literature

രുചിരതികൾ

ഭക്ഷണവും രതിയും, രണ്ടും ഒരേ സമയം ജൈവീകമായ പ്രാഥമികാവശ്യങ്ങളായിരിക്കുമ്പോള്‍ തന്നെ രണ്ടും മനുഷ്യനിലെ ആനന്ദാന്വേഷണത്തിന്റെ, ഭാവനയുടെ, സര്‍ഗാത്മകതയുടെ വിളനിലങ്ങളില്‍പ്പെട്ട് ഫോര്‍ഗ്രൗണ്ടില്‍ ഏറ്റവും വലിയ ആഹ്ലാദമായും ബാക്ക് ഗ്രൗണ്ടില്‍ ഏറ്റവും വലിയ ആസക്തിയായും മാറിയിരിക്കുന്നു.

എഴുത്തുകാരനും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ ടി.അരുണ്‍കുമാര്‍ എഴുതിയത്‌

ആഹാരം അടിസ്ഥാനപരമായി മനുഷ്യനില്‍ ഇന്ധനത്തിന്റെ ധര്‍മ്മമാണ് നിര്‍വഹിക്കുന്നത്. അതുകൊണ്ടാണ് രോഗക്കിടക്കയില്‍ ഡ്രിപ്പായും ബഹിരാകാശായാത്രകളിലും മറ്റു യുദ്ധസമാന സാഹചര്യങ്ങളിലുമൊക്കെ ഗുളിക രൂപത്തിലും എനര്‍ജി സപ്പ്ളിമെന്റുകളായുമൊക്കെ അതിന് മനുഷ്യജീവിതത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്നത്. എന്നാല്‍, അടിസ്ഥാനപരമായൊരു ആനന്ദജീവിയായ മനുഷ്യന്‍ ഭക്ഷണത്തെ ഏറ്റവും പ്രാഥമികമായൊരാവശ്യം എന്നതില്‍ നിന്ന് അതിനെ ഏറ്റവും സുലഭമായൊരു ആസക്തിയാക്കി മാറ്റിയതിന്റെ ചരിത്രമാണ് ഭക്ഷണ വ്യവസായത്തിനും കലയിലേയും സാഹിത്യത്തിലേയും ഭക്ഷണ പ്രാതിനിധ്യത്തിനുമൊക്കെ പറയാനുള്ളത്. രതി എന്ന വലിയ ആസക്തി ഏറ്റവും ഗുപ്തമായ ഒന്നായതിനാലും അത് സുലഭമല്ലാത്തതിനാലും അതില്‍ നിന്നുണ്ടാകുന്ന അടിസ്ഥാനപരമായ നൈരാശ്യത്തെ മനുഷ്യന്‍ അതിജീവിച്ചത് ഭക്ഷണത്തോടുള്ള ആസക്തിയെ ആഘോഷിച്ചു കൊണ്ടാണ്. രതി നഷ്ടപ്പെടുന്ന മനുഷ്യന്‍ ഭ്രാന്തനാകാനിടയില്ലെന്നും എന്നാല്‍, ഭക്ഷണം നഷ്ടപ്പെടുന്ന മനുഷ്യന്‍ അങ്ങനെയായിത്തീരുന്നതിന് സാമൂഹികാംഗീകാരം ഉണ്ടെന്നെന്നതും നാം ചേര്‍ത്ത് വായിക്കണം. അതുകൊണ്ടുതന്നെ രതിയെ അപേക്ഷിച്ച് ഭക്ഷണത്തിന് സദാചാരത്തിന്റെ സംരക്ഷണമുണ്ടെന്ന് കൂടി നമുക്ക് നിരീക്ഷിക്കാവുന്നതാണ്. ഭക്ഷണം പാഴാക്കരുത് എന്ന് പറയുന്ന നാം രതി പാഴാക്കരുത് എന്ന് പറയുന്നില്ല. അങ്ങനെ പറയുന്ന ഒരു സംസ്‌കാരത്തില്‍ ചിലപ്പോള്‍ ദൈവം തന്നെ അരക്ഷിതനായും ഏകാകിയായും പോവുമായിരുന്നു.

ഭക്ഷണവും രതിയും, രണ്ടും ഒരേ സമയം ജൈവീകമായ പ്രാഥമികാവശ്യങ്ങളായിരിക്കുമ്പോള്‍ തന്നെ രണ്ടും മനുഷ്യനിലെ ആനന്ദാന്വേഷണത്തിന്റെ, ഭാവനയുടെ, സര്‍ഗാത്മകതയുടെ വിളനിലങ്ങളില്‍പ്പെട്ട് ഫോര്‍ഗ്രൗണ്ടില്‍ ഏറ്റവും വലിയ ആഹ്ലാദമായും ബാക്ക് ഗ്രൗണ്ടില്‍ ഏറ്റവും വലിയ ആസക്തിയായും മാറിയിരിക്കുന്നു. രതിയോടുള്ള ആസക്തി വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോഴാണ് പോണ്‍ ഉണ്ടാകുന്നത്. ഭക്ഷണത്തോടുള്ള ആസക്തി വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ഭക്ഷണ എഴുത്തുകളും പാചകപുസ്തകങ്ങളും ഭക്ഷണസിനിമകളും സെലിബ്രിറ്റി ഷെഫുമാരും ഒക്കെ ഉണ്ടാകുന്നു. സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പല പേജുകളും ഗ്രൂപ്പുകളും അടിസ്ഥാനപരമായി ഭക്ഷണ കേന്ദ്രീകൃതമായിരിക്കുന്നതിന്റെ കാരണം ഇതാണ്. കാരണം ബുദ്ധിയുടെ ഏറ്റവും ഉയര്‍ന്ന തലം കൊണ്ട് നിഷേധിക്കണം എന്ന് തോന്നിയാലും ജീവന്റെ അടിസ്ഥാന ആവശ്യമായി ഭക്ഷണം നിവര്‍ത്തിക്കും എന്നുള്ളത് തന്നെ. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഭക്ഷണം ശരീര സംവിധാനത്തിനുള്ളില്‍ എരിയുന്നതിലൂടെയാണ് നിങ്ങളുടെ തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണത്തെ നിഷേധിക്കണമെങ്കില്‍ ഏറ്റവും അനിവാര്യമാകുന്നതും ഭക്ഷണം തന്നെയാണ് എന്നതാണ് അതിലെ ഹാസ്യാത്മകമായ വൈരുദ്ധ്യം.

ഇതുപോലെ തന്നെ ഒരാസക്തിയെ മറ്റൊരാസക്തിയിലേക്കുള്ള തുക്കുപാലമോ, എളുപ്പവഴിയോ ആക്കാനോ മനുഷ്യന്‍ ചരിത്രമുണ്ടായ കാലം മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കാണാന്‍ കഴിയും. തീറ്റയിലെ പരീക്ഷണങ്ങള്‍ കൊണ്ട് രതിയെ എങ്ങനെ പരിപോഷിപ്പിക്കാമെന്നത് മനുഷ്യന്‍ എക്കാലവും തലപുകഞ്ഞാലോചിച്ചുകൊണ്ടിരുന്ന ഒരു പ്രശ്‌നമാണ്.

ചുരുക്കത്തില്‍ ഒരു തയ്യാറെടുപ്പുമില്ലാതെ, ഒരറിവിന്റെയും ഭാരമില്ലാതെ, ഒരു മേഖലയിലും വിദഗ്ധനാവാതെ നിങ്ങളെ ആഹ്ലാദം അനുഭവിപ്പിക്കാനുള്ള ശേഷിയുള്ളത് ഭക്ഷണത്തിന് മാത്രമാണ്. രതി പോലും ചിലനേരങ്ങളില്‍ വൈദഗ്ധ്യവും ധീരതയും ആവശ്യപ്പെടുന്നുണ്ട്. ഭക്ഷണം പൂര്‍ണമായും നിങ്ങള്‍ക്ക് വഴങ്ങിത്തരുന്ന, നിങ്ങളെ ആഹ്ലാദിപ്പിക്കുന്ന, നിങ്ങളുടെ ആനന്ദം മാത്രം ഉദ്ദേശിക്കുന്ന ലോകത്തെ ഏകസംഗതിയാണെന്ന് വേണമെങ്കില്‍ പറയാം. അതുകൊണ്ടുതന്നെ ആധുനികലോകം പലരീതിയിലാണ് പ്രാഥമികമായ ഈ രണ്ട് ആസക്തികളെയും ചേര്‍ത്തുകെട്ടിയിരിക്കുന്നത്. പോണ്‍ എന്ന വാക്ക് ഉണ്ടായിരിക്കുന്നത് പോലെ ഭക്ഷണാസക്തര്‍ ഭക്ഷണസംബന്ധിയായ അവരുടെ എഴുത്തുകളില്‍ ഫുഡ്‌പോണ്‍ എന്ന് വിശേഷണം ഉപയോഗിക്കുകയും ഹാഷ്ടാഗുകള്‍ ഇട്ട് അത്തരം എഴുത്തുകളെ വെര്‍ച്വല്‍ സ്‌പെയിസില്‍ സമാഹരിക്കുകയും ചെയ്യുന്നു.

രതിയില്‍ വിചിത്രമായ നിലകള്‍ പരീക്ഷിക്കുന്ന മനുഷ്യന്‍ ഭക്ഷണത്തില്‍ അതിലും വിചിത്രമായ പരീക്ഷണങ്ങള്‍ നടത്താറുണ്ടെന്നതാണ് വസ്തുത. ഇത് രണ്ടും വേറൊരു രീതിയില്‍ക്കൂടി മനുഷ്യസ്വഭാവത്തെ അടയാളപ്പെടുത്തുന്നുണ്ട്. രണ്ടുപേര്‍ക്കും അനുകൂല നിലപാടുള്ളിടത്തോളം കാലം രതിയില്‍ എല്ലാം സാധുവാണല്ലോ. അത് മൂന്നാമതൊരാള്‍ കടന്നുവരുന്നതോ, ഒരു സംഘം തന്നെ കടന്നു വരുന്നതോ, പരസ്യമായൊരു ചര്‍ച്ചയില്‍ അറപ്പുണ്ടാക്കുന്നത് എന്ന് നമ്മള്‍ തന്നെ കമന്റ് ചെയ്യുന്നതായതോ ആയ ഒന്നാവാം. പക്ഷെ, രണ്ടുപേരും അനുകൂലമാണെങ്കില്‍ രതിയില്‍ അത് സാധുവാകുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്തരം വിചിത്രവിഭവങ്ങള്‍ ലോകമെമ്പാടുമായി പരന്നുകിടക്കുന്നുണ്ട്. കഴിക്കുന്നയാളിന് അനുകൂലനിലപാടുണ്ടാകുന്നിടത്തോളം മറ്റൊരാളിന്റെ അറപ്പ് അവിടെ അപ്രസക്തമാണ് താനും. ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറ്റവും എളുപ്പം പറയാന്‍ കഴിയുന്നത് നാഗാലാന്‍ഡിലെ ഭക്ഷണവൈവിധ്യങ്ങളാണ്. അവര്‍ പട്ടിയെയും പച്ചക്കുതിരയെയും കഴിക്കുന്നുണ്ടാവാം. നാക്കിലയില്‍ കുത്തരിച്ചോറ് വിളമ്പി, ബ്രാഹ്മിണ്‍സ് സാമ്പാര്‍പൊടി കൊണ്ടുണ്ടാക്കിയ സാമ്പാറൊഴിച്ച്, അവിയില്‍, തോരന്‍, കിച്ചടിയാദികളെ ആര്‍ത്തിയോടെ നോക്കി സാത്വികമായി ആഹാരം കഴിക്കുന്ന നമുക്ക് പട്ടിയിറച്ചി ടാബൂ ആയിത്തീരുന്നതില്‍ അതിശയമില്ലല്ലോ.

എന്നാല്‍, അഗമ്യമായതിന്റെ ആഹ്ലാദങ്ങളിലേക്ക് പരീക്ഷണമെങ്കിലും നടത്താന്‍ മനുഷ്യന് സ്വാതന്ത്യമുള്ളത് ആകപ്പാടെ ഭക്ഷണത്തിന്റെ കാര്യത്തിലായതിനാല്‍ നാഗാലാന്‍ഡുകാരനെ ഇത്തിരി കൊതിക്കെറുവോടെ നോക്കിയിരിക്കാനേ നമുക്ക് കഴിയൂ. രതിയിലും ഇതേ അവസ്ഥയിലൂടെയാണ് ആധുനിക മനുഷ്യന്‍ പലപ്പോഴും കടന്നുപോകുന്നത്. വ്യത്യസ്തമായൊരിടപെടല്‍ നിങ്ങള്‍ പങ്കാളിയില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടാവാം. അല്ലെങ്കില്‍ കൊതിക്കുന്നുണ്ടാവാം. പക്ഷെ, നിങ്ങളിലെ സാത്വിക രതിയുടെ അടിമ അതനുഭവിക്കുന്നതില്‍ നിന്നോ അല്ലെങ്കില്‍ അതാവശ്യപ്പെടുന്നതില്‍ നിന്നോ നിങ്ങളെ വിലക്കുന്നു. ആ നിരാശയില്‍ (ഒരിക്കലും സ്വയം സമ്മതിക്കാത്തത്) നിങ്ങള്‍ സഹപ്രവര്‍ത്തകനോടൊപ്പം നിങ്ങളുടെ കാശിന് വൈകിട്ട് മദ്യപിക്കുന്നു. നിങ്ങള്‍ കാലങ്ങളായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന കാര്യം നിങ്ങളുടെ സഹപ്രവര്‍ത്തകനും പങ്കാളിയും പൂവിറുക്കും പോലെ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അവിചാരിതമായി അറിയുന്ന നിങ്ങള്‍ക്ക് മുന്നില്‍ പിന്നീടൊന്നേ ചെയ്യയാനുള്ളൂ. പതിവിലും കൂടുതല്‍ കുടിക്കുക. പതിവിലും കൂടുതല്‍ തിന്നുക. ഇവിടെയും ഭക്ഷണം നിങ്ങളോട് കനിവും കരുണയും കാട്ടുന്നു. ഒരാസക്തിയുടെ കുറവിനെ മറ്റൊരാസക്തിയിലേക്ക് ചേര്‍ത്ത് പരിഹരിക്കാന്‍ ഭക്ഷണം നിങ്ങളെ സഹായിക്കുന്നു. അത്, നിങ്ങളുടെ ആത്മാവിന്റെ ഗുപ്തരഹസ്യങ്ങളെ, പാപബോധങ്ങളെയത്രയും കുരിശിലേറിയ ക്രിസ്തുവിനെപ്പോലെ ഏറ്റുവാങ്ങുന്നു.

ഇതുപോലെ തന്നെ ഒരാസക്തിയെ മറ്റൊരാസക്തിയിലേക്കുള്ള തുക്കുപാലമോ, എളുപ്പവഴിയോ ആക്കാനോ മനുഷ്യന്‍ ചരിത്രമുണ്ടായ കാലം മുതല്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് കാണാന്‍ കഴിയും. തീറ്റയിലെ പരീക്ഷണങ്ങള്‍ കൊണ്ട് രതിയെ എങ്ങനെ പരിപോഷിപ്പിക്കാമെന്നത് മനുഷ്യന്‍ എക്കാലവും തലപുകഞ്ഞാലോചിച്ചുകൊണ്ടിരുന്ന ഒരു പ്രശ്‌നമാണ്. കാലങ്ങള്‍ ചെന്നപ്പോള്‍, ഇതിനും മനുഷ്യന്‍ ഷോര്‍ട്ട് കട്ട് കണ്ടുപിടിച്ചു. അടിസ്ഥാനപരമായി മനുഷ്യന്റെ ഏറ്റവും വലിയ ലൈംഗികാവയവം തലച്ചോറായതിനാല്‍, ഭാവനാത്മകമായി രതിയെ സമീപിക്കാന്‍ കഴിയാത്തവര്‍ക്ക് ലൈംഗികോത്തേജകമെന്ന് പറയപ്പെടുന്ന എന്ത് ഭക്ഷണം കഴിച്ചാലും മനോഹരവും വേറിട്ടതുമായ ലൈംഗികാഹ്ലാദത്തെ കരഗതമാക്കാന്‍ കഴിഞ്ഞുവെന്ന് വരില്ല. അങ്ങനെയാണ്, ലൈംഗികതയെ അത്യാഹ്ലാദകരമാക്കാനും മനുഷ്യസാധ്യമല്ലാത്ത അവസ്ഥകളിലേക്ക് ദീര്‍ഘിപ്പിച്ചും സിമന്റ് കൊണ്ടുള്ള കൊടിമരങ്ങള്‍ പോലെ ഉറപ്പിച്ചു നിര്‍ത്തുന്നതുമായ മരുന്നുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്. എല്ലാ ആഹ്ലാദാനുഭൂതികളെയും കച്ചവടവത്ക്കരിച്ചുകൊണ്ട് കൂടി മാത്രമേ സാമ്പത്തിക ജീവിയായ മനുഷ്യന് നിലനില്‍ക്കാനാവൂ എന്നതിനാല്‍, ഇത് ഒഴിവാക്കാനാവുന്ന ഒന്നാണെന്ന് പറയാനാവില്ല. അങ്ങനെയാണ് വയാഗ്ര മുതല്‍ ചില എക്‌സ്ട്രപവര്‍ ശക്തി ഓഫര്‍ ചെയ്യുന്ന പലതരം ഔഷധങ്ങള്‍ ഉള്‍പ്പെടെ നമുക്കിടയില്‍ ഭ്രാന്തമായി പടര്‍ന്നുപിടിച്ചത്. പടിഞ്ഞാറ് രതിയോടുള്ള തുറന്ന സമീപനം മലയാളിക്കില്ലായിരുന്നതിനാല്‍ ലൈംഗികാനനന്ദം ഇരട്ടിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കിയ ഈ മരുന്നു കമ്പനികള്‍ കുടുംബത്തിന്റെ കെട്ടുറപ്പിനെയും സംതൃപ്തിയെയുമാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് പരസ്യങ്ങളില്‍ പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിരുന്നു. കുടുംബം ഇല്ലാത്തവര്‍ക്ക് ലൈംഗികാആഹ്ലാദത്തിനുള്ള മരുന്ന് കൊടുക്കാന്‍ മാത്രം സദാചാരബോധമില്ലാത്തവനല്ല മലയാളികള്‍ എന്ന് മാത്രം തല്‍ക്കാലം നമ്മള്‍ മനസ്സിലാക്കിയാല്‍ മതി.

കുതിര എന്ന ജീവി ശക്തിയുടെ പ്രതീകം എന്ന നിലയില്‍ നിന്ന് ലൈംഗീകതയുടെ പ്രതീകമായി മാറി എന്നതാണ് ഇതിലൂടെയുണ്ടായ ധൈഷണികമായ ഒരുമാറ്റം. മറ്റൊന്ന് ഫ്രോയിഡിയന്‍ മന:ശാസ്ത്ര-സ്വപ്‌നവിശകലന പദ്ധതികളില്‍ ഈ സ്ഥാനം അലങ്കരിച്ചിരുന്ന പാമ്പ് ദു:ഖകരമാംവിധം ഒഴിവാക്കപ്പെട്ടു എന്നതും ശ്രദ്ധിക്കണം. ഇങ്ങനെയാണെങ്കിലും ഇന്നും മനുഷ്യന്റെ തീന്‍മേശകളില്‍ പാമ്പിനും കുതിരയ്ക്കുമുള്ള സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല എന്നതാണ് നേരത്തേ പറഞ്ഞ ഭക്ഷണത്തിന്റെ കാരുണ്യമെന്നത്. ഇതിലും രസകരമായൊരു മലയാളിബന്ധം കടന്ന് വരുന്നുണ്ട്. കേരളത്തില്‍ നമ്മള്‍ പാമ്പുകള്‍ക്ക് ആസ്ഥാന വനപര്‍ണശാലകള്‍ തുറന്ന് കൊടുക്കുകയും പാലും നൂറും നേദിക്കുകയും ചെയ്ത കാലത്ത് ചൈനാക്കാര്‍ അവനെ നേരേ പിടിച്ച് ആമാശയത്തിലേക്ക് (ഖരമായും ദ്രാവകമായും ) ഇടാന്‍ ശീലിച്ചിട്ടുണ്ടായിരുന്നു. എന്റെ ഭക്ഷണത്തിന് മുട്ട് വരുത്തരുതേ എന്ന് നമ്മള്‍ പാമ്പിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈന പാമ്പിനെത്തന്നെ ഭക്ഷണമാക്കി അത്തരമൊരു പ്രാര്‍ത്ഥനയെത്തന്നെ റദ്ദാക്കിക്കളഞ്ഞു. ചൈനീസ് സ്‌നേക്ക് വൈന്‍ അതിപ്രശസ്തമായ ഒരാല്‍ക്കഹോളാണ്. അരിയില്‍ നിന്നോ, മറ്റ് ധാന്യങ്ങളില്‍ നിന്നോ വാറ്റിയെടുക്കുന്ന മദ്യത്തില്‍ പാമ്പിനെ മുഴുവനോടെയിട്ടാണ് സ്‌നേക്ക് വൈന്‍ ഉണ്ടാക്കിയെടുക്കുന്നത്.

ടി.അരുണ്‍കുമാര്‍

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ മലേഷ്യ, ഇന്‍ഡോനേഷ്യ, ലാവോസ്, ഫിലിപ്പിന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം പാമ്പിറച്ചി നാവിന്റെയും ആമാശയത്തിന്റെയും തലച്ചോറിന്റെയും ആസക്തികളെ ശമിപ്പിക്കുന്നു. ഒരു ഫിലിപ്പീന്‍സുകാരി പെണ്‍കുട്ടി രാവിലെ എങ്ങോട്ട് തിരക്കിട്ട് പോകുന്നതിനിടയില്‍ ഒരു പെരുമ്പാമ്പിനെ ധീരമായി പിടികൂടുന്ന ഒരു വീഡിയോ അടുത്ത കാലത്ത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായത് ഓര്‍ത്തുനോക്കുക. അത് പോലെ രണ്ട് വിയറ്റ്‌നാമീസ് പെണ്‍കുട്ടികള്‍ ഒരു വെള്ളക്കെട്ടില്‍ നിന്ന് പാമ്പുകളെ നിസാരമായി വാലില്‍ത്തൂക്കി അകത്താക്കിപ്പോകുന്ന വീഡിയോയും വൈറലായിരുന്നതാണ്. പാമ്പിന് നൂറും പാലും നേദിച്ച നമ്മള്‍ ആ അവകാശം കൊണ്ടാവണം പാമ്പിന്റെ വലിയ ആസക്തികളിലൊന്നിനെ നമ്മുടെ സ്വന്തം ആസക്തിയുമായി ചേര്‍ത്ത് കെട്ടിക്കളഞ്ഞത്. തവളപിടുത്തത്തിന്റെ വലിയ മലയാളി ചരിത്രത്തെപ്പറ്റി ഇത്തരുണത്തില്‍ കൂടുതല്‍ പറയേണ്ടതില്ലെന്നാണ് കരുതുന്നത്. തവളയുടെ തൊലിയുരിച്ച ഇരട്ടക്കാലുകള്‍ മലയാളികളുടെ ചില സൂക്ഷ്മ ലൈംഗികഭാവനയെ ഉണര്‍ത്തിയിട്ടുണ്ടാവില്ലേ എന്ന് ഈ വേളയില്‍ ന്യായമായും സംശയിക്കുകയും ചെയ്യുന്നു. തവള എന്നത് രുചികരമായ തീറ്റയും ഒപ്പം സത്രീലൈംഗികതയാവുകയും ഗുസ്തി എന്നത് ഗോദയിലാവുമ്പോള്‍ പുരുഷന്‍മാരുടെ ഈഗോയുടെ ഏറ്റുമുട്ടലും കിടപ്പറയിലാവുമ്പോള്‍ സ്ത്രീയോടുള്ള യാചനയുമാവുന്ന ഒരിടത്തൊരു ഫയല്‍വാന്‍ എന്ന പത്മരാജന്‍ സിനിമ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്. ഇനി കുതിരയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ അതൊരു വ്യാവസായിക ഉത്പ്പന്നം കൂടിയായി മാറിയിരിക്കുന്നത് കാണാം. അമേരിക്ക, മെക്‌സിക്കോ തുടങ്ങി ഖസാക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങള്‍ കുതിരയിറച്ചി, അതൊരു ടാബൂ ആയി പരിഗണിക്കപ്പെടുന്നൂവെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പ്പാദിപ്പിക്കുന്നു.

എല്ലാ ടാബുവിനെയും പണമാക്കി മാറ്റുന്ന മനുഷ്യന് അതിന് ധൈര്യം നല്‍കുന്നത് ടാബൂ ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് ആസക്തികളെയാണ് എന്നതാണ്. അല്ലെങ്കില്‍ മനുഷ്യന്റെ ഏറ്റവും വലിയ ആസക്തി ടാബൂവിനോടുള്ള/ വിലക്കപ്പെട്ടതിനോടുള്ള ആസക്തിയാണെന്ന് പറയാം. ബൈബിളനുസരിച്ച് മനുഷ്യരാശിയുടെ ഏറ്റവും വലിയ പരീക്ഷണവും അത് തന്നെ ആയിരുന്നു. വിലക്കപ്പെട്ട കനി എന്ന പ്രയോഗം തന്നെ അതിന്റെ ഏറ്റവും വലിയ സാക്ഷ്യമായി മനുഷ്യ ചരിത്രമുള്ളിടത്തോളം നിലനില്‍ക്കും. ദൈവം ബുദ്ധിമാനായതിനാല്‍ വിലക്കപ്പെട്ട കനി എന്ന് തന്നെ പറഞ്ഞു. പക്ഷെ, മനുഷ്യന്‍ അടിസ്ഥാനപരമായി ആസക്തികളുടെ തടവുകാരനാണ്. അതുകൊണ്ടുതന്നെ ദൈവം 'വിലക്കപ്പെട്ട കുതിരച്ചാണകം' എന്നാണ് പറഞ്ഞിരുന്നതെങ്കിലും ഹവ്വ അതിന്റെ രുചിയറിയാന്‍ ആദത്തെ പ്രേരിപ്പിക്കുമായിരുന്നു.

രതിയിലും രുചിയിലും അതേസമയം മതബദ്ധമായ പാപബോധവും മനുഷ്യബദ്ധമായ ഭാവനയും ഇടം പിടിക്കുന്നുണ്ട്. അതേസമയം നാഗരികമായ/സാംസ്‌ക്കാരികമായ ചില മൂല്യങ്ങള്‍ ഒരേ സമയം ഭക്ഷണത്തിലും രതിയിലും ഒരുപോലെ ഇടപെടുന്നതും കാണാം. അടിസ്ഥാനപരമായി രണ്ടും ആനന്ദവും ആസക്തിയുമാണെന്നിരിക്കവേ മനുഷ്യസംസ്‌ക്കാരം അതിനെ ആസ്വാദനത്തിന്റെ കൂടുതല്‍ വിവേകമാര്‍ന്ന തലത്തിലേക്ക് പരുവപ്പെടുത്തുന്നുണ്ട്.

മഹര്‍ഷിമാരെ പൊതുവേ തികഞ്ഞ ഗൗരവത്തോടെ സ്വീകരിക്കുന്നവരാണ് ഇന്ത്യാക്കാര്‍. ആസക്തികളെ തോല്‍പ്പിച്ചവരാണ് മഹര്‍ഷിമാരാവുന്നത് എന്ന വിശ്വാസമാണ് ആളുകളെ ഭൂതത്തിലും വര്‍ത്തമാനത്തിലും അതിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ശരിക്കും മഹര്‍ഷിമാര്‍ ആസക്തികളെ തോല്‍പ്പിച്ചവരല്ലെന്നും ഏറ്റവും ഉത്കൃഷ്ടമായൊരാസക്തിക്ക് വേണ്ടി മറ്റ് ചിലത് വേണ്ടെന്ന് വച്ചവരാണെന്നുമാണെന്നേ അര്‍ത്ഥമുള്ളൂ. ലൈംഗികാനന്ദവും സച്ചിതാനന്ദവും ഉണ്ടെങ്കിലും രണ്ടിലും പൊതുവായി ഒരാള്‍ക്ക് എടുക്കാന്‍ പറ്റുന്നത് ആനന്ദമാണെന്ന് അറിഞ്ഞാല്‍ ലളിതമായി തീരുന്ന പ്രശ്‌നമാണിത്. എന്തായാലും ഇന്ത്യാക്കാര്‍ പൊതുവേ കള്ളച്ചിരിയോടെ സ്വീകരിക്കുന്ന ഒരേയൊരു മഹര്‍ഷി വത്സ്യായനനാണെന്ന കാര്യത്തിലും അതിന്റെ കാരണത്തിലും തര്‍ക്കമില്ലല്ലോ. നാവിന്റെ ആസക്തിയെ ജനനേന്ദ്രിയാസക്തിയായി പരാവര്‍ത്തനം ചെയ്യാന്‍ കാമസൂത്രം നിര്‍ദ്ദേശിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളില്‍ പാല്‍, കുങ്കുമപ്പൂവ്, ശതാവരി, വെളുത്തുള്ളി, അശ്വഗന്ധ, ഉലുവ, ജാതിക്ക എന്നിവയൊക്കെപ്പെടുന്നു.

ഇനി ഇതൊന്നും പോരെങ്കില്‍ പുരാണേതിഹാസങ്ങളിലേക്ക് മടങ്ങിപ്പോകൂ. ആസക്തികളെ വാരിപ്പുണരുന്ന ഉത്തേജകസങ്കല്‍പ്പങ്ങളില്‍ പ്രഥമസ്ഥാനത്താണ് അമൃത് എന്ന സങ്കല്‍പം. പാലാഴി കടഞ്ഞെടുത്ത അമൃതിനെ അസുരന്‍മാരെ കബളിപ്പിച്ച് ദേവപക്ഷത്തേക്ക് എത്തിക്കാന്‍ വിഷ്ണു എടുത്തുപയോഗിക്കുന്നതും ആസക്തി തന്നെ. മോഹീനീരൂപത്തിലുള്ള വിഷ്ണുവിന്റെ സെഡക്ഷന്‍ എത്ര ഫലവത്തായിരുന്നുവെന്ന് പുരാണം സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ. അമൃത് ജരാനരകളെ ഇല്ലാതാക്കൂന്നുവെന്നാണ് സങ്കല്‍പം. ജരാനരയുടെ പ്രശ്‌നമെന്താണ്? അത് നിങ്ങളുടെ ഘ്രാണശേഷിയെ, രുചിമുകുളങ്ങളെ, പല്ലുകളെ എല്ലാം ഇല്ലാതാക്കുന്നു. അതിനുപരി നിങ്ങളുടെ ഉദ്ധാരണത്തെ നശിപ്പിക്കുന്നു. മുലകളെ ഇടിക്കുന്നു. യോനിയെ വരണ്ടതാക്കുന്നു. ചുരുക്കത്തില്‍ ഏത് രണ്ട് ആസക്തികള്‍ക്കായാണോ നാം നിലകൊള്ളുന്നത് അതിനെ തന്നെ സംഹരിക്കുന്നു. മനുഷ്യന്‍ ഇഹത്തിലും പരത്തിലും കഥയിലും ജീവിതത്തിലുംഅമൃതാണ് അന്വേഷിക്കുന്നതെന്നത് വ്യക്തമല്ലേ? ഇവിടെ അടക്കിവച്ച ആസക്തികളത്രയും കടിഞ്ഞാണില്ലാത്ത കുതിരയായി ഓടുന്ന ഒരിടമാണ് മതങ്ങളിലെ പറുദീസാസങ്കല്‍പ്പമെന്നതും ചേര്‍ത്തുവായിക്കുക. മനുഷ്യജീവിതം ചിലപ്പോഴൊക്കെ എത്ര സഹതാപാര്‍ഹമാണെന്നത് കൂടി നമുക്ക് ബോധ്യപ്പെടും.

ലൈംഗികോത്തേജക ഭക്ഷണങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള ഒന്നാണ് ഓയിസ്റ്ററുകള്‍ അഥവാ ചിപ്പികള്‍. ചിപ്പികള്‍ ഭക്ഷണാസക്തികളുടെ മേല്‍ത്തട്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഒന്നാണെന്ന് കൂടി ഓര്‍ക്കണം. ചിപ്പി ഭാവനാപരമായിക്കൂടിയാണ് തീറ്റ/ രതി ആസക്തികളില്‍ പടര്‍ന്നുപന്തലിക്കുന്നത്. ചിപ്പികള്‍ വെള്ളത്തിന് മുകളിലല്ല, അടിയിലാണ് കാണപ്പെടുന്നതെന്നതാണ് ഒരു കാര്യം. മുങ്ങിത്തപ്പിയാല്‍ മാത്രം കിട്ടുന്നതാണ് ചിപ്പി. അത് തുറന്ന് അകത്തുള്ളത് കരഗതമാക്കുക അത്ര എളുപ്പമല്ല. ചിപ്പി രണ്ട് വശങ്ങളിലേക്ക് വിടരുകയാണ് ചെയ്യുക. ചിപ്പിയെ രണ്ടായി വിടര്‍ത്തി അതിനകത്തേക്ക് കടന്നാല്‍ മാത്രമാണ് മാംസം/മുത്ത് കിട്ടുന്നത്. മാംസം നമ്മുടെ രുചിയെ ശമിപ്പിക്കുമ്പോള്‍ മുത്ത് നമ്മളെ ആഹ്ലാദിപ്പിക്കുകയും മൂല്യമുയര്‍ത്തുകയും ചെയ്യുന്നു. ചിപ്പി ഉപയോഗിച്ച് ഒരു വജൈനയുടെ രൂപപരമായ മാതൃക ഏറ്റവുമെളുപ്പം ഉണ്ടാക്കാം എന്നുള്ള ഭാവനയുടെ ഇടപെടലും ഇവിടെ സാധ്യമാണ്. ചുരുക്കത്തില്‍ രുചി/രതി എന്നീ ആസക്തീദ്വന്ദങ്ങളെ കേവലമായ അസ്തിത്വം കൊണ്ട് തന്നെ ചിപ്പിയോളം പ്രതിനിധീകരിക്കുന്ന മറ്റൊരു ഭക്ഷ്യവസ്തു ഇല്ലെന്ന് തന്നെ പറയാം. അതോടൊപ്പം യൂറോപ്യന്‍ ഓയിസ്റ്ററുകളും ഒളിമ്പിയ ഓയിസ്റ്ററുകളും ഒരേസമയം ഉള്ളില്‍ രണ്ട് ലിംഗങ്ങളെയും പേറുന്നവരാണെന്നുള്ള സവിശേഷതയും ഉണ്ട്. അത് ഒരേ സമയം ആണാണ്, അതേ സമയം പെണ്ണുമാണ്. ലൈംഗികതയുടെ രണ്ട് പാളികളും ഒന്നായി ഇഴുകിച്ചേരുമ്പോള്‍ ഓയിസ്റ്ററുകള്‍ ഉണ്ടാകുന്നു.

ലൈംഗികോത്തേജകഭക്ഷണങ്ങളും പൊതുവേയും ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പ്രത്യേകമായും രൂപപരമായും ഭാവനാത്മകമായും രതി എന്ന ആസക്തിയുമായി കൈകോര്‍ക്കുന്നുണ്ട്. ഉദാഹരണം തണ്ണിമത്തന്‍. മെലണ്‍സ് എന്ന പ്രയോഗത്തിന് അര്‍ത്ഥങ്ങള്‍ പലതാണ്. നമ്മുടെ നാട്ടില്‍ പോലും പഴം എന്ന് പറഞ്ഞാലും അപ്പം എന്ന് പറഞ്ഞാലും സന്ദര്‍ഭത്തിനനുസരിച്ച് പലതാണല്ലോ അര്‍ത്ഥങ്ങള്‍. ഡാര്‍ക്ക് ചോക്ലേറ്റ് ലൈംഗികാസക്തിയെ പ്രമോട്ട് ചെയ്യുന്ന ഭക്ഷണാസക്തിയാണ്. ഡാര്‍ക്ക് അഥവാ ഇരുട്ട് എന്നത് രതിയുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പൊതുരൂപകമാണ്. നമ്മുടെ നോവല്‍സാഹിത്യത്തിലും ജീവിതത്തിലുമൊക്കെ ഇരുളിലാണ് നാം പരസ്പരം തിരയുകയും ഞെരിഞ്ഞമരുകയുമൊക്കെ ചെയ്യുന്നത്. കറുത്തമുന്തിരി പോലുള്ള ഹിഡുംബിയുടെ മുലഞെട്ടുകള്‍ ഭീമന്റെ വിരലുകള്‍ക്കിടയില്‍പ്പെട്ട് ഞെരിഞ്ഞെന്ന് എം.ടി.വാസുദേവന്‍നായര്‍ രണ്ടാമൂഴത്തില്‍ എഴുതിയിട്ടുണ്ട്. പുതിയ കാലത്ത് സെക്‌സികളായ സ്ത്രീകളും പുരുഷന്‍മാരുമൊക്കെ ഹോട്ട് എന്നാണ് വിശേഷിക്കപ്പെടുന്നത്. ഇതിന് മുമ്പ് നമ്മള്‍ ഹോട്ട് എന്ന് പറഞ്ഞിരുന്ന ഒരു വസ്തു മുളക് ആയിരുന്നു- ഹോട്ട്ചില്ലി എന്ന് ആംഗലേയം. മുളക് കാല-ദേശ ഭേദമെന്യേ അംഗീകരിക്കപ്പെട്ട ഒരു െൈലംഗികോത്തേജക ഭക്ഷണമാണെന്ന് ഓര്‍ക്കുക. ആസക്തികളെ നമ്മളൊരു നാണയമാക്കി മാറ്റുകയാണെന്ന് കരുതുക. രുചിയും രതിയും ചേര്‍ന്ന രണ്ട് വശങ്ങളേ മിക്കവാറും അതിനുണ്ടാവാന്‍ സാധ്യതയുള്ളൂ. നാണയത്തിന്റെ അരികിന്റെ കനം മൂന്നാമത്തെ വശമായി പരിഗണിക്കാമെങ്കില്‍ മനുഷ്യചരിത്രത്തിലെ മറ്റ് ആസക്തികളെല്ലാം ചേര്‍ന്ന് അവിടെയൊതുങ്ങും. നാഗരികതയുടെ ഏറ്റവും വലിയ സംഭാവനയായ ഭാഷ പോലും ഇക്കാര്യത്തില്‍ ആസക്തികളുടെ തിരയടിയേറ്റാണ് വികസിച്ചെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. അവര്‍ പരസ്പരം രുചിച്ചു എന്നൊക്കെയാണ് നമ്മള്‍ സാഹിത്യം എഴുതുന്നത്. വസന്തം ചെറിമരത്തോട് ചെയ്യുന്നത് എനിക്ക് നിന്നോടും ചെയ്യണമെന്നതാണ് ലോകത്തിലെ ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ട കവിതാശകലങ്ങളിലൊന്ന്. കവിത ഉദ്ധരിക്കപ്പെടുകയാണ് എന്നതും ശ്രദ്ധിക്കണം. കൂടല്ലൂരുകാരന് മുന്തിരി മുലഞെട്ടാവുമെങ്കില്‍ യൂറോപ്യന് ചെറി മറ്റെന്തൊക്കെ ആയിത്തീരാം എന്നും ചിന്തനീയം. ആസക്തിയുടെ ഭാവന കേവലം ചേതനയുമായി മാത്രം ബന്ധപ്പെട്ടല്ല രൂപമെടുക്കുന്നത് എന്നതും പറയേണ്ടതുണ്ട്. താക്കോല്‍പ്പഴുതിന്റെ യോനീമുഖം എന്ന് മറ്റൊരു പ്രശസ്തമലയാളിഎഴുത്തുകാരന്‍.

ആധുനീകലോകത്ത് ഭക്ഷണവ്യവസായം ആസക്തികളുടെ ഈ പരസ്പരപൂരകത്വത്തെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയാണ് നിലകൊള്ളുന്നത്. ശരീരത്തെ സ്വയം അണിയിച്ചൊരുക്കിയാണ് നാം പങ്കാളിക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഭക്ഷണവ്യവസായത്തില്‍ ഷെഫുമാര്‍ ഈ ഉത്തരവാദിത്തമേറ്റെടുക്കുന്നു. ഭക്ഷണം അലങ്കരിക്കലെന്നത് മോഡേണ്‍ കമേഴ്‌സ്യല്‍ കിച്ചണുകളിലെ ഏറ്റവും പ്രധാനസംഗതികളിലൊന്നാണ്. ശരീരത്ത് നിങ്ങള്‍ പ്രലോഭനീയമായ സുഗന്ധങ്ങള്‍ വാരിപ്പൂശുമ്പോള്‍ ഭക്ഷണത്തിന്റെ സുഗന്ധത്തില്‍ ഷെഫുമാരുടെ സവിശേഷ ശ്രദ്ധ പതിയുന്നു. ശരീരത്തിന്റെ കാഴ്ചയും ഗന്ധവും നിങ്ങളില്‍ രതിരസങ്ങളെ ഉണ്ടാക്കുമ്പോള്‍ ഭക്ഷണത്തിന്റെ കാഴ്ചയും ഗന്ധവും നിങ്ങളുടെ വായക്കുള്ളില്‍ ദഹനരസങ്ങളെ ഉത്പ്പാദിപ്പിക്കുന്നു. രണ്ടിടത്തും നിങ്ങള്‍ ആസക്തിക്ക് കീഴടങ്ങുന്നു. അതിലൂടെ നിങ്ങള്‍ തുടര്‍ന്നുപോകാന്‍ തയ്യാറാവുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ആനന്ദലോകം തുടര്‍ന്ന് പോകുമ്പോള്‍ പ്രകൃതിക്ക് തുടര്‍ന്ന് പോകുന്നത് ജീവന്റെ ലോകമാണ്.

നേരത്തേ പറഞ്ഞതുപോലെ വിചിത്രമായ രതിവിദ്യകള്‍ പോലെ തന്നെയാണ് ലോകമെമ്പാടും വിചിത്രഭക്ഷണങ്ങളും നിലനില്‍ക്കുന്നത്. ഇതും ആസക്തിയുടെ ഒരു പൊതുനൂലില്‍ ബന്ധിക്കപ്പെട്ടതാണെന്ന് കരുതുന്നതില്‍ തെറ്റില്ല. രണ്ടും റിസ്‌ക്കുള്ളതാണ്. പക്ഷെ, ഏറ്റവും പ്രധാനമായി രണ്ടും സവിശേഷമാണ്. എല്ലാവര്‍ക്കും അനുഭവവേദ്യമാകുന്നതല്ല എന്നതാണ് കാര്യം. ഡേവിഡ് ഫിഞ്ചറിന്റെ ഗോണ്‍ഗേള്‍ എന്ന സിനിമയില്‍ ലൈബ്രറിയില്‍ വച്ച് പട്ടാപ്പകല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പ്രധാനകഥാപാത്രങ്ങളെ കാണിക്കുന്നുണ്ട്. ക്വക്കീസ് എന്ന് വിളിക്കപ്പെടുന്ന ഇത്തരം ലൈംഗികപരീക്ഷണങ്ങള്‍ ലൈംഗികജീവിതത്തെ പുതുമയുള്ളതാക്കിത്തീര്‍ക്കുന്നു എന്നാണ് വിദേശസെക്‌സോളജിസ്റ്റുകള്‍ നിരീക്ഷിക്കുന്നത്. പലതരം സെക്‌സ് ചലഞ്ചുകള്‍ ദമ്പതിമാര്‍ക്കിടയില്‍ പതിവാക്കണമെന്നും ഇവര്‍ പറയുന്നു. കേരളത്തില്‍ പക്ഷെ ഐസ് ബക്കറ്റ് ചലഞ്ചും റൈസ് ബക്കറ്റ് ചലഞ്ചുമൊക്കെയാണ് പോപ്പുലറെന്നേയുള്ളൂ. സാധാരണഗതിയില്‍ മേ ഐ ഹാവ്് സെക്‌സ് വിത്ത് യൂ എന്നോ കാന്‍ വീ ഹാവ് എ കോഫീ എന്നോ ചോദിച്ചാല്‍ ഈ രണ്ട് ആസക്തികള്‍ക്കും കൂടി വേല കൈയ്യിലിരിക്കട്ടെ, എന്ന ഒറ്റമറുപടി ഭൂരിഭാഗം സ്ത്രീകളും പറയുന്ന നാട്ടില്‍ മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.

ഉറുമ്പിന്റെ ലാര്‍വയില്‍ നിന്നുണ്ടാക്കുന്ന കാഴ്ചയില്‍ നമ്മുടെ ചോറ് പോലിരിക്കുന്ന മെക്‌സിക്കന്‍ വിഭവമായ എസ്‌കാമോള്‍സ്, താറാവ് മുട്ട വിരിയാറാവുമ്പോളെടുത്ത് ഭ്രൂണത്തെ വേവിച്ചുണ്ടാക്കുന്ന ബലൂട്ട് എന്ന ഫിലീപ്പീനി വിഭവം, മുട്ട കാലങ്ങളോളം സൂക്ഷിച്ച് വച്ച് ഉണ്ടാക്കുന്ന ചൈനീസ് വിഭവമായ സെഞ്ചുറി എഗ്ഗ്, കൗമാരക്കാരുടെ മൂത്രത്തില്‍ മുട്ട പുഴുങ്ങിയുണ്ടാക്കുന്ന മറ്റൊരു ചൈനീസ് വിഭമായ വെര്‍ജിന്‍ ബോയി എഗ്ഗ് മുട്ടത്തോട് അവിടവിടെയായി പൊട്ടിച്ച ശേഷം വീണ്ടും മൂത്രത്തില്‍ തന്നെ സൂക്ഷിക്കുന്നു. സമയാസമയം പഴയ മൂത്രം മാറ്റി പുതിയ മൂത്രം നിറച്ചുകൊണ്ടേയിരിക്കണം. ഇത്തരം വിഭവങ്ങള്‍ ഇനി ഏറെയുണ്ട്. തീറ്റ എന്ന ആസക്തി സാധ്യമാവുന്ന എല്ലാ സംഗതികളിലും നടത്തുന്ന അതിവിചിത്രമായ ഇടപെടലിന്റെ ഉദാഹരണമായി ചിലത് പറഞ്ഞെന്നേയുളളൂ. ഫുഗു എന്ന മാരകവിഷമുള്ള മീന്‍ കഴിച്ച് ജപ്പാനില്‍ എല്ലാവര്‍ഷവും ആളുകള്‍ മരിക്കുന്നുണ്ടെങ്കിലും ഫുഗുതീറ്റക്കാര്‍ ഏറി വരുന്നതേയുള്ളൂ. ആസക്തിയുടെ സഫലീകരണമാണ്, അതിന് വേണ്ടിയെടുക്കുന്ന വെല്ലിവിളിയിലാണ് കാര്യം എന്ന് മനുഷ്യന്‍ വിശ്വസിക്കുന്നതിലാണ് ഇത് സംഭവിക്കുന്നത്. ജീവനോടെ, ജീവനില്‍ അനുഭവിക്കുക എന്നത് രതിയിലേപ്പോലെ തന്നെ ഭക്ഷണത്തിലും സംഭവിക്കുന്നതിനും ഉദാഹരണങ്ങളുണ്ട്. കൊറിയന്‍ കള്‍ട്ട് ഫിലിം ഓള്‍ഡ്‌ബോയിയില്‍ നായകകഥാപാത്രം ജീവനോടെ നീരാളിയെ തിന്നുന്ന രംഗം സിനിമാപ്രേമികള്‍ക്ക് അത്രപെട്ടന്ന് മറക്കാനാവുന്നതല്ലല്ലോ. മത്സ്യം, കൂന്തല്‍, ഓയിസ്റ്റര്‍, ബീഫ് തുടങ്ങിയവും ജീവനോടെയും പച്ചയ്ക്കും തിന്നുന്ന പലതരം ഏര്‍പ്പാടുകള്‍ ലോകത്തുണ്ട്. രുചിയെന്ന വലിയ ആസക്തിയുടെ നാനാര്‍ത്ഥങ്ങളെയാണ് ഇത് രേഖപ്പെടുത്തുന്നത്.

ലൈംഗികാവയങ്ങള്‍ നേരിട്ടാഹരിക്കുന്നതും പുതുമയുള്ള കാര്യമല്ല. തലച്ചോറാണ് ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം എന്ന് തീരുമാനിക്കപ്പെട്ട സ്ഥിതിക്ക് കേരളീയര്‍ക്ക് ഏറ്റവും സുപരിചിതമായ ഒന്നാണ് ആടിന്റെ തലച്ചോറ് പാകപ്പെടുത്തിയത്. ആട്, കാള, പട്ടി, പോത്ത് , യാക്ക് എന്നിവയുടെ ലിംഗം മനുഷ്യന്‍ ആഹാരമായി ഉപയോഗിക്കുന്നതിന് ആസക്തിയുടെ ഒരു തലം കൂടിയുണ്ട്. പോത്തിന്റെയും ആടിന്റെയും വൃഷണങ്ങള്‍ യൂറോപ്പില്‍ അറിയപ്പെടുന്നത് റോക്കിമൗണ്ടന്‍ ഓയിസ്‌റ്റേഴ്‌സ് എന്നാണ്. അതായത് കല്ലുമലയിലെ ചിപ്പികൾ. നമ്മുടെ നാട്ടില്‍ പോലും പല മൃഗങ്ങളുടെയും ഇറച്ചിയും ശരീരഭാഗങ്ങളും ലൈംഗികാസക്തി പോഷിപ്പിക്കാനായി ഉത്തമമെന്ന് രഹസ്യമായി പറഞ്ഞുപോരുന്നുണ്ട്. പോത്തിന്റെ വൃഷണം ഇതിലൊന്നാണെന്ന് തോന്നുന്നു. വിനോയ് തോമസിന്റെ വിശുദ്ധമഗ്ദലനമറിയത്തിന്റെ പള്ളി എന്ന കഥ ഈ സന്ദര്‍ഭത്തില്‍ പരമാര്‍ശിക്കാവുന്നതാണെന്ന് തോന്നുന്നു.

രതിയിലും രുചിയിലും അതേസമയം മതബദ്ധമായ പാപബോധവും മനുഷ്യബദ്ധമായ ഭാവനയും ഇടം പിടിക്കുന്നുണ്ട്. അതേസമയം നാഗരികമായ/സാംസ്‌ക്കാരികമായ ചില മൂല്യങ്ങള്‍ ഒരേ സമയം ഭക്ഷണത്തിലും രതിയിലും ഒരുപോലെ ഇടപെടുന്നതും കാണാം. അടിസ്ഥാനപരമായി രണ്ടും ആനന്ദവും ആസക്തിയുമാണെന്നിരിക്കവേ മനുഷ്യസംസ്‌ക്കാരം അതിനെ ആസ്വാദനത്തിന്റെ കൂടുതല്‍ വിവേകമാര്‍ന്ന തലത്തിലേക്ക് പരുവപ്പെടുത്തുന്നുണ്ട്. ഉദാഹരണമായി വേട്ട എന്ന ആശയത്തെ എടുക്കുക. വേട്ടയാടുക എന്ന പ്രയോഗത്തിന് ലൈംഗികമായ മാനങ്ങള്‍ കൂടി ഉണ്ടായിവരുന്നുണ്ട്. ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് നാം പ്രയോഗിക്കുന്ന ഇര എന്ന വാക്ക് ഉച്ചരിക്കപ്പെടുന്നില്ലെങ്കില്‍ കൂടി വേട്ട എന്ന വാക്കിനെ പ്രത്യക്ഷമാക്കുന്നുണ്ട്. അയാളവളെ കടിച്ചു കീറി, അയാളവളിലേക്ക് ചാടി വീണു, എന്നുതുടങ്ങുന്ന പ്രയോഗങ്ങള്‍ എല്ലാം ലൈംഗികമായ കടന്നുകയറ്റങ്ങളെയാണ് അര്‍ത്ഥമാക്കുന്നത്. വേട്ടയിറച്ചി ഒരു കാലത്ത് അന്തസ്സുറ്റതും ധീരവും രുചികരവുമായാണ് പരിഗണിക്കപ്പെട്ടിരുന്നതെങ്കില്‍ ആധുനികജീവിതം അതിനെ കുറ്റകരമായാണ് മിക്കപ്പോഴും നോക്കിക്കാണുന്നത്. ലൈംഗികതയിലും വേട്ടയാടിപ്പിടിക്കുന്നത് അന്തസുറ്റതോ, ധീരമായതോ ആയ ഒന്നായി നവലോകം കാണുന്നില്ല.

അതേസമയം പാപബോധം രതിയിലേര്‍പ്പെടുത്തുന്ന അതിതീവ്രമായ വിലക്കുകകള്‍ ഭക്ഷണത്തിലില്ല എന്നത് വസ്തുതയാണ്. മനുഷ്യന്‍ ജന്‍മനാപാപിയാണ് എന്നാണ് ക്രിസ്തുമതം പറയുന്നത്. ക്രിസ്തു മനുഷ്യന്റെ പാപം ഏറ്റെടുത്ത് കുരിശില്‍ മരിച്ചതിന്റെ യുക്തിയൊന്നും അവര്‍ കാര്യമാക്കുന്നില്ല. ഏഴ് മാരകപാപങ്ങളില്‍ ആര്‍ത്തിയുമുണ്ട്. ഭക്ഷണത്തോടുള്ള ആര്‍ത്തി ഇതില്‍ മുഖ്യസ്ഥാനത്തുണ്ട്. രതി തന്നെ ഒരു പാപസംവിധാനമായി പരിഗണിക്കുന്ന മതങ്ങള്‍ രതിയോടുള്ള ആര്‍ത്തിയെ എങ്ങനെയാവും നോക്കിക്കാണുക എന്ന് ഊഹിക്കാമല്ലോ. ഫിഞ്ചറിന്റെ തന്നെ ഉഗ്രന്‍ സസ്‌പെന്‍സ് ത്രില്ലറുകളിലൊന്നായ സെവനില്‍ തിന്നുതടിച്ച് അനങ്ങാന്‍ പറ്റാതായിപ്പോയ ഒരാളെ കൊലയാളി വധിക്കുന്നത് ഗഌട്ടണിംഗ്, അഥവാ ഭക്ഷണാസക്തി എന്ന പാപം ആരോപിച്ചാണ്.

ലൈംഗികാവയങ്ങള്‍ നേരിട്ടാഹരിക്കുന്നതും പുതുമയുള്ള കാര്യമല്ല. തലച്ചോറാണ് ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം എന്ന് തീരുമാനിക്കപ്പെട്ട സ്ഥിതിക്ക് കേരളീയര്‍ക്ക് ഏറ്റവും സുപരിചിതമായ ഒന്നാണ് ആടിന്റെ തലച്ചോറ് പാകപ്പെടുത്തിയത്.

ഭാവനയെ സംബന്ധിച്ച് പറയുമ്പോള്‍ തീറ്റയേക്കാളേറെ രതിയില്‍ ഭാവന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറയേണ്ടി വരും. ഭാവനയുടെ തലത്തില്‍ പോലും ആസ്വാദ്യകരമാവുന്ന ഒന്നായിട്ട് പലപ്പോഴും രതി മാറുന്നുണ്ടെങ്കില്‍ ഭക്ഷണത്തിന് ആ സാധ്യത തുലോം കുറവാണ്. ഒരു പോണ്‍ വീഡിയോ കണ്ടാസ്വദിച്ചാല്‍ നിങ്ങളുടെ ലൈംഗികതയെ ഭാവനയുടെ തലത്തില്‍ അത് തൃപ്തിപ്പെടുത്തും. പക്ഷെ, വയറ് നിറയെ ഭക്ഷണം കഴിച്ചതായി സങ്കല്‍പ്പിച്ച് കിടന്നാല്‍ നമുക്ക് ഉറക്കം വരണമെന്നില്ല. എങ്കിലും ലൈംഗികമായി യാഥാസ്തികത്വം നിലനില്‍ക്കുന്ന സമൂഹങ്ങള്‍ ലൈംഗികതയില്‍ പറ്റാത്തത് തീറ്റയിലൂടെ സാധ്യമാക്കുന്നുണ്ട്. നിങ്ങള്‍ക്ക് സംഘരതി പറ്റില്ലായിരിക്കാം, പക്ഷെ ഒരു പാത്രത്തില്‍ നിന്ന് എല്ലാവര്‍ക്കും ഒരുമിച്ച് കഴിക്കാന്‍ പറ്റുന്ന തരത്തില്‍ വലിയ വിഭവങ്ങള്‍ ലോകത്ത് മനുഷ്യന്‍ സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അതുപോലെ തന്നെയാണ് പാചകവും. പാചകത്തിലും രതിയിലും ഉണ്ടാക്കലാണ് സംഭവിക്കുന്നത്. പാചകത്തില്‍ വിഭവങ്ങള്‍ ഉണ്ടാവുന്നു. രുചിയുടെ ആസക്തി ശമിക്കുന്നു. ആഹഌദം ഉണ്ടാകുന്നു. രതിയില്‍ സ്‌നേഹം ഉണ്ടാകുന്നു. അനന്തര തലമുറ ഉണ്ടാകുന്നു. ആഹഌദം ഉണ്ടാകുന്നു. മനുഷ്യന്‍ ജീവിതപാചകം കൊണ്ട് സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എല്ലാക്കാലത്തും ഒരേയൊരു വിഭവം മാത്രമായിരുന്നൂ. അത് ശുദ്ധമായ ആനന്ദം അല്ലാതെ മറ്റൊന്നുമല്ല. ചരിത്രം പക്ഷേ മനുഷ്യനെ അക്കാര്യത്തില്‍ ഇന്നേവരെ വിജയി ആയി രേഖപ്പെടുത്തിയിട്ടുമില്ല.

മനുഷ്യനൊരു സാമ്പത്തിക ജീവി കൂടെ ആയതുകൊണ്ട് രണ്ടാസക്തികള്‍ക്കും നാം വില കൊടുക്കേണ്ടി വരുന്നൂ എന്ന പൊതുവായ സംഗതി കൂടെയുണ്ട്. ചിലയിടങ്ങളില്‍ അത് രണ്ടും പൊതുവായൊരു കമ്മോഡിറ്റി മാത്രമായി അതുകൊണ്ട് തന്നെ പ്രദര്‍ശിപ്പിക്കപ്പെടാറുമുണ്ട്. ഫുഡ് എന്നത് ഒരു തരം പോണായി മാറുന്ന ഒരു കാലത്ത് അത് പ്രതീക്ഷിക്കാതിരിക്കേണ്ടതുമില്ല. തായ്‌ലന്റ് പോലുള്ള ചിലയിടങ്ങളില്‍ സ്്ട്രീറ്റ്ഫുഡും കോള്‍ഗേള്‍സും ഒരു പോലെ പ്രദര്‍ശിപ്പിക്കപ്പെടുകയാണെന്ന് വായിച്ചറിയുന്നു. നിങ്ങള്‍ക്ക് രണ്ട് കാര്യമേ ചെയ്യാനുള്ളൂ. ഏറ്റവും പെട്ടന്ന് ശമിപ്പിക്കേണ്ട ആസക്തി ഏതാണെന്ന് തീരുമാനിക്കുക. നിങ്ങളുടെ പഴ്‌സിന്റെ കനമനുസരിച്ചുള്ള വിലയ്ക്കുള്ളത് തെരഞ്ഞെടുക്കുക. ആസക്തി ശമിപ്പിക്കുക. രതിയും രുചിയും പ്രദര്‍ശനത്തിലൂടെയും വിപണനത്തിലൂടെയും വാണിജ്യസ്വഭാവത്തിന്റെ അടിസ്ഥാനത്തിലൂടെയും ഒന്നാകുന്ന ഒരു കാഴ്ച കൂടി ആധുനികലോകം കാട്ടിത്തരുന്നുണ്ട്. ലോകത്ത് ഏറ്റവുമധികം ടേണ്‍ഓവറുള്ള രണ്ട് വ്യവസായങ്ങളാണ് രതിവ്യവസായവും (porn film industry) ഭക്ഷണവ്യവസായവും എന്ന് കണക്കുകള്‍ പറയുന്നുണ്ട്.

മനുഷ്യന്റെ നിലനില്‍പ്പാണ് ഈ രണ്ട് ആസക്തികളും അടിസ്ഥാനപരമായി ഉദ്ദേശിക്കുന്നതെന്നതിനാല്‍, ആമാശയം ഒഴിച്ചുള്ള അവയവയങ്ങള്‍ രതിക്കും തീറ്റക്കും പൊതുവായി ഉപയോഗിക്കപ്പെടുന്നതാണ്. ഒരേസമയം തന്നെ രതിയില്‍ പ്രകടമായി തീറ്റയുണ്ട്. പങ്കാളികള്‍ പരസ്പരം ശരീരസ്രവങ്ങള്‍ വായിലൂടെ ആഗിരണം ചെയ്യുന്നത് രതിയില്‍ പതിവാണെന്നത് തന്നെ കാര്യം. എന്നാല്‍ തീറ്റയിലെ രതി കുറച്ചുകൂടി ഗുപ്തവും മന:ശാസ്ത്രപരവും ഭാവനാത്മകവുമാണ്. മൂക്ക് ഭക്ഷണത്തിന്റെ ഗന്ധം മാത്രമല്ല ശരീരത്തിന്റെ ഗന്ധവും അളക്കുന്നു. വായയും ചുണ്ടും പല്ലുകളും തീറ്റയിലെ മാത്രമല്ല എല്ലാ ക്രൈമിലേയും പാര്‍ട്ട്‌ണേഴ്‌സാണ്. വിരലുകളാല്‍ നാം ഭക്ഷണം മാത്രമല്ല അനാവരണം ചെയ്യുന്നത്. ഭക്ഷണം മാത്രമല്ല നാം മൂടി വയ്ക്കുന്നത്. വിശപ്പെന്നാല്‍ ഭക്ഷണത്തിന് വേണ്ടി മാത്രമല്ല. വിശക്കുന്നത് ആമാശയത്തിന് മാത്രമവുമല്ല. രതിയും രുചിയും മനുഷ്യബോധത്തിന്റെ അവന്റെ ജൈവമായ സഹജാവബോധങ്ങളുടെ, ഗര്‍ഭസ്തരത്തില്‍ പറ്റിപ്പിടിച്ച് വളരുന്ന സഹജാതീയ ഇരട്ടകളാണ്.

ടി.അരുണ്‍കുമാറിന്റെ 'തടവ് ചാടിയ വാക്ക്' എന്ന പുസ്തകത്തില്‍ നിന്ന് . കോപ്പികള്‍ക്ക് ഈ നമ്പരുകളില്‍ വിലാസം വാട്ട്‌സ്ആപ്പില്‍ അയക്കാം / വിളിക്കാം : +91 75109 95588 /+91 82812 91849 / +918086126026. http://www.logosbooks.in ല്‍ നിന്നും വാങ്ങാം.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT