literature

ടിടിആർ കഥയെഴുതുകയാണ്.! : വി. ഷിനിലാൽ അഭിമുഖം

ചുരുങ്ങിയ ഏഴു വർഷങ്ങൾക്കിടയിൽ നാലു നോവലുകൾ, മൂന്ന് കഥാസമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രക്കുറിപ്പുകൾ. പ്രഥമ കാരൂർ സ്മാരക പുരസ്കാരവും പത്മരാജൻ പുരസ്കാരവും ഉൾപ്പെടെയുള്ള അവാർഡുകൾ, ഭാഷയും ചിന്തയും ദർശനവും ഒരുപോലെ സമ്മേളിക്കുന്ന എഴുത്ത്. തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും വ്യക്തതയുള്ള ചരിത്ര-രാഷ്ട്രീയ ബോധ്യങ്ങൾ.

മലയാള നോവൽ/കഥാ സാഹിത്യത്തിൽ തൻ്റേതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ വി. ഷിനിലാൽ തൻ്റെ സർഗ്ഗാത്മകസഞ്ചാരത്തെപ്പറ്റി ജിഗീഷ്  കുമാരനുമായി സംസാരിക്കുന്നു.

താങ്കളുടെ എഴുത്തിലൂടെ കടന്നുപോയപ്പോൾ തോന്നിയ കാര്യം, നരവംശശാസ്ത്രപരമായ ഒരു സമീപനം കഥകളിലും നോവലുകളിലും അന്തർധാരയായി പ്രവർത്തിക്കുന്നു എന്നതാണ്. Human being ആണ് പൊതുവിൽ രചനകളിലെ കേന്ദ്രകഥാപാത്രം എന്നു തോന്നി. ഇതിനെക്കുറിച്ച് കമൻ്റ് ചെയ്യാൻ പറ്റുമോ?

വളരെ കൃത്യമായ നിരീക്ഷണമാണ്. ഒരു ജീവി എന്ന നിലയിൽ മനുഷ്യൻ, അതിൻ്റെ സ്വഭാവം, അതിജീവനത്തിനായുള്ള പോരാട്ടം ഇതൊക്കെ എൻ്റെ അന്വേഷണ വിഷയങ്ങളാണ്. സാംസ്കാരിക പരിണാമത്തിലൂടെ ആർജ്ജിച്ച സവിശേഷതകൾ നിലനിൽക്കുമ്പോഴും പ്രാകൃതവും വയലൻ്റുമായ ഒരു പ്രിഡേറ്റർ ജീവിയുടെ സകല സ്വഭാവസവിശേഷതകളും അത് പ്രകടിപ്പിക്കുന്നുണ്ട്. നിരീക്ഷിച്ചാൽ മനസ്സിലാവും.

വലിയ ക്യാൻവാസിലും സൂക്ഷ്മമായും human being-നെ സമീപിക്കുമ്പോൾ ഉള്ള ഗുണം എന്തെന്നാൽ, നാം വ്യാപരിക്കുന്ന വലുതെന്ന് തോന്നുന്ന അനവധി പ്രശ്നങ്ങൾ, അതായത് യുദ്ധം, പ്രണയം, വഞ്ചന etc. ഒന്നുമല്ലെന്ന് മനസ്സിലാവും. ആ ജീവിയുടെ software-ൽ ഇതൊക്കെ ആലേഖനം ചെയ്തിരിക്കുന്നു.

മനുഷ്യനും അതിൻ്റെ ചരിത്രവും മനുഷ്യാവസ്ഥയും ഇങ്ങനെ സ്വാധീനിക്കാൻ കാരണമായി ചില പുസ്തകങ്ങൾ ഉണ്ട്. കുട്ടിക്കാലത്ത് വായിച്ച 'മനുഷ്യൻ മനുഷ്യനായ കഥ' മുതൽ 'സാപിയൻസ്' വരെ ഒരു നീണ്ട ലിസ്റ്റ് എഴുതാനാവും. അതിലുപരി, വേടർ, കാണിക്കാർ തുടങ്ങിയ ആദിമ ജനസമൂഹങ്ങളുമായി ധാരാളമായി ഇടപെട്ട് ജീവിക്കാൻ കഴിഞ്ഞതാണ്. റെയിൽവേയിലെ ജോലി ആയിരക്കണക്കിന് മനുഷ്യരുമായി ബന്ധപ്പെടാൻ അവസരമുള്ളതുമാണ്.

ഞാനൊരു മനുഷ്യ നിരീക്ഷകനാണ്. ഒരു പക്ഷിനിരീക്ഷകൻ്റെ കൗതുകത്തോടെ അത് ചെയ്യുന്നു.

ആദ്യനോവലായ ഉടൽഭൗതികം 2016-ൽ പുറത്തുവന്നു. മയിലാടും പാറ എന്ന ദേശമാണല്ലോ അതിൻ്റെ പശ്ചാത്തലം. താങ്കളുടെ എഴുത്തിനെ അടിസ്ഥാനപരമായി രൂപപ്പെടുത്തിയ വ്യക്തിപരവും സാമൂഹ്യവുമായ ഘടകങ്ങൾ ഓർത്തെടുക്കാൻ കഴിയുമോ?

നെടുമങ്ങാട് താലൂക്കിലെ ഇരിഞ്ചയം ആണ് സ്വദേശം. ഇടതുപക്ഷപ്രസ്ഥാനങ്ങൾക്ക് കാര്യമായ സ്വാധീനമുള്ള നാട്. നാൽപ്പതുകളിൽ അവിടെ ഗ്രന്ഥശാല ഉണ്ടായി. പുരോഗമനാത്മകമായ പല കൂട്ടായ്മകൾ ഉണ്ടായി. 80-കളിലാണ് ബാല്യം. ശാസ്ത്രസാഹിത്യ പരിഷത്ത്, അതിൻ്റെ ബാലവേദി ഒക്കെ പൂത്തുലഞ്ഞ് നിൽക്കുന്ന കാലം. മൂലധനത്തിന് ഇത്രയും ആധിപത്യം വരാത്ത കാലം. സാക്ഷരതാ പ്രസ്ഥാനം, തുടർന്ന് ജനകീയാസൂത്രണം ഒക്കെ സ്വാധീനിച്ചിട്ടുണ്ട്.

യുണൈറ്റഡ് ലൈബ്രറിയാണ് വായനയിലേക്ക് അടുപ്പിച്ചത്. പ്രായത്തിന് ഒക്കാത്ത ഭാരങ്ങൾ പലതും അന്ന് വായിച്ചുകൂട്ടി. തത്ത്വമസി, കാരമസോവ് ഒക്കെ വരും. അതൊക്കെ ഇപ്പോൾ വീണ്ടും വായിക്കുകയാണ്. എന്നിരുന്നാലും അന്നത്തെ വായനയാണ് ഇന്നത്തെ എന്നെ ബലപ്പെടുത്തിയത്.

'ഭൗതികസ്വരൂപമായ മനുഷ്യനിൽ ആത്മാവ് കുത്തിനിറച്ചു. അതോടെ കാണാത്ത ആത്മാവ് സത്യവും മുന്നിലെ ഉടൽ മിഥ്യയുമായി.' ഉടൽഭൗതികത്തിൻ്റെ ഈ ആമുഖവാക്യത്തിൻ്റെ വെളിച്ചത്തിൽ ആ നോവലിൻ്റെ സങ്കൽപ്പത്തെയും സമീപനത്തെയും ഒന്നു വിശദമാക്കാമോ?

കാണാത്ത ഒന്ന് സത്യമെന്നും കൺമുന്നിലുള്ളത് മായ എന്നുമുള്ള വിശ്വാസധാരയ്ക്ക് ഭൂരിപക്ഷമുള്ള സമൂഹമാണ് നമ്മുടേത്. അതേ സമയം തന്നെ ഭൗതികവാദത്തിൻ്റെ ചാർവാകധാരയും ഇന്ത്യയിൽ പ്രബലമായിരുന്നു. ബുദ്ധമതമൊക്കെ പോലെ, ബലാബലത്തിൽ പിടിച്ചുനിൽക്കാനാവാതെ ശുഷ്കിച്ചു പോയി.

മനുഷ്യനെ അതിൻ്റെ ഭൗതികസ്വത്വത്തിൽ അവതരിപ്പിക്കുക എന്നതായിരുന്നു ഉടൽഭൗതികത്തിൻ്റെ ലക്ഷ്യം. ആത്യന്തികമായി ഒരു ജീവിയായും.

ദ്രവം, ഖരം, അഗ്നി എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി നോവലിനെ തിരിക്കാൻ കാരണം അതാണ്. ദ്രവപ്രകൃതത്തിൽ ഉണ്ടായി, ഖരമായി ഉറച്ച്, പിന്നെ അഗ്നിയായി വിഘടിച്ചു പോകുന്ന അവസ്ഥ.

മലയാളികളുടെ ചരിത്രം നോക്കിയാലും ഈ മൂന്ന് സ്വഭാവങ്ങൾ നിരീക്ഷിക്കാനാവും. ഒരിക്കൽ മതങ്ങളും മനുഷ്യരും പരസ്പരം കലർന്ന് ദ്രവരൂപത്തിലായിരുന്നു. ഖരമായി മാറി നിൽക്കുന്ന ഒരു സമൂഹമായി നമ്മൾ മാറിവരികയാണ്.

 കഥയായാലും നോവലായാലും എല്ലാ പ്ലോട്ടുകളും, എല്ലാ ആലോചനകളും ഒടുവിൽ മനുഷ്യനിലേക്കു തന്നെ മടങ്ങിവരുന്നു. സമ്പർക്കക്രാന്തിയിൽ കരംചന്ദ് ഇങ്ങനെ ഓർക്കുന്നു. 'ആകെ നോക്കുമ്പോൾ മനുഷ്യൻ എന്ന വിഡ്ഢി എന്തെല്ലാം വ്യവസ്ഥകളുടെ തടവറകളാണ് സൃഷ്ടിച്ചു വച്ചിരിക്കുന്നത്. രാഷ്ട്രവും അതിലൊന്നാണ്. ഒരിടത്ത് ചെടി പോലെ മുളച്ച് വളർന്ന് പട്ടുപോകേണ്ട ജീവി എന്തെല്ലാം വ്യർത്ഥമായ അന്വേഷണങ്ങളിൽ മുഴുകിക്കിടക്കുന്നു.' നേരത്തേ പറഞ്ഞതു പോലെ മനുഷ്യൻ തന്നെയാണ് അടിസ്ഥാന വിഷയം. അല്ലേ?

മനുഷ്യൻ കേന്ദ്രമായിരിക്കുമ്പോഴും മാറിനിന്ന് മനുഷ്യനെ നോക്കാനുള്ള ശ്രമം കൂടി കരംചന്ദ് നടത്തുന്നുണ്ട്. അയാൾ എൻ്റെ തന്നെ ഒരു പ്രതിനിധിയാണ്. മേൽപ്പറയുന്ന കാര്യം സൂക്ഷ്മമായി പരിശോധിച്ചാൽ അത് മനസ്സിലാവും. മറ്റ് ജീവികളിൽ നിന്നു വ്യത്യസ്തമായി മനുഷ്യൻ സ്വയം സൃഷ്ടിച്ചു വച്ചിരിക്കുന്ന തടവറകളെ കുറിച്ചാണത്. സ്വന്തം സ്വാതന്ത്ര്യത്തിനെതിരെ യുദ്ധം ചെയ്യുന്നതു പോലെ ഒരു ദുരവസ്ഥയുണ്ടോ?

മനുഷ്യൻ കേന്ദ്രമായിരിക്കുന്നത് അത് പകുതിയിലേറെ ഭാവനയിലും ഭാവിഭൂതങ്ങളിലും ജീവിക്കുന്നത് കൊണ്ടാണ്. വലിയ അളവിൽ കഥകൾ സൃഷ്ടിക്കാൻ കഴിവുള്ളതു കൊണ്ടാണ്. ലോകത്തെ സകല ജീവികളെയും കഥാപാത്രങ്ങളാക്കാൻ മനുഷ്യന് മാത്രം സാധിക്കുന്നു.

പലപ്പോഴും ചിന്തിച്ചിട്ടുണ്ട്, മൃഗങ്ങളുടെ കഥയിൽ നമ്മൾ എന്തു വേഷത്തിലായിരിക്കും എന്ന്.

ഫിക്ഷൻ തന്നെയാണ് സ്വന്തം മേഖലയെന്ന് തിരിച്ചറിയുന്നത് ഏതു സന്ദർഭത്തിലാണ്? പിന്നീട് അതിൻ്റെ ഭാഷയിലും ഭാവത്തിലും കാലത്തിലൂടെ സംഭവിച്ച വികാസ പരിണാമത്തെ അഥവാ വളർച്ചയെ എങ്ങനെ നിരീക്ഷിക്കുന്നു?

എനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു. ഫിക്ഷൻ, അസാമാന്യമായ സ്വാതന്ത്ര്യമുള്ള കലയാണ്. ചെറിയ പ്രായത്തിൽ തെന്നിയും തെറിച്ചും ചില കഥകൾ എഴുതിയിട്ടുണ്ട്. അത്ര നല്ലതൊന്നും ആയിരുന്നില്ല അവ. എന്നാലും ഇന്ന് വായിക്കുമ്പോൾ അതിലൊക്കെ ചില സ്പാർക്കുകൾ ഉണ്ടായിരുന്നുവെന്ന് തിരിച്ചറിയാം. ക്രമേണ എഴുത്തും ഭാഷയുമൊക്കെ കൈവിട്ടു പോയി. വായന തന്നെ ഇല്ലാതായി.

2013-14 ലാണ് പിന്നെയും എഴുത്ത് തുടങ്ങുന്നത്. കവിതയും എഴുതിയിട്ടുണ്ട്. മനസ്സിലേക്ക് ഒരാശയം വന്നാൽ, ഒരുപാട് ചിന്തിക്കാതെ തന്നെ അതൊരു ഫിക്ഷൻ്റെ രൂപം കൈക്കൊള്ളുന്നു. ഒരാൾ കിണറ്റിൽ വീണ് മരിക്കുന്നു. ഒരു മിനിക്കഥയ്ക്കു പോലും സാധ്യതയില്ലാത്തിടത്തു നിന്നാണ് 'മധ്യേ' എന്ന കഥ ഉണ്ടാവുന്നത്. ഇതൊക്കെ പിന്നെ ആത്മവിശ്വാസമായി വളർന്നു.

ബുദ്ധപഥം, ചോല, ചൂണ്ട, മധ്യേ, വേടൻ തൊടി, ഡാലിയമ്മൂമ്മയുടെ പുഴ  തുടങ്ങിയ കഥകളിൽ ഭാഷ റിയാലിറ്റിക്കു മുകളിലുള്ള നിലകളിലേക്ക് അനായാസം കയറിപ്പോകുന്നതു കാണാം. ഫാൻ്റസിയെന്ന സങ്കേതം കഥയിൽ എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നുണ്ട്?

കഥയുടെ നില റിയാലിറ്റിക്ക് മുകളിലാണ്. റിയാലിറ്റിയെ പ്രതിഫലിപ്പിക്കുമ്പോഴും അതിന് സത്യത്തോട് യാതൊരു ഉത്തരവാദിത്വവുമില്ല. സത്യത്തിൽ സത്യത്തെക്കാൾ നമുക്കിഷ്ടം സുന്ദരമായ കള്ളങ്ങളാണ്. സത്യം മാത്രം പറയുന്ന/വസ്തുതകൾ കൊണ്ട് വാദിക്കുന്ന ഒരു രാജ്യമുണ്ടെങ്കിൽ അവിടം ലോകത്തെ ഏറ്റവും വിരസമായ പ്രദേശമായിരിക്കും. നമ്മുടെ നീതിന്യായ കോടതികളിൽ ഉത്ഭവിക്കുന്നത്രയും കഥകൾ ലോകത്ത് ഒരിടത്തും ഉണ്ടാവുന്നില്ല. ഇങ്ങനെ ഭാഷ കൊണ്ട് ഭാവനയെ പൊലിപ്പിച്ച് കയറ്റിയാണ് കഥ ഉണ്ടാവുന്നത്. ഭൂമി തൊടാതെ പറക്കുന്ന പക്ഷിയെപ്പോലെയാണ് കഥയിലെ ഭാഷ. അത് ഭൂമിയുടെ ഭാഗമായിരിക്കുമ്പോഴും അതിൽ നിന്നും വിട്ടു സഞ്ചരിക്കുന്നു.

എൻ്റെ കഥകളിലെ ഭാഷ ഉരഗജീവിയല്ല. അത് യാഥാർത്ഥ്യത്തിന് മേലെ പറക്കുന്ന പറവയാണ്. 

പ്രമേയസ്വീകരണത്തിലും സങ്കേതങ്ങളിലും അപൂർവമായ വായനാനുഭവമായിരുന്നു സമ്പർക്കക്രാന്തി. പല സന്ദർഭത്തിലും നോവൽ അലിഗറിയിലേക്കും ഫാൻ്റസിയിലേക്കും വളരുന്നുണ്ട്. ഇന്ത്യയുടെ ചരിത്രവും രാഷ്ട്രീയവുമൊക്കെ സമകാലികസന്ദർഭത്തിൽ ചർച്ച ചെയ്ത ഈ ഭാരതപര്യടനത്തിന് അതർഹിക്കുന്ന വായന ലഭിച്ചുവോ? ഈ രചനയെപ്പറ്റി വായനക്കാരോട് സവിശേഷമായി എന്തെങ്കിലും പറയാനുണ്ടോ?

കഥകളിലും മിത്തുകളിലും ജീവിക്കുന്ന ഒരു സമൂഹമാണ് ഇന്ത്യക്കാർ. എക്കാലത്തെയും രാഷ്ട്രീയവും സംസ്കാരവുമെല്ലാം ആ കെട്ടുകഥകളോട് പിണഞ്ഞു കിടക്കുകയാണ്. നേർബുദ്ധിക്ക് പറഞ്ഞാൽ രസിക്കാത്ത ഒരു സമൂഹമാണ്. അതിന് മനസ്സിലാകുന്ന ഭാഷ അലിഗറിയും ഫാൻ്റസിയും ഒക്കെയാണ്.

സമ്പർക്ക ക്രാന്തി ഇന്ത്യയാണ്. അതിൻ്റെ ഘടനയിൽ യഥാർത്ഥ്യവും ഭാവനയും ഇഴപിരിഞ്ഞ് സഞ്ചരിക്കുന്നു. കരംചന്ദ് യാഥാർത്ഥ്യവും ചരിത്രമില്ലാത്ത കുട്ടി അയാളുടെ ഭാവനയും ആണ്. സമകാലികരാഷ്ട്രീയ സ്വഭാവത്തിലേക്ക് ഈ ജനത എത്തിച്ചേർന്നത് എങ്ങനെ? മനുഷ്യ സ്വഭാവത്തിൽ നിന്നു വിട്ടു പോകാത്ത മൃഗശീലങ്ങൾ എങ്ങനെ രാഷ്ട്രീയരൂപങ്ങളെ സഹായിക്കുന്നു? അധികാരം, വിധേയത്വം, അക്രമം, ഇതിനൊക്കെ കാരണമായതെന്ത്? ചരിത്രം എങ്ങനെ പ്രതികാരം നടപ്പിലാക്കുന്നു? ഇത്തരം ചില ചിന്തകളാണ് നോവലിൻ്റെ അന്തർധാരയായി കിടക്കുന്നത്.

ഈ നോവൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടുവോ എന്നതിൻ്റെ ഉത്തരം താങ്കളുടെ ചോദ്യം തന്നെയാണ്. സാഹിത്യത്തിൻ്റെ ഉയർന്ന രൂപം എന്ന നിലയിൽ, നോവലുകൾക്ക് ദീർഘജീവിതം ഉണ്ടെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ താൽപര്യമുള്ള മനുഷ്യർ അത് വായിച്ചുകൊള്ളും എന്നാണ് പ്രതീക്ഷ. സമ്പർക്കക്രാന്തി ഇന്നത്തെ ഇന്ത്യയുടെ ഒരു മിറർ ഇമേജാണ്. നാളെ ഇന്ത്യയെ അന്വഷിച്ചിറങ്ങുന്നവർക്കു മുന്നിൽ അത് വഴിതുറന്നു കിടക്കും.

ആദിവാസികളുടെ ജീവിതവും അതിലടങ്ങിയ സമസ്യകളും താങ്കളുടെ ഇഷ്ടവിഷയമാണ്. ചോല, വേടൻതൊടി, അഭീ കിത്നാ ദൂർ ഹെ തുടങ്ങിയ പല കഥകളിലും ആ പ്ലോട്ട് ആവർത്തിക്കുന്നുണ്ട്.

ഈ താൽപര്യത്തിൻ്റെ സന്ദർഭവും ആശയവും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. ഒപ്പം ആദിവാസിക്ഷേമം എന്ന സമസ്യയുടെ കുരുക്കഴിക്കാൻ താത്വികമല്ലാത്ത എന്തെങ്കിലും നിർദ്ദേശമുണ്ടോ?

നെടുമങ്ങാട് താലൂക്ക് കാണിക്കാരുടെ പ്രധാന കേന്ദ്രമാണ്. അവരുടെ സംസ്കാരവും ഭാഷയും ആചാരങ്ങളും പല വിധത്തിൽ ഈ നാടിനെ സ്വാധീനിച്ചിട്ടുണ്ട്. ചെറിയ പ്രായത്തിൽത്തന്നെ ഇവരുമായി ഇടപെടാൻ കഴിഞ്ഞു. ഇവിടെ സജീവമായി നിലനിന്ന ഒരു ഗോത്രസമൂഹമാണ് വേടർ. വളരെ വ്യത്യസ്തമായ ഭാഷയും ആഹാരവും സംസ്കാരവും പുലർത്തുന്ന ജനത.

ഇരിഞ്ചയം സെബാസ്റ്റ്യൻ സാറിലൂടെയാണ് കാണിക്കാരുടെ ജീവിതം അടുത്തറിഞ്ഞത്. അകാലത്തിൽ മരിച്ച അദ്ദേഹം അവരുടെ നിരവധി പാട്ടുകളും കഥകളും സമാഹരിച്ചു. എന്നാൽ, അത്രതന്നെ പ്രാചീനരും ഏറെക്കുറെ ജിപ്സി ജീവിതം നയിക്കുന്നവരുമായ വേടർ സമുദായത്തെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. വേടൻ തൊടി, കാലുകൾ എന്നീ കഥകൾ അവരുടേതാണ്.

വേടർ സമുദായത്തിൽ നിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ സരിതയെ ഈയിടെയാണ് പരിചയപ്പെട്ടത്. പുറത്ത് കേൾക്കുന്നതിനെക്കാൾ താളാത്മകവും ഗൂഢവുമായ ഭാഷ കൈവശമുള്ള സമൂഹമാണ് വേടർ എന്ന് ക്രമേണ മനസ്സിലായി. ഇവരെ മുഖ്യധാരാസാഹിത്യത്തിൽ അടയാളപ്പെടുത്തേണ്ട ചുമതല എനിക്കുണ്ട് എന്നാണ് എൻ്റെ വിശ്വാസം.

ഗോത്രസമൂഹങ്ങളെ പൊതുജീവിതത്തിലേക്ക് എത്താൻ സഹായിക്കുക. വിദ്യാഭ്യാസം നൽകുക. പ്രാഥമികവിദ്യാഭ്യാസം ഗോത്രഭാഷകളിലും തുടർപഠനം മാനകഭാഷകളിലും (മലയാളം/ ഇംഗ്ലീഷ് നൽകുക. സംസ്കാരം, അതുമായി ബന്ധപ്പെട്ട ഉത്സവങ്ങൾ തുടങ്ങിയവ സംരക്ഷിക്കുക. ആധുനിക ജീവനോപാധികൾ പരിചയപ്പെടുത്തുക. ഗോത്രഭാഷാ നിഘണ്ടു തയ്യാറാക്കുക. പാട്ടുകളും കഥകളും ശേഖരിക്കുക. ജൈവവൈവിധ്യ സംബന്ധമായതും മറ്റും നാട്ടറിവുകൾ സമാഹരിക്കുക.
ആത്യന്തികമായി, അവർ കാഴ്ചവസ്തുവല്ല എന്ന തിരിച്ചറിവ് പൊതുസമൂഹം ആർജ്ജിക്കേണ്ടതുണ്ട്.

കാൽപ്പനികരായ ചില ഗവേഷകർ അവകാശപ്പെടുന്നത്, അവർ അക്രമം നടത്താത്ത ശാന്തശീലരാണ് എന്നാണ്. മനുഷ്യൻ എന്ന നിലയിൽ നിന്ന് അവരെ ഡീഗ്രേഡ് ചെയ്യുന്ന ഒരഭിപ്രായമാണത്. പൊതുസമൂഹത്തിലെ മനുഷ്യരുടേതായ ഗുണദോഷങ്ങളൊക്കെ അവരിലും ഉണ്ട്. കഥകളുടെ മഹാഖനികളാണ് ഗോത്രമനുഷ്യർ. കഥകളാണ് എന്നെ അവരിലേക്ക് ആകർഷിക്കുന്നത്.

പിന്നിൽ നിന്ന് ആരോ കൈ പിടിച്ച് എഴുതിക്കുന്നതു പോലെ ദുരൂഹവും വിസ്മയകരവുമാണ് ചില കഥകൾ. നരോദപാട്യയിൽ നിന്നുള്ള ബസ് പോലെ ചിലപ്പോൾ ദുസ്വപ്നവും ചോല പോലെ ചിലപ്പോൾ ഭ്രമാത്മകവും ഗരിസപ്പ പോലെ ചിലപ്പോൾ ദാർശനികവുമാകുന്നുണ്ട്.

അദൃശ്യനായ ഈ മോട്ടിവേറ്റർ ആരാണ്?

Intuition എന്ന ഒരു പ്രതിഭാസം ഉണ്ടല്ലോ. ആ പ്രേരണയുള്ളപ്പോൾ എഴുതുക എന്നതാണ്. അതിനെ കുറിച്ച് മാർക്വസ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ആ മാനസികാവസ്ഥയിൽ എഴുതാൻ തുടങ്ങിയാൽ എഴുത്ത് ഏറ്റവും അനായാസമായ ഒരു പ്രക്രിയയാണ്. രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ടാണ് മിക്ക കഥകളും എഴുതിയിട്ടുള്ളത്. ചില്ലറ എഡിറ്റിംഗുകളേ നടത്താറുള്ളു. നമ്മുടെ അതുവരെയുള്ള അനുഭവം, വായന, ചിന്താ/ഭാവനാശേഷി തുടങ്ങിയവയിൽ intuition പ്രവർത്തിക്കുമ്പോൾ കഥ താനേ ഉണ്ടാവുന്നു.

ഇതുവരെയുള്ള രാഷ്ട്രീയ നിരീക്ഷണങ്ങൾ ഭാവിയിലേക്ക് വലിച്ചുനീട്ടിയപ്പോൾ നരോദപാട്യ ഉണ്ടായി. എൻ്റെ ആദ്യകാല കഥയാണ്. മിക്ക വാരികകളും പരിഗണിച്ചില്ല. ജനയുഗം വാരാന്തത്തിലാണ് അത് വരുന്നത്. ഗുജറാത്ത് കൂട്ടക്കൊല പശ്ചാത്തലമായി മലയാളത്തിൽ എത്ര കഥകൾ ഉണ്ടായിട്ടുണ്ട് എന്നോർക്കണം. എന്നിട്ടും ആ കഥ കാര്യമായി പരിഗണിക്കപ്പെട്ടില്ല.

ചോല എതിർപക്ഷത്തു നിന്നുള്ള കാഴ്ചയാണ്. അത് കാര്യമായി വായിക്കപ്പെട്ടു. എഴുതി ഫലിപ്പിക്കാൻ ഏറ്റവും ദുഷ്കരമായത് സറ്റയർ ആണ്. അത് മനസ്സിലാകാതെ വിമർശിച്ചവരും ഉണ്ട്.

ഗരിസപ്പ നീണ്ട കാലത്തെ മനനപ്രക്രിയയിൽ നിന്ന് ഉണ്ടായതാണ്. അതെഴുതിത്തീർന്നപ്പോൾ എഴുത്തിൻ്റെ മൂർച്ഛ അനുഭവിക്കുകയും കരയുകയും ചെയ്തു.

പൊതുവിൽ ലെഫ്റ്റ് ലിബറൽ സ്വഭാവമുള്ള, എന്നാൽ ഏറെക്കുറെ വിശാലമായ ഒരു ചരിത്രസമീപനം അഥവാ രാഷ്ട്രീയനിലപാട് പല കഥകളിലും നോവലിലും കാണാം.

ഫിക്ഷനിലൂടെ രാഷ്ടീയ നിലപാടുകൾ അവതരിപ്പിക്കുന്നതിലെ വെല്ലുവിളികൾ എന്തൊക്കെയാണ്?

രാഷ്ട്രീയം എന്നാൽ കക്ഷിരാഷ്ട്രീയം എന്നാണ് ഇവിടെ പൊതുവിൽ ആരോപിക്കപ്പെടുന്നത്. പെട്ടെന്ന്, നിങ്ങളെ ഏതെങ്കിലും രാഷ്ട്രീയകക്ഷിയുടെ ചുവട്ടിൽ കൊണ്ടുപോയി കെട്ടിക്കളയും. ദൈനംദിന/വ്യവഹാര രാഷ്ട്രീയത്തിൽ താൽപര്യമില്ലാത്ത ഒരാളാണ് ഞാൻ. അത്തരം വാർത്തകൾ ശ്രദ്ധയിൽ പോലും വരാറില്ല. വിശാലമായ അർത്ഥത്തിൽ ഇന്ത്യയിലെ രാഷ്ട്രീയം, അതിൻ്റെ സഞ്ചാരം, പരിണാമം ഒക്കെ നിരീക്ഷിക്കും.

ഇടതുപക്ഷത്തു നിന്നാണ് ആ നോട്ടം രൂപപ്പെട്ടിട്ടുള്ളത്. മതേതരമായ ഒരു കാഴ്ചപ്പാടിലാണ് അടിയുറപ്പ്. ഫിക്ഷനിൽ കൃത്യമായ നിലപാട് പ്രകടിപ്പിക്കാറുണ്ട്. എന്നാലും വിധി പ്രസ്താവിക്കാറില്ല. മിക്കപ്പോഴും നിർമ്മമനായ ഒരു നിരീക്ഷകൻ്റെ റോൾ ആണ് ഏറ്റെടുക്കുന്നത്.

വിമർശനങ്ങൾ പലതരത്തിലുണ്ട്. ചിലവ നമ്മുടെ കണ്ണ് തുറപ്പിക്കും. ചിലത് ദുഷ്ടലാക്കോടെ പറയുന്നതാണ്. അതൊക്കെ പെട്ടെന്ന് മനസ്സിലാവും. അതുപോലെ തന്നെ സ്തുതികളും. നമുക്ക് തന്നെ മികച്ചതല്ലെന്ന് ബോധ്യമുള്ള ചില കഥകളെ ചിലർ പൊക്കിയടിക്കുന്നത് കേട്ട് ചിരിച്ചിട്ടുണ്ട്. ദുർബുദ്ധിയോടെ അങ്ങനെ ചെയ്യുന്നവരുണ്ട്. നിന്ദാസ്തുതിക്കാരുണ്ട്. ഇതൊക്കെ പെട്ടെന്ന് മനസ്സിലാവും.
വി. ഷിനിലാൽ

വായനക്കാരെക്കുറിച്ചാണ് അടുത്ത ചോദ്യം. രചനയെ കുറിച്ചുള്ള അഭിപ്രായങ്ങൾ, വിമർശനങ്ങൾ സ്വാധീനിക്കാറുണ്ടോ? വായനക്കാരൻ്റെ/നിരൂപകൻ്റെ ഭാഗത്തു നിന്നുള്ള അംഗീകാരത്തെക്കുറിച്ച് എത്രത്തോളം concerned ആണ്?

വലിയ സ്വാധീനം ഉണ്ടാക്കാറില്ല എന്നതാണ് വാസ്തവം. കാരണം, മൂന്ന് പേർ എൻ്റെ എഴുത്തിനെക്കുറിച്ച് പറഞ്ഞ അഭിപ്രായങ്ങൾ നോക്കൂ:

ഒന്ന്: ഷിനി നോവൽ എഴുതിയാൽ മതി. കഥ തനിക്ക് പറ്റില്ല. രണ്ട്: കഥയാണ് മാഷേ, നിങ്ങടെ ശക്തി. നോവൽ വിട്ടുകള. മൂന്ന്: ഇതുപോലുള്ള മിനിക്കഥകൾ എഴുതൂ. അത് മറ്റാർക്കും പറ്റില്ല.  മൂന്ന് പേരും നല്ല വായനക്കാരാണ്. പ്രമുഖരാണ്. ഇവരുടെ അഭിപ്രായം കേട്ടിരുന്നെങ്കിൽ എന്താകുമായിരുന്നു എൻ്റെ അവസ്ഥ!

വിമർശനങ്ങൾ പലതരത്തിലുണ്ട്. ചിലവ നമ്മുടെ കണ്ണ് തുറപ്പിക്കും. ചിലത് ദുഷ്ടലാക്കോടെ പറയുന്നതാണ്. അതൊക്കെ പെട്ടെന്ന് മനസ്സിലാവും. അതുപോലെ തന്നെ സ്തുതികളും. നമുക്ക് തന്നെ മികച്ചതല്ലെന്ന് ബോധ്യമുള്ള ചില കഥകളെ ചിലർ പൊക്കിയടിക്കുന്നത് കേട്ട് ചിരിച്ചിട്ടുണ്ട്. ദുർബുദ്ധിയോടെ അങ്ങനെ ചെയ്യുന്നവരുണ്ട്. നിന്ദാസ്തുതിക്കാരുണ്ട്. ഇതൊക്കെ പെട്ടെന്ന് മനസ്സിലാവും.

ഇതിനിടയിൽ വളരെ ജെനുവിനായി കഥ വായിച്ച് അഭിപ്രായം പറയുന്ന മനുഷ്യരുണ്ട്. എഴുത്തിന് പരിമിതികൾ ഉള്ളതുപോലെ വായനയ്ക്കുമുണ്ട് എന്ന് തിരിച്ചറിഞ്ഞാൽ ഇതൊന്നും ഒരു പ്രശ്നമല്ല.

 എഴുത്തുകാരന് ഏറ്റവുമിഷ്ടപ്പെട്ട സ്വന്തം കഥ അഥവാ നോവൽ അങ്ങനെയൊന്നുണ്ടോ? ഉണ്ടെങ്കിൽ ആ സൃഷ്ടിയെപ്പറ്റി പറയാമോ?

ഓരോ കഥയും അതാത് മാനസികാവസ്ഥകളുടെ സൃഷ്ടിയാണ്. മിക്ക കഥകളും ഇഷ്ടമാണ്. എഴുത്തിൻ്റെ തുടക്കത്തിൽ ഉപരിപ്ലവമായ വിഷയങ്ങളാണ് എടുത്തിരുന്നത്. സ്വയം റിവ്യൂ ചെയ്യുമ്പോൾ ചില കഥകൾ വേണ്ടായിരുന്നു എന്നു തന്നെ തോന്നിയിട്ടുണ്ട്.

മധ്യേ, ഗരിസപ്പ എന്നീ കഥകൾ വളരെ ഇഷ്ടമാണ്. ഇപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന നോവൽ ഇരു ഏറ്റവും വലിയ അനുഭവങ്ങൾ തന്നുകൊണ്ടിരിക്കുന്നു.

ഭാവുകത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാലസംബന്ധിയായ തരംതിരിക്കലുകൾ മാറ്റിനിർത്തിയാൽ ഏറെക്കുറെ സമ്പന്നമായ ഒരു കഥനപാരമ്പര്യമാണല്ലോ മലയാള ഭാഷയുടേത്.

പുതിയ കാലത്തിൻ്റെ പ്രതിനിധിയായി തിരിഞ്ഞു നോക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ തെളിയുന്ന മികച്ച  വ്യക്തിത്വങ്ങൾ ആരൊക്കെയാണ്? അവർ സ്വന്തം കഥയുടെ ഭാഷയിലോ ദർശനത്തിലോ സവിശേഷമായ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ?

സി.വി.രാമൻപിള്ള, തകഴി, ബഷീർ ആനന്ദ്, വിജയൻ ഈ മനുഷ്യർ സ്വാധീനിച്ചിട്ടുണ്ട്. 'വലിയ' സാഹിത്യം സൃഷ്ടിക്കണം എന്ന പ്രേരണ അവർ തന്നിട്ടുണ്ട്.

സുകുമാരൻ, സക്കറിയ, വിക്ടർ ലീനസ്, സുഭാഷ് ചന്ദ്രൻ ,ഹരീഷ്, ഇ. സന്തോഷ് കുമാർ തുടങ്ങിയവരുടെയും സ്വാധീനം പലപ്പോഴും ഉണ്ടായിരുന്നു. ബോധ്യമുള്ള സ്വാധീനങ്ങളെ അതിജീവിക്കാൻ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ അതിജീവിക്കേണ്ട കാര്യമൊന്നുമില്ല. സാഹിത്യം ഒരു തുടർപ്രക്രിയയാണ്. ചിന്തയിൽ ആനന്ദ്, ബൃഹത്തായ കാലപരിധികളെ ഭയപ്പെടാതിരിക്കാൻ തകഴി, ചരിഞ്ഞ നോട്ടത്തിൽ സക്കറിയ, ഇതൊക്കെ ഒറ്റനോട്ടത്തിൽ പറയാവുന്ന സ്വാധീനങ്ങളാണ്.

കാക്കാലസദ്യ പോലുള്ള പല കഥകളിലും നാട്ടുഭാഷയുടെ ചന്തവും താളവും തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളഭാഷയുടെ വൈവിധ്യവും പ്രാദേശികഭേദങ്ങളും ആവിഷ്കരിക്കുന്നതിൽ വലിയ ആവേശമുണ്ടോ?

ഭാഷയുടെ ചന്തം കിടക്കുന്നത് വാമൊഴിയിലാണ്. മനുഷ്യർ പരസ്പരം ഇടപെടുമ്പോൾ, സ്നേഹിക്കുമ്പോൾ, ശണ്ഠ കൂടുമ്പോൾ ഒക്കെ അത് പ്രത്യേക താളഭാവങ്ങളോടെ പൊളിച്ചിറങ്ങും. മാനകഭാഷ അച്ചടിയുടെ സൃഷ്ടിയാണ്. അത് കൃത്രിമമായി ഉണ്ടാക്കിയതാണ്. മനുഷ്യസൃഷ്ടിയാണ്. മറ്റേത് സംസ്കാരവും ജീവിതവും ചേർന്നപ്പോൾ സ്വയം ഉണ്ടായതാണ്.

ഫിക്ഷൻ എന്നാൽ, ഭാഷയുടെ മ്യൂസിയം കൂടിയാണ്. എഴുത്തുകാർ സ്വയമറിയാതെ അവിടെ വാക്കുകൾ പ്രദർശനത്തിന് വെയ്ക്കും. വാക്കുകൾക്ക് കാലാന്തരത്തിൽ അർത്ഥവ്യത്യാസം വരും. സി.വിയുടെ കാലത്ത്, ഒരാൾ ശാസ്ത്രമറിയുന്നവനാണ് എന്നു പറഞ്ഞാൽ അതിനർത്ഥം അയാൾക്ക് ജ്യോതിഷം, ഗൗളിശാസ്ത്രം തുടങ്ങിയ സംഗതികൾ അറിയാം എന്നാണ്.

ജീവിതപരിസരം മാറുമ്പോൾ അനവധി വാക്കുകൾ പൊതു വ്യവഹാരത്തിൽ നിന്ന് അപ്രത്യക്ഷമാവും. വീടുകളുടെ മേൽക്കൂര ഓല മേഞ്ഞിരുന്ന കാലത്ത് - തുമ്പോല, അമ്പോല, പഴയോല, ഇറമ്പ്, തൂമ്പ്, വാരി എന്നിങ്ങനെ എന്തുമാത്രം നാമപദങ്ങൾ തന്നെ ഉണ്ടായിരുന്നു. വീടുകളുടെ രൂപം മാറിയപ്പോൾ, ഒറ്റയടിക്ക് ആ വാക്കുകളും അപ്രത്യക്ഷമായി. എഴുത്തിൽ ഇത്തരം വാക്കുകൾ മനപ്പൂർവം തന്നെ ഉപയോഗിക്കാറുണ്ട്. അത് ഉത്തരവാദിത്തമാണ് എന്നും വിശ്വസിക്കുന്നു.

കാക്കാലസദ്യ എന്ന കഥയിൽ വെറും പ്രാദേശിക ഭാഷ മാത്രമല്ല ഉപയോഗിച്ചിട്ടുള്ളത്. ആ കഥയുടെ ആന്തരതാളമായി കാക്കാരിശ്ശി നാടകം കാണാം. ഇപ്രകാരം ഓരോ ദേശഭാഷയ്ക്കും അതിൻ്റേതായ താളം കൂടി ഉണ്ട്. ഭാഷയുടെ ഉപാസകൻ എന്ന നിലയിൽ ഇക്കാര്യം ഗൗരവമായി സമീപിക്കാറുണ്ട്.

രാക്ഷസകാണ്ഡം എന്ന കഥയിലെ ഭാഷയും പാത്രസൃഷ്ടിയും  അന്യാദൃശമായിരുന്നു. അതിലെ സീതയുടെ നിർമ്മിതി ഏറ്റവും പുതിയ തലമുറയിലെ പെൺകുട്ടികളെപ്പോലും ആകർഷിച്ചിട്ടുണ്ട്.

ആ രചനയെ എങ്ങനെ വീക്ഷിക്കുന്നു എന്നറിയാനുള്ള കൗതുകമുണ്ട്.

പത്തുവർഷം മുമ്പാണ് രാവണൻ ഈ രൂപത്തിൽ മനസ്സിൽ കയറുന്നത്. തഞ്ചാവൂർ ക്ഷേത്രത്തിലെ നൃത്തമണ്ഡപത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തത്തിൽ കരകാട്ടം കാട്ടി, തുടകളിലടിച്ച് നടനമാടി വരുന്ന രാവണനെ കണ്ടു. മലയാളഭാഷ കൊണ്ട് അയാൾക്ക് കൊടുത്ത ആദരവാണ് രാക്ഷസകാണ്ഡം.

സീതാസ്വയംവരത്തിന് രാവണനും പോയിരുന്നു. രാവണനായിരുന്നു വില്ലെടുത്ത് കുലച്ചതെങ്കിൽ മറ്റൊന്നാകുമായിരുന്നു രാമായണ കഥ. നോക്കൂ, എന്ത് ദുരന്തമാണ് സീതയുടെ ജീവിതം. ഇക്കാലത്തെ ഏതെങ്കിലും സ്ത്രീ ആ കഥയിൽ തുടരാൻ ആഗ്രഹിക്കുമോ? അങ്ങനെയാണ് സീതയെ - പകിടച്ചൂത് പോലെ മുലയുള്ള സുന്ദരിയെ - ഞാൻ രാമായണത്തിൽ നിന്നു രക്ഷപ്പെടുത്തിയത്.

മറ്റൊരു കാര്യം ശ്രദ്ധിക്കാതെ പോകരുത്. യുദ്ധത്തിൽ മാത്രമേ രാവണൻ ആളുകളെ കൊന്നിട്ടുള്ളു. അയാളുടെ പേർ ഉപയോഗിച്ചു കൊണ്ട് ആരും ആരെയും കൊല്ലുന്നില്ല. അയാളുടെ പേരിൽ രാഷ്ട്രീയപാർട്ടിയും ഇല്ല.

നേർബുദ്ധിയുള്ള രാക്ഷസനൊപ്പം സീത സുഖമായി കഴിയുകയാണ് ഇപ്പോൾ.

മൂന്നു വർഷം മുൻപെഴുതിയ സ്പർശം എന്ന കഥ ഉള്ളടക്കത്തിലും സമീപനത്തിലും വ്യതിരിക്തമായി നിൽക്കുന്ന ഒന്നാണ്. ഭാഷയിലും ഭാവത്തിലും തികച്ചും വ്യത്യസ്തം. ഒടുവിൽ, 'സ്പർശമേൽക്കാത്ത ഉടൽ
ഒരനാഥദ്വീപാ'ണെന്നു കണ്ടെത്തുന്നുമുണ്ട്.

സമൂഹം എന്ന തലത്തിൽ നിന്ന് വ്യക്തിയിലേക്കും ശരീരത്തിലേക്കുമുള്ള മടക്കത്തിൻ്റെ സൂചനകൾ സ്പർശം, ചുംബനം, രണ്ട് മരങ്ങൾ, നഗ്നം തുടങ്ങിയ കഥകളിൽ കാണാം. പൊതുവിൽ ഉടലിനുള്ള കാവ്യാത്മകമായ ഒരു ആദരമായി, ശരീരത്തിൻ്റെ രാഷ്ട്രീയമായി
ഈ കഥകളെ വായിക്കാമോ?

ആത്യന്തികമായി മനുഷ്യൻ വ്യക്തിയാണ്. വ്യക്തിയെ ആണ് തൊടാനാവുന്നത്. സ്പർശം ചേരുമ്പോഴാണ് ബന്ധം ഏറ്റവും ഉദാത്തമായി മാറുന്നത്. സ്പർശത്തിൻ്റെ പാരമ്യം ലൈംഗികതയാണ്. ലൈംഗികത ദൈവത്തിൻ്റെ ഏറ്റവും മഹത്തായ അനുഗ്രഹമാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറയുന്ന ഇൻ്റർവ്യൂ ഇന്ന് വായിച്ചതേയുള്ളു.

ശരീരത്തിന് പദവി കൂടിയുണ്ട്. ജാതി, സമ്പത്ത്, മതം, നിറം, വംശം ഒക്കെ ചേർന്നാണ് ഒരു പൊളിറ്റിക്കൽ ബോഡി ഉണ്ടാവുന്നത്. ഇങ്ങനെ ശരീരത്തെ പ്രതി ചില ധാരണകൾ ഉണ്ട്. ഉടൽഭൗതികം മുതലുള്ള എഴുത്തുകളിൽ പല രൂപത്തിൽ അത് പ്രകടിപ്പിച്ച് പോരുന്നു.

മനുഷ്യൻ്റെ ആധിവ്യാധികൾ ഏറെയും ശരീരവുമായി ബന്ധപ്പെട്ടാണ്.

മിക്ക രചനകളിലും ആവർത്തിച്ച് ഉപയോഗിക്കുന്ന സങ്കേതമാണ് സറ്റയർ. ഉദാഹരണങ്ങൾ നിരവധി. ആക്ഷേപഹാസ്യത്തിലൂടെയുള്ള സാമൂഹ്യവിമർശനം കൂടുതൽ ഫലപ്രദമാണെന്നു കരുതുന്നുണ്ടോ?

വിഷയത്തിന് ചേരുന്ന ഒരു സങ്കേതം മനസ്സിൽ തോന്നുന്നു. ഉദാഹരണത്തിന് ചോല ഒരാദിവാസിയുടെ കാഴ്ചയിലാണ് അവതരിപ്പിച്ചിരുന്നതെങ്കിൽ അതൊരു വൈകാരിക പ്രമാണമാകുമായിരുന്നു. ആഖ്യാതാവ് മാറി. കാഴ്ചയും സങ്കേതവും ഒക്കെ മാറി.

ചില വിഷയങ്ങൾ വായനക്കാരിൽ ചുറ്റികയടി പോലെ ഫലിപ്പിക്കാൻ സറ്റയർ നല്ലതാണ്. അത് പാളിപ്പോകാനുള്ള സാധ്യത കൂടുതലാണെങ്കിലും.

അടുത്ത കാലത്തെഴുതിയ ബുദ്ധപഥം, വേടൻ തൊടി
മധ്യേ, സ്പർശം, ഗരിസപ്പ, ചോല എന്നീ കഥകളെപ്പറ്റി ഒരു എഫ്ബി പോസ്റ്റ് കണ്ടിരുന്നു.

എഴുതിയ കാലത്തിലെ യാദൃച്ഛികത മാറ്റിനിർത്തിയാൽ ഇവ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ല. ഇതൊക്കെ വ്യത്യസ്ത വിഷയങ്ങൾ വ്യത്യസ്ത രീതിയിൽ കൈകാര്യം ചെയ്യുന്നു എന്നും വ്യത്യസ്തമായ ക്രാഫ്റ്റും ഭാഷയും ഉപയോഗിച്ചിട്ടുണ്ട് എന്നുമാണ് വിശ്വാസം.

ഇവ തമ്മിൽ ആശയതലത്തിൽ സാമ്യങ്ങളുണ്ടാവാം. എഴുത്തുകാരൻ എന്ന നിലയിൽ അതിനപ്പുറമൊന്നും ചിന്തിക്കേണ്ടതില്ല എന്ന് കരുതുന്നു

കൃതിയോടൊപ്പം സഞ്ചരിച്ച് അതിനെ നിരുപാധികമായി വ്യാഖ്യാനിക്കുന്നതാണ് വിമർശനം എന്ന് ലീലാവതി ടീച്ചർ പറയുകയുണ്ടായി. മാനസസഞ്ചാരം എന്ന വാക്കാണ് ടീച്ചർ ഉപയോഗിച്ചത്. സോഷ്യൽ മീഡിയക്കാലത്തെ നിരൂപണത്തിന് ഈയൊരു ഗുണനിലവാരം നിലനിർത്താൻ കഴിയുന്നുണ്ടോ? എന്തു തോന്നുന്നു?

സോഷ്യൽ മീഡിയ, നിരൂപണത്തെ ഒരുതരം ജനാധിപത്യത്തിന് വിധേയമാക്കിയിട്ടുണ്ട്. ജനാധിപത്യത്തിന് എന്തെല്ലാം ഗുണദോഷങ്ങളുണ്ടോ, അതെല്ലാം ഈയിടത്തിലെ നിരൂപണത്തിനും ഉണ്ട്. കൃതികളെ വ്യക്തിബന്ധത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് മിക്കപ്പോഴും സമീപിക്കുന്നത്.

2016-നു ശേഷം ഇതുവരെയുള്ള എഴുത്തിൽ കൃത്യമായ തുടർച്ച കാണാൻ കഴിയുന്നുണ്ട്. 2022 വരെയുള്ള ഓരോ വർഷവും പുസ്തകങ്ങൾ ഇറങ്ങി. ഇപ്പോൾ പുതിയ നോവലിൻ്റെ രചനയിലുമാണ്. ഏതെങ്കിലും തരത്തിലുള്ള ഒരു ആസൂത്രണം എഴുത്തിനു പിന്നിലുണ്ടോ?

ഈ വർഷം ഇറങ്ങാൻ പോകുന്ന സമാഹാരത്തിൻ്റെ പേര് ചോല എന്നു തന്നെ ആയിരിക്കുമെന്നു കരുതട്ടെ?

എഴുത്തിൽ പ്രൊഫഷണലിസം സൂക്ഷിക്കാൻ ശ്രമിക്കുന്നുണ്ട്. അച്ചടക്കവും സത്യസന്ധതയും. ഒരു പ്ലാൻ മനസ്സിൽ ഉണ്ടാവും. അത് നടപ്പിലാക്കാനുള്ള ആന്തരികമായ വെപ്രാളം ഉണ്ടാവും. ഇത് നിത്യജീവിതത്തെ ആന്തരികമായും ബാഹ്യമായും തിരക്ക് പിടിപ്പിച്ചിരിക്കും. ഒക്കെയാണെങ്കിലും ഞെക്കിപ്പിഴിഞ്ഞ് ഒന്നും എഴുതാറില്ല. മനസ്സിൽ ഒരു നോവൽ എപ്പോഴും ഉണ്ടാവും. സദാ അതിൻ്റെ രചനയിലായിരിക്കും.

ചോല എന്ന സമാഹാരം ഈ വർഷം ഉണ്ടാവില്ല. നോവൽ വരും. ഇപ്പോൾ, എഴുതുന്നത് പ്രസിദ്ധീകരിക്കാൻ ആളുണ്ട്. നാളെ ഒരു കാലത്ത് തിരസ്കരിച്ചു തുടങ്ങിക്കൂടെന്നുമില്ല. ഇതിനേക്കാൾ വീരന്മാർ എഴുതിയെഴുതി നമ്മളെ മടുപ്പിച്ച ചരിത്രമുണ്ടല്ലോ.

ഗരിസപ്പ എന്ന പുതിയ  സമാഹാരത്തിൻ്റെ ആമുഖത്തിൽ ഒരു ചോദ്യമുണ്ട്. മരം സ്വാഭാവികമായി എത്തുന്ന ആ അവസ്ഥയ്ക്ക് എന്തു നിർവചനമാണുള്ളത്?' എന്ന്.

കാലത്തിലൂടെ സഞ്ചരിച്ച് എഴുത്തുകാരൻ എത്തിച്ചേർന്ന അവസ്ഥ തന്നെയാണോ അത്?

ഒരു ദീർഘസഞ്ചാരിയുടെ വർത്തമാനമാണ് നിങ്ങൾ കാണുന്നത്. അന്ത്യമറിയാത്ത പാതയിൽ അയാളിപ്പോൾ ഇവിടെ നിൽക്കുന്നു. ഇവിടെ നിന്നുകൊണ്ട് എന്തെല്ലാമോ വിളിച്ചുകൂവുന്നു. അയാൾ പിന്നെയും സഞ്ചരിക്കുന്നു. ഇന്ന് പറഞ്ഞതിൻ്റെ തുടർച്ച പറയുന്നു. ചിലപ്പോൾ തികച്ചും വിരുദ്ധമായവ പറയുന്നു.

ചലനമാണ് അയാളുടെ സ്വത്വം. ഉൾച്ചലനം നിലയ്ക്കുമ്പോൾ അയാളുടെ സർഗാത്മകതയും നിലയ്ക്കുന്നു. എന്നാൽ, അപ്പോഴേക്കും അയാൾ ആയിരമായി പുനർജനിച്ചിട്ടുണ്ടാവും.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT