്പട്ടികയല്ല ലോകം. ബൈനറി സംഖ്യകളുടേതുമല്ല. സങ്കീർണ്ണതയുടെ വ്യത്യസ്തമായ ആലാപനം ആണത്. അതിനെ മനസ്സിലാക്കാനാണ് ദാസിന്റെ അമ്മ എഴുതിയത്. ആ കവിത അവർ വായിച്ചിരുന്നു. അവർ വായിക്കരുത് എന്ന് ഞാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും.

“പായൽ” എന്ന കവിതയെക്കുറിച്ചു പറയാമോ?

പരിസ്ഥിതി എന്ന് കേൾക്കുമ്പോഴേ വൻമരങ്ങൾ തലയുയർത്തുന്ന, കണ്ടീഷൻ ചെയ്യപ്പെട്ട മനസ്സുകൾ ആണ് നമ്മുടേത്. മനുഷ്യരേക്കാൾ പതിന്മടങ്ങ് ഉറുമ്പുകളും ചെറുസസ്യങ്ങളും നിറഞ്ഞ ലോകമാണ് നമ്മുടേത് എന്ന് ഒരിക്കലും നാം ഓർക്കാറില്ല. അതിജീവനത്തിന്റെ പാo ങ്ങൾ പഠിക്കാറില്ല. കൃഷി നമുക്ക് മുമ്പേ ഉറുമ്പുകൾ കണ്ടു പിടിച്ചു എന്ന് സമ്മതിക്കാറില്ല. അതിനാൾ അവയോടൊക്കെ ഒരു കുറ്റസമ്മതം നമുക്കുണ്ട്. ആ കുറ്റസമ്മതം ആണ് “പായൽ”. അത് ചുവരുകളിൽ പടർന്നു. മച്ചിൽ കയറി. കാലുകളില്ലാതെ നടന്നു. ചിറകുകൾ ഇല്ലാതെ പറന്നു. ടെക്നോളജിക്കൽ ആയി മാത്രം മനുഷ്യർക്ക് പ്രാപ്യമായത് ജൈവികമായി സാധിച്ചു.

ഫെയ്‌സ്ബുക്ക്, ബ്ലോഗ് എന്നിവ പിഎന്നിന്റെ എഴുത്തിനെ ഏതെങ്കിലും വിധത്തിൽ സ്വാധീനിച്ചിട്ടുണ്ടോ?

അടിസ്ഥാനപരമായി പ്രിന്റ് മീഡിയയുടെ തടവുകാരനാണ് ഞാൻ. എന്നാൽ ഇടയ്ക്ക് വെച്ച് സൈബർ മീഡിയയിലേയ്ക്ക് എടുത്തെറിയപ്പെട്ടു. ഇപ്പോൾ ആ വേഗം, ആ ക്ഷി പ്രത, കുറേശ്ശെ എനിയ്ക്കും അറിയാം. അതിന്റെ കാലഗണനയും.

സിനിമ പോലെ, ചിത്രം പോലെ അതിന്റെ മീഡിയത്തിൽ നിന്ന് അഴിച്ചെടുക്കാൻ പറ്റാത്ത ഒന്നല്ല കവിത. പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട വചന കവിതയ്ക്ക് സൈബർ മീഡിയയിലും വരാൻ പോകുന്ന മീഡിയകളിലും ഒരു ജന്മം ബാക്കിയുണ്ട്. അത് സംഭവിച്ചു. അതിനാൽ അതിനെ കണ്ടു എന്ന മട്ടിലെങ്കിലും ഞാൻ സൈബർ മീഡിയയെ അറിയുന്നുണ്ട് എന്നാണ് തോന്നുന്നത്.

ഒരവസരം കിട്ടിയാൽ പി എൻ ഏതു തലമുറയ്‌ക്കൊപ്പം കവിതയെഴുതാനാണ് ഇഷ്ടപ്പെടുക?

ഇപ്പോൾ സജീവമായ തലമുറകൾക്കൊപ്പം. കഴിഞ്ഞു പോയ തലമുറയുടെ എഴുത്ത് എന്നിൽ നിന്നും ദൂരെ. വരാൻ പോകുന്നത് എന്തെന്നറിയില്ല. അതിനാൽ എഴുത്തിന്റെ സന്തോഷവും അനിശ്ചിതത്വവും ഇക്കാലവുമായി എന്നെ കൂട്ടിക്കെട്ടിയിരിയ്ക്കുന്നു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT