ക്യാമറയുടെ പല ആംഗിളുകളിലുള്ള അനുഭവങ്ങളായി രേഖപ്പെടുത്തിയ ഈ ജീവിത വിഷയങ്ങള്‍ ഓരോന്നും ക്യാമറ താഴെ വയ്ക്കുമ്പോഴേക്കും മാഞ്ഞു പോയേക്കാം. ടെലിവിഷന്‍റെ ഹ്രസ്വായുസ്സിനപ്പുറത്തേക്ക് അതിനെ ഉയര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ അതിന് പ്രതിഭയുള്ളൊരു ഭാവനയും ഭാഷയും വേണം. ലേഡീസ് കംപാര്‍ട്മെന്‍റ് എന്ന പേരില്‍ മലയാളത്തിന് ലഭിച്ചിരിക്കുന്നത് അങ്ങനെ അത്യപൂര്‍വ്വമായൊരു വാങ്മയരേഖയാണ്.
ബിജു മുത്തത്തിയുടെ ലേഡീസ് കംപാർട്ട്മെന്റ് എന്ന പുസത്കത്തെക്കുറിച്ച് പ്രശസ്ത എഴുത്തുകാരൻ സി.വി ബാലകൃഷ്ണൻ എഴുതുന്നു
ലോകം നന്നാവാന്‍ ഒറ്റ വഴിയേയുള്ളൂ, അത് സമ്പൂര്‍ണ്ണ സ്ത്രീ വിമോചനമാണെന്ന് പറഞ്ഞത് ലോക പ്രസിദ്ധയായ ഓസ്ട്രിയന്‍ എഴുത്തുകാരി ജെര്‍മെയ്ന്‍ ഗ്രീറാണ്. സമ്പൂര്‍ണ്ണ സ്ത്രീവിമോചനമല്ലാത്ത ലിംഗസമത്വ സിദ്ധാന്തങ്ങളെല്ലാം കപടമായ പുരുഷ സദാചാര നിര്‍മ്മിതിയാണെന്നു തന്നെ ഗ്രീര്‍ തീവ്രമായി വിശ്വസിച്ചിരുന്നു. 1970-ല്‍ ഗ്രീര്‍ എഴുതിയ 'ഫീമേല്‍ യൂനീഖ്' എന്ന പുസ്കകം ഫെമിനിസ്റ്റ് ചിന്താലോകത്തെ ഒരു കൊടുങ്കാറ്റായത് അങ്ങനെയായിരുന്നു. അതിന്‍റെ തുടര്‍ച്ചകള്‍ തന്നെയായിരുന്നു ദ് പൊളിറ്റിക്സ് ഓഫ് ഹ്യൂമൻ ഫെർട്ടിലിറ്റി, ഷേക്സ്പിയേഴ്സ് വൈഫ് തുടങ്ങിയ ഗ്രീര്‍ പുസ്തകങ്ങളും. സ്ത്രീയുടെ ശാരീരീക പരിമിതികളായി പൊതുവേ കരുതുന്ന ജൈവവ്യവസ്ഥകളെപ്പോലും അവഗണിക്കാനും നിരാകരിക്കാനും പഠിപ്പിക്കുന്ന ഈ സത്രീപോരാളി ലൈംഗീകതയെ തിരിച്ചു പിടിക്കാനുള്ള ആഹ്വാനങ്ങള്‍ കൊണ്ടാണ് ഓരോ പുസ്തകവും സമ്പന്നമാക്കുന്നത്. ആ ചിന്തകള്‍ പുരുഷന്മാര്‍ക്കു മാത്രമല്ല പരമ്പരാഗത സ്ത്രീവാദികള്‍ക്കും അരുചികരമായാണ് അനുഭവപ്പെടുക.
2019-ല്‍ കനകക്കുന്നില്‍ നടന്ന മാതൃഭൂമി സാഹിത്യോത്സവത്തില്‍ വെച്ചാണ് ഞാന്‍ ആദ്യമായി ജെര്‍മെയ്ന്‍ ഗ്രീര്‍ എന്ന എഴുത്തുകാരിയെ നേരിട്ടു കാണുന്നതും പരിചയപ്പെടുന്നതും.
ആര്‍ത്തവത്തെ ഒരു ബന്ധനമായി കരുതുന്ന സവിശേഷമായ നിരവധി നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഒപ്പം തന്നെ ആര്‍ത്തവ വിരാമത്തിനുശേഷമുള്ള സ്ത്രീകളുടെ ശാരീരിക വ്യതിയാനങ്ങളെക്കുറിച്ചും, ആധുനിക മെഡിക്കല്‍ സയന്‍സിനെപ്പോലും വെല്ലുവിളിച്ച്, ആ എണ്‍പതുകാരിയെഴുതിയ 'ദി ചേഞ്ച്, വുമണ്‍ ഏജിംഗ് ആന്‍റ് മെനപ്പോസ്' എന്ന പുസ്തകം എനിക്ക് വളരെ കൗതുകകരമായി തോന്നിയിരുന്നു. അവര്‍ ആ പുസ്തകത്തില്‍ എനിക്ക് ഓട്ടോഗ്രാഫ് ചെയ്തു തന്നത് ഊഷ്മമളമായൊരു ഓര്‍മ്മയാണ്. ഒപ്പം എന്തുകൊണ്ടാണ് ഈ പുസ്തകം തെരഞ്ഞെടുത്തതെന്നും അവര്‍ ചോദിക്കുകയുണ്ടായി. ഞാന്‍ പറഞ്ഞു- 'അയാം വെരിമച്ച് ഇന്‍ററസ്റ്റിംഗ് ഇന്‍ മെനപ്പോസ്!' ഗ്രീറിന്‍റെ പ്രതികരണം അപ്പോള്‍ വലിയൊരു പൊട്ടിച്ചിരിയായിരുന്നു!
കഥകള്‍ പോലെ വായിക്കാവുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ ജീവിതകഥകളും. കഥ തീരാതെ ചില ജീവിതങ്ങള്‍ പിന്നെയും ബാക്കിയാവുന്നു. ചില ജീവിതങ്ങളാകട്ടേ ഏത് കഥയെയും- അതിശയിപ്പിച്ച് അവസാനിക്കുകയും ചെയ്യുന്നു.സി.വി ബാലകൃഷ്ണൻ
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ബിജു മുത്തത്തിയുടെ 'ലേഡീസ് കംപാര്‍ട്മെന്‍റ് 'എന്ന പുസ്തകം കൈയ്യിലെടുക്കുമ്പോള്‍ ജെര്‍മെയ്ന്‍ ഗ്രീറിന്‍റെ ആ പൊട്ടിച്ചിരിയുടെ അലകള്‍ വീണ്ടും എന്‍റെ കാതുകളിലെത്തുന്നു. സ്ത്രീകളെക്കുറിച്ചുള്ള നിതാന്തമായ പുരുഷകൗതുകങ്ങളുടെ ഓരോ അന്വേഷണങ്ങള്‍ക്കും ആലോചനകള്‍ക്കുമപ്പുറത്ത് നിന്ന് ഇത്തരത്തിലുള്ള ചിരികള്‍ നമ്മെ ജാള്യതയിലാക്കും വിധം ഓരോ എഴുത്തുകാരനെയും കാത്തിരിക്കുന്നുണ്ട്. പുരുഷന്മാര്‍ക്ക് എത്രമാത്രം സത്രീ അനുഭവങ്ങളിലേക്ക് ആഴത്തില്‍ ആഴ്ന്നിറങ്ങാനാവും, ആവിഷ്കരിക്കാനുമാവുമെന്നൊക്കെയുള്ള മുനകൂര്‍ത്ത ചോദ്യങ്ങളില്‍ നിന്നുള്ള അത്തരം സംശയ ഗ്രസ്തമായ ചിരികളെ നേരിടാന്‍ പുരുഷലോകത്തു നിന്നുമുള്ള സ്ത്രീ ആവിഷ്കാരങ്ങളെ തന്നെ പേര്‍ത്തും പേര്‍ത്തും മുന്നിലെടുത്തു വയ്ക്കുകയല്ലാതെ നമുക്ക് തല്‍ക്കാലം മാര്‍ഗ്ഗങ്ങളൊന്നുമില്ല.
മലയാളത്തില്‍ സ്ത്രീമനസ്സ് വളരെ സൂഷ്മമായി രേഖപ്പെടുത്തിയിട്ടുള്ളത് പലപ്പോഴും പുരുഷന്മാരായ എഴുത്തുകാരാണെന്നാണ് ഞാന്‍ കരുതുന്നത്.കാരൂരിന്‍റെ മരപ്പാവകള്‍, ഉറൂബിന്‍റെ രാച്ചിയമ്മ, സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചു, പിന്നെ തകഴിയുടെ പല സത്രീകഥാപാത്രങ്ങളുമെല്ലാമായി ഓര്‍ത്തു പറയാന്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. സ്ത്രീ ശരീരത്തെക്കുറിച്ചല്ല സ്ത്രീമനസ്സിനെക്കുറിച്ചെന്ന് ഒന്നുകൂടി അടിവരയിടട്ടെ. ബിജു മുത്തത്തിയുടെ ലേഡീസ് കംപാര്‍ട്മെന്‍റ് എന്ന പുസ്തകവും വൈവിധ്യമാര്‍ന്ന സ്ത്രീജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളാകുന്നത് അങ്ങേയറ്റം സമഭാവനയുടെയും സാത്മീകരണത്തിന്‍റെയും ശക്തിയും സൗന്ദര്യവും നിറഞ്ഞ രചനാവൈഭവം കൊണ്ടു തന്നെയാണ്.
ചിന്ത രവിയുടെ എന്‍റെ കേരളത്തിന്‍റെ ആവര്‍ത്തനമോ അനുകരണമോ അല്ല ബിജു മുത്തത്തിയുടെ കേരള എക്സ്പ്രസ്. പലതുകൊണ്ടും രവിയില്‍ നിന്നുള്ള വേറിട്ടു നടപ്പായിരുന്നു. ഒരു പക്ഷേ രവിക്ക് ശേഷമുള്ള ഒരു പതിറ്റാണ്ടിന്‍റെ കേരള രേഖകൂടിയായിരുന്നു ആ പരിപാടി. രേഖപ്പെടുത്താന്‍ രവി ഇല്ലാതായെങ്കിലും ബിജു മുത്തത്തിയുടെ നാവിലും കാഴ്ചയിലും ചിന്തയിലും വേറെ ചില രൂപവിന്യാസങ്ങളോടെ ആ ഭാഷ കളിയാടുകയാണെന്ന് തോന്നിയിട്ടുണ്ടെന്നു മാത്രം. സാംസ്കാരിക കേരളം ശ്രദ്ധയോടെ കേരള എക്സ്പ്രസ് കണ്ടിരുന്നു.സി.വി ബാലകൃഷ്ണൻ
ക്യാമറയുടെ പല ആംഗിളുകളിലുള്ള അനുഭവങ്ങളായി രേഖപ്പെടുത്തിയ ഈ ജീവിത വിഷയങ്ങള്‍ ഓരോന്നും ക്യാമറ താഴെ വയ്ക്കുമ്പോഴേക്കും മാഞ്ഞു പോയേക്കാം. ടെലിവിഷന്‍റെ ഹ്രസ്വായുസ്സിനപ്പുറത്തേക്ക് അതിനെ ഉയര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍ അതിന് പ്രതിഭയുള്ളൊരു ഭാവനയും ഭാഷയും വേണം. ലേഡീസ് കംപാര്‍ട്മെന്‍റ് എന്ന പേരില്‍ മലയാളത്തിന് ലഭിച്ചിരിക്കുന്നത് അങ്ങനെ അത്യപൂര്‍വ്വമായൊരു വാങ്മയരേഖയാണ്. ഈ ആഖ്യാനങ്ങള്‍ പലതും നമ്മെ വല്ലാതെ നോവിക്കുന്നു. ഒപ്പം തന്നെ ചെറുത്തുനില്‍പ്പിന്‍റെയും അതിജീവനത്തിന്‍റെയും തുരുത്തുകളിലേക്ക് വിളിച്ചുണര്‍ത്തുകയും ചെയ്യുന്നു.
കഥകള്‍ പോലെ വായിക്കാവുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ ജീവിതകഥകളും. കഥ തീരാതെ ചില ജീവിതങ്ങള്‍ പിന്നെയും ബാക്കിയാവുന്നു. ചില ജീവിതങ്ങളാകട്ടേ ഏത് കഥയെയും അതിശയിപ്പിച്ച് അവസാനിക്കുകയും ചെയ്യുന്നു. ചെമ്പല്ലിക്കുണ്ടിലെ ദേശാടന പക്ഷികളുടെ അമ്മയയായ നാരായണിയമ്മയുടെ ജീവിതം അങ്ങനെയൊന്നാണ്. ഒരു പക്ഷിയെപ്പോലെയാണ് ബിജു നാരായണിയമ്മയെയും വിവരിക്കുന്നത്. അതിമനോഹരമായാണ് അവിടെ ബിജുവിന്‍റെ ഭാഷയും ചിറകുവിരിക്കുന്നത്. അധികംപേരും അറിയുംമുമ്പേ തന്നെ അവസാനിച്ച നാരായണിയമ്മയുടെ ജീവിതം ഇനി ഒരു കഥയായി പറഞ്ഞാല്‍ പോലും വിശ്വസിക്കുമെന്ന് തോന്നാത്ത വിധം ഹൃദയത്തില്‍ തൊട്ടാണ് ബിജു എഴുതുന്നത്.
മലയാള ടെലിവിഷന്‍റെ അപചയങ്ങളുടെ നടുവില്‍ നിന്ന് ഒരു പ്രതിഭാശാലിയായ മാധ്യമപ്രവര്‍ത്തകന്‍ തന്നെ സ്ഥാനപ്പെടുത്താന്‍ നടത്തുന്ന പോരാട്ടങ്ങളുടെ രേഖയാണ് ഈ പുസ്തകം.
കേരളത്തില്‍ നിന്ന് ആദ്യമായി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിച്ചു വന്ന ജമീലാ മാലിക്കിന്‍റെ ദുഖവും ഈ പുസ്തകത്തിലെ ഒരു അധ്യായമാണ്. പ്രസിദ്ധ ഛായാഗ്രഹകന്‍ രാമചന്ദ്ര ബാബുവിന്‍റെ ഒരു കുറിപ്പിലെ പരാമര്‍ശത്തില്‍ നിന്നും ജമീലയെ കണ്ടെത്താന്‍ ബിജു നടത്തിയ യാത്ര ശ്ലാഘനീയമാണ്. ഒടുവില്‍ അവരെ ബീമാപ്പള്ളിയിലെ ഒരു ഹിന്ദി ട്യൂഷന്‍ ടീച്ചറായി കണ്ടെത്തുന്നു. മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും സാന്നിധ്യമാകേണ്ടിയിരുന്ന ഈ വലിയ അഭിനേത്രി ഒടുവില്‍ എങ്ങുമെത്താതെ എങ്ങനെയാണ് ഒടുങ്ങിത്തീര്‍ന്നതെന്ന് ആ അധ്യായം വിവരിക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സതീര്‍ത്ഥ്യയായിരുന്ന ജയബാദുരി സിനിമയിലും ജീവിതത്തിലും പൊതുജീവിതത്തിലും വിസ്മയിപ്പിക്കുന്ന വിജയഗാഥകള്‍ തീര്‍ത്തപ്പോള്‍ ജമീല മാലിക്കിന് അനുഭവിക്കേണ്ടിവന്നത് അവഗണനയും പരാജയവും കയ്പുമാണ്. അത് നമ്മെ ആഴത്തില്‍ സങ്കടപ്പെടുത്തുന്നു.
നാരായണിയമ്മയില്‍ നിന്ന് തുടങ്ങുന്ന നാല്‍പ്പത്തിയൊന്ന് സ്ത്രീകളുടെ ലേഡീസ് കംപാര്‍ട്മെന്‍റ് അവസാനിക്കുന്നത് തലശ്ശേരിയിലെ ഇംഗ്ലീഷുമ്മ എന്നറിയപ്പെടുന്ന മാളിയേക്കല്‍ മറിയുമ്മയിലാണ്. കംപാര്‍ട്മെന്‍റിലെ ഓരോ സീറ്റിലും ഉപവിഷ്ടരായ കഥാപാത്രങ്ങളെല്ലാം അതിസാധാരണക്കാരെങ്കിലും അവരിലെ അമ്പരപ്പിക്കുന്ന അസാധാരണത്വത്തിലാണ് എഴുത്തുകാരന്‍റെ കണ്ണെത്തുന്നത്. കേരളത്തിന്‍റെ സാമൂഹ്യ പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ മാത്രമല്ല കര്‍ണ്ണാടകയിയില്‍ നിന്നും ആസാമില്‍ നിന്നുമുള്ള സ്ത്രീകളും ഈ കംപാര്‍ട്മെന്‍റിലുണ്ട്. അതുകൊണ്ട് തന്നെ പുതിയ സ്ത്രീകേരളത്തിന്‍റെ ഒരു യഥാര്‍ത്ഥ പരിഛേദമായും ജീവിത പുസ്തകം മാറുന്നുണ്ട്.
ഒരു പതിറ്റാണ്ടുകാലം കൈരളി ടിവിയില്‍ ബിജു മുത്തത്തി അവതരിപ്പിച്ച 'കേരള എക്സ്പ്രസ്' എന്ന ടെലിവിഷന്‍ സഞ്ചാരത്തില്‍ നിന്നും തെരഞ്ഞെടുത്ത സത്രീകളാണ് ലേഡീസ് കംപാര്‍ട്മെന്‍റിലുള്ളത്. ദേശ സംസ്കൃതികളിലൂടെയും ഗഹനമായ ചരിത്ര സ്മൃതികളിലൂടെയും മറ്റാരും പോകാത്ത
വഴിത്താരകളിലൂടെയും സഞ്ചരിക്കുന്ന പ്രൗഡവും സുന്ദരവുമൊയൊരു രചനാ പരിപാടിയായിരുന്നു അത്. കേരള എക്സ്പ്രസ് കുടജാദ്രി താഴ്വരകളിലെത്തിയപ്പോഴും ഗോവയിലെ ചലച്ചിത്രോത്സവ വേദിയിലെത്തിയപ്പോഴും ഞാനും ഈ പരിപാടിയുടെ ഭാഗമായിട്ടുണ്ട്. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ എണ്ണപ്പെട്ട ദൃശ്യകലാസൃഷ്ടികളില്‍ ഒന്നായിരുന്നു കേരള എക്സ്രപ്രസ്.
ടെലിവിഷന് മാധ്യമത്തിലൂടെ യഥാര്‍ത്ഥ ജീവിതം അതിന്‍റെ ചരിത്രപരവും സാംസ്കാരികവുമായ അടരുകളോടെ അടയാളപ്പെടുത്തിയിട്ടുള്ളത് ചിന്തരവിയാണ്. ഏഷ്യാനെറ്റിന്‍റെ ആദ്യകാലങ്ങളില്‍ രവി അവതരിപ്പിച്ച 'എന്‍റെ കേരളം' ആധികാരികാമായൊരു രേഖയായിരുന്നു. കേരളത്തിന്‍റെ ചരിത്രവും സ്ഥലപുരാണവും രേഖപ്പെടുത്തേണ്ട മനുഷ്യരെയും പിന്തുടര്‍ന്ന് സമഗ്രമായി കേരളത്തെ പ്രതിഫലിപ്പിച്ച പരിപാടിയായിരുന്നു 'എന്‍റെ കേരളം'.അത് അഭൂതപൂര്‍വമാണ്. അതിന്‍റെ രണ്ടാമത്തെയോ മൂന്നാമത്തെയോ അധ്യായം ചിത്രീകരിക്കുന്ന സമയത്ത് രവി എന്‍റെ അന്നൂരിലെ തറവാട്ടിലും വന്നത് ഞാനോര്‍ക്കുന്നു.
രവിയുടെ പദസൗന്ദര്യം, എഴുതുമ്പോഴും പറയുമ്പോഴും വാക്കുകളിലുള്ള നിഷ്ഠ, ദൃശ്യങ്ങളുമായി ചേരുമ്പോള്‍ അത് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് വലിയൊരു ലാവണ്യാനുഭവമായിരുന്നു. അതൊരു ബോധനക്രിയയുമായിരുന്നു. നമ്മുടെ ചരിത്രത്തെക്കുറിച്ചും സ്വാതന്ത്ര്യസമരത്തെക്കുറിച്ചും നമ്മുടെ കലാരൂപങ്ങളെക്കുറിച്ചുമെല്ലാം അത് ഓര്‍മ്മിപ്പിക്കുന്നു. കേരളത്തെക്കുറിച്ചുള്ള എല്ലാമുണ്ട് രവിയുടെ കേരളത്തിലും. കാനാടി ചാത്തന്‍ മഠത്തെക്കുറിച്ചു പോലും രവി എപ്പിസോഡ് ചെയ്തിട്ടുണ്ട്. കേരളീയ ജീവിതത്തിന്‍റെ വൈവിധ്യം എന്താണ്, സാംസ്കാരിക സ്വത്വം, ചരിത്ര പാരമ്പര്യം, അനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം എന്തൊക്കെയാണെന്നൊക്കെ അതിന്‍റെ സൂഷ്മതലങ്ങളിലേക്ക് പ്രവേശിച്ചാണ് രവി അവതരിപ്പിച്ചിരുന്നത്. അതിന്‍റെ വേറൊരു തരത്തിലുള്ള തുടര്‍ച്ച പോലെയാണ് ബിജു മുത്തത്തിയുടെ കേരള എക്സ്പ്രസും കാണപ്പെട്ടത്.
എന്നാല്‍ രവിയുടെ എന്‍റെ കേരളത്തിന്‍റെ ആവര്‍ത്തനമോ അനുകരണമോ അല്ല മുത്തത്തിയുടെ കേരള എക്സ്പ്രസ്. പലതുകൊണ്ടും രവിയില്‍ നിന്നുള്ള വേറിട്ടു നടപ്പായിരുന്നു. ഒരു പക്ഷേ രവിക്ക് ശേഷമുള്ള ഒരു പതിറ്റാണ്ടിന്‍റ കേരള രേഖകൂടിയായിരുന്നു ആ പരിപാടി. രേഖപ്പെടുത്താന്‍ രവി ഇല്ലാതായെങ്കിലും ബിജു മുത്തത്തിയുടെ നാവിലും കാഴ്ചയിലും ചിന്തയിലും വേറെ ചില രൂപവിന്യാസങ്ങളോടെ ആ ഭാഷ കളിയാടുകയാണെന്ന് തോന്നിയിട്ടുണ്ടെന്നു മാത്രം. സാംസ്കാരിക കേരളം ശ്രദ്ധയോടെ കേരള എക്സ്പ്രസ് കണ്ടിരുന്നു.
കേരളത്തിലെ ടെലിവിഷന് വലിയൊരു ശോഷണമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. വളരെ ഉത്തരാവാദിത്ത പൂര്‍ണ്ണമായൊരു സംപ്രേഷണമാണ് ഇവിടെ ടെലിവിഷന്‍ നടത്തി വന്നിരുന്നത്. അവിടെ നമ്മുടെ പ്രധാന എഴുത്തുകാര്‍ക്കും സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുമൊക്കെ സ്ഥാനമുണ്ടായിരുന്നു. എം ടി വാസുദേവന്‍ നായര്‍ പോലും ഇവിടെ ഒരു ടെലിവിഷന്‍ ചാനലിന്‍റെ ഉന്നത പദവി വഹിച്ചിരുന്നു. ചിന്ത രവിയെക്കൂടാതെ സക്കറിയ, ബിആര്‍പി ഭാസ്കര്‍, കെ സി നാരായണന്‍ എന്നിവരെല്ലാം ഇവിടെ ടെലിവിഷന്‍ അവതാരകരായുള്ള പരിപാടികളും ഉണ്ടായിട്ടുണ്ട്.പല രൂപത്തില്‍ എഴുത്തുകാരായ ആളുകളെ ഇടപെടുവിപ്പിക്കുന്ന പരിപാടികളില്‍ ഞാനും ഭാഗമായിട്ടുണ്ട്. ടി എന്‍ ഗോപകുമാറിന്‍റെ 'ഓണ്‍ റിക്കോര്‍ഡ്' പരിപാടിയില്‍ രണ്ടു തവണ ഞാന്‍ ഇരുന്നിട്ടുണ്ട്. ഇന്ന് നമ്മുടെ കലാസാഹിത്യ പ്രവര്‍ത്തകര്‍ക്ക് ടെലിവിഷനില്‍ എവിടെയാണ് സ്ഥാനം. ഇടക്കാലത്ത് ഓണം വിഷു ക്രിസ്മസ് ആഘോഷകാലങ്ങളിലെങ്കിലും നമ്മുടെ എഴുത്തുകാരെ ടിവിയില്‍ കാണുമായിരുന്നു. ഇപ്പോള്‍ അതുമില്ല. ആരെങ്കിലും മരിച്ചാല്‍ അനുശോചനം പറയാന്‍ മാത്രമായി ടെലിവിഷനില്‍ നിന്നും വിളിച്ചാലായി. സാംസ്കാരിക കേരളമല്ലാത്ത എന്തു കേരളത്തെയാണ് കേരളത്തിലെ ടെലിവിഷന്‍ ഇപ്പോള്‍ കാഴ്ചവെയ്കുന്നതെന്നാണ് അറിയാത്തത്?
നമ്മുടെ ഒരു സാംസ്കാരിക ധാരയെയും ഇന്ന് ടെലിവിഷന്‍ പിന്തുടരുകയോ പിന്തുണക്കുകയോ ചെയ്യുന്നില്ല. സാംസ്കാരിക പ്രവര്‍ത്തനത്തെയും ജീവിതത്തെയും പാടേ തള്ളിക്കളഞ്ഞു എന്നു തന്നെ വേണം പറയാന്‍. സാംസ്കാരിക ഉള്ളടക്കം ഇല്ലെന്നത് പോകട്ടേ, രാത്രിരാഷ്ട്രീയ ചര്‍ച്ചകള്‍ നോക്കൂ. അങ്ങേയറ്റം പരിഹാസ്യമാണത്. വാക്കുകള്‍ ദുര്‍വ്യയം ചെയ്യുന്നുവെന്നല്ലാതെ ഗുണപരമായ എന്തെങ്കിലും ചാനല്‍ച്ചര്‍ച്ചകള്‍ മലയാളി സമൂഹത്തിലുണ്ടാക്കുന്നുവെന്ന് ഞാന്‍ കരുതുന്നില്ല.
അങ്ങനെ കേരളത്തിലെ ടെലിവിഷന്‍ സ്വയം അപ്രസക്തമാക്കുന്ന അത്തരം നിരര്‍ത്ഥകതയുടെ നടുവിലൂടെയാണ് ഇത്തരത്തിലുള്ള ജീവിതാഖ്യാനങ്ങള്‍ കൈരളിയില്‍ പ്രത്യക്ഷപ്പെട്ടതെന്നു വരുമ്പോള്‍ വലിയ സന്തോഷമുണ്ട്. ടെലിവിഷന്‍റെ പഴയ ഉള്ളടക്കേത്തോട് താല്‍പ്പര്യമുള്ളവര്‍ക്ക് അതൊരു ആശ്വാസമായിരുന്നു. വ്യത്യസ്തമായ ഓരോ സ്ഥലങ്ങളും പൊതുകാഴ്ചയില്‍പ്പെടാത്തവരുടെ ജീവിതങ്ങളും കേരള എക്സ്പ്രസ് ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ ഉയരുന്നത് ടെലിവിഷന്‍റെയും വിഭിന്നമായ സാധ്യതകളാണ്. ആ ആവിഷ്കാരങ്ങളൊന്നും അങ്ങനെ പെട്ടെന്ന് അന്തരീക്ഷത്തില്‍ അലിഞ്ഞു തീരുന്നില്ല, മോഹനമായ ഭാഷയില്‍ വേറൊരു സാഹിത്യരൂപമായി പുനര്‍ജ്ജനിക്കുക കൂടി ചെയ്യും എന്നതിന്‍റെ ഏറ്റവും പ്രസാദാത്മകമായൊരു രേഖയാണ് 'ലേഡീസ് കംപാര്‍ട്മെന്‍റ്.'
അങ്ങേയറ്റം പാരായണക്ഷമാണ് ഈ പുസ്തകത്തിലെ ഓരോ അധ്യായവും. ആളുകള്‍ക്ക് സന്തോഷവും കൗതുകവും ആവശ്യത്തിന് നര്‍മ്മവുമൊക്കെ പകരുന്ന ബിജുവിന്‍റെ ഭാഷ തന്നെയാണ് പുസ്തകത്തിലേക്ക് ആളുകളെ ആകര്‍ഷിപ്പിക്കുന്ന ഘടകം. വായിച്ചു തുടങ്ങിയാല്‍ അവസാനത്തെ പേജുവരെ അത് നമ്മെ ആവേശത്തോടെ നയിക്കുന്നു. മലയാള ടെലിവിഷന്‍റെ അപചയങ്ങളുടെ നടുവില്‍ നിന്ന് ഒരു പ്രതിഭാശാലിയായ മാധ്യമപ്രവര്‍ത്തകന്‍ തന്‍റെ സ്ഥാനം കണ്ടെത്താന്‍ നടത്തുന്ന പോരാട്ടങ്ങളുടെ രേഖ കൂടിയാണ് ഈ പുസ്തകം. അത് പ്രസാധകരായ മാതൃഭൂമി ബുക്സ് മാതൃകാപരമായ സൗന്ദര്യബോധത്തോടെയും സൂക്ഷ്മതയോടെയുമാണ് നിര്‍വഹിച്ചിരിക്കുന്നതെന്നും എടുത്തു പറയണം.