literature

കാസർഗോഡ് നിന്ന് കഥയുടെ മൃദുൽ വഴികൾ

എൻ. പ്രഭാകരൻ മാഷിനെപ്പോലുള്ള ഒരാൾ അടങ്ങുന്ന ജൂറി താങ്കളുടെ കഥയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ. ഈ അവാർഡിനെ ഏതു രീതിയിൽ കാണുന്നു?

വലിയ സന്തോഷം തോന്നുന്നുണ്ട്. മലയാളത്തിലെ ഏറ്റവും സീനിയർ എഴുത്തുകാരനും വായനക്കാരനുമായ മാഷ് ഈ കഥ കണ്ടെത്തി അതിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നു എന്നത് വലിയ അഭിമാനമുണ്ടാക്കുന്നുണ്ട്. വളരെ ചുരുക്കം കഥകൾ മാത്രം എഴുതിയ ഒരാൾ എന്ന നിലയിൽ, തുടർന്നെഴുത്തിനുള്ള പ്രചോദനം കൂടിയാണിത്. ഒരു യാദൃച്ഛികത എന്താണെന്ന് വച്ചാൽ, എൻ പ്രഭാകരൻ മാഷെ വായിക്കുന്നത് പ്ലസ് ടു പഠനകാലത്താണ്. അന്ന് മലയാളത്തിൽ താല്പര്യം കാണിച്ചിരുന്നതു കൊണ്ട് എന്റെ അധ്യാപകൻ സുകുമാരൻ മാഷ്, ശ്രദ്ധയോടെ വായിക്കാൻ പറഞ്ഞ രണ്ടു കഥകളിൽ ഒന്ന് പ്രഭാകരൻ മാഷിന്റെ മായാമയനാണ്!

ചെറുസിനിമകൾ, വീഡിയോകൾ, കവിത, സിനിമ, കഥ ഇങ്ങനെ പല മാധ്യമങ്ങളിലും ഒരുപോലെ ഇടപെട്ടുകാണുന്നുണ്ട്. എന്തായിരിക്കണം സ്വന്തം മാധ്യമം എന്ന ആലോചനയുണ്ടായിട്ടുണ്ടോ? അങ്ങനെയൊരു തീരുമാനമുണ്ടോ?

എല്ലാം എനിക്ക് പ്രിയപ്പെട്ട, ചെയ്യാനിഷ്ടമുള്ള കാര്യങ്ങൾ തന്നെയാണ്. ചെറുപ്പം തൊട്ട് കൂടെയുള്ള ഇഷ്ടങ്ങളാണ് സിനിമയും കഥയും. അതിപ്പോഴും കൂടെയുണ്ട്. രണ്ടും വലിയ രീതിയിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. സിനിമയെഴുത്ത് എന്ന വഴിയിലേക്ക് പതുക്കെ കടന്നതും അതുകൊണ്ടാണ്. ഒരു കഥാകൃത്ത് എന്ന നിലയിൽ അറിയപ്പെടണം എന്നായിരുന്നു ആഗ്രഹം. അതുപോലെ സിനിമ ചെയ്യുക, അതിനു വേണ്ടി എഴുതുക ഒക്കെ വലിയ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണ്. പതുക്കെ നമ്മൾ അതിലേക്കെത്തും എന്ന പ്രതീക്ഷയിലാണ്.

വളരെ പെട്ടെന്നു തന്നെ നിരൂപകശ്രദ്ധ നേടിയ കുളെ-യുടെ രചനാപശ്ചാത്തലം ഒന്നു പറയാമോ?

മൂന്നാല് വർഷം മുൻപ്, കാസറഗോഡ് ചട്ടഞ്ചാലിൽ ഒരു പ്രേതകല്യാണം നടക്കുന്നുണ്ടെന്ന് അരുൺ എന്നൊരു സുഹൃത്ത് വിളിച്ചു പറഞ്ഞു. ഞാനും സുഹൃത്ത് സുധീഷ് ചട്ടഞ്ചാലും അന്നത് കാണാൻ പോയി. ഭയങ്കര ആകാംക്ഷയോടെയാണ് പോയത്. അപൂർവ്വമായ ചടങ്ങാണ്. കാസർഗോഡ് കാരനായിട്ടു പോലും വളരെ വൈകിയാണ് പ്രേതകല്യാണത്തെ പറ്റി കേട്ടിരുന്നത്. പക്ഷെ അന്ന് ചടങ്ങുകൾ ഒന്നും കാണാനായില്ല. ഒരു മുന്നൊരുക്കം മാത്രം നടന്നു. നിരാശ തോന്നിയെങ്കിലും കുറച്ചു കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ട് ഞങ്ങൾ മടങ്ങി. പിന്നീട് ഇതുവരെ കാണാനായില്ല. കഥയിൽ കേട്ടറിവുകളും ഭാവനയും ചേർന്നുള്ള 'കല്യാണം' ആണ് നടത്തിയത്!

ജാതിയും അയിത്തവും മറ്റ് വിവേചനങ്ങളും ഒരു മറയ്ക്കപ്പുറം എനിക്ക് ചുറ്റും ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു. കാസർഗോഡ് എന്മകജേയിലെ ജാതിവിവേചനപ്രശ്നം വലിയ വാർത്തയായിരുന്നു. അതുപോലെ ഒരുപാട് വാർത്തകൾ ചെറിയ കോളങ്ങളിൽ വന്നു പോകാറുണ്ട്. ദളിത്‌ കല്യാണവീടുകളിൽ പോകുമ്പോഴാണ് ഇതിന്റെ ഭീകര വേർഷനുകൾ കാണുക. വലിയ പുരോഗമനനാട്യക്കാർ വന്ന് അവിടെ എസ്ക്യൂസുകൾ പറഞ്ഞ് ഭക്ഷണം കഴിക്കാതെ പോകുന്ന കാഴ്ചകൾ സ്ഥിരമായിരുന്നു.

മുൻപ്, ഈ 'കഴിക്കാത്ത ആളുകൾക്ക്' ടീ പാർട്ടി എന്നൊരു ഏർപ്പാട് ഉണ്ടായിരുന്നു. ഒരു പാക്കറ്റിൽ ബേക്കറി പലഹാരങ്ങൾ പൊതിഞ്ഞ് ഒരു കോളയുടെ കുപ്പിയും കൊടുക്കും. അതൊന്നും 'വീട്ടിൽ' പാകം ചെയ്‌തതല്ലല്ലോ!

ഇപ്പോഴും കല്യാണം ക്ഷണിക്കാൻ മറ്റ് വീടുകളിൽ പോകുമ്പോൾ

"നമ്പീശൻ ആണ്, നായരാണ്, നമ്പൂരിയാണ് ഭക്ഷണം ഉണ്ടാക്കുന്നത്..' എന്ന് പറയേണ്ട ദുര്യോഗം ഉണ്ട്.

കഥയിലെ പ്രേതകല്യാണം, ഈ ചുറ്റുപാടിൽ നിന്നൊക്കെ ഉണ്ടായതാണ്. ഒരു ചെറുസിനിമ എന്ന ആലോചനയുണ്ടായിരുന്നു ആദ്യം. പിന്നീട് അതിന്റെ സാദ്ധ്യതകൾ മനസ്സിലാക്കി കഥയെഴുതാം എന്ന് തീരുമാനിക്കുകയായിരുന്നു.

കഥ പെട്ടന്ന് ഉണ്ടായി. കൃത്യമായ രാഷ്ട്രീയമാണ് പറയേണ്ടതെങ്കിലും അതിനൊരു മുദ്രാവാക്യം വിളിയുടെ ശരീരമുണ്ടാകരുത് എന്ന ആഗ്രഹം ഉണ്ടായിരുന്നു. കഥ പെട്ടന്ന് തന്നെ സമകാലിക മലയാളത്തിൽ അച്ചടിച്ചു വന്നു. അതിന് വലിയ വായനയുണ്ടായി. ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല അത്‌.

മലയാള കഥയുടെ പൂർവപാരമ്പര്യത്തെയും സമകാലികകഥയുടെ പൊതുവിലുള്ള നിലവാരത്തെയും എങ്ങനെ നോക്കിക്കാണുന്നു?

കഥയുടെ പൂർവ്വപാരമ്പര്യത്തിലൂന്നി തന്നെയാണ് സമകാലിക കഥയുടെയും സഞ്ചാരം. തകഴിയും പൊൻകുന്നം വർക്കിയും എം. പി നാരായണപിള്ളയും ബഷീറും, എംടിയും ഒ.വി. വിജയനും മാധവിക്കുട്ടിയും.. ഇവരൊക്കെ നമ്മുടെ വായനയിൽ ഇപ്പോഴുമുണ്ട്. മനുഷ്യനോട് സംവേദിക്കുന്ന, രാഷ്ട്രീയം പറയുന്ന കഥകൾ അവർ ആ കാലത്ത് അടയാളപ്പെടുത്തി. അത്‌ കാലാതീതമായി വായിക്കപ്പെട്ടു. ഇതിൽ നിന്നൊക്കെ പുതുക്കപ്പെട്ടാണ്

സമകാലിക കഥയും മുന്നോട്ട് പോകുന്നത്. ഭാഷയിലും ഘടനയിലും രാഷ്ട്രീയത്തിലുമൊക്കെ ഈ പുതുക്കം നിലനിർത്തുന്നുണ്ട്. നിലവാരത്തെ പറയാൻ ഞാൻ ആളല്ല, ഞാൻ കഥകൾ വായിക്കുന്നു. ആസ്വദിക്കുന്നു.

നല്ല കഥകൾ ഓരോ കാലത്തും ഉണ്ടാകുന്നുണ്ട്. മികച്ച കഥകൾ കയ്യിൽ കിട്ടുമ്പോൾ വലിയ സന്തോഷം തന്നെ.

കലാപ്രവർത്തനങ്ങളുടെ തുടക്കം കാമ്പസിൽ നിന്നായിരുന്നോ? എന്താണ് ആദ്യം എഴുതിയത് എന്നോർമ്മയുണ്ടോ?

ചെറുപ്പത്തിൽ ഞാൻ എഴുതാൻ ശ്രമിച്ചിട്ടുണ്ട്. വായനയും ഉണ്ടായിരുന്നു. കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽ ഡിഗ്രി പഠനത്തോടെയാണ് എഴുത്തിനോടും വായനയോടും വലിയ താല്പര്യം കാണിക്കുന്നത്. ബോട്ടണി സഹപാഠികൾ റഫറൻസ് പുസ്തകങ്ങൾ വായിക്കുമ്പോൾ ഞാൻ നോവലും കഥകളും നോക്കി നടന്നു. കാമ്പസ്സിലെ ഇടതുരാഷ്ട്രീയത്തിൽ സജീവമായി. ഒരു സെമസ്റ്റർ മാത്രം രണ്ടാം ഭാഷയായി മലയാളം ഉണ്ടായിരുന്നു. അന്ന് എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് മാഷായിരുന്നു മലയാളം അധ്യാപകൻ. കോളേജ് യൂണിയൻ കലോത്സവത്തിന് എഴുതിയ കഥ ഒന്നാം സ്ഥാനം തന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിലേക്ക് അയക്കാൻ മാഷ് നിർദ്ദേശിച്ചു. അത്‌ കോളേജ് മാഗസിൻ പേജിൽ അച്ചടിച്ചു വന്നു. എഴുത്തിലും വായനയിലും വലിയ പ്രോത്സാഹനമായിരുന്നു മാഷ്. തുടർന്ന് രണ്ട് കഥകൾ കൂടി മാതൃഭൂമിയിൽ വന്നു. അന്ന് മാഷ് പ്രസിഡണ്ടായ കോളേജ് സാഹിത്യവേദിയുടെ സെക്രട്ടറിയുമായിരുന്നു ഞാൻ. എഴുത്തിലേക്ക് അങ്ങനെ കൂടുതൽ താല്പര്യം കാണിച്ചു തുടങ്ങി.

'ക്യാപ്ച്ചെറിങ് വെള്ളംതെളിപ്പൻ' എന്നൊരു കഥയ്ക്ക് പ്രഥമ യു.പി. ജയരാജ്‌ കഥപുരസ്‌കാരം ഉൾപ്പെടെ

കുറച്ചവാർഡുകൾ കിട്ടി. പി.ജി. പഠന കാലത്തായിരുന്നു അത്‌.

അതിനു ശേഷം കഥയെഴുത്തിൽ വലിയ ഇടവേളയുണ്ടായി. കഥകൾ ഒന്നും എഴുതാൻ പറ്റാത്ത ഒരവസ്ഥ വന്നു. എങ്കിലും വായനക്കൊപ്പം തൊഴിൽരഹിതനായി തുടർന്നു.

വരുമാനം കയറിവരാത്ത വീടായിടുന്നതു കൊണ്ട് ജോലികൾക്ക് ശ്രമിച്ചു. 2019 അവസാനം വരെ ചില സ്കൂളുകളിൽ താത്കാലിക ബോട്ടണി അധ്യാപകനായി ജോലി ചെയ്തു. അത്‌ കുറെ നല്ല അനുഭവങ്ങളും വിദ്യാർത്ഥികളെയും,

ഒപ്പം തട്ടിയും മുട്ടിയും പോകാനുള്ള പൈസയും തന്നു.

പിന്നീട് 2020-ൽ ആണ് 'നീലനഖം' എന്ന പുതിയൊരു കഥ എഴുതുന്നത്.

അതിനു കേസരി നായനാർ ചെറുകഥാ പുരസ്‌കാരം ലഭിച്ചു. തുടർന്ന് മൂല്യശ്രുതിയിലും ഇന്ത്യൻ എക്സ്പ്രസ്സ്‌ മലയാളത്തിലും ഓരോ കഥകൾ വന്നു. 'മരിച്ച വീട്ടിലെ മൂന്നുപേർ' എന്ന കഥയ്ക്ക് മോശമല്ലാത്ത വായനയുണ്ടായി. അതിനിടയിൽ ലിറ്റാർട്ടിൽ 'അർബൻ നാടോടിക്കവിതകൾ ' എന്നൊരു സീരിസ് കൂടി ചെയ്തു.

അതു കഴിഞ്ഞാണ് കുളെ ഉണ്ടായത്.

ഹ്രസ്വചിത്രങ്ങളും, കവിതകളും ചെറുവീഡിയോകളും ശ്രദ്ധിക്കപ്പെട്ടല്ലോ. ചെറുസിനിമകളിലേക്കും വീഡിയോസിലേക്കും ഒക്കെ എങ്ങനെയെത്തി?

പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയുടെ തിരക്കഥ വായിച്ചിരുന്നു, മുൻപ്. ആ വായനയുടെ ബലത്തിലാണ് കലോത്സവത്തിന് തിരക്കഥയെഴുതുന്നത്. അതിനു മുൻപ് അങ്ങനെയൊന്ന് എഴുതിയിട്ടില്ല.

കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ കലോത്സവത്തിന് തുടർച്ചയായി തിരക്കഥാരചനയിൽ പങ്കെടുത്ത് വിജയിച്ച സമയം. അന്ന് കലോത്സവ വാർത്തകൾക്ക് ഒരുപാട് പേജുകൾ പത്രങ്ങൾ മാറ്റിവച്ചിരുന്നു. തിരക്കഥയിൽ ഒന്നാം സ്ഥാനം കിട്ടിയ വാർത്ത ഫോട്ടോ ഉൾപ്പെടെ ഒരു ചെറിയ സ്പെഷ്യൽ കോളം വാർത്തയായി വന്നത് എനിക്ക് വലിയ ആത്മവിശ്വാസം തന്നു. ഹ്രസ്വചിത്രങ്ങൾക്ക് എഴുതാമോ എന്ന ചിലരുടെ വിളികളും വന്നു. അതിന്റെ ഒരോളത്തിൽ കുറച്ചു ചെറുസിനിമകൾക്ക് എഴുതി.

പി.ജി പഠനകാലത്ത്, മോളിക്കുലാർ ബിയോളജിയിൽ എന്റെ അധ്യാപകനും സുഹൃത്തുമായ സനൂപേട്ടനോടു പറഞ്ഞ് ആദ്യമായി തിരുവനന്തപുരത്തെ ചലച്ചിത്രമേളയ്ക്കു വണ്ടി കയറി. ക്യാമ്പസിൽ കൂടുതൽ ലീവ് കിട്ടാത്തത് കൊണ്ട് സനൂപേട്ടൻ മൂന്ന് ദിവസം മുഴുക്കെ സിനിമകൾ കണ്ട് ഞായറാഴ്ച മടങ്ങും. ബാക്കി ദിവസങ്ങൾ ഞാൻ ഒറ്റയ്ക്ക് കറങ്ങും. സിനിമകൾ കണ്ടും പാളയത്ത് പഴയ പുസ്തകങ്ങൾ തിരഞ്ഞും നടക്കും. പിന്നീടിത് മുടക്കമില്ലാതെ തുടർന്നു. ഒരുപാട് സിനിമകൾ കണ്ടു. ഓരോ വർഷവും ഓരോ സുഹൃത്തുക്കൾ പുതുതായി വന്ന് ഞങ്ങളുടെ സിനിമാക്കൂട്ടം വലുതായി. സിനിമ എന്ന ആഗ്രഹവും.

2018-ൽ, സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്തു. 'കാണി' എന്ന ആ ചിത്രത്തിനു തുടക്കക്കാരന്റെ പാളിച്ചകൾ ഉണ്ടായിരുന്നെങ്കിലും ഇഷ്ടത്തോടെ ചെയ്ത ഒന്നായിരുന്നു അത്‌. എന്റെ സുഹൃത്തുക്കളായിരുന്നു അതിന്റെ മുന്നിലും പിന്നിലും നിറയെ. അവരുടെ പണം, ക്യാമറ, സംഗീതം, അഭിനയം ഒക്കെ.

കേരളത്തിലെ ആദ്യ ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവലിൽ കാണി മികച്ച ഹ്രസ്വചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ചില ഫെസ്റ്റിവലുകളിൽ തിരക്കഥ, സംവിധാനം, നടി എന്നീ നിലകളിലും ശ്രദ്ധ നേടി. വലിയ സിനിമകളോടുള്ള ആഗ്രഹം കൂടിക്കൂടി വന്നു.

കോവിഡ് അടച്ചു പൂട്ടൽ സമയത്ത് ചില ഗദ്യ കവിതകൾ വായിച്ച് ചെറു വീഡിയോകൾ ചെയ്തിരുന്നു. അതിൽ കവി വീരാൻകുട്ടി, റഫീഖ് അഹമ്മദ് തുടങ്ങിയവരുടെ കവിതകൾക്ക് വലിയ കാഴ്ചക്കാരുണ്ടായി.

പുതിയ കഥാകൃത്തുക്കളിൽ സവിശേഷമായി കണക്കാക്കുന്നത് ആരെയൊക്കെയാണ്? എന്തുകൊണ്ട് ?

ഇ. സന്തോഷ്‌ കുമാർ, എസ്. ഹരീഷ്, പി. എഫ് മാത്യൂസ് ഒക്കെ പ്രിയപ്പെട്ട എഴുത്തുകാർ ആണ്.

വിവേക് ചന്ദ്രൻ, അബിൻ ജോസഫ്, അമൽ പിരപ്പൻകോട്, വി. കെ. ദീപ, സുദീപ് ടി ജോർജ് തുടങ്ങിയവരുടെ കഥകൾ പിന്തുടരാറുണ്ട്.

പെട്ടന്ന് ഓർമ്മയിൽ വന്ന പേരുകളാണ്. പറ്റുന്നതു പോലെ എല്ലാവരെയും വായിക്കാൻ ശ്രമിക്കാറുണ്ട്.

അമൽരാജ് പാറമ്മേൽ, ഡി. പി. അഭിജിത്ത്, ആർദ്ര, പുണ്യ, ശ്യാം കൃഷ്ണൻ, രാഹുൽ പഴയന്നൂർ തുടങ്ങി പുതുഎഴുത്തുകാരുടെ പ്രതീക്ഷയുള്ള, നല്ല കഥകൾ വരുന്നുണ്ട്. ഗംഭീരമായ ഭാഷയും രാഷ്ട്രീയവും കൃത്യമായ നിലപാടുകളുമുള്ള എഴുത്തുകാരാണ് അവരൊക്കെ.

ഏറെപ്പേരും സുഹൃത്തുക്കൾ കൂടിയാണ്.

വളരെ ചുരുക്കം കഥകൾ എഴുതിയ ഒരാളെന്ന നിലയിൽ കഥാരചനയിൽ നേരിടുന്ന ക്രിയാത്മകമായ വെല്ലുവിളികൾ എന്താക്കെയാണ്?

ആരോടും മത്സരിച്ചു കഥയെഴുതാറില്ല. വല്ലപ്പോഴും എഴുതണം. എഴുതുമ്പോൾ എനിക്കൊരു സന്തോഷം വേണം. ഒരുപാട് നാളുകളെടുത്തും എഴുതാൻ പറ്റാറില്ല. എന്റെ കഥകൾ പെട്ടന്ന് സംഭവിക്കുന്നതാണ്. ഒരു കഥ ഭേദപ്പെട്ടത് എന്ന് കരുതി അടുത്ത കഥ അങ്ങനെ ആകണം എന്നില്ല. കഥയിൽ ഞാനൊരു മടിയനും കൂടിയാണ്.

ഭാഷയിലോ ഘടനയിലോ പുതുക്കപ്പെടാൻ പറ്റാത്ത അവസ്ഥകളാണ്, അവസരങ്ങളാണ് സാധാരണയായി വെല്ലുവിളി ആയിട്ട് തോന്നുക. ഒരുപാട് സമയമെടുത്ത് പോളിഷ് ചെയ്യാനൊന്നും ശ്രമിക്കാറില്ല, അത്‌ എന്റെ വലിയ പോരായ്മ കൂടിയാണ്.

Mrudul VM

സ്വന്തം കഥ സിനിമയാക്കുന്നതിനുള്ള ആലോചനകൾ നടന്നുവരുന്നതായി അറിഞ്ഞു. കഥയിൽ നിന്നു തിരക്കഥ എന്ന മാധ്യമത്തിലേക്കു കടക്കുമ്പോൾ സ്വാഭാവികമായും പുതിയ വെല്ലുവിളികളുണ്ടാകുമല്ലോ?

കുളെ സിനിമയാക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. പ്രിയസുഹൃത്ത് മിഥുൻചന്ദ്രനാണ് സംവിധാനം. 'Story of Jay' എന്ന പുതിയ പ്രൊഡക്ഷൻ്റ ആദ്യസിനിമയാണ്. സുഹൃത്തായ ആസാദ് റോഷനാണ് സിനിമയുടെ ക്യാമറ. അങ്ങനെ ഒരുപാട് സൗഹൃദങ്ങളുടെ ആദ്യവരവ് കൂടിയാണ് ഈ സിനിമ. എഴുത്ത്, പ്രീ-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ബാക്കി വിവരങ്ങൾ ഉടൻ ഉണ്ടാവും.

സിനിമയുടെ ഭാഷ വേറെയാണ്. കാഴ്ചയാണ് അതിന്റെ എഴുത്തിൽ മുന്നിട്ടു നിൽക്കേണ്ടത്. അവിടെ സാഹിത്യത്തിനു വലിയ സ്ഥാനമില്ല. തിരക്കഥാരചന മറ്റൊരു തരത്തിലുള്ള എഴുത്താണെന്നു പറയാം. സിനിമകൾ കണ്ടുള്ള പരിചയമേയുള്ളു. അധ്വാനമുണ്ട്. എന്നാലും സ്വയം പഠിച്ചുവരുന്നത് കൊണ്ട് അത്‌ ആസ്വദിച്ചു ചെയ്യുന്ന ഒന്നാണ്.

എഴുതിക്കൊണ്ടിരിക്കുന്ന മറ്റൊരു സിനിമ, സംവിധായകൻ സെന്ന ഹെഗ്‌ഡെയുടെ അസോസിയേറ്റ് ഡയറക്ടറായ ശങ്കർ ലോഹിതാക്ഷനു വേണ്ടിയാണ്. ശങ്കറും വളരെ കാലമായിട്ട് സുഹൃത്താണ്. സുഹൃത്തുക്കൾ തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്നതിനാൽ എഴുത്തിൽ സമ്മർദ്ദം കുറവുണ്ട് എന്ന് പറയാം.

Jigeesh Kumaran

പുതിയ പദ്ധതികൾ എന്തൊക്കെയാണ്?

പുതിയ പദ്ധതികൾ എന്ന് പറയാൻ മാത്രം ഒന്നും ഇല്ല. അത്‌ കണ്ടെത്തണം. അനിശ്ചിതത്വത്തിലൂടെയാണ് യാത്ര. ഒന്ന് രണ്ട് സിനിമകൾക്ക് വേണ്ടി എഴുതുന്നുണ്ട്. എപ്പോൾ സംഭവിക്കും എന്ന് ഉറപ്പില്ല. ഇങ്ങനെ ചെറിയ പ്രതീക്ഷകളിലും സ്വപ്നങ്ങളിലുമാണ് ജീവിതം.

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT