literature

കൂമന്‍ കൊല്ലിക്ക് ഹിന്ദുത്വയോട് പറയാനുള്ളത്

ആധുനിക മനുഷ്യന്റെ നിരന്തരമായ കടന്നുകയറ്റത്തിലൂടെ രൂപംകൊള്ളുന്ന ആത്മ/ബാഹ്യ സംഘര്‍ഷങ്ങളെ അതിന്റെ സകല വൈവിധ്യത്തോടെയും വൈരുധ്യത്തോടെയും സൗന്ദര്യാത്മക ഭാഷയില്‍ പകര്‍ത്തിവെച്ച കൃതിയാണ് പി. വത്സലയുടെ കൂമന്‍കൊല്ലി. അതിനുള്ളില്‍ ഒരു ദേശത്തിന്റെ ചരിത്രവും രാഷ്ട്രീയവും പ്രകൃതിയും കൃത്യമായി ഒളിഞ്ഞിരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം പുതിയ മാനങ്ങള്‍ തുറന്നുവെക്കാന്‍ നോവലിന് കഴിയുന്നുണ്ടോ എന്നതാണ് ഇവിടുത്തെ പ്രതിപാദ്യവിഷയം.

അധിനിവേശവും/കുടിയേറ്റവും അതുവരെയുണ്ടായിരുന്ന സംസ്‌കാരത്തെ ചവിട്ടിമെതിച്ചുപോകുമ്പോള്‍തന്നെ നല്ലതെന്ന് തോന്നുന്ന ചില ഭ്രമാത്മകലോകം തുറന്നിടുകകൂടി ചെയ്യും. എന്നുവെച്ച് നന്മതിന്മകളുടെ സമ്മിശ്രമാണ് അധിനിവേശമെന്ന് പറയാനാകില്ല. പ്രകൃതിയുടെ കണ്ണിലൂടെ നോക്കുമ്പോള്‍ അധിനിവേശം നന്മകളേക്കാള്‍ എത്രയോ പതിന്മടങ്ങ് തിന്മകളാണ് അവശേഷിപ്പിച്ചതെന്ന് വിലയിരുത്താം. പ്രകൃതിക്കൊപ്പം ലയിച്ച് തനിക്ക് ആവശ്യമുള്ളപ്പോള്‍മാത്രം തീറ്റ തേടിയലഞ്ഞിരുന്ന ആദിമനിവാസികള്‍ കുടിയേറ്റജനതയുടെ ഇടപെടലോടെ പുതിയ ലോകത്തിലേക്ക് നിഷ്‌കളങ്കമായി ഒട്ടിച്ചേരാന്‍ ശ്രമിക്കുന്നു. അതുവരെ പരിചിതമല്ലാത്ത സംസ്‌കാരത്തിന്റെ ഗാഢചുംബനത്താല്‍ പൊള്ളലേറ്റ് കുതറുമ്പോഴും സംസ്‌കാരസമ്പന്നമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആധുനികനാഗരികന്റെ ജീവിതവഴിയിലേക്ക് അവരെ വീണ്ടും വീണ്ടും സ്‌നാനപ്പെടുത്തുന്നു. ആദിമസംസ്‌കാരത്തിനുമേലുള്ള ഇത്തരം ബലാത്ക്കാരം തുറന്നുവിടുന്ന സംഘര്‍ഷവും അതിജീവനവുമാണ് വത്സലയുടെ നെല്ലിലും ആഗ്നേയത്തിലും പിന്നീടെഴുതിയ കൂമന്‍കൊല്ലിയിലും പല ഭാവത്തില്‍ പ്രകടമാകുന്നത്.

കുടിയേറ്റ/ജന്മിത്ത ചൂഷണത്താല്‍ വീര്‍പ്പുമുട്ടിയിരുന്ന വയനാട്ടിലെ ആദിവാസിജീവിതം വിമോചിപ്പിക്കുന്നതിന് 'വസന്തത്തിന്റെ ഇടിമുഴക്ക'മായ നക്‌സലൈറ്റ് മുന്നേറ്റത്തിന്റെ രക്തരൂഷിത ചരിത്രം അടയാളപ്പെടുത്തിയ'ആഗ്നേയ'ത്തിന്റെ തുടര്‍ച്ചയാണ് കൂമന്‍കൊല്ലി. അടിയോന്റെ പെരുമന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന വര്‍ഗീസിനെ ഭരണകൂടം ക്രൂരമായി കൊലചെയ്തതോടെ നിരാശാഭരിതമായി മാറിയ വയനാടിന്റെ ശൂന്യതയിലേക്ക് മലകയറിവന്നതാകട്ടെ പുതിയതരം വികസനവും രാഷ്ട്രീയവും മതവുമാണ്. അത് ഒരാവാസവ്യവസ്ഥയിലും പുതുയുവത്വത്തിലും വരുത്തുന്ന മാറ്റം ചരിത്രരേഖയായിത്തന്നെ നോവലില്‍ വരച്ചിടുന്നു.

സാംസ്‌കാരികത്തനിമ അഥവാ വംശമഹിമ വീണ്ടെടുക്കാനെന്നും പറഞ്ഞ് അവിടേക്ക് എത്തിപ്പെടുന്ന തീവ്രഹിന്ദുത്വമാണ് അതില്‍ പ്രധാനം. മറ്റൊന്ന് ആദിവാസികളെ സംസ്‌കാരസമ്പന്നരാക്കി പുനരുദ്ധരിക്കാന്‍ മതപരിവര്‍ത്തനം ലക്ഷ്യംവെച്ച് എത്തുന്ന ക്രിസ്ത്യന്‍ മിഷനറിമാരാണ്. കൃഷിയെന്ന തികച്ചും പ്രകൃതിവിരുദ്ധമായ പ്രക്രിയ ആദിമസംസ്‌കാരവളര്‍ച്ചയുടെ പ്രത്യേകഘട്ടത്തിലാണ് ഉടലെടുത്തതെങ്കിലും അന്ന് കാടിനെയും പരിപാലിച്ചുകൊണ്ടാണ് അത് ചെയ്തുപോന്നിരുന്നത്. ആധുനിക മനുഷ്യനാകട്ടെ അതിജീവനത്തിന്റെ മുഖ്യ ഉപാധിയായി കൃഷിയെ മാറ്റിയപ്പോള്‍, അമിതോല്‍പ്പാദനം ലക്ഷ്യം വെച്ചപ്പോള്‍ കാടിനെ നിരന്തരം അന്യവസ്തുവായി കാണാന്‍ തുടങ്ങി. പൂങ്കുന്നം തറവാട്ടിലെ ബന്ധുക്കളടക്കമുള്ള നിരവധി കുടിയേറ്റജനതയും ഇവരുടെ അതിജീവനമത്സരത്തില്‍പെട്ട് ഉഴറുന്ന ആദിവാസികളും മനുഷ്യസ്പര്‍ശമേറ്റ് നിലവിളിക്കുന്ന കാടുമാണ് നോവലിലെ കഥാപാത്രങ്ങള്‍.

കാടിന്റെ നിലവിളി, ഒപ്പം ആദിവാസികളുടെയും

ക്ഷേമരാഷ്ട്രസങ്കല്‍പ്പം നിര്‍മിച്ചെടുക്കുന്നതിന് പാശ്ചാത്യ അധിനിവേശം ഇന്ത്യയില്‍ നടപ്പാക്കിയ പ്രധാന ചൂഷണം വനത്തെ വിഭവമാക്കി മാറ്റിയതാണ്. അതിനുവേണ്ടി അവിടേക്ക് റോഡ് വെട്ടുകയും മരങ്ങളും സുഗന്ധദ്രവ്യങ്ങളും പുറത്തേക്ക് കടത്തുകയുമായിരുന്നു. അവരന്ന് വെട്ടിയ റോഡിലൂടെ പിന്നീട് പലരും കയറിപ്പോയി. അവര്‍ക്കാകുന്ന തോതില്‍ കാടിനെ നിരന്തരം ഉപയോഗിച്ചു. വനത്തെ സര്‍ക്കാര്‍ ഭൂമിയായും തോട്ടമായുമൊക്കെ വിഭജിച്ചുകൊണ്ടിരുന്ന കാലത്തുതന്നെയാണ് കുടിയേറ്റവും നടന്നുവന്നത്. അമിതോല്‍പ്പാദനം ലക്ഷ്യംവെച്ചുള്ള പാശ്ചാത്യ കൃഷിരീതിയും കയറിവന്നതോടെ കാട് വെട്ടിത്തെളിച്ച് വനവല്‍ക്കരണമെന്ന പേരില്‍ അവിടെ യൂക്കാലിയും തേക്കുമടക്കമുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കുക കൂടി ചെയ്തതോടെ കാടെന്ന ആവാസവ്യവസ്ഥയില്‍ വലിയ മാറ്റം വന്നു. ഈ മാറ്റം ആദിവാസികളും ഏറെ ആത്മസംഘര്‍ഷത്തോടെ ഏറ്റുവാങ്ങുകയാണ്. നോവലിന്റെ ഒരു അധ്യായം തുടങ്ങുന്നതുതന്നെ ആദിവാസിയുടെ വേഷത്തിലും ഭാവത്തിലും വന്ന മാറ്റത്തിന്റെ സൂചനയോടെയാണ്.

'ചിന്നമ്മു ബ്രാഹ്മണിയമ്മ കുങ്കനെ കണ്ട് അതിശയിച്ചു

അവര്‍ കുങ്കനെ അടിമുടി നോക്കി.

ഇതെവിടുന്ന് കിട്ടി ഈ വെളുത്ത മുണ്ട്? എന്തേ കാടു കെട്ടിയ താടിമീശകള്‍ വടിച്ചുകളയാന്‍ തോന്നിയത്?....'

ആദിവാസിയായ കുങ്കനില്‍ വരുന്ന ഈ പരിവര്‍ത്തനം അവനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് വലിച്ചെറിയുന്നുണ്ട്.

അതുവരെ ബ്രാഹ്മണിയമ്മയുടെ വീട്ടിലെ പശുക്കളെ കാട്ടില്‍ കൊണ്ടുപോയി മേച്ചിരുന്ന വെറും കാലിച്ചെക്കനായിരുന്നു കുങ്കന്‍. പശുക്കളോടൊപ്പം യാതൊരു കൂച്ചുവിലങ്ങുമില്ലാതെ വനത്തിലേക്ക് സ്വതന്ത്രവിഹാരം നടത്തിയിരുന്ന കുങ്കനെ ഈ വീട്ടിലേക്കെത്തുന്ന പരിഷ്‌കാരിയായ ഗംഗാധരമാരാര്‍ കൂച്ചുവിലങ്ങിടുന്നു. അതിന് മുേമ്പ തന്നെ സങ്കരയിനം പശുക്കളെ(നാടന്‍ പശു കാടിറങ്ങുകയായി) കൂട്ടത്തോടെ വാങ്ങിക്കൊണ്ടുവരുന്നു ഗംഗാധരന്‍. കന്നുകാലികളെ ഇങ്ങനെ തുറന്നിട്ടാല്‍ പാലുല്‍പ്പാദനമടക്കമുള്ള ലാഭങ്ങള്‍ ഇല്ലാതാകുമെന്ന് കണ്ടെത്തി പശുക്കള്‍ക്ക് തൊഴുത്ത് പണിയുന്നു. 'തടിച്ച ഉടലുകള്‍ അനക്കി കണ്ടം ഉഴാന്‍ ഇവയ്ക്കു പറ്റുമോ എന്നും നുകം കയറ്റിവെച്ചാല്‍ കിടന്നുപോവില്ലേ എന്നും കൊഴുത്ത പശുക്കള്‍ക്ക് പാലു കുറവാണല്ലോ' എന്നും ചിന്നമ്മു സംശയമുന്നയിക്കുന്നുണ്ട്. പരമ്പരാഗത കൃഷിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത നാടന്‍ പശുക്കളെ നാട്ടില്‍നിന്ന് കുടിയൊഴിപ്പിച്ചതിന്റെ ചരിത്രത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട് ഇത്.

അടുത്ത തവണ വെളുത്ത മുണ്ട് മാറ്റി പഴയ വേഷത്തില്‍ കുങ്കന്‍ എത്തുമ്പോഴേക്ക് എല്ലാറ്റിനും മാറ്റം വരികയായി. പൂങ്കുന്നത്തെ തൊഴുത്തില്‍ മഷിയെഴുതിയ കൊഴുത്തുരുണ്ട പശുക്കളെ കണ്ട് അതിശയിക്കുന്നു അവന്‍. ഗംഗാധരമാരാര്‍ ഒരരിവാളും ചാക്കും മുറ്റത്തേക്കെറിഞ്ഞുകൊടുത്തിട്ട് പറഞ്ഞു. ''ആദ്യം ഒരു ചാക്ക് പുല്ലരിഞ്ഞുകൊണ്ടുവരൂ. ഇന്ന് അവറ്റകള്‍ക്ക് രണ്ടു കന്നു വൈക്കോല്‍ മാത്രമാണ് കൊടുത്തത്. എന്നിട്ടാകാം പുറത്തേക്ക് അഴിച്ചുകെട്ടല്‍...''

'ചത്തുകിടക്കുന്ന ഒരു തവളയെ എന്ന മട്ടില്‍ പുതിയ പണിയായുധങ്ങളെ ഒന്ന് നോക്കീട്ട് കുങ്കന്‍ അവന്റെ പാട്ടിനു പോയി' എന്നാണ് നോവലിലെ അടുത്ത വരി. കുങ്കന്‍ കാട് വിളിക്കുന്നേടത്ത് ഓടിപ്പോകുമ്പോള്‍ ഉള്ളില്‍ കരച്ചില്‍ വരുന്നുണ്ടായിരുന്നു. അതുവരെ ശീലിച്ച കാടുമായി ഇഴുകിയുള്ള കാലിമേക്കലെന്ന പ്രക്രിയയില്‍ വന്ന മാറ്റത്തെ ഉള്‍ക്കൊള്ളാനാകാതെ കാടിന്റെ മടിയിലേക്ക് തന്റെ നഷ്ടമായ ഭൂമിയെയുമോര്‍ത്ത് പായുന്ന കുങ്കന്റെ സംഘര്‍ഷമാണ് പിന്നീടങ്ങോട്ട്. പള്ളിയറ വയല്‍ കുങ്കന്റെ കാരണവന്മാരുടേതായിരുന്നു. അത് മറ്റാരോ കൈയേറിക്കഴിഞ്ഞു. വയല്‍ നിങ്ങള്‍ തട്ടിയെടുത്താലും ഈ കാട് എന്റേതാണല്ലോ എന്ന ചിന്ത കുങ്കനുണ്ടാകുന്നുണ്ടെങ്കിലും കാട് സര്‍ക്കാരിന്റേതാണെന്ന മറ്റൊരു അറിവ് വീണ്ടും പ്രതിസന്ധിയിലേക്ക് നയിക്കുന്നു. വയല്‍ കിളക്കുന്നതിനിടയില്‍ ഫോറസ്റ്റ് ഗാര്‍ഡ് പ്രത്യക്ഷപ്പെടുന്നു. 'നീ എന്താണ് ചെയ്യുന്നത്. ഈ ഭൂമി ആരുടേതാണ്? കാടുവെട്ടി ചുടാന്‍ നിനക്കാരാ സമ്മതം തന്നത്? വനഭൂമിയില്‍ ഇത്തരം വേല ചെയ്യുന്നതിന്റെ ഭവിഷ്യത്തെന്താെണന്ന് അറിയാമോ' എന്നീ ചോദ്യങ്ങള്‍ കേട്ടതോടെ കുടിയേറ്റക്കാര്‍ മാത്രമല്ല സര്‍ക്കാരും തന്റെ പ്രപിതാമഹന്മാര്‍ കാത്തുപോന്നിരുന്ന ഭൂമിയുടെ/കാടിന്റെ അവകാശികളായി വരികയാണെന്ന് കുങ്കന്‍ തിരിച്ചറിയുന്നു. അന്നുമിന്നും ഭൂരഹിതരായ ആദിവാസികളുടെ അവസ്ഥയ്ക്ക് ഒരു മാറ്റവും വരാത്തതുകൊണ്ട് നോവലിലെ ഈ അടയാളപ്പെടുത്തലിന് ഇന്നും പ്രസക്തിയുണ്ട്. ആരാണ് കാടിന്റെ അവകാശികള്‍? ഏത് പരിഷ്‌കരണമാണ് പ്രകൃതിയില്‍നിന്ന് മനുഷ്യരെ മുറിച്ചുമാറ്റിയത്? അങ്ങനെ പലതും ഓര്‍മപ്പെടുത്തുന്നു.

നോവലിന്റെ ആമുഖത്തില്‍ അതിന്റെ സൂക്ഷ്മയാഥാര്‍ത്ഥ്യം എഴുത്തുകാരി രേഖപ്പെടുത്തുന്നുണ്ട്. 'അവര്‍ക്ക് നഷ്ടപ്പെടാനുണ്ടായിരുന്നത് പഴയ ഗോത്രനാമങ്ങള്‍ മാത്രമായിരുന്നു. നിഷേധിക്കപ്പെട്ട ഉപജീവനമാര്‍ഗത്തിന്റെ ചൂണ്ടുപലകകളായി പരിണമിച്ച ഗോത്രനാമങ്ങള്‍. പലര്‍ക്കും അതുപോലും നഷ്ടപ്പെട്ടിരുന്നു. ജീവിക്കാനുള്ള വ്യഗ്രതയില്‍ ജീര്‍ണിച്ച പുതപ്പുകള്‍ വലിച്ചെറിഞ്ഞ് അവര്‍ ദീര്‍ഘമായൊരു പ്രയാണത്തിനൊരുങ്ങി.'

പാരിസ്ഥിതിക നാശത്തിന് തുടക്കം

മരം വെട്ടി നാട്ടിലേക്ക് കടത്തുന്നത്, ആധുനിക കടുംകൃഷിയുടെ ഭവിഷ്യത്ത്, കോടികള്‍ മുടക്കിയുള്ള വനവല്‍ക്കരണപദ്ധതി എന്നിവയുടെ സൂചനകള്‍ പലയിടങ്ങളിലായി നോവല്‍ കാണിച്ചുതരുന്നുണ്ട്.

'ഉദയഗിരിയുടെ തടത്തില്‍ ഇടതിങ്ങിയിരുന്ന കാടുകള്‍ അപ്രത്യക്ഷമായി. വിളര്‍ത്ത വളര്‍ത്തുകാട്. യൂക്കാലിമരങ്ങളുടെ ഇമകളില്‍ മഞ്ഞിന്റെ ഈര്‍പ്പം തങ്ങിനില്‍ക്കുന്നു.' നോവലിന്റെ തുടക്കത്തില്‍ സുനന്ദയെന്ന കഥാപാത്രം ജാലകത്തിലൂടെ കാണുന്ന ഈ കാഴ്ചയിലുണ്ട് ക്ലിയര്‍ഫെല്ലിങ്ങിലൂടെ നാം നടത്തിയ വനനശീകരണവും അതിനെ മറികടക്കാനായി വനവല്‍ക്കരണത്തിലൂടെ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമല്ലാത്ത യൂക്കാലി മരങ്ങള്‍ നട്ടുപിടിപ്പിച്ചതിന്റെയും ചരിത്രം. ജൈവികമായ കാട് എന്നതിന് പകരം യൂക്കാലിക്കാടുകള്‍ എന്ന പ്രയോഗം പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. പാപനാശിനിക്ക് കുറുകെ അണകെട്ടുന്നതിനെക്കുറിച്ചുള്ള പരാമര്‍ശവും അണക്കെട്ട് വന്നാല്‍ വിനാശകരമായ വെള്ളം പൊന്തി കാട്ടുപൊന്തകളും വയലുകളും ഇല്ലാതാക്കുമെന്ന ആശങ്കയുമുണ്ടിതില്‍. അണക്കെട്ടുകള്‍ 'ആധുനികഭാരതത്തിലെ ക്ഷേത്ര'മാണെന്ന് പറഞ്ഞ് നെഹ്‌റു വികസനത്തെ കെട്ടഴിച്ചുവിട്ടപ്പോള്‍ വയനാടിനെയും അത് പിടികൂടിയെന്ന് സാരം.

'വല്ലതും വിളിച്ചുപറയാനുള്ളത് നിരന്തരം ബലാത്സംഗം ചെയ്യപ്പെടുന്ന കുന്നുകള്‍ക്കാണ്. ശോഷിച്ചുവരുന്ന പുഴയ്ക്കാണ്. കുളിര്‍മ കുറഞ്ഞുവരുന്ന മലങ്കാറ്റിനാണ്...'എന്നും ഒരിടത്ത് പരാമര്‍ശിക്കുന്നു.

'കാടുകള്‍ നശിപ്പിക്കപ്പെട്ടു. സ്വകാര്യത നഷ്ടപ്പെട്ട ചിരപരിചിതമായ കൂമന്‍കൊല്ലി റോഡ്. നാള്‍തോറും വ്യഭിചരിക്കപ്പെടുന്ന മലനിരകളുടെ ഉടയാടകള്‍ കീറിപ്പറിഞ്ഞുപോയിരുന്നു.

കുന്നുകളുടെ നഗ്നമായ നാഭിയില്‍ വറ്റിയ നീര്‍ച്ചോലകളുടെ തീരവൃക്ഷങ്ങള്‍ എത്തിനോക്കുന്നു. ക്ഷതമേറ്റ ഉടലുകളോടെ തളര്‍ന്നുകിടക്കുന്ന കുന്നുകള്‍. അവയുടെ ദീര്‍ഘനിശ്വാസം തങ്ങിനില്‍ക്കുന്ന മുകില്‍മാലകള്‍. ഒരു കിളിയുടെ ശബ്ദമെങ്കിലും കേട്ടിരുന്നെങ്കില്‍ എന്ന് കൃഷ്ണന്‍ നമ്പീശന്‍ ആശിച്ചു'(35)

വ്യാപാരിയായ അലി മുഖേനെ കൃഷിക്കുവേണ്ടിയുള്ള രാസവളവും കീടനാശിനികളും ഇവിടേക്ക് നിരന്തരമെത്തുന്നുണ്ട്. ഇങ്ങനെ വയനാടന്‍ കാട് എന്ന ആവാസവ്യവസ്ഥയെ മാരകമായി പോറലേല്‍പ്പിക്കുന്ന വിവിധ സൂചനകള്‍ നോവലില്‍ പലയിടങ്ങളിലായി കാണാം.

രാഷ്ട്രീയത്തിലെ വിട്ടുവീഴ്ചയും വഴിമാറ്റവും

നക്‌സലൈറ്റ് ചരിത്രത്തിലെ പ്രധാന ഏടായ വര്‍ഗീസിന്റെ കൊലപാതകം വയനാട്ടില്‍ സൃഷ്ടിച്ച ആഘാതത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് 'ആഗ്നേയം' അവസാനിക്കുന്നത്. അതില്‍ പൗലോസ് എന്ന കഥാപാത്രമായാണ് വര്‍ഗീസ് പ്രത്യക്ഷപ്പെടുന്നത്. ആഗ്നേയത്തില്‍ നങ്ങേമയുടെ മകനും പൗലോസിന്റെ ആത്മസുഹൃത്തുമായ അപ്പുവിനെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്നുണ്ട്. ഇതേ അപ്പു വയനാട്ടിലേക്ക് തിരികെ വരുന്ന ചിത്രത്തോടെയാണ് കൂമന്‍കൊല്ലിയുടെ ഏഴാമധ്യായം തുടങ്ങുന്നത്.

'പൗലോസ്പാറയുടെ അടുത്ത് അപ്പു വണ്ടിയിറങ്ങി. ഈ സ്ഥലത്തിന് ആരാണ് പൗലോസ്പാറ സ്റ്റോപ്പ് എന്നു പേരിട്ടത്? കാട്ടുവഴി പരിഷ്‌കരിച്ച് മെറ്റല്‍ ഇളകിക്കിടക്കുന്ന ഒരു പരുക്കന്‍ റോഡ്. പൗലോസ് ആ ഗ്രാമത്തിലെന്നല്ല, ഗ്രാമത്തിന് പുറത്തും ഉണര്‍ത്തിവിട്ട ഭയമാണ് ഈ പരുക്കന്‍ പാത പണിയാന്‍ നിമിത്തമായതെന്നോര്‍ത്ത് അപ്പു ഊറിച്ചിരിച്ചു.

തടി കയറ്റിയ എണ്ണമറ്റ ലോറികള്‍ കടന്നുപോകുന്നു. തന്റെ നാട് പരിഷ്‌കരിക്കുകയാണ്. പുതിയ യന്ത്രങ്ങളുടെ ഘോഷാരവം കേട്ട് ഗ്രാമീണരുടെ മനം തുടിക്കട്ടെ...'

തീവ്രവിപ്ലവത്തില്‍ ആകൃഷ്ടനായ അപ്പുവിനെപ്പോലുള്ളവരുടെ വികസനസങ്കല്‍പ്പവും എന്താണെന്ന് ഈ വാക്കുകളിലൂടെ വ്യക്തമാകുന്നു. 'ബോട്ടിലില്‍ ശേഷിച്ച വെള്ളം കുടിച്ചുതീര്‍ത്തു. കാലിയായ പാത്രം യൂക്കാലിക്കാട്ടിലേക്കു വലിച്ചെറിഞ്ഞു. അനാഥന്റെ ശവംപോലെ വിളറി നരച്ച പ്ലാസ്റ്റിക് പാത്രം കരിയിലകള്‍ക്കിടയില്‍ വീണുകിടന്നു.' തെറ്റായ പരിസ്ഥിതിബോധം ഉള്ളടക്കം ചെയ്ത ദര്‍ശനംതന്നെയായിരുന്നു അപ്പുവിനെയും ആവേശിച്ചത് എന്ന് വ്യക്തം. മാര്‍ക്‌സിസവും അതിനുശേഷമുണ്ടായ മാവോയിസവും പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള വസ്തുവായിമാത്രമാണ് കണ്ടത്. മാവോയിസ്റ്റ് ചൈനയില്‍ തുടക്കത്തില്‍ നടന്ന നിരവധി വികസനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പിന്നീട് പുറത്തുവന്നപ്പോള്‍ അത് വെളിപ്പെട്ടതാണ്.( നദികള്‍ നികത്തി കൃഷി ചെയ്തും ഏകവിളത്തോട്ടത്തിലേക്ക് കൂട്ടമായെത്തിയ കിളികളെ കൊന്നൊടുക്കാന്‍ പാര്‍ട്ടി ബ്രാഞ്ചുകള്‍ക്ക് നിര്‍ദേശം കൊടുത്ത് നടപ്പാക്കിയതടക്കമുള്ള ആരെയും അമ്പരപ്പിക്കുന്ന ചൈനീസ് ചരിത്രം വെളിവാക്കുന്ന ഡോക്യുമെന്ററി (ണമസശിഴ ഠവല ഏൃലലി ഠശഴലൃ) അതിന് തെളിവാണ്) അതുകൊണ്ടുതന്നെ അപ്പുവിന്റെ കാഴ്ചപ്പാടിലെ അശാസ്ത്രീയതയ്ക്ക് അദ്ഭുതമില്ല. അതിതീവ്രവാദം ഒന്ന് ശമിച്ച ശേഷം കൂമന്‍കൊല്ലിയില്‍ പച്ച പിടിക്കുന്നതാകട്ടെ തൊഴിലാളികളെ കൂട്ടിയോജിപ്പിക്കുകയും ആദിവാസികളുടെ പ്രശ്‌നങ്ങളില്‍ ഇപെടുകയും ചെയ്യുന്ന കര്‍ഷകസംഘം നേതാവ് ബാലന്‍നമ്പ്യാരെപോലെയുള്ള രാഷ്ട്രീയനേതൃത്വമാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ജീര്‍ണതയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുന്ന വ്യവസ്ഥാപിത കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകണ്ണിയായിവേണം ബാലന്‍നമ്പ്യാരെ വായിച്ചെടുക്കാന്‍.

നമ്പ്യാര്‍ താഴ്‌വരയില്‍ വന്നതിനുശേഷമാണ് കളപ്പുരയിലെ കള്ളനാഴികള്‍ അപ്രത്യക്ഷമായതെന്നതില്‍ ഇവിടത്തുകാര്‍ക്ക് ആശ്വാസമുണ്ട്. ആദിവാസികളായ പണിക്കാരെ ചൂഷണം ചെയ്യുന്ന ജന്മിമാരെ നിലയ്ക്കുനിര്‍ത്തുകയെന്നത് നമ്പ്യാരുടെ ദൗത്യമായിരുന്നു. നഗരത്തില്‍നിന്ന് പണിക്കാരെ കൂമന്‍കൊല്ലിയിലേക്ക് കൊണ്ടുവരുന്നതുവഴി ആദിവാസികള്‍ക്ക് ജോലിയില്ലാതാകുന്നതും അവര്‍ പട്ടിണിമരണത്തിന് കീഴ്‌പ്പെടുന്നതും നമ്പ്യാരെ അലട്ടിയിരുന്നു. ഇതിന് നേതൃത്വം കൊടുക്കുന്നത് കൃഷ്ണനുണ്ണിയെന്ന ജന്മിയാണ്. എന്നാല്‍ വര്‍ഗശത്രുവായ കൃഷ്ണനുണ്ണിയെ നേരിടാനിറങ്ങിയ നമ്പ്യാരാകട്ടെ കൃഷ്ണനുണ്ണിയുടെ ഭാര്യ(വെപ്പാട്ടിയെന്ന പ്രയോഗം) സുനന്ദയുമായി അടുപ്പത്തിലാകുന്നു. കൃഷ്ണനുണ്ണിയുടെ മാളികയിലെത്തി സുനന്ദ വിളമ്പിക്കൊടുക്കുന്ന ഭക്ഷണം കഴിക്കുകയും താഴ്‌വര വിട്ടുപോകുന്നതുവരെ ഗാഢമായി ആ ബന്ധം നിലനിര്‍ത്തുകയും ചെയ്യുന്നു അദ്ദേഹം. ജന്മിത്തം ഇല്ലാതാക്കാനുള്ള രാഷ്ട്രീയം ഇവിടെ മയപ്പെടുന്നത് കാണാം. ബാലന്‍മ്പ്യാരെ കൃഷ്ണനുണ്ണിക്ക് ഭയമില്ലെന്നും ഭയം ഏതോ അറിയപ്പെടാത്ത ശത്രുവിനെയാണെന്നും ഒരിടത്ത് സൂചിപ്പിക്കുന്നുണ്ട്.

ഹിന്ദുത്വരാഷ്ട്രീയം കെട്ടിപ്പടുക്കാന്‍ അവിടെയെത്തിയ സര്‍ക്കാര്‍ ഗുമസ്തന്‍ ഭരതനുമായി നമ്പ്യാര്‍ സന്ധിയിലാകുന്ന രംഗവും ഏറെ പ്രാധാന്യമുള്ളതാണ്. പാരമ്പര്യത്തിന്റെ വ്യാജചരിത്രം സൃഷ്ടിക്കാന്‍ ഭരതന്‍ ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതിനോട് നമ്പ്യാര്‍ കൃത്യമായി മറുവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഒരു പ്രത്യേകഘട്ടത്തില്‍ പിന്‍വലിയുന്നു. അതിനുള്ള നമ്പ്യാരുടെ ആത്മഗതം പ്രായോഗികരാഷ്ട്രീയത്തിന്റെ ജീര്‍ണതയിലേക്കുള്ള ചൂണ്ടുപലകയാണ്.

'കൊടിയുടെ നിറം നോക്കാതെ സംഭാവന തരുന്നവനല്ലേ ഭരതന്‍! ഭരതന് നല്ല ശമ്പളമുള്ള സര്‍ക്കാരുദ്യോഗമുണ്ട്. ഭരതന് തലസ്ഥാനത്ത് സ്വന്തം സില്‍ബന്തികളുണ്ട്. കോണ്‍ട്രാക്ടര്‍മാരും കച്ചവടക്കാരും തഹസില്‍ദാരും ഡി.ഐ.ജിയുമെല്ലാം സുഹൃദ്‌വലയത്തില്‍ പെടുന്നു. ഭരതനെ പിണക്കുന്നത് വിഡ്ഢിത്തമാണ്.'

കഴിയുമെങ്കില്‍ ഭരതനെ കൂട്ടുകാരനാക്കാനാണ് എല്ലാവര്‍ക്കും ആഗ്രഹമെന്നും ഭരതനില്ലാതെ നാല് കാശ് കൈമറിക്കാനിവിടെ എങ്ങനെ കഴിയുമെന്നുമൊക്കെയുള്ള നോവലിലെ നിരീക്ഷണം ഇത്തരം തീവ്രഹിന്ദുത്വരാഷ്ട്രീയം വളര്‍ന്നത് ഇടത്‌രാഷ്ട്രീയകക്ഷികളുടെ സന്ധി ചെയ്യലിന്റെയും മൗനത്തിന്റെയും മറ പിടിച്ചാണെന്ന ചരിത്രംതന്നെയാണ്.

കൃഷി വേണ്ടത്ര വികാസം പ്രാപിക്കാത്തതിനാല്‍ കൂമന്‍കൊല്ലിയിലെ തൊഴിലാളിപ്രശ്‌നവും ഒപ്പം ഭൂവുടമകള്‍ നേരിടുന്ന പ്രതിസന്ധിയും എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ നമ്പ്യാര്‍ക്ക് വ്യക്തതയില്ല. നമ്പ്യാരുടെ വര്‍ഗരാഷ്ട്രീയത്തോട് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ശിവരാമന്റെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹമത് വ്യക്തമാക്കുന്നു.

'ഈ മണ്ണിനെയും ഇവിടുത്തെ കൃഷിക്കാരെയും തമ്മില്‍ യോജിപ്പിച്ചുകൊണ്ടുപോവാന്‍ എന്തു വിദ്യയാണുള്ളതെന്ന് ബാലന്‍നമ്പ്യാര്‍ അതിശയിച്ചു. വര്‍ഗസമരത്തിന്റെ ബാലപാഠം തുടങ്ങി എല്ലാ പാഠങ്ങളും ഉരുവിട്ടു പഠിച്ച ബാലന്‍മ്പ്യാര്‍ ശിവരാമന്റെ ആവലാതികള്‍ക്കു മുമ്പില്‍ ആയുധം വെച്ചു പിന്മാറുകയല്ലാതെ മറ്റു ഗതിയില്ലെന്ന് കണ്ടു.'

ഇതേ ശിവരാമന്‍ പിന്നീട് ആധ്യാത്മികമാര്‍ഗത്തിലേക്ക് തിരിയുകയാണ്. 'ശിവന്‍ നാലഞ്ചു കൊല്ലം മുമ്പ് ബാലന്‍ നമ്പ്യാരുടെ അടുത്ത സുഹൃത്തായിരുന്നു. അനുഭാവിയായിരുന്നു. പാര്‍ട്ടിഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുമായിരുന്നു. പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ ആജന്മവരിക്കാരനാണ്.'

പൗലോസിന്റെ തീവ്രവിപ്ലവ ഇടപെടലുകള്‍ നടന്നിരുന്ന ഒരു സ്ഥലത്ത് പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് പല രീതിയിലുള്ള മൂല്യച്യുതി വന്നുപെടുകയാണ്.

അപ്പുവാകട്ടെ തന്റെ പൂര്‍വകാല രാഷ്ട്രീയബോധത്തില്‍ നേരിയ കുറ്റബോധം സൂക്ഷിച്ചുകൊണ്ടാണ് മടങ്ങിയെത്തിയത്. പുസ്തകപ്പുഴുവായി രാഷ്ട്രീയത്തിലേക്ക് എടുത്തുചാടിയ അപ്പുവിന് കൃഷിയിടത്തില്‍ ഒരു തൂമ്പപോലും പിടിക്കാനറിയാത്തതില്‍ ആകുലതയുണ്ട്. ജന്മിത്ത ഘടനയുടെ സന്തതിയായതിനാല്‍ മുകളില്‍നിന്ന് കാര്യങ്ങള്‍ നോക്കിനടത്തുന്ന പാരമ്പര്യമാണ് അവനിലുമുണ്ടായിരുന്നത്. അത് കുടഞ്ഞെറിഞ്ഞ് കൃഷിയിലേക്ക് തിരികെ പോകാന്‍ വെമ്പുകയാണ് അപ്പു. വയലുകള്‍ ആദിവാസികള്‍ക്ക് കൃഷിയിറക്കാന്‍ വിട്ടുകൊടുത്താണ് തന്റെ രാഷ്ട്രീയം അപ്പു പ്രയോഗത്തില്‍ വരുത്തുന്നത്. അതില്‍ സന്തോഷവാനുമായിരുന്നു അപ്പു.

ഹിന്ദുത്വം ആദിവാസിമേഖലയിലെത്തുന്നു

വ്യക്തമായ രാഷ്ട്രീയമുന്നേറ്റം തടയപ്പെടുന്നിടത്ത് മെല്ലെമെല്ലെ കയറിവരുന്നത് മതത്തിന്റെ പേരിലുള്ള പുതിയതരം ചൂഷണങ്ങളാണെന്ന് കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതാണ് നോവലിന്റെ മറ്റൊരു പ്രത്യേകത. ആദിവാസികള്‍ ഹിന്ദുമതക്കാരാണെന്നും അല്ലെന്നുമുള്ള വാദം ഇന്ന് ശക്തമാകുന്നുണ്ട്. അവരെ ഹിന്ദുക്കളാക്കി പരിവര്‍ത്തിപ്പിക്കാന്‍ ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകള്‍ വനവാസികല്യാണ്‍ ആശ്രം എന്ന സംഘടനരൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ നിരവധി റിപ്പോര്‍ട്ടുകളും ചരിത്രവും നമുക്കിന്ന് അറിയാം. ഈയൊരു സംഭവത്തിന്റെ ആദിമഘട്ടം എങ്ങനെയായിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് നോവലിലെ ഭരതന്‍ എന്ന കഥാപാത്രത്തിലൂടെ. തീവ്രഹിന്ദുത്വത്തിന്റെ കടന്നുവരവ് കൂമന്‍കൊല്ലിയിലെ പ്രധാന പ്രതിപാദ്യമാണ്.

ഗംഗാധരമാരാരെന്ന ജന്മിയുടെ സുഹൃത്തായി പൂങ്കുന്നം തറവാട്ടിലെ സംബന്ധക്കാരനായി കയറിവരുന്ന ഗുമസ്തനാണ് സംസ്‌കൃതം പഠിച്ച ഭരതന്‍. അദ്ദേഹം കൂമന്‍കൊല്ലിയെ ഹിന്ദുത്വസംഘാടനത്തിന്റെ വളര്‍ച്ചയ്ക്ക് വളക്കൂറുള്ള മണ്ണായി തിരഞ്ഞെടുക്കുന്നു. ഭരതനെ അവിടേക്ക് ക്ഷണിക്കുന്നതാകട്ടെ കൂമന്‍കൊല്ലിയുടെ അധികാരകേന്ദ്രമായി വളര്‍ന്ന ജന്മി ഗംഗാധരമാരാരും.

'താനും ഇവിടെ താവളമുറപ്പിച്ചോളൂ. നല്ല മണ്ണാണ്. ഒന്നിനു പത്തു തിരിച്ചു കിട്ടും. ശമ്പളത്തിനു വലിയ ചെലവും കാണില്ല. കാട്ടില്‍ വിറക്, കുറഞ്ഞ കൂലിക്ക് പണിയാന്‍ അടിയാര്‍....' ഗംഗാധരമാരാരുടെ ഭാര്യാസഹോദരി ഗംഗയെ വിവാഹം കഴിച്ച ഭരതന്‍ കൂമന്‍കൊല്ലിയിലേക്ക് താമസം മാറ്റി. പിന്നീട് സ്ഥിരമായി ഓഫീസില്‍ പോകാതായി ഭരതന്‍.

'പിന്നെ പിന്നെ ഭരതന്‍ ലീവെടുത്ത് വീട്ടിലിരിക്കുന്നത് ഉറങ്ങാനല്ലെന്ന് അവള്‍ക്കു മനസ്സിലായി. കൂമന്‍കൊല്ലിയിലേക്ക് വരുന്ന അപരിചിതരെ സല്‍ക്കരിക്കാനാണ്. നാലും അഞ്ചും പേര്‍ ഒന്നിച്ചു കയറിവരും. നെറ്റിനിറയെ കളഭം വാരിത്തേച്ചു വായില്‍ നിറയെ രാഷ്ട്രീയം ചവച്ച് അവര്‍ ഉമ്മറത്തു മണിക്കൂറുകളോളം ചെലവഴിക്കും.'

കുറിച്യന്‍ രാരപ്പനില്‍നിന്ന് തട്ടിയെടുത്ത സ്ഥലത്തില്‍നിന്ന് അരയേക്കര്‍ ഗംഗാധരമാരാര്‍ ഭരതന് നല്‍കി. അവിടെ 'ഭാരതീവിലാസം' എന്ന പേരിലൊരു വീട് പണിതു. വെള്ളക്കാരെ നേരിട്ട നാടുവാഴിയുടെ പാരമ്പര്യത്തിന് അനന്തരാവകാശി താനാണെന്ന് സ്വയം പ്രഖ്യാപിച്ച് നാടുവാഴി താമസിച്ചിരുന്ന അസ്തിവാരം കണ്ടെത്തി അവിടെയാണ് വീട് പണിയിച്ചത്. നാടുവാഴി വാണരുളിയ കൊട്ടാരത്തിന്റെ മൂലക്കല്ല് തിരഞ്ഞ ഭരതന്‍ ചതുരക്കല്ല് കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കം ഉടലെടുക്കുന്നു. നാടുവാഴിയുടെ കൊട്ടാരത്തിന്റെ മൂലക്കല്ലാണ് അതെന്നു ഭരതനും ദേഹോപദ്രവത്താല്‍ ചത്തുപോയൊരു അടിയാന്റെ ശവം അമ്മിക്കല്ലില്‍ ഏതോ ദുഷ്ടനായ ജന്മി ചേറ്റിലാഴ്ത്തിയതിന്റെ ശേഷിപ്പായിരിക്കാമതെന്ന് നമ്പ്യാരും പറയുന്നു. കമ്യൂണിസ്റ്റുകാരനായ നമ്പ്യാരുടെ ഈ നിരീക്ഷണം ഭരതനെ ചൊടിപ്പിക്കുന്നു.

'പാരമ്പര്യമില്ലാത്തവനേ ഇത്തരം ചിന്തകളുണ്ടാവൂ. നാം കൂമന്‍കൊല്ലിക്കാര്‍ മഹത്തായ പാരമ്പര്യത്തിന്റെ ഉടമകളാണെന്നാണ്' ഭരതന്റെ മറുപടി. നാം രണ്ടുപേരും വരത്തന്മാരാണെന്ന് പറഞ്ഞ് കൂടുതല്‍ കൃത്യമായ മറുപടികൊണ്ട് ഭരതനെ നേരിടണമെന്ന് കരുതിയെങ്കിലും നമ്പ്യാര്‍ തല്‍ക്കാലം പിന്‍മാറുന്നു.പിന്നീട് ഭാരതീവിലാസത്തിന്റെ അടിത്തറ ഉയരുകയായി. നമ്പ്യാരുടെ രാഷ്ട്രീയമായ പിന്മാറ്റത്തിന്റെയും ഒഴികഴിവിന്റെയും ബലത്തിലാണ് ഭരതന്‍ പിന്നീട് വളര്‍ന്നുപന്തലിക്കുന്നത്. പിന്നീടൊരിടത്തും ഭരതനുമായി നമ്പ്യാര്‍ ഏറ്റുമുട്ടുന്നില്ല എന്നത് ഏറെ ശ്രദ്ധിക്കേണ്ടതാണ്. (അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസിന്റെ ജനസംഘവുമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരുമിച്ചിരുന്നു എന്ന ചരിത്രവും സ്മരിക്കാം)

വീട് പണിയുന്ന കാര്യത്തിലും മക്കളെ വളര്‍ത്തുന്ന കാര്യത്തിലുമൊക്കെ ഭരതന്‍ വെച്ചുപുലര്‍ത്തുന്ന സ്വദേശിവാദമെന്ന കാര്‍ക്കശ്യത്തിലുമുണ്ടായിരുന്നു ഇതര സംസ്‌കാരത്തോടും മതത്തോടുമുള്ള അസഹിഷ്ണുതയുടെ സൂചന.

'കാളിന്ദിയുടെ കരയിലെ കെട്ടിടം ഉയര്‍ത്താന്‍ ഭരതന്‍ വിശ്വാസികളായി വേലക്കാരെ കൊണ്ടുവന്നു. അവര്‍ പത്തുപേരുണ്ട്. പത്തു ദേശത്തുനിന്നും എത്തിയ പത്തുപേര്‍. അവര്‍ക്കു പാര്‍ക്കാന്‍ കാളിന്ദിയുടെ തീരത്ത് ഷെഡ്ഡ് ഉയര്‍ന്നു. കാലത്ത് കായികാഭ്യാസത്തിന് പുഞ്ചപ്പണി നടക്കാത്ത നിലം. തേച്ചുകുളിക്കാന്‍ കാളിന്ദി. അമ്പലത്തില്‍ തേവാരം. അമ്പലത്തില്‍ പോകാത്ത ദിനത്തില്‍ അവരെ അനുഗ്രഹിക്കാന്‍ ഷെഡ്ഡിനകത്ത് ദൈവങ്ങള്‍ പുഞ്ചിരിതൂകി കൈയുയര്‍ത്തി കാത്തുനിന്നു. നിറദീപത്തിനു മുമ്പില്‍ വീണ് വേലക്കാര്‍ സാഷ്ടാംഗം നമസ്‌കരിച്ചു. ഭാരതാംബയ്ക്ക് സ്‌തോത്രം ചൊല്ലി. പിന്നെ ഉച്ചയൂണ്. സസ്യഭോജനം. ഇടനേരത്തെ കാപ്പിക്കു നാടന്‍ പലഹാരം.. വീണ്ടും കുളി. പ്രാര്‍ത്ഥന....'

പണിത വീടിന്റെ കൂരയുടെ കാര്യത്തിലാണ് പിന്നീട് തര്‍ക്കം ഉടലെടുക്കുന്നത്. വൈക്കോല്‍ പുതയ്ക്കണോ ഓടുമേയണോ? ഓടു സ്വദേശിയോ വിദേശിയോ എന്ന സംശയമായി പിന്നീട്. വിദേശി പ്രചരിപ്പിച്ച ഓടിടേണ്ടതില്ലെന്നു ഭരതന്‍. ഓടു വിദേശിയല്ല, സ്വദേശിതന്നെയെന്ന് കൃഷ്ണന്‍ നമ്പീശന്‍. സ്വദേശി ആണെന്നതിന് തെളിവെന്ത്...? ഭരതന്റെ സ്വദേശിവാദമെന്ന സങ്കുചിതചിന്തയും പ്രവര്‍ത്തിയും കണ്ട് കൂമന്‍കൊല്ലിക്കാര്‍ അദ്ഭുതപരതന്ത്രരാകുന്നു.

ഒടുക്കം പുറത്തേക്ക് ഒറ്റ ജനലും ഇല്ലാത്ത ഭാരതീവിലാസം ഒരു പുരാവസ്തുവിന്റെ പ്രേതംപോലെ നിലകൊണ്ടു.

മകളെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനെതിരെയും ഭരതന്‍ കര്‍ക്കശനിലപാടെടുക്കുന്നു. സംസ്‌കൃതം പഠിപ്പിക്കുന്നു. ഇതിനിടയില്‍പ്പെട്ട് ഭാര്യ ഗംഗ കടുത്ത സംഘര്‍ഷമനുഭവിക്കുന്നുണ്ട്. മകളെ ഇംഗ്ലീഷ് പഠിപ്പിച്ച് ഉയര്‍ന്ന ഉദ്യോഗസ്ഥയാക്കണമെന്നാണ് ഗംഗ കരുതിയിരുന്നത്. സംസ്‌കൃതം പഠിച്ച മകളെയൊരു അലോപ്പതി ഡോക്ടറാക്കാന്‍ പറ്റുമോ, എഞ്ചിനീയറാക്കാന്‍ പറ്റുമോ....സംസ്‌കൃതത്തിനു പുറമെ ശ്ലോകങ്ങളും നാമങ്ങളുമൊക്കെ എല്ലാദിവസവും നിര്‍ബന്ധിപ്പിച്ച് മകളെ പഠിപ്പിക്കുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷവും അവിടെയുയരുന്നു. സ്വന്തം മകളുടെ കാര്യത്തില്‍ ഗംഗ ചെയ്യുന്ന ഓരോ കാര്യത്തിലും ഭര്‍ത്താവിന്റെ ഹൈന്ദവ ഇടപെടല്‍ കര്‍ശനമാകുന്നു. മോളീ എന്ന് ചുരുക്കപ്പേരിലാണ് ഗംഗ മകളെ വിളിച്ചിരുന്നത്. ഒരിക്കലിതുകേട്ട് ഭരതന്‍ ക്ഷുഭിതനാകുന്നു. 'അവളൊരു ഹിന്ദുവല്ലേ? ഈ ഭാരതത്തിന്റെ പുണ്യഭൂമിയില്‍ ജനിച്ചവര്‍ക്ക് എത്ര മനോഹരമായ പേരുകളുണ്ട്! മോളിപോലും! കൂളിയായ്‌ക്കോട്ടെ!' അതിനുശേഷം മകളെ ഭാരതി എന്ന് മാത്രമാണ് ഏവരും വിളിക്കുന്നത്. മകളുടെ ആരോഗ്യം ലക്ഷ്യംവെച്ച് ഗംഗ അവള്‍ക്ക് മീന്‍ഗുളിക കൊടുക്കുന്നതിനെയും ഭരതന്‍ ചോദ്യം ചെയ്യുന്നു. 'അതു കഴിക്കുന്നതുകൊണ്ട് അവള്‍ ഹിന്ദുവല്ലാതായി മാറുമോ' എന്ന് ഗംഗ ചോദിക്കുന്നുണ്ടെങ്കിലും മീന്‍ഗുളിക കഴിച്ച മകളുടെ വായ കഴുകിച്ചശേഷം അഗസ്ത്യരസായനം അവളുടെ നാവിലേക്ക് വെച്ചുകൊടുക്കുന്നു ഭരതന്‍. പുരുഷകേന്ദ്രീകൃതമായ സ്വദേശി അതിവാദത്തില്‍ ഗംഗയുടെ സ്വപ്‌നങ്ങള്‍ കാളിന്ദിയുടെ കരയിലെ പാറക്കെട്ടില്‍ വീണ് ചിതറിപ്പോയി.

ഒടുക്കം ഗംഗയും ഭര്‍ത്താവിന്റെ സമീപനത്തോട് മയപ്പെടുകയും കീഴ്‌പ്പെടുകയും ചെയ്യുന്നു.(ഇതൊരു മൃഗശാലയിലെ കൂടാണെന്ന് ഗംഗതന്നെ ഒരിടത്ത് പറയുന്നുണ്ട്) 'വീട്ടിലെന്തെന്ത് പുതുമയുള്ള വിഷയങ്ങള്‍. ചെറുപ്പക്കാരുടെ പയറ്റുമുറകള്‍, അഭ്യാസപ്രകടനങ്ങള്‍, പഴയ ചിട്ടയിലുള്ള ജീവിതം, ഭജന...അവരുടെ കൂടെ ചേര്‍ന്ന് മകള്‍ ഭാരതി കീര്‍ത്തനങ്ങള്‍ ചൊല്ലുന്നു. എത്ര മനോഹരമായിട്ടാണവള്‍ ഭാരതമാതാവിന് മംഗളം ചൊല്ലുന്നത്! ജനനീ ജന്മഭൂമി...'

ഗംഗയും ഭരതന്റെ ചിന്തയിലേക്ക് സാവകാശം നടന്നടുക്കുന്നതിന് വീണ്ടും തെളിവുണ്ട്. തുച്ഛമായ വരുമാനമായതിനാല്‍ അമ്പലത്തിലെ പൂമാല കെട്ടുന്ന ജോലി ഉപേക്ഷിച്ച് അവിടെയെത്തുന്ന സഹോദരന്‍ വാസുദേവനോട് ഗംഗ കയര്‍ക്കുന്നതില്‍ അത് പ്രകടമാകുന്നു. വാസുദേവനെ പുരോഗമനചിന്ത ചെറുതായി ആവാഹിച്ചിരുന്നു. അതിനാല്‍ ഭാരതീവിലാസത്തില്‍ എത്തുമ്പോള്‍, അവിടുത്തെ ചിട്ടവട്ടങ്ങള്‍ കാണുമ്പോള്‍ അസ്വസ്ഥനാകുന്നു. ഭരതന്റെ വീട്ടുമുറ്റത്ത് വിഷം നിറഞ്ഞ കായ്കളുമായി നില്‍ക്കുന്ന കരവീരകം മുറിച്ചുമാറ്റണമെന്ന് സഹോദരിയോട് ആവശ്യപ്പെടുമ്പോള്‍ അതിനോട് പുച്ഛത്തോടെയാണ് അവള്‍ പ്രതികരിക്കുന്നത്. അതിലുണ്ടാകുന്ന പൂക്കള്‍കൊണ്ടല്ലേ ദേവന് പൂമാല കെട്ടുന്നതെന്നായി മറുപടി. കരിങ്കല്ലിലിരിക്കുന്ന ദേവനെ പൂകൊണ്ട് പൂജിച്ചിട്ടെന്താ എന്നായി വാസുദേവന്റെ മറുപടി. ഏട്ടനും പുരോഗമനം ഉദിച്ചല്ലോ! എന്ന പരിഹാസമായിരുന്നു ഗംഗയില്‍നിന്നുണ്ടായത്.

ഇത്രയും സങ്കുചിതമായി സ്വദേശിബോധം നടപ്പാക്കുമ്പോഴും കൃഷിയുടെ കാര്യം വരുമ്പോള്‍ സംസ്‌കാരമെന്ന കാര്‍ഷികബോധം ഭരതന്‍ കൈയൊഴിയുന്നു. മുതലാളിത്തം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്ന വിപണിയെ ആശ്രയിക്കുന്നു. ഇതാണ് മതകേന്ദ്രീകൃത ഫാഷിസ്റ്റുകളില്‍ എന്നും നിഴലിക്കുന്ന വൈരുധ്യം. അവര്‍ പാരമ്പര്യെത്തക്കുറിച്ച് ആത്മരതി കൊള്ളുമ്പോഴും ആധുനികമായ എല്ലാ സംവിധാനങ്ങളെയും വാരിപ്പുണര്‍ന്നുകൊണ്ടേയിരിക്കും.

കാലവര്‍ഷം വന്നിട്ടും ഭരതന്‍ വിളവിറക്കാത്തതിനെ ഗംഗാധരമാരാര്‍ ചോദ്യം ചെയ്യുമ്പോള്‍ ഭരതന്‍ മറുപടി പറയുന്നതാകട്ടെ 'അരി മേടിച്ചുണ്ണുകയാണ് ലാഭമെന്നും മേലങ്ങാടിയില്‍ നല്ല ഒന്നാന്തരം കൈക്കുത്തരി കിട്ടുമെന്നുമാണ്.' പിന്നെന്തിനാണ് ഇത്രയും വയല്‍ മേടിച്ചിടുന്നതെന്ന ചോദ്യത്തിന് 'നാം ഭാരതീയരല്ലേ മണ്ണിനോടുള്ള ആര്‍ത്തി രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടെന്ന് വെച്ചോളൂ' എന്നാണ്. പരിസ്ഥിതിയോടും കൃഷിയോടുമൊക്കെ ഇത്തരം പ്രസ്ഥാനങ്ങള്‍ അന്നുമിന്നും പുലര്‍ത്തുന്ന കാപട്യപൂര്‍ണമായ സമീപനംതന്നെയാണിത്.

ആര്‍.എസ്.എസിന്റെ 'ശാഖ'യ്ക്ക് സമാനമായ പരിശീലനക്കളരിയാണ് ഭരതന്റേത്. ആര്‍.എസ്എസ് സ്ഥിരമായി ചെയ്യാറുള്ള ചിട്ടവട്ടവും ജനനീജന്മഭൂമി എന്ന പ്രാര്‍ത്ഥനാമന്ത്രവും കായികാഭ്യാസവുമൊക്കെ ഇവിടെയും കാണാം. ചാതുര്‍വര്‍ണ്യത്തിന്റെ ദാര്‍ശനിക അടിത്തറയിലാണ് എല്ലാം രൂപംകൊള്ളുന്നത്. അതുകൊണ്ടുതെന്ന ഇതര മതസ്ഥരോടും ജാതിയോടുമൊക്കെ ഭരതനും നികൃഷ്ടമായ സമീപനമെടുക്കുന്നു. ഗംഗാധരമാരാര്‍ക്ക് വ്യാപാരിയായ അലിയോടുള്ള അടുപ്പത്തെ ഭരതന്‍ തുടക്കംമുതലേ എതിര്‍ത്തുപോരുന്നുണ്ട്. 'മാപ്പിളയുടെ അയല്‍ക്കാരനായിരിക്കാന്‍ ഇന്നാട്ടില്‍ വരണോ, മാപ്പിളമാരുമായി എനിക്കിടപാടില്ല' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തുടക്കം മുതലേ ഭരതനില്‍നിന്ന് വരുന്നുണ്ട്. ഭക്തി തലയ്ക്ക് പിടിച്ച നിരവധി പേര്‍ ഭാരതീവിലാസത്തിലേക്ക് കടന്നുവന്നതോെട അവര്‍ക്കെല്ലാവര്‍ക്കും ഭക്ഷണമുണ്ടാക്കാന്‍ കഴിയാതെ വന്നപ്പോള്‍ അടിയാത്തിയായ കീഴ്ജാതിക്കാരി കാളിയെ ഗംഗ അടുക്കളജോലിക്ക് വിളിച്ചിരുന്നു. തന്റെ സമ്മതമില്ലാതെ കാളിയെ വിളിച്ചതില്‍ ഭരതന് ദേഷ്യംവരുന്നു. മുഖം കനപ്പിച്ചുകൊണ്ട് ഭരതന്‍ കടന്നുപോകുന്നു. ഇന്നത്തെ ദോശ അടിയാത്തി ആട്ടിയതാണെന്നും നമുക്ക് ജാതിഭ്രാന്തില്ലെന്നും തുറന്നുപറയുന്ന ഭരതന്‍ അന്ന് ദോശ കഴിക്കാതിരിക്കുന്നു. പറച്ചിലില്‍ ഇതാണെങ്കിലും ഭരതനെ ഭരിച്ചുപോന്നത് ചാതുര്‍വണ്യത്തില്‍ അധിഷ്ഠിതമായ ജാതിചിന്തതന്നെയാണെന്ന് പന്നീട് വ്യക്തമാകുന്നു. 'ഭാരതീമന്ദിരത്തിലെ കിണറ്റില്‍നിന്ന് ഇപ്പോള്‍ അടിയാത്തികളെ വെള്ളം കോരാന്‍ അനുവദിക്കാറില്ല.' എന്ന് നമ്പീശന്റെ ഭാര്യ വസുമതി ഒരിക്കല്‍ പറയുന്നുണ്ട്.

ഇതിന് പുറമെ ഇംഗ്ലീഷ് അടക്കമുള്ള വൈദേശികമായ യാതൊന്നിനോടും പ്രതിപത്തിയില്ലാതെ അതിനെയെല്ലാം അന്ധമായി എതിര്‍ക്കുന്നു. ഭാരതീയമായ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിന് അവിടുത്തെ വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെപോലും ഭരതന്‍ വശീകരിച്ച് കൂടെക്കൂട്ടുന്നു.

നോവലിന്റെ അവസാനഭാഗത്ത് മുത്തഛനെ കാണാന്‍ പോകുന്ന മുരളി അതിന്റെ പ്രതീകമാണ്..

'അനുഗ്രഹം വാങ്ങാനാണ് വന്നത്. ദൂരെയൊരു നാട്ടില്‍ ക്യാമ്പിന് പോകണം. തികഞ്ഞ ഭാരതപൗരനാകാന്‍ ആ ക്യാമ്പില്‍ പങ്കെടുത്തേ തീരൂ എന്നാണ് ഭരതേട്ടന്റെ വീട്ടിലെ കൂട്ടുകാര്‍ പറയുന്നത്. ഗുരുജി പറയുന്നത്.'

'ഇത്രയധികം പണം ചെലവ് ചെയ്ത്, ഉയര്‍ന്ന വിദ്യാഭ്യാസം നേടി, ബീഡി വലിക്കാതെ, മദ്യം കഴിക്കാതെ, വേശ്യയുടെ അടുത്തു പോകാതെ, നഗരത്തില്‍ ജീവിച്ച്, തിരിച്ചുവന്ന് താന്‍ ഇനിയും എങ്ങനെയാണ് ഒരു ഉത്തമ ഭാരതീയനാകേണ്ടത്? എന്താണതിന്റെ മാനദണ്ഡം? ഇരുപത്തിയൊന്നു ദിവസത്തെ ക്യാമ്പു തരുന്ന പരിശീലനംകൊണ്ടത് സാധിക്കുമോ? '' എന്ന ആത്മഗതവും മുരളിയില്‍നിന്ന് വരുന്നു.

മുത്തച്ഛന്‍ ഇതിനോട് വിയോജിക്കുന്നുണ്ടെങ്കിലും മുരളി ഈ പരിശീലനത്തിലേക്ക് പുറപ്പെട്ടുപോകുന്നു. ഇതേ മുരളിയുടെ അനുജന്‍ രവിയും ഭരതന്റെ ഭജനയില്‍ ആകൃഷ്ടനായത് കണ്ട് അമ്മ വസുമതി ക്ഷോഭിച്ചുകൊണ്ട് പറയുന്നതിങ്ങനെയാണ്.”

'ഭരതന്‍ ഭജനയല്ല നടത്തുന്നത്. ഇലക്ഷന്‍ പ്രചരണമാണ്..' തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാന്നിധ്യംതന്നെയാണിതെന്ന് വ്യക്തം.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നോവലിസ്റ്റ് തുറന്ന് വിട്ട ഭൂതമാണ് ഭാരതീവിലാസമെങ്കില്‍ ആ ദാര്‍ശനിക/ രാഷ്ട്രീയം ഒരു രാജ്യത്തെ അധികാരസ്വരൂപമായി ഇന്ന് വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. അതിനാല്‍ കൂമന്‍കൊല്ലി കൂടുതല്‍ രാഷ്ട്രീയവായന അര്‍ഹിക്കുന്നുണ്ട്.

ക്രിസ്ത്യന്‍ മിഷനറിമാര്‍ സൃഷ്ടിക്കുന്ന സംഘര്‍ഷം

സമാന്തരമായി അവിടേക്ക് കയറിവന്ന ക്രിസ്ത്യന്‍മിഷനറിമാരുടെ ഇടപെടലും ആദിവാസികളെ സ്വാധീനിക്കുകയും കടുത്ത സംഘര്‍ഷത്തിലാക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്ത്യന്‍ മിഷനറിമാരുടെ കടന്നുവരവ് ബന്ദി എന്ന ആദിവാസിയുവതിയില്‍ വരുത്തുന്ന മാറ്റവും ദുരന്തവും ഇത് വ്യക്തമാക്കുന്നു.

“'ആഴ്ചയിലൊരിക്കല്‍ ഡാനിയേലച്ചന്‍ വണ്ടിയോടിച്ചുവന്ന് അടിയാന്മാരുടെ ഗ്രാമത്തില്‍ കയറിയിറങ്ങി. ആഴ്ചയിലൊരിക്കല്‍ അവരെച്ചൊല്ലി അച്ചന്റെ കണ്ണുനിറഞ്ഞു. കണ്ഠം ഇടറി. അങ്ങനെ ഞായറാഴ്ചകളെപ്പറ്റി താഴ്‌വരയിലെ മേലാളരും അടിയാന്മാരും അറിഞ്ഞു. തേന്‍ കിട്ടുമ്പോള്‍ മാത്രം കാടിറങ്ങിവരാറുള്ള കുറുമര്‍പോലും ഞായറാഴ്ചകളുടെ മഹത്വം മനസ്സിലാക്കാന്‍ തുടങ്ങി...'

ഇവരുടെ പ്രവര്‍ത്തികളിലും നിശാക്ലാസുകളിലും കന്യാസ്ത്രീകള്‍ക്കൊപ്പം ചേരുന്ന ബന്ദി ആദ്യഘട്ടത്തില്‍ ഹിന്ദു ക്രിസ്ത്യന്‍ ചിഹ്നങ്ങളെ വലിച്ചെറിഞ്ഞ് തന്റെ പഴയ മാല ധരിച്ച സ്വത്വബോധത്തിലേക്ക് വരുന്നുണ്ടെങ്കിലും ഡാനിയേലച്ചനില്‍ അറിയാതെ അനുരക്തയാകുന്നു.

'ബന്ദി കന്യാസ്ത്രീകളുടെ കൂടെപ്പോയതില്‍ ഒരദ്ഭുതവുമില്ല. വര്‍ണപ്പകിട്ടുള്ള ചീട്ടിത്തുണിപോലെ അവളുടെ മിഴികള്‍ക്കുമുമ്പില്‍ ജീവിതത്തിന്റെ വര്‍ത്തമാനകാലം തൂങ്ങിക്കിടക്കുന്നു. നാളെ കഴുകുമ്പോള്‍ നിറം മങ്ങുമെന്നുവെച്ച് ഇന്ന് ഒരു പുള്ളിക്കുപ്പായം ഇടാതൊക്കുമോ?'എന്ന അനന്തന്‍ മാഷിന്റെ സംശയം അന്വര്‍ത്ഥമാക്കുന്നതുപോലെയാണ് അച്ചനുമായുള്ള ബന്ദിയുടെ ബന്ധം ദുരന്തപൂര്‍ണമായി അവസാനിക്കുന്നത്. ഒരു കരിവണ്ടുപോലെ മൂളിപ്പറന്നെത്തുന്ന ഡാനിയേലച്ചനെക്കാത്ത് അവള്‍ ഞായറാഴ്ചകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. അച്ചനും ബന്ദിയെ ഇഷ്ടമാണെങ്കിലും നഗരത്തിലെ ചെറുപ്പക്കാരെ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും~ഒരുക്കേണ്ട ചുമതയുള്ളതിനാല്‍ അവിടെനിന്ന് മലയിറങ്ങുന്നു.

ഡാനിയേലച്ചന്‍ പോകുന്നതോടെ കടുത്ത വിരഹദു:ഖവുമായി ബന്ദി അപ്രത്യക്ഷമാകുന്നത് വിവരിക്കാന്‍ ഒരധ്യായംതന്നെ നോവലില്‍ മാറ്റിവെച്ചിട്ടുണ്ട്(28). വിരഹം താങ്ങാനാകാതെ ഇറങ്ങി നടന്ന ബന്ദി എത്തിപ്പെടുന്നത് അനന്തന്‍ മാഷിന്റെ ഷെഡ്ഡില്‍. അന്ന് രാത്രി അവിടെ ഉറങ്ങാന്‍ അനുവാദം കൊടുത്ത ബന്ദിയെ പിറ്റേന്ന് കാലത്ത് മാഷ് കണ്ടില്ല.

'അവള്‍ നടന്നുപോയ വഴിയില്‍ ഒരു നീലത്തൂവാലമാത്രം ചുരുണ്ടുകൂടിക്കിടന്നു. പക്ഷേ അക്കരയ്ക്കുള്ള വഴിയല്ലല്ലോ! അനന്തന്‍ നടുങ്ങി.

ഒരു ചരമാവരണംപോലെ താഴ്‌വരയിലെ വയലുകളിലും കൊല്ലികളിലും കൊടുമുടികളിലും കോടമഞ്ഞു വീണുകിടന്നു.'

തറവാട് പൊളിച്ചടുക്കുന്ന സ്ഥിരം പല്ലവി

ഒരു കാലഘട്ടത്തിന്റെ എല്ലാ നന്മതിന്മകളും കെട്ടുപിണഞ്ഞുകിടന്നിരുന്ന ജീര്‍ണവ്യവസ്ഥയെ പൊട്ടിച്ചെറിയുന്നതുപോലെ ഇവിടെയും പൂങ്കുന്നം തറവാട് പൊളിച്ചുമാറ്റുന്ന രംഗമുണ്ട്. ജന്മിത്തം അതിന്റെ സഹജമായ തകര്‍ച്ചയിലേക്ക് വഴിമാറിപ്പോകുന്നുണ്ട്. അക്കാലത്തിറങ്ങിയ മറ്റ് പല നോവലുകളിലും ഇത് കാണാവുന്നതാണ്. നിരന്തരം അലയുകയും എത്തുന്നേടത്ത് സംസ്‌കാരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതുമാണ് മനുഷ്യചരിത്രത്തിന്റെ ആകെത്തുക. അങ്ങനെയുള്ള മനുഷ്യരിലെന്നും തന്റെ പൂര്‍വികമായ ഇടത്തേക്ക് തിരിച്ചുപോകാനുള്ള പ്രവാസിമനസ്സ് ഉള്ളടക്കം ചെയ്തിട്ടുണ്ടാകും.

നോവലില്‍ ചൂഷണത്തിനിരയാകുന്ന ആദിവാസികള്‍ തങ്ങളുടെ മുതുമുത്തച്ഛന്മാര്‍ പാര്‍ത്തിരുന്ന കാട്ടിനകത്തേക്ക് നിരന്തരം അലയാന്‍ ശ്രമിക്കുന്നതുപോലെ അവിടെയെത്തിയ അടിയാന്മാരും ആദിവാസി ഉന്നമനത്തിനായി രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന നമ്പ്യാര്‍പോലും മടങ്ങിപ്പോകുകയാണ്.

കുടിയേറ്റത്തിന്റെ പ്രാരംഭഘട്ടത്തില്‍ ആ വ്യവസ്ഥയിലെ എല്ലാവിഭാഗം ജനതയും കടുത്ത അന്തസംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നത്. ദാരിദ്ര്യവും സ്‌നേഹനിരാസവും വിപ്ലവനിരാസവുമെല്ലാം ചേര്‍ന്ന് ആത്മസംഘര്‍ഷത്തില്‍ അകപ്പെടുന്നവര്‍ വഴിതെറ്റുന്നുപോലുമുണ്ട്. അതാണല്ലോ പഠിപ്പും കാര്യപ്രാപ്തിയും നേടി രക്ഷപ്പെടുമെന്ന് കരുതിയ മുരളിക്കുപോലും വഴി തെറ്റേണ്ടിവരുന്നത്. അങ്ങനെ നോക്കുമ്പോള്‍ നോവലില്‍ തകര്‍ച്ചയെ നേരിടാത്ത രണ്ടു കൂട്ടരെയാണ് പ്രകടമായി കാണാന്‍ കഴിയുന്നത്. ഒന്ന് ഭാരതത്തിന്റെ തനിമയ്ക്കിണങ്ങുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യാപനവും ജന്മിയെപ്പോലും കബളിപ്പിച്ച് ഉന്നതിയിലേക്ക് വരുന്ന അലിയുടെ രൂപത്തിലുള്ള വ്യാപാരിയും. കൂമന്‍കൊല്ലിയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ അലിയെ ഒരംഗമാക്കാന്‍ ഏവരും സന്നദ്ധത കാണിച്ചെങ്കിലും അലി തന്ത്രപൂര്‍വം മാറിനിന്നു.

അലിക്ക് ആരോടും മമതയില്ല, പകയുമില്ല.(വ്യാപാരിയുടെ തനിസ്വഭാവം). പതിറ്റാണ്ടുകള്‍ക്കിപ്പുറം കച്ചവടവത്കരണവും ഹിന്ദുത്വവല്‍ക്കരണവുമാണ് ഇന്ന് വികസിക്കുന്നതെന്ന് കാണുമ്പോള്‍ നോവലിന് പ്രവചനസ്വഭാവം കൈവരികയാണ്. ശുദ്ധമായ വിത്തിനും കൃഷിക്കും ഭാവിക്കുംവേണ്ടി സ്വപ്‌നം കാണുന്ന മുരളിയുടെ മുത്തച്ഛനും പുതിയൊരു ലോകത്തിലേക്ക് ആശങ്കയോടെയാണെങ്കിലും ഉറ്റുനോക്കുന്ന അപ്പുവും സത്യനാരായണനും കമ്യൂണിസ്റ്റ് രാഷ്ട്രീയവുമെല്ലാം കിതച്ചുപായുകയാണ് ഇന്നും.

(ചന്ദ്രിക ആഴ്ചപ്പതിപ്പ് 2015 ഡിസംബര്‍ 12)

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT