' ഒന്നാം ക്ലാസുകാര്‍ പന, പറ എന്നെഴുതി പഠിക്കുമ്പോള്‍ അവര്‍ക്ക് അക്ഷരങ്ങള്‍ മാത്രം പഠിച്ചാല്‍ മതിയായിരുന്നു. പക്ഷേ, എനിക്ക് പനയും പറയും എന്താണെന്നുകൂടി പഠിക്കേണ്ടതുണ്ടായിരുന്നു', മാതൃഭാഷയല്ലാതെ മറ്റൊന്നുമറിയാതെ, പിതാവിന്റെ നാട്ടിലേക്കു പോരേണ്ടിവന്ന ഏഴുവയസ്സുകാരന്‍ എഴുതിത്തുടങ്ങിയതു പിതൃഭാഷയിലായിരുന്നു; മലയാളം മാതൃഭാഷയായ മറ്റെഴുത്തുകാര്‍ക്കൊപ്പം എഴുത്തില്‍ വളര്‍ന്നതും പിതൃഭാഷയിലായിരുന്നു. അന്നത്തെ ഏഴുവയസ്സുാകരന്‍ യു.എ. ഖാദര്‍ ഭാഷയിലെ മാതൃ-പിതൃ വ്യത്യാസങ്ങള്‍ക്കതീതമായി കഥപറച്ചിലിന്റെ ലോകഭാഷയില്‍ ഇന്നും എഴുത്തു തുടരുന്നു.
യു. എ ഖാദറിന്റെ എഴുത്ത് ജീവിതം പരുവപ്പെടുന്നത് വിരുദ്ധ സ്വഭാവമുള്ള രണ്ട് മൂശകളില്‍ ആണ്: പ്രവാസത്തിന്റെ വേരില്ലായ്മയും വേദനയും ഒരു വശത്ത്;
അതിസൂക്ഷ്മമായ പ്രാദേശികതയുടെ, ആണിവേരുകളുടെ കഥാവാസന മറുവശത്ത്. ദേശത്തെക്കുറിച്ചും ദേശാന്തരതകളെക്കുറിച്ചും എഴുതി തഴക്കം വന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സമാഹാരമായ 'ഗന്ധമാപിനി'യിലും ഈ വൈരുദ്ധ്യത്തിന്റെ വീറ് കാണാം. അതിന്റെ അടരുകളില്‍ നിന്ന് കഥാകൃത്ത് മാറുന്ന കാലത്തിന്റെയും ദേശത്തിന്റെയും വിലാസങ്ങള്‍ നമുക്ക് ചൊല്ലിത്തരുന്നു. ഇരുണ്ട കാലത്തേക്ക് കടക്കുന്ന നമ്മളില്‍ അസ്തമിച്ച വെയിലിന്റെ ഗൃഹാതുരമായ ശേഷിപ്പ് എന്ന പോലെ അദ്ദേഹത്തിന്റെ വാക്കുകളിലെ ഉറപ്പുകളുടെ പ്രകാശം വന്നു വീഴുന്നു.
വാക്കുകളുടെ ധാരാളിത്തമോ, അലങ്കാരങ്ങളുടെ അതിപ്രസരമോ ഇല്ലാതെ, എണ്ണിപ്പെറുക്കിയ സൂചനകളിലും ആറ്റിക്കുറുക്കിയ ധ്വനികളിലുമാണ്, യു.എ. ഖാദര്‍ മാറിയ കാലത്തെ അടയാളപ്പെടുത്തുന്നത്:
അഭൗമവും ഭ്രമാത്മകവുമായ നിരവധി അടരുകളോടെ തൃക്കോട്ടൂരിനെ മലയാള സാഹിത്യത്തില്‍ പ്രതിഷ്ഠിച്ച ഒരാള്‍ക്ക്, ഒരു കാലഘട്ടത്തെ, ഒരു ജനതയെ, അവരുടെ ഭാഷയെ, ആചാരങ്ങളെ, എല്ലാം തന്നെ അനശ്വരമാക്കിയ ആ എഴുത്തുകാരന് ഇന്നിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒരു മാറിനില്പ് സാധ്യമാവില്ല. ഐതിഹ്യങ്ങളും തോറ്റംപാട്ടുകളും നാട്ടു പഴമയും മിത്തുകളും പ്രാദേശിക ചരിത്രവും എല്ലാം പറഞ്ഞ യു . എ ഖാദര്‍ ഇന്നിനെ അടയാളപ്പെടുത്തുന്നതെങ്ങനെയെന്നു നോക്കുക
'വിശാലമായ മണല്‍പ്പരപ്പില്‍ ഒത്തു ചേരാന്‍ ചുറ്റുവട്ടത്തു നിന്ന് ഓടിക്കൂടുന്നവരെ അതിരിട്ടു തടയാന്‍ പുതിയ ശ്രമങ്ങള്‍, പുതിയ പാറാവുകാര്‍, പുതിയ കഴകക്കാര്‍'
'കിരീടം അണിയിക്കുന്നവരുടെ മനസ്സിലിരിപ്പും മുടി ചൂടുന്നവരുടെ കൈത്തണ്ടയിലെ പുതിയ ചരടുകളും.' (അദ്രമാം വളപ്പില്‍ ദേവി)
വാക്കുകളുടെ ധാരാളിത്തമോ, അലങ്കാരങ്ങളുടെ അതിപ്രസരമോ ഇല്ലാതെ, എണ്ണിപ്പെറുക്കിയ സൂചനകളിലും ആറ്റിക്കുറുക്കിയ ധ്വനികളിലുമാണ്, യു.എ. ഖാദര്‍ മാറിയ കാലത്തെ അടയാളപ്പെടുത്തുന്നത്: 'അദ്രമാം വളപ്പില്‍ കത്തിച്ചുവച്ച നിലവിളക്ക് തൊഴുത് ജീവിച്ചിരിക്കുന്ന കാരണവര്‍ നീട്ടുന്ന നാണയത്തുട്ട് നെറ്റിക്കുറിയില്‍ ഒട്ടിച്ചു വച്ചാണ് ദേവി ഇറങ്ങിപ്പുറപ്പെടുക. നെറ്റിത്തടത്തില്‍ നാണയം വയ്ക്കാന്‍ കൈയുയര്‍ത്തുന്ന താവഴിക്കാരനെ ഇപ്പോള്‍ ആരാണ് വിലക്കിയത്?'
'എല്ലാ ചിട്ടവട്ടങ്ങളും കഴിച്ച് ഒഴിവാക്കി കിട്ടിയ ശവം നാറാന്‍ തുടങ്ങിയിരുന്നു. പറയന്മാര്‍ കള്ളു കുടിച്ചതിനാല്‍ അവര്‍ക്ക് ആ ചീഞ്ഞ മണം ദുസ്സഹമായി തോന്നിയില്ല. എന്നാല്‍ ഒപ്പം പോന്ന ചിലര്‍ മൂക്കുപൊത്തി. അവര്‍ക്ക് ഇതിലൊന്നും അത്ര വലിയ താല്പര്യം ഉണ്ടായിരുന്നില്ലല്ലോ. അവരുടെ ആടുമാടുകള്‍ ചത്തിട്ടില്ല, വിള നശിച്ചിട്ടില്ല. അവരുടെയിടയിലെ പെണ്ണുങ്ങള്‍ക്കാര്‍ക്കും അപകടം സംഭവിച്ചിട്ടുമില്ല. (പുലിമറ ദൈവത്താര്‍, പേജ് 68. തൃക്കോട്ടൂര്‍ നോവെല്ലകള്‍)
അധികാരം, പണം, ജാതി ഇവയിലെല്ലാം താഴെക്കിടയില്‍ നില്‍ക്കുന്നവര്‍ക്കുള്ള നീതി, അത് നീതിയെക്കാളേറെ നീതി നിഷേധമാണ്. അപ്പോഴും ഭൂരിപക്ഷം കരുതും , 'എന്റെ വിള നശിച്ചിട്ടില്ല …'
പല കഥകളിലും ആവര്‍ത്തിച്ച് പോരുന്ന ഒരു പരാമര്‍ശം ബാല്യത്തില്‍ ഒറ്റപ്പെടല്‍ അനുഭവിച്ച കുട്ടിയുടേതാണ്. 'മനസ്സിന്റെ അടിത്തട്ടില്‍ കലക്ക വെള്ളത്തിലെ ഊറല്‍ പോലെ അതങ്ങനെയുണ്ട്. മനഃപൂര്‍വം കൈതട്ടി ഇളക്കുമ്പോള്‍ ആ ഊറലുകളില്‍ ചിലത് കലങ്ങിപ്പൊങ്ങും. കുട്ടിയുടെ എത്രാമത്തെ വയസ്സിലെ നീറ്റലാണ് ആ ഊറലിന്റെ അവശിഷ്ടത്തില്‍ നിന്ന് ഇപ്പോള്‍ പൊങ്ങിയതെന്നറിയില്ല'
ഗന്ധസീമകളിലേക്കുള്ള നടത്തം
2019 ല്‍ പല ആനുകാലികങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തില്‍. 1952 ല്‍ ചന്ദ്രികയില്‍ 'കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി' യുമായി തുടങ്ങിയ എഴുത്തു ജീവിതം ഇപ്പോഴും സക്രിയമായി തുടരുന്നു. 'കഴിഞ്ഞ കാലം കൊതിപാറ്റിയിടുന്ന ഗന്ധങ്ങളുടെ ഉറവിട സീമയിലേക്കുള്ള യാത്ര' (ഗന്ധമാപിനി) എന്ന് എഴുത്തുകാരന്‍ തന്നെ തന്റെ തുടരുന്ന സര്‍ഗ്ഗ ജീവിതത്തെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അവിടെ കുഞ്ഞിക്കണാരന്‍ നായരുടെ മണമുള്ള പടിഞ്ഞാറേ ചരുമുറിയുണ്ട്, ചേറീപ്പാറ്റി മന്ദല കളഞ്ഞ് വെടിപ്പാക്കി നെന്മണിയാക്കി ആളുയരമുള്ള നെല്‍പ്പത്തായതില്‍ നിറച്ചു കയറി വരുന്ന, മുഖത്തും മാറത്തും നെന്മണി പറ്റി നില്‍ക്കുന്ന തിര്യാതയുടെ മകള്‍ കല്യാണിയുടെ വിയര്‍പ്പു ഗന്ധമുണ്ട് (പാതിരാ മലരുകള്‍), പൂവെണ്ണയുടെ, സ്വര്‍ണ തലമുടിയും സ്വര്‍ണ കണ്ണുകളുമുള്ള ജിന്നുകള്‍ ഇറങ്ങി നടക്കുന്ന പാതിരാവില്‍ പൂത്ത നിശാഗന്ധിയുടെ, യക്ഷിപ്പെണ്ണുങ്ങള്‍ കണ്ണു കഴുകുമ്പോള്‍ വീണ വെള്ളാരം കല്ലുള്ള കടവിലെ കൈതപ്പൂവിന്റെ, പാതിരായിരുട്ടില്‍ കുഴഞ്ഞു വീണ കുഞ്ഞലവി ഹാജിയെ താങ്ങിയ ഔലിയ തങ്ങളുടെ ചന്ദനത്തിരി മണം (ആശ്ലേഷ ഗന്ധം), സഖാവ് ബദവിയും കൂട്ടരും ഇരുന്നു തെറുക്കുന്ന ബീഡിയിലകളുടെ മണം (കാല ചലനങ്ങള്‍) എല്ലാമുണ്ട്. പേരുപോലെ തന്നെ പല ഗന്ധങ്ങളാണ് 'ഗന്ധമാപിനിയില്‍'. പഴക്ക ചൂരടിക്കുന്ന തറവാട്ടിന്‍ ഗന്ധത്തെ തേടി വല്ലപ്പോഴുമെത്തുന്നത് കഥയിലെ പേരില്ലാ നായകനാണ്. കുട്ടിക്കാല ഓര്‍മ്മയിലെ ആദ്യമുഖം പണിക്കാരി പാത്തുവാണ്, ഗാന്ധി കോത എന്നയാള്‍ വിളിക്കുന്നവള്‍. മുളകിട്ട മീന്‍ കറി തട്ടി തുളുമ്പിയ ശരീരം. ആ മണം അയാള്‍ക്കിഷ്ടവുമാണ്. അവളിട്ടു കൊടുക്കുന്ന പന്‍സാര ചായയും. പണിക്കാര്‍ പൊളിച്ചു കൊണ്ടിരിക്കുന്ന ആ തറവാട്ടു മുറ്റത്ത് നില്‍ക്കുമ്പോള്‍ ഇഞ്ചിയുണങ്ങിയതിന്റെയും നല്ലെണ്ണയുടെ എള്ളിന്‍ ചൂരടിക്കുന്ന ഗന്ധവും മാത്രമല്ല, 'സമ്മിശ്രമായി ജീവിതത്തെ വരിഞ്ഞു മുറുക്കിയ മുടിച്ചുരുളിന്റെ താഴെ വിയര്‍പ്പു ചാലുകെട്ടില്‍ കുഴഞ്ഞ ആ മുടിയും മാറിടവും സമ്മാനിച്ച, മനസ്സില്‍ നിന്ന് ഒരിക്കലും മായാത്ത, ഇന്നും ചൂരും ചുണയുമുണര്‍ത്തുന്ന ഗന്ധം' കൂടിയുണ്ട്. (ഗന്ധമാപിനി)
പല കഥകളിലും ആവര്‍ത്തിച്ച് പോരുന്ന ഒരു പരാമര്‍ശം ബാല്യത്തില്‍ ഒറ്റപ്പെടല്‍ അനുഭവിച്ച കുട്ടിയുടേതാണ്. 'മനസ്സിന്റെ അടിത്തട്ടില്‍ കലക്ക വെള്ളത്തിലെ ഊറല്‍ പോലെ അതങ്ങനെയുണ്ട്. മനഃപൂര്‍വം കൈതട്ടി ഇളക്കുമ്പോള്‍ ആ ഊറലുകളില്‍ ചിലത് കലങ്ങിപ്പൊങ്ങും. കുട്ടിയുടെ എത്രാമത്തെ വയസ്സിലെ നീറ്റലാണ് ആ ഊറലിന്റെ അവശിഷ്ടത്തില്‍ നിന്ന് ഇപ്പോള്‍ പൊങ്ങിയതെന്നറിയില്ല' (ഗന്ധമാപിനി). വീട്ടുകാര്‍ മുഴുവന്‍ വീടിന്റെ / കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് വാതിലടച്ചു സാക്ഷയിട്ടു കഴിയുമ്പോള്‍ കോലായത്തിണ്ണമേല്‍ ഒറ്റയ്ക്കായിപ്പോയ ഒരു കുട്ടിയുടെ മനസ്സുണ്ട് ഗന്ധമാപിനി, പാതിരാ മലരുകള്‍, പ്രണയപ്പശിമ, കഥ വിഴുങ്ങിയ വീട് എന്നീ കഥകളില്‍. 'ജിന്നുകള്‍ക്ക് കൊത്തിത്തിന്നാന്‍ പാകത്തിലിട്ടു കൊടുത്ത ഇറച്ചിപ്പാകം ഇരയാണെന്ന' ആന്തലോടെ ഒരു കുട്ടി. 'വരത്തന്‍ കഞ്ഞിക്കിണ്ണം മണിയുന്നേ' എന്ന പരിഹാസപ്പോറലുകള്‍ ഏറ്റുവാങ്ങുന്നവന്‍. അവന്റെ കിഴക്കേ ജനലിനപ്പുറം തട്ടാന്‍ ഇട്ട്യേമ്പിയുടെ കാവ്, അവിടെ സ്വൈര്യ വിഹാരം നടത്തുന്ന സര്‍പ്പങ്ങള്‍. അവനൊരാശ്വാസമായിട്ടുള്ളത് പണിക്കാരി മറിയത്തിന്റെ അനിയത്തി പാത്തുവാണ്. രാത്രിയില്‍ ജനലിലൂടെ നീണ്ടു വരുന്ന അവളുടെ കുപ്പിവള കൈകളാണ്.
കഥകള്‍ വായിക്കുന്നതിനിടയില്‍ ചില വാക്കുകളില്‍ കണ്ണുടക്കുന്നു, നീറായി , നീഡ് - ഓര്‍മയില്‍ തെളിഞ്ഞു വരുന്നൊരു തറവാട് വീട്. അവിടെ ഓരോ മുറികള്‍ക്കും ഓരോ പേരുകള്‍. പലതും ഓര്‍ത്തെടുക്കാനാവുന്നില്ല. ഇന്നാ വീടില്ല, ഞങ്ങളുടെ പുതിയ കൂടുകളില്‍ സിറ്റിംഗ്, ഡൈനിങ്ങ് എന്നൊക്കെ മൊഴിമാറ്റം ചെയ്ത് ശീലമായിപ്പോയ പുതിയ (ആഗോള) ഇടങ്ങള്‍. പറയാതെ, ഉപയോഗിക്കാതെ മറവിയിലേക്ക് പോയ ഒരുപാട് കാര്യങ്ങള്‍. തൃക്കോട്ടൂര്‍ പുരാണം ഒരിക്കല്‍ കൈയിലെടുത്തവര്‍ക്കറിയാം തരിമ്പും വീറ് ചോരാതെ ഒരു സംസ്‌കൃതിയെ യു.എ ഖാദര്‍ എങ്ങനെ അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന്. പുതിയ കഥകളിലുമുണ്ട് ആ മിത്തുകള്‍, ഭാഷാപ്രയോഗങ്ങള്‍: മിഞ്ചിയിടുക, ഗിരാക്കന്മാര്‍, ഉക്രാണിക്കാര്‍, പിത്തലാട്ടം, നെടുള്ളാന്‍…
പുതുനിര എഴുത്തുകാരില്‍ പലരും, ഹരീഷ്, അബിന്‍, വിനോയ്, നൊറോണ, അവരുടെ എഴുത്തിനാല്‍ തിരിച്ച് പിടിക്കാന്‍ ശ്രമിക്കുന്നത് അവരുടെ മണ്ണിലെ കഥകളും ഭാഷയും മിത്തുകളും ചരിത്രവുമൊക്കെയാണ് എന്ന് ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ എഴുത്തുകാരന്‍ എത്ര യുവത്വം അക്ഷരങ്ങളില്‍ കാത്തുസൂക്ഷിക്കുന്നു എന്ന് വെളിപ്പെടും.
‘ബെല്ലടിച്ചോളി, ഇന്നത്തെ കുറാൻ ഓത്ത് ഇത്രമതി. ഇനി മലയാളം പഠിച്ചോളിൻ, ഹലാക്കിന്റെ അവില് ചവച്ചോളിൻ, തുപ്പല് കുടിച്ചോളിൻ, തൊണ്ടക്കാറലുമാറ്റി മലയാളം പഠിച്ചോളിൻ’ (യക്ഷിക്കണ്ണ്)
അതെ, യു. എ ഖാദർ എഴുതുകയാണ്, പഴയതും പുതിയതുമായ കഥകൾ.
തൃക്കോട്ടൂരില്‍നിന്നു തുടങ്ങി, ലോകവന്‍കരകളില്‍ ഒറ്റയ്ക്കായിപ്പോകുന്ന എല്ലാവര്‍ക്കുമായി പിന്നെയും പിന്നെയും കഥകള്‍ പറയുകയാണ്; മാതൃഭാഷയുടെ അമ്മിഞ്ഞച്ചൂരിലല്ല, പിതൃഭാഷയുടെ വേരറ്റ വേദനയില്‍.
(ഗന്ധമാപിനി എന്ന കഥാസമാഹാരത്തിന്റെ അവതാരികയിൽ നിന്ന് )