വിവാദങ്ങള്‍ക്കൊടുവില്‍ 2019 ലെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപനമുണ്ടായി. വി.ജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് അംഗീകാരം. പുരസ്‌കാര നിര്‍ണയ സമിതി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് പ്രൊഫ.എം.കെ സാനു രാജിവെച്ചതോടെ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരനാണ് പ്രഖ്യാപനം നടത്തിയത്. ഡോ. എകെ നമ്പ്യാര്‍, അനില്‍കുമാര്‍ വള്ളത്തോള്‍, ഡോ. കെ.വി മോഹന്‍കുമാര്‍ എന്നിവരായിരുന്നു നിര്‍ണയ സമിതി അംഗങ്ങള്‍. നിരീശ്വരന് പുറമെ ഏഴാച്ചേരി രാമചന്ദ്രന്റെ ഇലത്തുമ്പിലെ വജ്രദാഹം, ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥ, തിളച്ച മണ്ണില്‍ കാല്‍നടയായി എന്നിവയാണ് അവസാന ഘട്ടത്തിലെത്തിയത്. എംകെ സാനുവിന്റെ നേതൃത്വത്തിലുള്ള പുരസ്‌കാരസമിതി നിരീശ്വരന്‍ എന്ന നോവല്‍ തെരഞ്ഞെടുത്തെങ്കിലും ഇടത് ബന്ധമുള്ള കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ ആത്മകഥയ്ക്ക് അവാര്‍ഡ് നല്‍കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായി. ഇതിനെതിരെ പൊട്ടിത്തെറിച്ചായിരുന്നു എംകെ സാനുവിന്റെ രാജി. സര്‍ഗ്ഗാത്മക-സാഹിതീയമൂല്യങ്ങളില്ലാത്ത രചനയ്ക്ക് അവാര്‍ഡ് നല്‍കരുതെന്ന് വയലാര്‍ രാമവര്‍മ ട്രസ്റ്റിനോട് തുറന്നടിച്ചാണ് എം കെ സാനു പുരസ്‌കാര നിര്‍ണയ സമിതി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. ഒടുവില്‍ നിരീശ്വരന് തന്നെ പുരസ്‌കാരം ലഭിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ ദ ക്യുവിനോട് മനസ്സുതുറക്കുകയാണ് പ്രൊഫ. എം. കെ സാനു.
വി.ജെ ജെയിംസിന്റെ നിരീശ്വരന് പകരം മറ്റൊരു പുസ്തകത്തിന് വയലാര്‍ അവാര്‍ഡ് നല്‍കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് താങ്കള്‍ പുരസ്‌കാര സമിതി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഒടുവില്‍ അതേ നോവലിന് തന്നെ പുരസ്‌കാരം ലഭിച്ചിരിക്കുന്നു ?
വി.ജെ ജെയിംസിന്റെ നിരീശ്വരന്‍ എന്ന നോവലിന് തന്നെ വയലാര്‍ പുരസ്‌കാരം നല്‍കിയതില്‍ ഏറെ സന്തോഷമുണ്ട്. ജഡ്ജിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തുനിന്നുള്ള എന്റെ രാജി അതില്‍ സ്വാധീനം ചെലുത്തിയെന്നാണ് ഞാന്‍ കാണുന്നത്. എന്റെ രാജിയോടെ, ബാഹ്യ ഇടപെടലിലൂടെ മറ്റൊരു പുസ്തകത്തിന് പുരസ്‌കാരം നല്‍കാന്‍ ശ്രമിച്ചവരുടെ വാദങ്ങള്‍ ദുര്‍ബലമായി. നല്ലതല്ലാത്ത കാര്യത്തില്‍ പിടിച്ചതുകൊണ്ടാണ് അവര്‍ക്ക് അങ്ങനെയൊരു കുഴപ്പം നേരിടേണ്ടി വന്നത്. എന്തായാലും മൂല്യാധിഷ്ഠിതമായ ആ കൃതിക്ക് തന്നെ അംഗീകാരം ലഭിച്ചിരിക്കുന്നു. എന്റ രാജി ഫലം കണ്ടു. നിരീശ്വരനുള്ള അംഗീകാരം കേരളീയര്‍ക്ക് അഭിമാനിക്കാവുന്നതാണ്. വി.ജെ ജെയിംസിനെ ഞാന്‍ അഭിനന്ദിക്കുന്നു.
എന്റെ രാജി അതില്‍ സ്വാധീനം ചെലുത്തിയെന്നാണ് ഞാന്‍ കാണുന്നത്. എന്റെ രാജിയോടെ, ബാഹ്യ ഇടപെടലിലൂടെ മറ്റൊരു പുസ്തകത്തിന് പുരസ്‌കാരം നല്‍കാന്‍ ശ്രമിച്ചവരുടെ വാദങ്ങള്‍ ദുര്‍ബലമായി. നല്ലതല്ലാത്ത കാര്യത്തില്‍ പിടിച്ചതുകൊണ്ടാണ് അവര്‍ക്ക് അങ്ങനെയൊരു കുഴപ്പം നേരിടേണ്ടി വന്നത്.പ്രൊഫ.എം കെ സാനു
എന്തായിരുന്നു താങ്കളുടെ രാജിയിലേക്ക് നയിച്ചത്. രാജിയല്ലാതെ മാര്‍ഗമില്ലെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പുരോഗമിച്ചത് എങ്ങിനെയാണ് ?
പൂര്‍ണമായും സര്‍ഗ്ഗാത്മകമായ രചനയ്‌ക്കേ അവാര്‍ഡ് നല്‍കാവൂ എന്നാണ് എന്നാണ് ജഡ്ജിംഗ് കമ്മിറ്റിയില്‍ താന്‍ നിലപാടെടുത്തത്. അതിന് വിരുദ്ധമായി സാഹ്യത്യമൂല്യമില്ലാത്ത ഒരു കൃതി തെരഞ്ഞെടുക്കുന്ന സ്ഥിതിവിശേഷം വന്നു. ശുപാര്‍ശകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയുമാണ് കാര്യങ്ങള്‍ പുരോഗമിച്ചത്. ബാഹ്യസമ്മര്‍ദ്ദങ്ങളെ തുടര്‍ന്നായിരുന്നു ഇത്. അങ്ങനെയങ്കില്‍ പിന്നെ രാജിവെച്ച് പോകുന്നതാണ് നല്ലതെന്ന് തോന്നി.
ആ പുസ്തകത്തിന് തന്നെ പുരസ്‌കാരം നല്‍കണമെന്ന് ശാഠ്യം പിടിച്ചു. അതൊരു അലിഖിത നിയമം പോലെ വന്നു. പ്രസിഡന്റ് ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്ന നിലയുമായിരുന്നു. അതോടെ പിന്നെ രാജിവെയ്ക്കാതെ നിവൃത്തിയില്ലാതായി.
ഏത് തരത്തിലുള്ള ബാഹ്യസമ്മര്‍ദ്ദമാണ് പുരസ്‌കാര നിര്‍ണ്ണയ സമിതിക്ക് മേലുണ്ടായത് ? ആരാണ് സമ്മര്‍ദ്ദം ചെലുത്തിയത് ?
ആരാണ് ബാഹ്യസമ്മര്‍ദ്ദം പ്രയോഗിച്ചതെന്ന് ചോദിക്കരുത്. ഏത് കൃതിക്കാണ് പുരസ്‌കാരം നല്‍കേണ്ടതെന്ന് ജഡ്ജിംഗ് കമ്മിറ്റി പുറത്തുനിന്ന് അഭിപ്രായം തേടുന്ന രീതിയുണ്ട്. ആദ്യം നിരീശ്വരന് അനുകൂലമായാണ് ഭൂരിപക്ഷം അഭിപ്രായങ്ങള്‍ വന്നത്. എന്നാല്‍ ബാഹ്യസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇത് അട്ടിമറിക്കപ്പെട്ടു. വീണ്ടും അഭിപ്രായം തേടിയ ഇരുപത് പേരില്‍ നിന്ന് മറ്റൊരു പുസ്തകത്തിന് അനുകൂലമായി പോയിന്റുകള്‍ സ്വരുക്കൂട്ടി. സര്‍വകലാശാലകളിലും കോളജുകളിലും ഒക്കയുള്ളവരില്‍ നിന്നാണ് ഇത്തരത്തില്‍ പോയിന്റുകള്‍ വങ്ങിയെടുത്തത്. അങ്ങനെ ആ പുസ്തകത്തിന് തന്നെ പുരസ്‌കാരം നല്‍കണമെന്ന് ശാഠ്യം പിടിച്ചു. അതൊരു അലിഖിത നിയമം പോലെ വന്നു. പ്രസിഡന്റ് ഇക്കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ പാടില്ലെന്ന നിലയുമായിരുന്നു. അതോടെ പിന്നെ രാജിവെയ്ക്കാതെ നിവൃത്തിയില്ലാതായി.
ജഡ്ജിംഗ് പാനലിലെ മറ്റുള്ളവര്‍ എന്തുകൊണ്ടാണ് താങ്കളുടെ അഭിപ്രായത്തെ അനുകൂലിക്കാതിരുന്നത് ? അവര്‍ സ്വീകരിച്ച നിലപാടെന്തായിരുന്നു ?
മറ്റംഗങ്ങള്‍ ട്രസ്റ്റിന്റെ തീരുമാനമങ്ങ് കേട്ടിരിക്കും. സാധാരണ ഗതിയില്‍ ഞാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നയാളാണ്. പക്ഷേ ഞങ്ങള്‍ തെരഞ്ഞെടുത്തതിന് പകരം മറ്റൊരു കൃതിക്ക് പുരസ്‌കാരം നല്‍കാന്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായി. അതിനായി അഭിപ്രായ രൂപീകരണമുണ്ടാക്കാന്‍ ഗൂഢമായ ആസൂത്രണം നടന്നു. ഞാന്‍ തുടര്‍ന്നിരുന്നെങ്കില്‍ ആ പുസ്തകത്തിന് അവാര്‍ഡ് നല്‍കാന്‍ നിര്‍ബന്ധിതനാകുന്ന സ്ഥിതിയായിരുന്നു. പക്ഷേ വേറൊരുകാര്യമുണ്ടായി. ബാഹ്യസമ്മര്‍ദ്ദത്തിന് വിധേയരായി, ആരോപണ വിധേയമായ പുസ്‌കകത്തിന് അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയ പലരും എന്നെ വിളിച്ചിരുന്നു. കടുത്ത സമ്മര്‍ദ്ദം മൂലം നിവൃത്തിയില്ലാതെ ചെയ്തുപോയതാണെന്നാണ് അവര്‍ പറഞ്ഞത്.
ഒരു പുതിയ ദര്‍ശനവും ഉള്‍ക്കാഴ്ചയും സമ്മാനിക്കുന്നതാണ് ആ നോവല്‍. മഹത്വമുള്ള ഒരു രചനയ്ക്ക് പുരസ്‌കാരം കിട്ടിയത് എന്തുകൊണ്ടും നല്ല കാര്യമാണ്.പ്രൊഫ.എം കെ സാനു
നിരീശ്വരന്‍ എന്ന കൃതിയെ അംഗീകാരത്തിന് അര്‍ഹമാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്. താങ്കളുടെ വിലയിരുത്തലില്‍ എത്തരത്തില്‍ മൂല്യവത്തായ രചനയാണ് വിജെ ജെയിംസിന്റേത് ?
കെ ആര്‍ മീരയുടെ ആരാച്ചാരിന് ശേഷം മലയാളത്തിലുണ്ടായ മറ്റൊരു ശ്രദ്ധാര്‍ഹമായ രചനയാണ്. നിരീശ്വരന്‍. നമ്മുടെ കാലഘട്ടത്തിന്റെ തിന്‍മകളും വൈരുദ്ധ്യങ്ങളും ആ രചനയില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. വെറുതെ വിവരിക്കുകയല്ല. അത് പരോക്ഷമായി മികച്ച ഭാഷയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ ഭാഷ പോലും സര്‍ഗാത്മകമാണെന്ന് പറയാതെ വയ്യ. ഒരു പുതിയ ദര്‍ശനവും ഉള്‍ക്കാഴ്ചയും സമ്മാനിക്കുന്നതാണ് ആ നോവല്‍. മഹത്വമുള്ള ഒരു രചനയ്ക്ക് പുരസ്‌കാരം കിട്ടിയത് എന്തുകൊണ്ടും നല്ല കാര്യമാണ്. അതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാം.