കാലത്ത് വോട്ട് ചെയ്തു വന്ന് പത്രവും കൊണ്ട് പുറത്തിരിക്കുകയാണ്. ഫോൺ റിംഗ് ചെയ്യുന്നു; യു എ ഖാദർ! ഒന്ന് അന്തിച്ചു. കഥകളും, നോവലുകളും, യാത്രാ വിവരണങ്ങളും ലേഖനങ്ങളും, താൻ വരച്ച ചിത്രങ്ങളും എല്ലാം ബാക്കിയാക്കി സൗമ്യനായ എഴുത്തുകാരൻ യാത്ര പറഞ്ഞിട്ട് രണ്ടു ദിവസമാവുന്നു, ദേഹം മണ്ണോടു ചേർന്നിട്ടു ഒരു രാവ് പുലർന്നു കഴിഞ്ഞിരിക്കുന്നു.
മകനാണ്. ഉപ്പയുടെ ഫോണിൽ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞു. ‘നിങ്ങളുടെ പുസ്തകത്തെ കുറിച്ച് എഴുതണമെന്ന് പറഞ്ഞിരുന്നു. എഴുതാനിരിക്കുമ്പോൾ ക്ഷീണമാണെന്ന് പറയും. ഈയിടെയായി അങ്ങനെയാണ്, കഥ പറഞ്ഞു തരുമ്പോൾ ഉപ്പ ഇടയ്ക്കിരുന്ന് ഉറങ്ങിപ്പോവും. ഞാനാണ് കേട്ടെഴുതി കൊടുക്കാറ്. കുറേനേരം കാത്തുനിന്നു തട്ടി വിളിക്കുമ്പോൾ ഉപ്പ നിർത്തിയ വരിയിൽ നിന്നു തുടങ്ങും. നിങ്ങളുടേത് പൂർത്തിയാക്കാതെ പോയി. ഒരു കഥയും ബാക്കി വച്ചിട്ടുണ്ട്, അല്പസ്വല്പം തിരുത്തലുകൾ നടത്തി. ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്ന നാളിൽ ഉപ്പ ആകെ വിളിച്ചത് രണ്ടു പേരെയാണ്, നിങ്ങളെയും, യൂ കെ കുമാരനെയും’.
എന്ത് പറയണമെന്നറിയാതെ നിന്നു. ‘അക്ഷര’ത്തിൽ ചെന്നപ്പോൾ മകൻ കാണിച്ചു തന്നു, എഴുത്ത് മേശയിൽ എന്റെ പുസ്തകം. മനസ്സ് കൊണ്ട് കാൽക്കൽ പ്രണമിച്ചു. ഏതൊരു പുരസ്കാരത്തേക്കാളും മൂല്യമേറിയ ചില നിമിഷങ്ങൾ. യു എ ഖാദർ എന്ന എഴുത്തുകാരൻ വിസ്‍മയിപ്പിച്ചിട്ടേ ഉള്ളൂ എന്നും, എഴുത്ത് കൊണ്ട് മാത്രമല്ല, ഇങ്ങനെ ചില gestures കൊണ്ടും.
ആദ്യമായി ഫോണിലേക്ക് വന്ന വിളി, പരിചയമില്ലാത്ത നമ്പർ. അപ്പുറത്ത് സൗമ്യമായ, പതിഞ്ഞ ശബ്ദം, ഞാൻ യു എ ഖാദറാണ്. നിങ്ങളുടെ കഥ വായിച്ചു, വളരെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട്. പതിവ് നന്ദി വാക്കുകൾ പോലും നാവിൻ തുമ്പിൽ വരാതെ നിന്നതോർമ്മയുണ്ട്.
ആദ്യമായി ഫോണിലേക്ക് വന്ന വിളി, പരിചയമില്ലാത്ത നമ്പർ. അപ്പുറത്ത് സൗമ്യമായ, പതിഞ്ഞ ശബ്ദം, ഞാൻ യു എ ഖാദറാണ്. നിങ്ങളുടെ കഥ വായിച്ചു, വളരെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട്. പതിവ് നന്ദി വാക്കുകൾ പോലും നാവിൻ തുമ്പിൽ വരാതെ നിന്നതോർമ്മയുണ്ട്.
പിന്നീടൊരിക്കൽ, നേരിൽ കാണുവാനും, അഭിനന്ദിക്കുവാനും എന്നുപറഞ്ഞുകൊണ്ട് ഒരു പുസ്തക പ്രകാശന ചടങ്ങിലേക്ക് കയറിവന്നു അമ്പരപ്പിച്ചിട്ടുണ്ട്. പിന്നെയും ബാക്കി വച്ചിരുന്നു അത്ഭുതങ്ങൾ, ‘പഴയൊരാളുടെ പുസ്തകത്തിന് പുതിയൊരാൾ എഴുതട്ടെ’ എന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ പുതിയ കഥാ സമാഹാരത്തിന് അവതാരിക എഴുതാൻ വിളിച്ചുകൊണ്ട്.
ഇത്രയും കുറിച്ചത് അമ്പട ഞാനേ എന്ന് കാണിക്കുവാനല്ല, വലിയ എഴുത്തുകാരന്റെ അതിലും വലിയ മനസ്സിനെ കുറിച്ച് പറയുവാനാണ്. രണ്ടു കഥയെഴുതുമ്പോൾ അഹങ്കാരം കത്തുന്ന ഞങ്ങളുടെ തലയ്ക്കിട്ട് സ്വയമൊന്നു കിഴുക്കാനാണ്. പ്രണാമം പ്രിയ എഴുത്തുകാരാ. ഇനി കാണുമ്പോൾ തൃക്കോട്ടൂർ പെരുമയിലോ, അഘോരശിവത്തിലോ, ചങ്ങലയിലോ, കലശത്തിലോ ഒരു കയ്യൊപ്പു ചാർത്തി തരണം. പലതവണ കണ്ടിട്ടും ഞാനത് ചോദിക്കാൻ മറന്നു പോയി.