ഒരിക്കല്‍ അധ്യാപികയായി ഒരു നായര്‍ യുവതിയെ നിയമിച്ച് ചിന്നമ്മ ഉത്തരവിട്ടു. അന്നു വൈകുന്നേരം അവരുടെ ഭവനത്തില്‍ പോയി അച്ഛനമ്മമാരോടും ഒന്നു പറയണം എന്നു കരുതി. എന്തെന്നാല്‍ വീട്ടുകാരുടെ അയിത്ത മനസ്ഥിതി അവര്‍ക്ക് അറിയാമായിരുന്നതുകൊണ്ട്.
അധ്യാപികയാകാന്‍ പോകുന്ന യുവതിയുടെ അമ്മ വെളിയില്‍ വന്നു. ചിന്നമ്മ അവരോടു പറഞ്ഞു നാളെമുതല്‍ മകളെ ഉദ്യോഗത്തിനയക്കണം. ഇതു കേട്ടിട്ട് നിര്‍ന്നിമേഷയായി നോക്കിനിന്ന ആ സ്ത്രീ ഉടനെ അകത്തേക്കു പോയി. അല്പം കഴിഞ്ഞ് ഒരു നെടിയ ഉലക്കയുമായി തിരിയെ വന്നു ഈ ഉലക്കയുള്ള കാലം എന്റെ മകള്‍ക്ക് ഉദ്യോഗം വേണ്ട. ഞങ്ങള്‍ നെല്ലുകുത്തി പിഴയ്ക്കും. ഇങ്ങനെ ശകാരവും പരിഭവവും വിഷാദവും കലര്‍ന്ന സ്വരത്തില്‍ കയര്‍ത്തു. കുറേനേരം കൊണ്ടേ ഇന്‍സ്‌പെക്ട്രമ്മയ്ക്ക് ആ സ്ത്രീയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളു” (ബാലകൃഷ്ണന്‍നായര്‍, 1947). ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ ഒരു സവര്‍ണ സ്ത്രീയെ സര്‍ക്കാര്‍ ജോലിയിലേക്കു നിയമിച്ചതിന്റെ വിവരണമാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. 1883ല്‍ ജനിച്ച് അക്കാലത്തെ ജാതിയാചാരബദ്ധമായിരുന്ന ജീവിതത്തോടു പടവെട്ടി ആധുനിക വിദ്യാഭ്യാസം നേടി 1905 ല്‍ തിരുവിതാംകൂറിലെ സ്‌കൂള്‍ ഇന്‍സ്‌പെക്ടറായി അക്കാലത്തെ സാംസ്‌കാരിക ജീവിതത്തില്‍ ശക്തമായ സാന്നിധ്യമായിരുന്ന കെ. ചിന്നമ്മയുടെ ജീവിതത്തിലെ ഒരേടാണ് ഇത്. അക്കാലത്ത് ജോലിയെന്നതിനെ സമൂഹം കണ്ടിരുന്നത് എങ്ങനെയായിരുന്നുവെന്നും വിശിഷ്യാ സ്ത്രീകള്‍ക്ക് ജോലി കിട്ടിയാല്‍ എന്തുസംഭവിക്കുമെന്നും ഇത് വെളിവാക്കുന്നു. സവര്‍ണസ്ത്രീകള്‍ക്ക് ജോലിയൊന്നും വേണ്ടെന്നും തറവാടുകൊണ്ടും അടുക്കളകൊണ്ടും അവര്‍ ജീവിക്കുമെന്നുമായിരുന്നു അന്നത്തെ പൊതുബോധം. ജോലിചെയ്യുന്നവര്‍ മോശക്കാരികളാണെന്നും അക്കാലത്ത് ധാരണകളുണ്ടായിരുന്നതായി പല സംഭവങ്ങളും സൂചിപ്പിക്കുന്നുണ്ട്.
ഉദ്യോഗവും സ്ത്രീയും
കൊളോണിയല്‍ സ്വാധീനത്തിലാണ് ആധുനിക രീതിയിലുള്ള ഉദ്യോഗഭരണക്രമം കേരളത്തില്‍ സ്ഥാപിതമാകുന്നതും ശമ്പളം പണമായി നല്കുന്ന രീതികള്‍ വന്നതും. ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ ജീവിച്ച് സാധനങ്ങളും സേവനങ്ങളും പരസ്പരം വെച്ചുമാറിയ മലയാളികള്‍ കൊളോണിയല്‍ ഇടപെടലിലൂടെ കച്ചവടത്തിലൂടെ നാണയ സമ്പദ്‌വ്യവസ്ഥയിലേക്കു വന്നതോടെയാണ് ശമ്പളവും ജോലിയും പ്രധാനപ്പെട്ട ഒന്നായി മാറുന്നത്.
കേരളത്തില്‍ വ്യാപകമായി ഫാക്ടറികളും തോട്ടങ്ങളും ആരംഭിച്ചതോടെ കൂലി പണമായി നല്കുന്നതും വ്യാപകമാകുന്നു. അങ്ങനെ ജാതിയുടെ കുലത്തൊഴിലുകള്‍ ചോദ്യം ചെയ്യപ്പെടുകയും ഏതു ജോലിയും ആര്‍ക്കും ചെയ്യാന്‍ കഴിയുമെന്ന നില വരികയും ചെയ്തു. അതോടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളും മറ്റും ആകര്‍ഷണീയമാവുകയും അതിനുവേണ്ടിയുള്ള വിദ്യാഭ്യാസത്തിനായി സ്‌കൂളുകള്‍ വ്യാപകമാവുകയും ചെയ്തു. ജോലി ചെയ്ത് കുടുംബം പുലര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്വം അങ്ങനെ പുരുഷന്റെ ചുമതലയായി വ്യവഹരിക്കപ്പെടുന്നു. സര്‍ക്കാര്‍ ജോലികള്‍ അപ്പോഴും നല്കിയിരുന്നത് ജാതിപരമായിരുന്നു. സവര്‍ണര്‍ നല്ല ശമ്പളമുള്ള ഉദ്യോഗങ്ങളെല്ലാം കയ്യടക്കുകയും കീഴാളര്‍ പുറത്തുനിര്‍ത്തപ്പെടുകയും ചെയ്തു. അതിനെതിരേയാണ് ഈഴവ മെമ്മോറിയലും പിന്നീട് നിവര്‍ത്തനസമരവും തിരുവിതാംകൂറില്‍ നടന്നത്.
ഈ ഉദ്യോഗസമരം നടക്കുന്നിതിനിടയിലാണ് സ്ത്രീകളുടെ ഉദ്യോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നത്. അപൂര്‍വമായി സവര്‍ണസ്ത്രീകള്‍ ചില ഉദ്യോഗങ്ങളിലേക്കു വന്നതോടെ സ്ത്രീകള്‍ക്ക് വീടാണ് ജൈവികമായി സുരക്ഷിത ഇടമെന്നും പുരുഷനും സ്ത്രീയും ഉദ്യോഗത്തിനു പോയാല്‍ വീട്ടിലെ കാര്യങ്ങള്‍ തകരാറിലാകുമെന്നും പുറത്തിറങ്ങി പലതും ചെയ്യേണ്ടുന്ന ഉദ്യോഗങ്ങള്‍ സ്ത്രീകള്‍ക്കു പറ്റുന്നതല്ലെന്ന വാദവുമായി പുരുഷന്മാര്‍ രംഗത്തുവരാന്‍ തുടങ്ങി. പുരുഷന്മാര്‍ക്കും വീടു നോക്കാമെന്നും അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും പറഞ്ഞ് സ്ത്രീ ബുദ്ധിജീവികള്‍ തിരിച്ചടിച്ചും ഈ വാദങ്ങള്‍ അക്കാലത്തെ സാമൂഹികാന്തരീക്ഷത്തില്‍ നിറഞ്ഞു. സ്ത്രീ പുരുഷന്മാര്‍ ജൈവികമായിത്തന്നെ വിഭിന്ന ഗുണങ്ങളുള്ളവരാണെന്നും അവര്‍ക്ക് വ്യത്യസ്ത ധര്‍മങ്ങളാണുള്ളതെന്നുമായിരുന്നു പൊതുവേ അക്കാലത്തെ നവോത്ഥാനപ്രസ്ഥാനങ്ങള്‍ വ്യവഹരിച്ചിരുന്നത്. പുരുഷന്മാരെപ്പോലെ അധ്വാനിച്ചിരുന്ന കീഴാള സ്ത്രീകളാകട്ടെ ഈ വിഭജനയുക്തികള്‍ക്കു പുറത്തായിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടോടെ ഇത്തരം ആശയങ്ങള്‍ അവരുടെ പ്രസ്ഥാനങ്ങളും സ്വാംശീകരിക്കുന്നതായി കാണാം. ഇതിനിടയില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സ്ത്രീകള്‍ നേഴ്‌സിംഗ് മേഖലയിലേക്കൊക്കെ വ്യാപകമായി കടന്നുപോകുകയും പുതിയ തൊഴിലിടങ്ങള്‍ തുറക്കുകയും ചെയ്യുന്നു. ഈ ആശയസംഘര്‍ഷം പിന്നീടും തുടരുകയും 1970കളിലും സ്ത്രീകള്‍ ഉദ്യോഗത്തിലേക്കു വരുന്നത് അമാന്യതയായി കാണുന്ന ആഭിജാത്യത്തിന്റെ അന്തരീക്ഷം നിലനില്ക്കുകയും ചെയ്യുന്നുണ്ട്. നവോത്ഥാന കാലത്തെ സാഹിത്യ കൃതികളൊക്കെ ഈ ഉദ്യോഗപ്രശ്‌നം വ്യക്തമായി അവതരിപ്പിക്കുകയും ശമ്പളക്കാരികളേക്കാള്‍ കൂടുതല്‍ അടുക്കളക്കാരിയാവുന്നതാണ് നല്ലതെന്ന് പറഞ്ഞുറപ്പിക്കുകയും ചെയ്യുന്നു. ഇവിടെയാണ്, 1943ല്‍ ബഷീര്‍ എഴുതിയ 'പ്രേമലേഖനം' എന്ന നോവലിലെ സാറാമ്മ എന്ന കഥാപാത്രം പ്രേമിക്കാന്‍ ഒരു പുരുഷനോട് ശമ്പളം ചോദിക്കുന്നത് ശ്രദ്ധേയമാകുന്നത്.
പ്രേമലേഖനത്തിലെ ആധുനികത
ബഷീറിന്റെ പ്രേമലേഖനം നോവലിലെ വിഷയം സാറാമ്മയും കേശവന്‍നായരും തമ്മിലുള്ള മതാതീത പ്രണയം മാത്രമല്ല അതിലുപരി അക്കാലത്ത് കേരളത്തിലെ സാമൂഹികതയില്‍ രൂപപ്പെട്ട സ്ത്രീപ്രശ്‌നത്തെക്കൂടി കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. എന്തൊക്കെയാണ് ഇക്കഥയിലെ ആധുനികതയെന്ന വിശകലനം പ്രധാനമാണ്. കേശവന്‍നായര്‍ ആധുനിക വിദ്യാഭ്യാസം നേടി ബാങ്കില്‍ ജോലിചെയ്യുന്ന ആളാണെന്നതാണ് ഇതിലെ പ്രധാനപ്പെട്ട ആധുനികത. വിദ്യാഭ്യാസത്തിലൂടെ അതിനനുസരിച്ച് ജോലി കിട്ടുക, ശമ്പളം വാങ്ങുക, അതിനനുസരിച്ച് ജീവിക്കുക തുടങ്ങിയവയാണ് കേരളീയ ആധുനികതയിലെ പ്രധാനപ്പെട്ട മാറ്റം. ജാതിവ്യവസ്ഥ നിശ്ചയിച്ച ഫ്യൂഡല്‍ ആധുനികതയില്‍ ജോലിയെന്നത് ജാതി നിശ്ചയിച്ച കുലത്തൊഴിലാണ്.
കുലത്തൊഴില്‍ റദ്ദാക്കി വേറെ തൊഴിലിനു പോകാനോ തന്റെ അധ്വാനത്തിനനുസരിച്ചുള്ള കൂലി വാങ്ങാനോ കഴിയില്ല. ആധുനികമായ ഫാക്ടറികളും ബാങ്കുകളും മറ്റു സ്ഥാപനങ്ങളും വന്നപ്പോള്‍ ജാതിത്തൊഴിലുകള്‍ റദ്ദാക്കപ്പെടുകയും ഇവിടങ്ങളിലെ തൊഴിലിനു വലിയ പ്രാധാന്യം വരികയും വിദ്യാഭ്യാസം നേടി ഈ തൊഴിലുകളിലേക്ക് ആളുകള്‍ വരികയും ചെയ്തു. അങ്ങനെയാണ് കേശവന്‍ നായര്‍ ബാങ്കിലെ ഉദ്യോഗസ്ഥനാവുന്നതും സാറാമ്മയുടെ അച്ഛന്റെ വാടക മുറിയില്‍ താമസിക്കുന്നതും സാറാമ്മയെ പ്രണയിക്കുന്നതും. ഈ ആധുനികതയിലാണ് വ്യക്തികള്‍ രൂപംകൊള്ളുന്നതും വ്യക്തികള്‍ ആഗ്രഹിച്ച് പ്രണയിച്ച് വിവാഹംചെയ്തു കഴിയുന്ന അണുകുടുംബം ഉണ്ടാകുന്നതും. ആധുനിക വിദ്യാഭ്യാസം, ശമ്പളമുള്ള ജോലി, പ്രണയമുള്ള വിവാഹം എന്ന ത്രിത്വത്തെയാണ് ആധുനികത മുന്നോട്ടുവെച്ചതും കേരള നവോത്ഥാനപ്രസ്ഥാനങ്ങളുടെ അടിസ്ഥാന ആശയമായതും അക്കാലത്തെ സാഹിത്യകൃതികള്‍ പ്രമേയമാക്കിയതും. ഫ്യൂഡല്‍ രീതിയനുസരിച്ച് കേശവന്‍നായര്‍ പോകേണ്ടത് തന്റെ കുലത്തൊഴിലുകളിലൊന്നിലേക്കാണ്. കേവലം തറവാട്ടിലെ വസ്തുവഹകള്‍ നോക്കുകയോ സൈനികപ്പണിപോലുള്ള എന്തെങ്കിലും ജോലികളോ ആണ് പാരമ്പര്യമായിട്ട് നായര്‍ക്കുള്ളത്. എന്നാല്‍ ആധുനിക വിദ്യാഭ്യാസം വന്നതോടെ, നാണയ സമ്പദ്‌വ്യവസ്ഥ വികസിച്ചതോടെ പാരമ്പര്യത്തൊഴിലുകൊണ്ട് ആധുനികതയില്‍ മരുമക്കത്തായവും തറവാടുംകൊണ്ട് ജീവിക്കാന്‍ കഴിയുകയില്ലെന്നുള്ള തിരിച്ചറിവു വന്നപ്പോഴാണ് കേശവന്‍നായര്‍മാര്‍ പുതിയ തൊഴിലിലേക്കു പോയത്. ആ തൊഴിലിലും ശമ്പളം കുറവാണെന്ന വിലാപം ഉണ്ടായപ്പോള്‍ മെച്ചപ്പെട്ട ശമ്പളം കിട്ടുന്ന തൊഴിലുകളിലേക്ക്, പ്രവാസത്തിലൂടെയുള്ള തൊഴിലുകളിലേക്ക് അവരുടെ കണ്ണെത്തുകയും ചെയ്തു.
കേരളത്തില്‍ തൊഴിലുകള്‍ കാര്യമായി ഇല്ലെന്നു കണ്ടപ്പോള്‍ സിംഗപ്പൂരിലെയും മറ്റും തോട്ടങ്ങളിലേക്ക് പത്തൊമ്പതാം നൂറ്റാണ്ടുകളില്‍ത്തന്നെ മിഷനറിമാര്‍ തൊഴിലാളികളെ അയച്ചിരുന്നു. അങ്ങനെ പോയവരില്‍ ചിലര്‍ വലിയ സമ്പന്നരാവുകയും ചെയ്തു. ഇവിടെ നിരവധി സ്ഥാപനങ്ങള്‍ തുടങ്ങി തൊഴില്‍ദാതാക്കളായ കഥകള്‍ ചരിത്രത്തിലുണ്ട്. അങ്ങനെ കേശവന്‍നായര്‍ വിദേശത്തെ തൊഴിലിലേക്ക് പോകുന്നിടത്താണ് സാറാമ്മ തന്റെ പ്രണയം പ്രഖ്യാപിക്കുന്നതും കൂടെപ്പോകുന്നതും. തറവാട്ടിലെ കാരണവന്മാര്‍ നിശ്ചയിച്ചിരുന്ന സംബന്ധത്തിന്റെ യുക്തികളെ തകിടംമറിച്ച് വിവാഹിതരാകുന്ന വ്യക്തികള്‍ പരസ്പരമിഷ്ടപ്പെടുകയും പ്രണയം പറയുകയും ചെയ്ത് വിവാഹം ചെയ്യുന്ന രീതി വ്യാപിച്ചത് നവോത്ഥാനപ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെയാണ്. ഓരോ ജാതിക്കും പലതായിരുന്ന വിവാഹരീതികള്‍ ഏകീകരിച്ചതും കുട്ടിക്കാലത്തെ വിവാഹങ്ങളൊക്കെ റദ്ദാക്കിയതും ഇങ്ങനെയാണ്. ജാതിമാറി വിവാഹം ചെയ്യാനുള്ള ആഹ്വാനങ്ങളും വ്യാപകമായി.
ഉദ്യോഗം ഞെളിയാനുള്ള അധികാരമാണ്
എല്ലാവരും പുതിയ തൊഴില്‍ സ്ഥാപനങ്ങളിലേക്കും ശമ്പളം വാങ്ങല്‍ സ്വപ്നങ്ങളിലേക്കും പോയപ്പോള്‍ അതെല്ലാം പുരുഷന്റെ അവകാശമായിട്ടാണ് വ്യാഖ്യാനിച്ചതെന്നു മുകളില്‍പ്പറഞ്ഞു. ഉദ്യോഗം നോക്കി ശമ്പളം വാങ്ങി കുടുംബം നോക്കേണ്ടത് പുരുഷന്റെ ‘ഭാരമാക്കുകയും സ്ത്രീയാകട്ടെ വീട്ടിലെ പാചകവും മറ്റുമായി കഴിയണമെന്നു വ്യവഹരിക്കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്കും ജോലി വേണമെന്നു സ്ത്രീകള്‍ പറയുന്ന, ആശയസംഘര്‍ഷം നടക്കുന്ന കാലത്താണ് ബഷീറിന്റെ എഴുത്തുകള്‍ സംഭവിക്കുന്നതെന്ന് ഈ നോവല്‍ അടിവരയിടുന്നു. തന്റെ സാമ്പത്തിക ചുറ്റുപാടുകള്‍ വളരെ പ്രശ്‌നത്തിലായതിനാലാണ് സാറാമ്മ ജോലി അന്വേഷിക്കുന്നത്. ധാരാളം കടം അവര്‍ക്കുണ്ട്. അവളുടെ അമ്മച്ചി മരിച്ചുപോവുകയും ചെയ്തു. അതിനാലവള്‍ക്കു ബി.എ പൂര്‍ത്തിയാക്കാനും ആയില്ല. അവളതില്‍ ദുഃഖിതയുമാണ്. ബി.എ എന്നത് 1930കളില്‍ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസമായിരുന്നു. ബി.എ പാസായാലുടനെ സവര്‍ണ പുരുഷന് ജോലി ഉറപ്പായിരുന്നു. സ്ത്രീകള്‍ക്കാകട്ടെ കോളജിലൊക്കെ പഠിക്കാനും ഇഷ്ടവിഷയം എടുക്കാനും തടസ്സങ്ങള്‍ നിരവധിയായിരുന്നു. അവള്‍ ചെയ്ത വിദ്യാഭ്യാസത്തിനനുസരിച്ചൊരു ജോലിയാണ് അവള്‍ പ്രതീക്ഷിക്കുന്നത്, അതിന്റെ പേരില്‍ അവള്‍ നിരന്തരം കേശവന്‍നായരെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
നിരന്തരം സാറാമ്മയുടെ അന്വേഷണം വന്നപ്പോള്‍ കേശവന്‍നായര്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ്, പെണ്ണുങ്ങള്‍ക്ക് ആണുങ്ങളെ സ്‌നേഹിക്കുക എന്നല്ലാതെ പിന്നെ എന്തൊരു ജോലിയാണ്? സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനായിട്ടുമാണ് സ്ത്രീകളെ ഈശ്വരന്‍ സൃഷ്ടിച്ചത്. അല്ലാതെ ഉദ്യോഗസ്ഥകളായി ഞെളിഞ്ഞു ചുമ്മാ നടക്കാനല്ലല്ലോ...എങ്കിലും കേശവന്‍നായര്‍ ഗാഢമായി ചിന്തിച്ചിട്ടെന്ന മാതിരി പറഞ്ഞു. 'ശ്രമിക്കാം' (ബഷീര്‍, 1999: 91). നവോത്ഥാനകാലത്തെ സ്ത്രീകളുടെ ഉദ്യോഗം സംബന്ധിച്ചുള്ള എല്ലാ വ്യവഹാരങ്ങളും ഇവിടെ കേശവന്‍ നായരില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സ്ത്രീകള്‍ക്ക് ഉദ്യോഗം ആവശ്യമുള്ളതല്ലെന്നും വീട്ടിലിരിക്കേണ്ടവരാണെന്നും ഉദ്യോഗം ഞെളിയാനുള്ളതാണെന്നു അദ്ദേഹം ചിന്തിക്കുന്നതില്‍നിന്നും വ്യക്തമാകുന്നു.
സ്ത്രീയും പുരുഷനും ഭിന്നങ്ങളായ രണ്ടു സ്വത്വങ്ങളാണെന്നാണ് കേശവന്‍നായര്‍ ചിന്തിക്കുന്നതെന്ന് ആദ്യം മുതലേ കാണാം. സ്ത്രീകള്‍ക്കു തലച്ചോറില്ലെന്നും അവരുടെ തലയില്‍ നിലാവെളിച്ചമാണെന്നും കേശവന്‍നായര്‍ പറയുന്ന സംഭവം ഇത് സൂചിപ്പിക്കുന്നുണ്ട്. തലച്ചോറ് ചിന്തയുടെയും ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെയും അടയാളമാണ്. ലോകത്തിലെ മിക്ക സംസ്‌കാരങ്ങളിലും സ്ത്രീക്ക് ബുദ്ധിപരമായ പ്രക്രിയകള്‍ക്കു ശേഷിയില്ലെന്നും അവര്‍ക്ക് ഭാവനയിലാണ് ശേഷിയെന്നും വ്യവഹരിക്കുന്നുണ്ട്. അതിലൂടെയാണ് സ്ത്രീയെ പുരുഷാധിപത്യം അടിച്ചമര്‍ത്തിയതെന്നും വിശദീകരിക്കുന്നു. മലയാളത്തിലെ പെണ്‍ബുദ്ധി പിന്‍ബുദ്ധിയെന്ന ചൊല്ല് ഇതാണ് സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ തലയില്‍ നിലാവെളിച്ചമാണെന്ന ബഷീറിന്റെ കൃതികളില്‍ പലയിടത്തു വരുന്ന പറച്ചിലുകള്‍ ഈ സാഹചര്യത്തില്‍ സവിശേഷം ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീയെയും പുരുഷനെയും വിരുദ്ധ ദ്വന്ദ്വങ്ങളായി സമൂഹം വിഭജിച്ചത് ബുദ്ധിയില്ലായ്മയും കായികശേഷിയും കുറവാണെന്ന വ്യവഹാരത്തിലൂടെയാണ്. അങ്ങനെ സ്ത്രീയുടെ ഇടം വീടാണെന്നും പുരുഷന്റെ ലോകം വിശാലമായ പുറമാണെന്നും സ്ഥാപിച്ചെടുത്തു. ഈ സ്ഥാപനവല്കരണമാണ് നവോത്ഥാന വ്യവഹാരങ്ങളില്‍ ഉറപ്പിക്കപ്പെടുന്നതെന്നു കാണാം. ബഷീറിന്റെ ആഖ്യാനങ്ങള്‍ക്ക് ഇതില്‍ നല്ല പങ്കുമുണ്ട്.
ആണിന് ലിംഗപരവും ലൈംഗികവുമായ താത്പര്യങ്ങള്‍ കൂടുതലാണെന്നും സ്ത്രീക്കത് ഇല്ലെന്നുമുള്ള ചിന്തയാണ് ഇതിനു കാരണമായി പറയുന്നത്. പുരുഷനായതിനാല്‍ കേശവന്‍ നായര്‍ക്ക് സാറാമ്മയെ കണ്ടോണ്ടിരിക്കാനും ചുംബിക്കാനും ആഗ്രഹമുണ്ടെന്നും സ്ത്രീയായതിനാല്‍ സാറാമ്മ വാക്കിലോ പ്രവൃത്തിയിലോ ഒന്നിനും പിടികൊടുത്തിരുന്നില്ലെന്നും നോവല്‍ പറയുന്നു
പ്രണയിക്കുന്നത് ശമ്പളമുള്ള ജോലിയാണ്
സ്ത്രീയുടെ തലയില്‍ നിലാവെളിച്ചമാണെന്നു പറയുന്നുവെങ്കിലും സാറാമ്മ നല്ല ബുദ്ധിമതിയായിരുന്നുവെന്നാണ് സംഭവങ്ങള്‍ പറയുന്നത്. ജോലി അനിവാര്യതയായി കരുതുന്ന അവള്‍ അതിന്റെ പേരില്‍ കേശവന്‍നായരെ നിരന്തരം ശല്യപ്പെടുത്തുന്നു. കേശവന്‍ നായരുടെ ബാങ്കില്‍ ജോലി കിട്ടുമോ എന്ന അന്വേഷണം വരെ അവള്‍ നടത്തുന്നു. ഒടുവില്‍ അവള്‍ക്കു പറ്റിയ ജോലിയുണ്ടെന്നു കേശവന്‍ നായര്‍ പറയുന്നു. ആ ജോലി തന്നെ പ്രണയിക്കുകയെന്നതാണെന്നും അയാള്‍ പറയുന്നു. ജോലി കേട്ടപ്പോള്‍ ആദ്യം ഞെട്ടിയ സാറാമ്മ പിന്നീടു ചോദിക്കുന്നത് ജോലി തരക്കേടില്ല ശമ്പളം എന്തു നിശ്ചയിച്ചു എന്നുമാണ്. (അതേ കൃതി, 97). സാറാമ്മയുടെ ഈ ചോദ്യം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നു തുടര്‍ന്നുള്ള പ്രതികരണം വ്യക്തമാക്കുന്നു.
അങ്ങനെയയാള്‍ ശമ്പളം നിശ്ചയിക്കുന്നു, ഇരുപതു രൂപ. ആ തുക കേട്ടപ്പോള്‍ സാറാമ്മ പറഞ്ഞത് വളരെ കുറവാണെന്നാണ്. എന്നാല്‍ കേശവന്‍ നായര്‍ കൂട്ടിത്തരാന്‍ നിര്‍വാഹമില്ലെന്നും തന്റെ ശമ്പളം തന്നെ കുറവാണെന്നും പറയുന്നു. അവിടെ സാറാമ്മ തൊഴിലിലെ അധ്വാനത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നത് ശ്രദ്ധേയമാണ്. കേശവന്‍ നായര്‍ക്ക് 24 മണിക്കൂറില്‍ 9 മണിക്കൂറാണ് ജോലിയെന്നും തനിക്ക് 24 മണിക്കൂറും കേശവന്‍ നായരെ ഓര്‍ക്കേണ്ടുന്ന ജോലിയാണെന്നുമാണ് പറയുന്നത്. അതായത്മി ച്ചമൂല്യത്തിന്റെ പ്രശ്‌നമാണ് ഇവിടെ സൂചിപ്പിക്കുന്നത്, ചെയ്യുന്ന ജോലിക്കാനുപാതികമായി കൂലി കിട്ടുന്നില്ലെന്ന പ്രശ്‌നം. ഒടുവില്‍ അയാളുടെ വാദങ്ങള്‍ക്ക് അവള്‍ വഴങ്ങുന്നു.
സ്ത്രീകളുടെ തലയില്‍ നിലാവെളിച്ചമാണെന്ന കേശവന്‍നായരുടെ ചിന്തകളെ അട്ടിമറിക്കുകയാണ് സാറാമ്മയുടെ നിലപാടുകള്‍. സ്ത്രീകള്‍ക്ക് ജോലി വേണമെന്നും അതിനു വിദ്യാഭ്യാസം വേണമെന്നും അവള്‍ക്കുറപ്പുണ്ട്. അതില്‍ വിട്ടുവീഴ്ച പാടില്ലെന്നും അവള്‍ പ്രഖ്യാപിക്കുന്നു. ചെയ്യുന്ന ജോലിക്ക് കൃത്യമായി ശമ്പളം വേണമെന്നും അവള്‍ പറയുന്നു. എന്തെങ്കിലും തുക കൂലിയായി കിട്ടുകയല്ല കാര്യം മറിച്ച് നല്ല തുകതന്നെ ശമ്പളമായി കിട്ടണമെന്ന വാശിയും അവള്‍ പ്രകടിപ്പിക്കുന്നു. ഓഫീസുജോലികളും മറ്റും കാര്യമായി വികസിച്ചിട്ടില്ലാത്ത 1940 കളിലെ അവസ്ഥയില്‍ ഇത്തരമൊരു ചിന്ത സാറാമ്മ പ്രകടിപ്പിക്കുന്നത് പ്രധാനമാണ്. കേരളത്തില്‍ മിക്കയിടത്തും അക്കാലത്തുപോലും ബാര്‍ട്ടര്‍ വ്യവസ്ഥയും ജന്മിത്വവും നിലനില്ക്കുന്ന കാലത്താണ് ശമ്പളത്തിനു വേണ്ടി ഒരു സ്ത്രീ വാശിപിടിച്ചതെന്നുള്ളതാണ് പ്രധാനപ്പെട്ട സംഭവമായി മാറുന്നത്. അതാണ് സാറാമ്മയുടെ തലയില്‍ നിലാവെളിച്ചമല്ലെന്നും ബുദ്ധികൂര്‍മതയുള്ള ആളാണെന്നും ഉറപ്പിക്കുന്നത്. അക്കാലത്തെ ശമ്പളക്കണക്കുകള്‍ സൂചിപ്പിക്കുന്നത് ഏതാണ്ട് 150 രൂപയെങ്കിലുമുള്ള ജോലി കിട്ടിയെങ്കിലേ ഒരുവിധം നന്നായി ജീവിക്കാന്‍ കഴിയൂ എന്നാണ്. കവി ചങ്ങമ്പുഴ തന്റെ ജീവിതകാലത്ത് ഏറെ ശ്രമിച്ചത് നല്ലൊരു ജോലിക്കായിരുന്നുവെന്നുള്ളത് പ്രസിദ്ധമാണ്. അതിനായി ഗുരുനാഥനായ ഗോദവര്‍മ്മയ്‌ക്കെഴുതിയ കത്ത് പ്രസിദ്ധവുമാണല്ലോ.
അദ്ദേഹത്തിന് മുപ്പതുരൂപാ ശമ്പളത്തില്‍ ഗുമസ്തനായി ജോലികിട്ടി ജീവിക്കാന്‍ താത്പര്യമില്ലെന്നും നല്ല ശമ്പളം കിട്ടുന്ന അധ്യാപനംപോലുള്ള ജോലിയാണ് വേണ്ടതെന്നും അദ്ദേഹം കത്തില്‍ പറയുന്നു. സവര്‍ണരായ ആളുകള്‍ മികച്ച ശമ്പളം കിട്ടുന്ന ജോലികള്‍ക്കായി ചെറിയ ജോലികള്‍ നിഷേധിക്കുന്നത് അക്കാലത്തെ ബുദ്ധിജീവികളുടെ ചരിത്രത്തില്‍ക്കാണാം. അതേസമയം കീഴാളര്‍ക്ക് ചെറിയ ഉദ്യോഗജോലികളും ജാതിയാല്‍ നിഷേധിക്കപ്പെട്ടിരുന്നു. ശമ്പളം കുറവായ അധ്യാപനജോലി കളഞ്ഞിട്ട് വക്കീല്‍പ്പണിക്ക് പലരും പോയത് ഉദാഹരണമാണ്. അക്കാലത്തെ കേരളീയര്‍ പൊതുവിലനുഭവിച്ചിരുന്ന സാമ്പത്തികപ്രയാസം മറികടക്കാന്‍ അഭ്യസ്തവിദ്യരായ ആള്‍ക്കാര്‍ കൂടുതല്‍ ശമ്പളമുള്ള ജോലിക്കു കിണഞ്ഞു ശ്രമിച്ചിരുന്നു. സര്‍ക്കാര്‍ ജോലിയില്‍തന്നെ ഉയര്‍ന്ന ജോലിക്കാണ് പലരും താത്പര്യം കാണിച്ചത്. 1895 ലെ നായര്‍ മെമ്മോറിയല്‍ 250 ലേറെ രൂപയുള്ള ശമ്പളം കിട്ടുന്നതിനുള്ള നായന്മാരുടെ സംഘടിത ശ്രമമായിരുന്നെന്നു ചരിത്രത്തിലുണ്ട്. ജോലിയും ശമ്പളവും നല്ല നിലയില്‍ ജീവിക്കുന്നതിനാവശ്യമാണെന്ന ബോധമാണ് ഇതെല്ലാം രൂപപ്പെടുത്തിയത്. ആ ബോധ്യങ്ങളുടെ പ്രകടനമാണ് സാറാമ്മയില്‍ കാണുന്നത്. ഇതേ ചിന്ത കേശവന്‍ നായരിലും കാണുന്നുണ്ട്. അതുകൊണ്ടാണ് തന്റെ ജോലിക്കു ശമ്പളം കുറവാണെന്നയാള്‍ കരുതുന്നതും. ഉയര്‍ന്ന ജോലിക്കു ശ്രമിക്കുന്നതും ഒടുവില്‍ അത് സംഭവിക്കുന്നതും. ചെറുപ്പക്കാരെല്ലാം ഉയര്‍ന്ന ജോലിയും ശമ്പളവും സ്വപ്നംകാണുന്ന കാലത്താണ് സാറാമ്മ എന്ന പെണ്ണും നല്ല ജോലിയും ശമ്പളവും തേടുന്നതെന്ന വായന പ്രേമലേഖനത്തിന്റെ ഇതുവരെയുള്ള പാഠങ്ങളെ ചോദ്യംചെയ്യുന്നുണ്ട്.
പുരുഷന്റെ പ്രവാസം
കേശവന്‍നായരെ പ്രേമിക്കുന്ന ജോലിയാണെങ്കിലും ഒരിക്കല്‍പ്പോലും പ്രേമത്തിന്റെ ഒരു ലക്ഷണവും അവള്‍ പ്രകടിപ്പിക്കുന്നില്ല. എന്നല്ല ശമ്പളം കൃത്യമായി വാങ്ങുന്നുമുണ്ട്. കേശവന്‍നായരുടെ പ്രേമം, സല്ലാപം, ചുംബനം തുടങ്ങിയ ആഗ്രഹങ്ങള്‍ക്കൊന്നും അവള്‍ വഴിപ്പെടുകയോ താത്പര്യം കാണിക്കുകയോ ചെയ്യാതിരിക്കുകയും അയാളുടെ ചാപല്യങ്ങളെ ഒഴിവാക്കുകയും ചെയ്യുന്നു. അതിനാല്‍ കേശവന്‍ നായര്‍ മാനസികമായി ബുദ്ധിമുട്ടുന്നുണ്ട്. സാറാമ്മ തന്നെ പ്രണയിക്കുന്ന കാര്യത്തില്‍ തീര്‍ച്ചയില്ലാതെ അയാള്‍ കുഴങ്ങുന്നു. ഈ കുഴക്കത്തിനു കാരണം സമൂഹത്തിലെ ലിംഗപദവീപരമായ വ്യത്യാസമാണെന്നാണ് നോവല്‍ പറയുന്നത്. ആണിന് ലിംഗപരവും ലൈംഗികവുമായ താത്പര്യങ്ങള്‍ കൂടുതലാണെന്നും സ്ത്രീക്കത് ഇല്ലെന്നുമുള്ള ചിന്തയാണ് ഇതിനു കാരണമായി പറയുന്നത്. പുരുഷനായതിനാല്‍ കേശവന്‍ നായര്‍ക്ക് സാറാമ്മയെ കണ്ടോണ്ടിരിക്കാനും ചുംബിക്കാനും ആഗ്രഹമുണ്ടെന്നും സ്ത്രീയായതിനാല്‍ സാറാമ്മ വാക്കിലോ പ്രവൃത്തിയിലോ ഒന്നിനും പിടികൊടുത്തിരുന്നില്ലെന്നും നോവല്‍ പറയുന്നു (അതേകൃതി, 105). ആണും പെണ്ണും വ്യത്യസ്തമായ മാനസിക ശാരീരിക സ്വഭാവമുള്ളവരാണെന്നും ഇതെല്ലാം പ്രകൃതിദത്തമാണെന്നുമുള്ള വാദത്തിലാണ് ഇങ്ങനെ ആഖ്യാനം രൂപപ്പെടുന്നതെന്നു വ്യക്തം. വിരുദ്ധസ്വത്വങ്ങളാണെന്ന് സ്ഥാപിക്കുന്നതിലൂടെയാണ് സമൂഹത്തില്‍ അവര്‍ക്ക് വിരുദ്ധ ചുമതലകളാണുള്ളതെന്ന് ഉറപ്പിക്കുന്നതും പുരുഷാധിപത്യത്തെ സാധ്യമാക്കുന്നതും. സാഹിത്യം ഇത്തരത്തിലുള്ള വ്യവഹാരങ്ങളെ നിരന്തരം സാധൂകരിക്കുന്നതാണെന്ന് സ്ത്രീപക്ഷ പഠനങ്ങള്‍ വ്യക്തമാക്കുന്നുമുണ്ട്.
തന്റെ ജോലി മോശമാണെന്നും ശമ്പളം കുറവാണെന്നുമുള്ള ചിന്ത കേശവന്‍നായരെ ഭരിച്ചിരുന്നതിനാല്‍ അയാള്‍ മറ്റൊരു ജോലിക്കു ശ്രമിക്കുകയും വിദേശത്ത് ജോലി കിട്ടുകയും ബാങ്കിലെ ജോലി രാജിവയ്ക്കുകയും ചെയ്യുന്നു. അയാള്‍ പോകുന്ന സമയം സാറാമ്മയും അയാളോടൊപ്പം പോകാന്‍ തയാറാകുന്നു. വിദേശത്തെ തൊഴിലുകളിലേക്ക് മലയാളിയുടെ ശ്രദ്ധ വരുന്നതും ആധുനികതയിലാണെന്നു കാണാം. മിഷനറിമാര്‍ 1830 കളില്‍തന്നെ സിംഗപ്പൂരിലെയും മറ്റും തോട്ടങ്ങളിലൂടെ ജോലി സാധ്യതകളിലേക്ക് മതംമാറി ക്രിസ്ത്യാനികളായവരെ കൊണ്ടുപോകുന്നുണ്ട്. അങ്ങനെ പോയവരില്‍ ചിലര്‍ വന്‍തോതില്‍ സമ്പന്നരായ ചരിത്രം നിരവധി ആഖ്യാനങ്ങളില്‍ കാണാം.
സമ്പത്തുണ്ടാക്കുകയെന്ന ലക്ഷ്യം, മാന്യമായ ജീവിതത്തിന് ജാതിയും ആഭിജാത്യവുമല്ല കാര്യമെന്നും സമ്പത്താണെന്നും മനുഷ്യര്‍ തിരിച്ചറിയുന്ന ചരിത്രസന്ദര്‍ഭമാണ് ആധുനികതയുടേതെന്ന് ഇവ പറയുന്നു. അങ്ങനെ കടലുകടന്നാല്‍ ഭ്രഷ്ടാവുമെന്ന പാരമ്പര്യത്തെ ചോദ്യംചെയ്ത് ആള്‍ക്കാര്‍ അമേരിക്കയ്ക്കും ലണ്ടനും പോയി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. അതിലൂടെ കിട്ടിയ ലോകപരിചയവും വെച്ച് അവര്‍ കേരളത്തിലെ ജാതിപാരമ്പര്യങ്ങളെയും രാജാക്കന്മാരെയും ചോദ്യം ചെയ്യുകയുണ്ടായി. ഈ പ്രവാസമാണ് ബോംബെ പോലുള്ള സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്ന പ്രവണതയായി മാറുന്നതും പിന്നീട് എഴുപതുകളില്‍ ഗള്‍ഫ് പ്രവാസമായി വികസിച്ചതും. 1940 കളില്‍തന്നെ കേരളത്തിലെ ഒരു പങ്ക് ആള്‍ക്കാര്‍ ബോംബെയിലാണ് ജോലി അന്വേഷിച്ചു താമസിച്ചിരുന്നതെന്ന് ഇ. എം.എസ് പറയുന്നുണ്ട്. ഒന്നേകാല്‍ക്കോടി മലയാളികളില്‍ അമ്പതിനായിരം പേര്‍ പ്രവാസത്തിലായിരുന്നു എന്നാണ് അക്കാലത്തെ കണക്ക്. കേരളത്തിലെ നവോത്ഥാനത്തിലെ പ്രധാനപ്പെട്ട പ്രക്രിയതന്നെ ഈ പ്രവാസത്തിന്റെതാണെന്ന് ഇത് സൂചിപ്പിക്കുന്നു. വൈലോപ്പിളളിയുടെ ആസാംപണിക്കാര്‍ എന്ന കവിത ആസാമിലേക്കു പോയ തൊഴിലാളികള്‍ മലമ്പനികാരണം തിരിച്ചുവന്നതിന്റെ ആഖ്യാനമാണ്. മലയാളി പുതിയ തൊഴിലിടങ്ങള്‍ അന്വേഷിച്ചു സഞ്ചരിക്കുന്നതിന്റെ കൂടി ചരിത്രമാണ് ആധുനികതയുടെയും അക്കാലത്തെ സാഹിത്യത്തിന്റെയും ചരിത്രം. ഈ പ്രവാസത്തില്‍ മലയാളി പുരുഷനാണ് കേന്ദ്രത്തില്‍ വന്നത്. വീട് സ്ത്രീയുടെ ഉത്തരവാദിത്വമായതിനാല്‍ വീടുനോക്കാനുള്ള സാമ്പത്തികം നോക്കി പുരുഷന്‍ പുറത്തു പണിക്കു പോയി. ഈ ചരിത്രത്തിന്റെ തുടര്‍ച്ചയിലാണ് എഴുപതുകളില്‍ ഗള്‍ഫ് പ്രവാസം സംഭവിച്ചത്. അവിടെയും പുരുഷന്‍ ജോലിതേടി പോയപ്പോള്‍ സ്ത്രീ ഗള്‍ഫുകാരന്റെ ഭാര്യയെന്ന പദവിയുമായി നാട്ടിലെ വീട്ടിലിരുന്നു.
ഗള്‍ഫുകാരിയുടെ ഭര്‍ത്താവെന്ന വ്യവഹാരം ഇതുവരെ മലയാളത്തില്‍ ഉണ്ടായിട്ടില്ലെന്നത് പ്രവാസത്തിലെ ലിംഗപദവിയെ അടയാളപ്പെടുത്തുന്നു. ഇങ്ങനെ നോക്കുമ്പോള്‍ വീടുനോക്കാനുള്ള ജോലിഭാരം നവോത്ഥാനാനന്തര സാമൂഹിക ചുറ്റുപാടുകള്‍ ആണിന്റെ മേല്‍ കെട്ടിവയ്ക്കുകയും അതൊക്കെ ആണത്തത്തിന്റെ മിടുക്കാക്കി മാറ്റുകയും ചെയ്യുന്നതായിക്കാണാം.
ഈ നവോത്ഥാന ആണത്തത്തിന്റെ ഭാരവുമായിട്ടാണ് കേശവന്‍ നായര്‍ വിദേശത്തേക്കു പോകുന്നത്. വിദേശത്തു പോകുന്നതിനായി ജോലി രാജിവെച്ചു പോകുമ്പോള്‍ കൂടെ സാറാമ്മയും പോകുന്നിടത്ത് ട്രെയിനില്‍വെച്ച് ചായകുടിയും മറ്റും സംഭവിക്കുന്നു. അവരുടെ വിരുദ്ധ താത്പര്യങ്ങള്‍ അവിടെ ചായയും കാപ്പിയുമായി ഏറ്റുമുട്ടുകയും രണ്ടുപേരും അവരവര്‍ക്കിഷ്ടമുള്ളത് കഴിക്കുകയും ചെയ്യുന്നു. ആ യാത്രയിലാണ് കഥയുടെ പരിണാമഗുപ്തിയും കേശവന്‍നായരുടെ കുടുംബപ്ലാന്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത്. അന്യമതസ്ഥയായ സാറാമ്മയ്ക്ക് എല്ലാ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന കേശവന്‍നായര്‍ യാത്രയ്ക്കിടയില്‍ അവയെ മൂന്നായി തിരിക്കുന്നുണ്ട്. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയാണത് (ബഷീര്‍,1999:118).
നിനക്കു മൂന്നുകാര്യത്തില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കും. വെറും ചിണുങ്ങാണ്ടി മൂന്നു കാര്യത്തിലോ?
അതേ ആഹാരം, വസ്ത്രം, വിശ്വാസം. അപ്പോള്‍ നമ്മുടെ വീട്ടില്‍ രണ്ടടുക്കള ഉണ്ടായിരിക്കുമോ?
ഒരൊറ്റ നുണുങ്ങ് അടുക്കളയില്‍ രണ്ടുതരം ആഹാരം ഞാന്‍ പാകംചെയ്യണം? ഒരൊറ്റത്തരം ആരുടെ ഇഷ്ടമനുസരിച്ച്?എന്റെ അടുക്കളക്കാരിയുടെ. ജോലിനേടാന്‍ മോഹിച്ച് ജീവിക്കുന്ന സാറാമ്മയെ കേശവന്‍നായര്‍ അയാളുടെ അടുക്കളക്കാരിയാക്കി പ്രഖ്യാപിക്കുന്നു. സാറാമ്മ ഇവിടെ ഒരെതിര്‍പ്പു പ്രകടിപ്പിക്കുന്നില്ലതാനും. വീട്ടമ്മയ്ക്കു ശമ്പളമില്ലെന്നു മാത്രമല്ല അനിവാര്യമായി എല്ലാ ദിവസവും ചെയ്യേണ്ടുന്ന ഉത്തരവാദിത്വമായി അടിച്ചേല്പിച്ചിരിക്കുന്നു. അത് ജൈവികമായ ബാധ്യതയായി ഉറപ്പിക്കുകയെന്നതാണ് പ്രണയവും വിവാഹവും ചെയ്യുന്നത്.
നവോത്ഥാന അണുകുടുംബം അത് സ്ഥാപനവല്കരിക്കുകയും ചെയ്യുന്നു. ജോലിക്കാരിയില്‍നിന്ന് അടുക്കളക്കാരിയിലേക്കുള്ള മാറ്റത്തിലേക്കാണ് സ്ത്രീയെ നവോത്ഥാനം ക്ഷണിച്ചതെങ്കില്‍ ജോലിക്കാരനായി കരിയര്‍ രൂപപ്പെടുത്തുകയെന്നതായിരുന്നു പുരുഷന്റെ ഉത്തരവാദിത്വമായി ഭരമേല്പിച്ചത്. ജോലിക്കാരനായ ഭര്‍ത്താവിന്റെ കരിയറിനെ വികസിപ്പിക്കുന്ന പ്രോത്സാഹകയായി സാറാമ്മമാര്‍ അടുക്കളയില്‍ പണിയെടുക്കുന്നു. ഇവിടെ മറ്റൊന്നും നോവല്‍ പറയുന്നുണ്ട്, സാറാമ്മ പ്രേമിച്ച കാലത്ത് താന്‍ വാങ്ങിയ ഇരുപതു രൂപ ശമ്പളം ഒരു രൂപ പോലും ചെലവഴിക്കാതെ കേശവന്‍നായരെ തിരിച്ചേല്‍പ്പിക്കുന്നുവെന്നതാണത്.
അതില്‍നിന്ന് അയാള്‍ക്ക് വാച്ചും മാലയും വാങ്ങിക്കാനും പറയുന്നുണ്ട്. താന്‍ നല്കിയ ശമ്പളം തിരികെ കിട്ടിയതില്‍ കേശവന്‍നായര്‍ സന്തോഷവാനായി എന്നു നോവല്‍ പറയുന്നു. പണത്തിന്റെ വിനിയോഗവും സൂക്ഷിപ്പും സ്ത്രീക്കു പറ്റില്ലെന്ന ഏറെ ആവര്‍ത്തിക്കപ്പെട്ട ധാരണകള്‍ ഇവിടെ വീണ്ടും ആവര്‍ത്തിക്കുന്നതിലൂടെയാണ് സ്ത്രീക്ക് ഉദ്യോഗവും അതിന്റെ അധികാരവും പറ്റില്ലെന്നു സമര്‍ഥിക്കുന്നത്. സമ്പത്തിന്റെ മേഖലയില്‍നിന്ന് പുറത്താക്കുന്നതിലൂടെയാണ് വിലകുറഞ്ഞ, കൂലിയില്ലാത്ത അടുക്കളക്കാരിയാക്കി സ്ത്രീയെ മാറ്റുന്നതെന്ന് വ്യക്തമാകുന്നു. അഥവാ ബഷീറിന്റെ പ്രത്യയശാസ്ത്രലോകം കേരളീയ നവോത്ഥാനത്തിലെ പുരുഷാധിപത്യ മൂല്യങ്ങളില്‍ അടുക്കകളക്കാരികളെ സൃഷ്ടിക്കുകയായിരുന്നുവെന്നിത് സൂചിപ്പിക്കുന്നു.
ശമ്പളക്കാരികളില്‍നിന്നും അടുക്കളക്കാരികളെ സൃഷ്ടിക്കാനുള്ള നവോത്ഥാനത്തിന്റെ പദ്ധതിയില്‍ നിന്നാണ് പില്ക്കാലത്തെ കുടുംബ, സാമൂഹികഘടനകള്‍ ശക്തിപ്പെട്ടത്. ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകളെ വീട്ടിലിരുത്തി പുരുഷനെ ഉദ്യോഗം നോക്കാനയക്കുന്നത് ഇന്നും മാന്യമായി കരുതുന്ന അന്തരീക്ഷം കേരളത്തിലുണ്ടെന്ന് സ്ത്രീയുടെ തൊഴില്‍ പങ്കാളിത്ത കണക്കുകള്‍ സൂചിപ്പിക്കുന്നു. ജാതിയും ലിംഗവും കൂടിക്കുഴയുന്ന ഇത്തരം സങ്കീര്‍ണതകളില്‍ ആഭിജാത്യത്തിനപ്പുറത്ത് പണിയെടുക്കുന്ന കീഴാളസ്ത്രീവല്കരണം നടത്തുന്നതിലൂടെയാണ് നവോത്ഥാന തൊഴില്‍ സങ്കല്പങ്ങളിലെ ലിംഗഭേദത്തെ മുറിച്ചുകടന്നുപോകുവാനും കുടുംബത്തെ നവീകരിക്കാനും സാധിക്കുകയുള്ളൂ. പ്രണയിക്കാന്‍ ശമ്പളം ചോദിച്ചവള്‍ ശമ്പളവും മൂല്യവുമില്ലാത്ത അടുക്കളക്കാരികളായി മാറാതിരിക്കാന്‍ ഇത്തരത്തിലൊരു അട്ടിമറി സംഭവിക്കേണ്ടതുണ്ട്.
.......
ഗ്രന്ഥസൂചി
ഇ.എം.എസ് 1946 ഒന്നേകാല്‍ക്കോടി മലയാളികള്‍
ദേവിക 2014 കല്പനയുടെ മാറ്റൊലി, ശാസ്ത്ര സാഹിത്യ പരിഷത്ത്
ബഷീര്‍ 1999 ബഷീര്‍ സമ്പൂര്‍ണ കൃതികള്‍, ഡിസി ബുക്‌സ്, കോട്ടയം.
ബാലകൃഷ്ണന്‍ നായര്‍ എന്‍. 1947 കെ. ചിന്നമ്മ, ശ്രീവിലാസം ബുക്ക് ഡിപ്പോ, തിരുവനന്തപുരം.
റോബിന്‍ ജെഫ്രി 2005 നായര്‍ മേധാവിത്വത്തിന്റെ പതനം, ഡി.സി ബുക്‌സ്, കോട്ടയം
(കടപ്പാട്: ചന്ദ്രിക ആഴ്ചപ്പതിപ്പ്)