Book Review

കടലിന്റെയും മനുഷ്യരുടെയും മനസ്സാഴങ്ങളില്‍ വിഹരിക്കുന്ന ഉദാപ്ലുതസത്വങ്ങള്‍

ഓരോ ഇടവും കാലവും പറഞ്ഞതിനെക്കാളേറെ മൂടിവയ്ക്കപ്പെട്ട ദുരൂഹതയുടെ പാഠപുസ്തകങ്ങളാണ്. പറഞ്ഞതും പറയാനിരുന്നതും പറയാന്‍ മാറ്റിവെച്ചതും പറയാനിടയില്ലാത്തതുമായ രഹസ്യങ്ങളുടെയും സത്യ-അസത്യങ്ങളുടെയും പ്രാദേശിക വിജ്ഞാനങ്ങളുടെയും മിത്തുകളുടെയും വിശ്വാസ സംഹിതകളുടെയും ആശയാവലികളുടെയും പാഠബഹുലത അവയ്ക്ക് അവകാശപ്പെടാനുണ്ട്. കഥയും ചരിത്രവും പുരാവൃത്തവും ഭാവനയും കലര്‍ന്നും കലഹിച്ചും ചിതറുന്ന അനേകം ജീവിതങ്ങളുടെ സമന്വയകഥയായി, അഥവാ സമൂഹത്തിന്റെ പ്രതിഫലനം തന്നെയായി ഉദാപ്ലുതസത്വങ്ങള്‍ എന്ന നോവല്‍ മാറുന്നു.

ഉദാപ്ലുതസത്വങ്ങള്‍ എന്ന പുസ്തകത്തിന്റെ മുഖചിത്രം

ചെറുതുകളില്‍, അരികുകളില്‍, ഓര്‍മ്മകളില്‍, മറവികളില്‍ എല്ലാം കൂടുങ്ങിക്കിടന്ന ഒരു ദേശത്തിന്റെ ചരിത്രത്തില്‍ നിന്നും ചുരണ്ടിയെടുക്കുന്ന ഭാവനയുടെ ഉള്‍ഗ്രാമമാണ് ഈ നോവല്‍ എന്ന് കാണാന്‍ സാധിക്കും. ഈ കെട്ടുപാടുകളില്‍ നിന്നും ഒരു വലിയ വിഭാഗം ജനതയെ മോചിപ്പിച്ച് അവരുടെ അനുഭവ മണ്ഡലങ്ങളെ സാഹിത്യലോകത്ത് കൃത്യമായി അടയാളപ്പെടുത്താന്‍ ശ്രമിക്കുകയാണ് അരുണ്‍ ബാബു ആന്റോ എന്ന എഴുത്തുകാരന്‍.

നോവലിന്റെ ദേശം

നാനൂറിലധികം വര്‍ഷമായി കടലുമായി ബന്ധപ്പെട്ട് ജീവിച്ചുവന്ന എന്നാല്‍ പറയത്തക്ക സാംസ്‌കാരിക പ്രധാന്യമില്ലാതെ, തങ്ങളുടെ ജീവിതചര്യകളുമായി മുന്നോട്ട് പോയിരുന്ന കടലോര സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ ദേശം നിര്‍മ്മിക്കപ്പെടുന്നത്. കാലത്തിന്റെ ചക്രം പോലെതന്നെ നോവലിന്റെ കാലവും പ്രദേശങ്ങളിലൂടെയും തലമുറകളിലൂടെയും വിപുലപ്പെട്ടുവരുന്നു. വാവക്കാട്ടേക്ക് പല കുടുംബങ്ങള്‍ കൂടിയേറുന്നതും, ചിലര്‍ അവിടെ അഭിവൃദ്ധിപ്പെടുന്നതും ചിലര്‍ തകര്‍ന്നടിയുന്നതും, വിവിധങ്ങളായ കുടുംബ ബന്ധങ്ങള്‍ ഈ മേഖലയില്‍ രൂപപ്പെടുന്നതും തുടങ്ങി വ്യക്തികള്‍ക്ക് ഇരട്ടപ്പേരുകള്‍ രൂപപ്പെടുന്നത് വരെ നോവലിന്റെ നോവലിന്റെ ആദ്യ അദ്ധ്യായങ്ങളില്‍നിന്നും ദേശചരിത്ര നിര്‍മ്മിതിയിലെ പ്രധാനപ്പെട്ട ഏടുകളെന്നോണം വായിക്കാന്‍ കഴിയും. ഈ ലേഖനത്തിന്റെ വിലയിരുത്തലിലെ സാംസ്‌കാരികമായ പക്ഷപാതിത്വം മനസ്സിലാക്കണമെങ്കില്‍ അരുണ്‍ ബാബുവിന്റെ ഭാവനാലോകമായ വാവക്കാട് എന്ന സാങ്കല്‍പ്പിക ഗ്രാമത്തിന് ഭാഗികമായി ആലപ്പുഴ ജില്ലയിലെ പുന്നപ്ര എന്ന ഗ്രാമത്തിലെ വിയാനി കടല്‍ മേഖലയുമായുള്ള സാമ്യത്തെപ്പറ്റി മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ഭാഗികമായി എന്ന് പറയുവാന്‍ കാരണം ഈ വാവക്കാട് എന്ന ഗ്രാമത്തിന് പുന്നപ്രയില്‍ നിന്നും തികച്ചും വ്യത്യസ്തമായ വ്യക്തിത്വം ഉണ്ട് എന്നതിനാലാണ്.

വാവക്കാട് പൊഴിയുടെ സൈന്‍ബോര്‍ഡ്

വിയാനി കടല്‍ത്തീരത്ത് മത്സ്യബന്ധന തൊഴില്‍ ചെയ്തുകൊണ്ട് കടലിനെ ആശ്രയിച്ചു ജീവിക്കുന്ന ലത്തീന്‍ - ഈഴവ സമൂഹത്തിന്റെയിടയില്‍ ഇന്നും നിലനില്‍ക്കുന്ന ലോറുകളുടെ സമഗ്രമായ ശേഖരണം കൂടിയാണ് ഉദാപ്ലുതസത്വങ്ങള്‍ എന്ന നോവല്‍. കൃത്യമായ കാലഗതിയിലൂടെ കഥപറയുന്ന രീതിയ്ക്ക് വിരുദ്ധമായി നോണ്‍ ലീനിയര്‍ ആഖ്യാനമാണ് രചനയുടെ സവിശേഷത. അതിനാല്‍ത്തന്നെ 1950 മുതല്‍ ഇങ്ങോട്ടുള്ള ഒരു ഗ്രാമത്തിന്റെ വളര്‍ച്ചയും തലമുറകളിലൂടെ അവര്‍ക്ക് സംഭവിച്ച മാറ്റങ്ങളും വിദ്യാഭ്യാസത്തിന്റെയും പ്രാദേശിക വിശ്വാസത്തിന്റെയും മതസ്ഥാപനങ്ങളുടെ സാമൂഹിക ഇടപെടലുകളുടെയും ആഖ്യാന ഭൂമികയില്‍ നിലനില്‍ക്കുന്ന തനത് രുചികളുടെ ഭക്ഷണലോര്‍ ശേഖരണത്തിന്റെയും മിത്തുകളിലും പുരാവൃത്തങ്ങളിലും ചൊല്ലുകളിലും ശേഖരിക്കപ്പെട്ട ഗ്രാമീണ ജനതയുടെ അറിവുരൂപങ്ങളുടെയുമൊക്കെ സമഗ്രമായ ചരിത്രം ഉള്‍ക്കൊള്ളുന്നതിനാല്‍ത്തന്നെ രചയിതാവിന്റെ ഭാവന ചരിത്രത്തിനും ഭാവനക്കുമിടയിലെ നേര്‍രേഖയിലൂടെ സഞ്ചരിക്കുന്നു. ബസേലി, കോണ്‍സിയൂസ്, ബെഞ്ചമിന്‍, അനിക്ലേത്ത്, വാവാച്ചി, വിക്ടോറിയ, മര്‍ഗരീത്ത, അല്‍പോ, ബെഞ്ചമിന്‍, സ്റ്റീപ്പന്‍, വൈദ്യര്‍, പൊനപ്പാസ്, ക്ലമന്റ്, കോനാച്ചി, ലൂസി, സീവല്ലി, കൊറിയ തുടങ്ങി രണ്ട് തലമുറ മുന്‍പ് വിപുലമായും സാധാരണമായും ഉപയോഗത്തിലിരുന്ന വ്യക്തിനാമങ്ങളും അവ അനഭ്യസ്തവിദ്യരായ ഒരു വിഭാഗം ജനതയയ്ക്കിടയില്‍ എങ്ങനെ പ്രചരിക്കപ്പെട്ടുവെന്ന ചിന്തയുമൊക്കെ സൈദ്ധാന്തിക അവലോകനത്തില്‍ Post Colonialism, Missionary Movement എന്നിവകളിലേക്ക് വീരല്‍ ചൂണ്ടുന്നുണ്ട്.

ഉദാപ്ലുതസത്വങ്ങള്‍ അനുഭവങ്ങളുടെ ലോകമാണ്. അതൊരു ഗ്രാമത്തിന്റെ സ്വത്വം ഉള്‍ക്കൊള്ളുന്നതാണ് എന്ന് വായനയുടെ ഓരോ ഘട്ടത്തിലും കാണാന്‍ കഴിയും. സംഭാഷണത്തിലും, ഇടപഴകലിലും സഹവര്‍ത്തിത്വത്തിലും, കലഹങ്ങളിലും, വൈരാഗ്യത്തിലും, കുടുംബബന്ധങ്ങളിലും, തൊഴില്‍ ബന്ധങ്ങളിലും, വിദ്യാഭ്യാസത്തിലും, വിശ്വാസങ്ങളിലും, പ്രകൃതി ബോധത്തിലുമെല്ലാം ഇത്തരം ഗ്രാമസഹജമായ അനുഭവങ്ങളുടെ വൈപുല്യവും ജീവിതചര്യയും കാണാന്‍ കഴിയും എന്നത് നോവലിസ്റ്റിന്റെ കൈവഴക്കത്തെ അടയാളപ്പെടുത്തുന്നു.

ഉദാപ്ലുതസത്വത്തിന്റെ വിനിമയം

ഇതിലെ ആഖ്യാതാവ് പലപ്പോഴും എഴുത്തുകാരന്‍ തന്നെയാണെങ്കിലും കാഴ്ചകള്‍ പല മനുഷ്യരിലൂടെ സഞ്ചരിക്കുന്നുവെന്ന് കാണാം. ഒരു ക്യാമറയുടെ ചലനം പോലെ ഒരു കഥാപാത്രത്തിന്റെ വീക്ഷണത്തില്‍ നിന്നും അടുത്ത സന്ദര്‍ഭത്തില്‍ മറ്റൊരാളുടെ വീക്ഷണത്തിലൂടെ കഥ മുന്നോട്ടുപോകുന്ന രീതിയാണ് കാണാനാവുന്നത്. അതിനാല്‍ത്തന്നെ മാറിവരുന്ന ആഖ്യാതാക്കള്‍ക്കൊപ്പം ആഖ്യാന ഭാഷയും മാറുന്ന രചനാ സമീപനമാണ് അരുണ്‍ ബാബു ഈ നോവലില്‍ ദീക്ഷിച്ചിരിക്കുന്നത്. കൈവിട്ടുപോയാല്‍ ഒരുപക്ഷേ കല്ലുകടിയായേക്കാവുന്ന ഒരു പരീക്ഷണമായിരുന്നു അതെന്ന് ആദ്യ അദ്ധ്യായങ്ങളുടെ വായനയില്‍ തോന്നിയെങ്കിലും കടലോരഭാഷയുടെ പുനരാഖ്യാനവും ശേഖരണവും നടത്തുക എന്നതിനൊപ്പം, പ്രാദേശിക ഭാഷയും മാനകഭാഷയും വായനക്കാര്‍ അറിയാതെ മനോഹരമായി ഇടകലര്‍ത്തുന്ന ഒരു ഹൈബ്രിഡ് ഭാഷയാണ് നോവലിനെ വേറിട്ട വായനാനുഭവത്തിലേക്ക് നയിക്കുന്നത് .

''നീയെന്താണ്ടാ നക്‌സലാ..അതാ വ്യാവക്കാട്ടിലെ വീരപ്പനാ.. പരസ്യവായിട്ട് കടലാമേനെ വെട്ടാന്‍ നടക്കണ്. ഏക്‌സയിസുകാരറിഞ്ഞാലൊണ്ടല്ലാ, ആ... ഞാന്‍ പറയാനൊള്ളത് പറഞ്ഞ്. പണ്ടത്തക്കാലവൊന്നുവല്ലേ ഇപ്പ.' തനിക്കു കിട്ടിയ രണ്ടുപങ്കും നെഞ്ചില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് തോട് നീന്തുന്നതിനിടയില്‍ ക്ലെമന്റ് പറഞ്ഞു.

''ഒക്കത്തിരിക്കണ എറച്ചീടെ ചൂര് മാറീട്ടെന്നെ കുറ്റം പറയടാ നാറീ...'

''ചൂരും ചൊണയൊക്കങ്ങനെ കെടക്കും. ഈ ആവതില്ലാത്ത പ്രായത്തില് ജയിലീ പോണ്ടല്ലാന്നോര്‍ത്ത് പറഞ്ഞതാണേ.'

'ആവതില്ലെന്നാ... ചെക്കന്‍ നിക്കണ്. ഇല്ലേ ഞാമറുവടി തരാര്ന്ന്.''

''ആ ഉവ്വ. എടാ അല്‍പോ, നിന്റപ്പന് ഇപ്പഴും കള്ളുമ്പുറത്ത് പണ്ടാ കറുമ്പച്ചനെ പിടിക്കാന്‍ പോയ ചെറുപ്പക്കാരനാണെന്നാ ഭാവം. വയസ്സായാ വീട്ടി കെടന്ന് കൊന്തേം ചൊല്ലി മക്കള്‍ കൊണ്ടുത്തരണ കഞ്ഞീം കുടിച്ച് ഒതുങ്ങി ജീവിക്കണം.''

''അങ്ങനെ ജീവിക്കാന്‍ എന്റെ തന്തേട പേര് ക്ലീറ്റസെന്നല്ല.''

''കണ്ടാ... കാര്യം പറഞ്ഞപ്പ എന്റെ തന്തയ്ക്കായി കുറ്റം.''

സ്‌നേഹവും മിത്തും കരുതലും പങ്കുവയ്ക്കലും എല്ലാം ഒന്നാകുന്ന ഗ്രാമ്യസംഭാഷണത്തിന്റെ നേര്‍ചിത്രണം വ്യക്തമാവുന്ന സമാനമായ നിരവധി സന്ദര്‍ഭങ്ങള്‍ ഈ നോവല്‍ ശരീരത്തിലുടനീളം കാണാം. സഭ്യ- അസഭ്യവേര്‍തിരിവുകള്‍ കപടസാംസ്‌കാരിക വായനയിലൂടെ കീറിമുറിക്കുന്നതിന് ഇടവരുത്താത്തവിധം നോവലിന്റെ ദേശകാലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുവാന്‍ രചയിതാവിനും, കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ വായനക്കാര്‍ക്കും സാധ്യമാവും വിധം സംവേദനക്ഷമമാണ് നോവലിന്റെ ആഖ്യാനരീതി.

വാവക്കാടിന്റേ കൈത്തോടുകളും, മൂണിക്കുന്നിന്റെ കയറ്റിറക്കങ്ങളും, വിയാനി - നര്‍ബോന കടല്‍ത്തീരങ്ങളും സി വൈ എം എ സ്‌കൂളും മുതല്‍ കല്‍ക്കട്ട വരെ നോവലിന്റെ ദേശനിര്‍മ്മിതി നീളുന്നു. ഇവയെല്ലാം യഥാര്‍ഥ ഇടങ്ങളാണെന്ന വസ്തുത നിലനില്‍ക്കുമ്പോളും പ്രാദേശിക വായനക്കാരെയും പുന്നപ്രയുടെ കടലോരമേഖല പരിചിതമല്ലാത്ത വായനക്കാരെയും നിരന്തരം പിടിച്ചുനിര്‍ത്തുകയും പുതിയ ഭാവനാലോകത്തിന്റെ സൃഷ്ടിക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന വളരെ വിപുലവും വികസിതവുമായ ആഖ്യാന ഭൂപടമാണ് ഉദാപ്ലുതസത്വങ്ങള്‍ എന്ന നോവലിന്റെ സാഹിത്യ മൂല്യത്തെ നിര്‍ണയിക്കുന്ന ഘടകം.

രചയിതാവ് അരുണ്‍ ബാബു ആന്റോ

നോവലിന്റെ മൗലികത

''എഴുത്ത് വികസിക്കുന്നതിനോടൊപ്പം വാവക്കാട്ട് നിന്നു പുറത്തിറങ്ങാന്‍ മടിക്കും വിധം അദ്ദേഹം ഗാഢമായി അതില്‍ മുഴുകിപ്പോയി'' എന്ന് ആമുഖത്തില്‍ നോവലിസ്റ്റ് കുറിക്കുന്നുണ്ട്. പ്രായത്തിന്റെ മാനദണ്ഡത്തില്‍ ഒരാളുടെ ക്രിയാത്മകതയെ അളക്കുന്നത് സാഹിത്യപഠന മേഖലയില്‍ അയുക്തികവും രാഷ്ട്രീയ ശരികേടുമാണ്. എങ്കില്‍പ്പോലും ഒരു സാധാരണ വായനക്കാരന്‍ എന്ന നിലയില്‍ വളരെ ആശ്ചര്യത്തോടെയും തെല്ലൊരു സംശയത്തോടെയുമാണ് ഞാന്‍ ആ പ്രസ്താവനയെ സമീപിച്ചത്. എന്റെ ചില വായനകളിലും കാഴ്ചകളിലും നിരവധി എഴുത്തുകാര്‍ക്കും സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കുമൊക്കെ തങ്ങള്‍ സൃഷ്ടിച്ചതോ തങ്ങള്‍ ആയിരുന്നതോ ആയ ഭാവനയുടെ ലോകത്തുനിന്ന് വിട്ടുപോരാന്‍ സാധിക്കാതിരുന്നതായി അറിഞ്ഞിട്ടുണ്ട്, എന്നാല്‍ ഒരു ഇരുപത്തിയാറുകാരനെക്കൊണ്ട് താന്‍ എഴുതിയ നോവലിനെക്കുറിച്ച് ഇങ്ങനെ ഒരനുഭവം പറയാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാണ്? വാവക്കാട് ഒളിഞ്ഞിരിക്കുന്ന അനുഭവങ്ങളുടെ മായികത എന്താണ്? ലോകനിര്‍മ്മിതിയില്‍ ഈ നോവല്‍ നല്കുന്ന സംഭാവനയെന്താണ്? ഈ ചോദ്യങ്ങളാണ് ഈ നോവലിനെ വിമര്‍ശന ബുദ്ധിയോടെ സമീപിക്കാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം.

തമസ്‌കരീകരണത്തിന്റെ ബദല്‍ മാര്‍ഗ്ഗം

തമസ്‌കരിക്കപ്പെടുന്ന അറിവുകളുടെയും വിശ്വാസങ്ങളുടെയും മിത്തുകളുടെയും ശേഖരണ സംരക്ഷണങ്ങള്‍ക്ക് സമകാലിക സംസ്‌കാര പഠനമേഖലയില്‍ വളരെ നിര്‍ണായകമായ പങ്കുണ്ടെന്നിരിക്കെ അതിന് പലരും മടിക്കുന്നതിനുള്ള പ്രധാന കാരണം അവയുടെ മൃതാവസ്ഥയാണ്. അവയുടെ ശേഖരത്തിനും പഠനത്തിനും എടുക്കുന്ന ബൗദ്ധികാഭ്യസനം വരുംകാല ഗവേഷണ ശ്രമങ്ങളെ സ്വാധീനിക്കില്ല എന്ന പരിമിതി അവിടെ നിലനില്‍ക്കുന്നു. എന്നാല്‍ ഈ തടസത്തിനുള്ള ബദലാണ് ഭാവനാത്മകമായ ഇത്തരം ആവിഷ്‌കാരരൂപങ്ങള്‍. ചുറ്റുപാടിനെക്കറിച്ച് സ്വാഭാവികമായി ഉണ്ടാകാവുന്ന അറിവുകള്‍ക്കുമപ്പുറത്തേക്ക് ഒരു ഗവേഷണ മനസോടെ കടന്നുചെന്ന് അതിലെ മിത്തുകള്‍ പുരാവൃത്തങ്ങള്‍, അന്ധവിശ്വാസങ്ങള്‍, എന്നിയൊക്കെ കണ്ടെത്താനും അതില്‍ ഭാവനയ്ക്ക് ഇടമുണ്ടോ എന്ന് ചികഞ്ഞുനോക്കി ഉചിതമായ സന്ദര്‍ഭങ്ങളില്‍ അവയെ സന്നിവേശിപ്പിക്കാനുമുള്ള രചയിതാവിന്റെ ഔചിത്യത്തിന്റെ (Sensibility) പ്രകാശനമാണ് ഉദാപ്ലുതസത്വങ്ങളെ ഒരൂ മികച്ച അനുഭവമാക്കി തീര്‍ക്കുന്നത്.

ലോകനിര്‍മ്മിതി

മേല്‍പ്രസ്താവിച്ച ഘടകങ്ങള്‍ക്കതീതമായി നോവലിന്റെ അനന്യതയെ വെളിപ്പെടുത്തുന്ന പ്രധാനമായ ഘടകം ഇതിലെ ലോകനിര്‍മ്മിതിയാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'കടലിലെ ലോകവും കരയിലെ ലോകവും, തമ്മിലുള്ള ഇരുള്‍വഴിയിലെ കടല്‍ പോരാട്ടത്തിന്റെ കഥ'യാണ് ഈ നോവലിന്റെ പ്രമേയം. എന്റെ പരിമിതമായ കടലറിവില്‍ 'കറുമ്പച്ചന്‍' എന്ന സത്വം നിരുപദ്രവകരമായ ഒരു മത്സ്യം മാത്രമാണ്. തിമിംഗലത്തിന്റെ മറ്റൊരു വകഭേദം.

ഉദാപ്ലുതസത്വങ്ങളുടെ പ്രകാശനവേളയില്‍

അത്തരത്തില്‍ കടല്‍വിജ്ഞാനത്തില്‍ പ്രസ്താവ്യമായ ഒരു ജീവിയില്‍ ഒരു മായികത ആരോപിക്കുകയും കറുമ്പച്ചന്‍മാരുടെ സമൂഹത്തെ കടലിനടിയിലെ അത്ഭുത സംസ്‌കാരമായി പരുവപ്പെടുത്തുകയും ചെയ്തു എന്ന ഭാവന ഒന്നുകൊണ്ടുമാത്രം നോവലിന് ലഭിക്കുന്ന മൗലികതയും സാര്‍വ്വലൗകികതയും വാക്കുകളാല്‍ വരച്ചിടാവുന്നതല്ല.

കച്ചവടവത്കരണവും അധിനിവേശ ചരിത്രവും അവയുടെ ഫലമായി സമൂഹത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളും ജീവിത ശൈലികളുമെല്ലാം ആഖ്യാനത്തിന്റെ ഭംഗി ഒട്ടും ചോരാതെ തന്നെ നോവലില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

ജാതി - മത വേര്‍തിരിവുകള്‍ തൊട്ടുതീണ്ടാത്ത കൊളോണിയല്‍ ശക്തികളോ രാഷ്ട്രീയ, നിയമ ബന്ധങ്ങളോ എത്തിനോക്കാത്ത ഇടമായി നോവല്‍ ഭൂമിക മാറുമ്പോള്‍ അതില്‍ നിന്നു മനസ്സിലാക്കേണ്ടത് മനവികതയുടെ ഒരു പൂര്‍വകാല ചരിത്രമാണ്. കടുത്ത അരികുവത്കരണങ്ങള്‍ നേരിടുന്ന കേരളീയ തീരദേശ ലത്തീന്‍ സമൂഹവും ഈഴവ മുസ്ലിം സമൂഹവും ഒരൂ കൂട്ടം മനുഷ്യര്‍ മാത്രമായി പരസ്പരം സ്‌നേഹിച്ചും കലഹിച്ചും പിന്നെയും സ്‌നേഹിച്ചും ഒന്നിച്ച് വലവിരിച്ച് ഒന്നിച്ച് ആദ്യാക്ഷരമെഴുതി തോട്ടിലെ ആമയെ പിടിച്ചും അന്തിക്കള്ള് കുടിച്ചും പൊഴിയിറമ്പിലിരുന്ന് തമാശകളും ഓര്‍മ്മകളും പ്രാരാബ്ദങ്ങളും പങ്കിട്ട് കരയുകയും ചിരിക്കുകയും ചെയ്ത കാലമാണ് നോവലില്‍ നിന്ന് വായിച്ചെടുക്കുന്നത്.

അതില്‍ വെളുത്തച്ഛന്റെ പെരുന്നാള്‍ എന്നറിയപ്പെടുന്ന അര്‍ത്തുങ്കല്‍ പള്ളിയിലെ പെരുന്നാളും, മത്സ്യബന്ധനത്തിനിടയില്‍ മരണപ്പെടുന്നവരും അതുമായി ബന്ധപ്പെട്ട് രൂപപ്പെടുന്ന വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കാണാന്‍ സാധിക്കും. ഉദാഹരണത്തിന്, കടല്‍ കൂടുതല്‍ മത്സ്യം നല്കി അഭിവൃദ്ധി നല്‍കുന്ന വ്യക്തികള്‍ക്ക് കടലില്‍ അപകടമരണം ഉണ്ടാവുമെന്ന പ്രാദേശിക വിശ്വാസം ഏതാനും ചില മത്സ്യത്തൊഴിലാളി സമൂഹങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ മരണങ്ങള്‍ പ്രകൃതിയുടെ അസന്തുലിതാവസ്ഥമൂലമോ കടലിന്റെ പ്രക്ഷുബ്ധത മൂലമോ അല്ലെന്നും കറുമ്പച്ചന് ഈ കൃത്യങ്ങളുമായി ബന്ധമുണ്ടെന്നുള്ള മറ്റൊരു വിശ്വാസവും അതേ സ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. തുടര്‍ന്ന്, ആതുര സേവനം ലഭ്യമല്ലാതിരുന്ന കാലയളവിലെ ഒരു വയറ്റാട്ടിയുടെ രംഗപ്രവേശം സൃഷ്ടിക്കുന്ന സാമൂഹിക മാറ്റവും അവരുടെ ആത്മഹത്യ സൃഷ്ടിക്കുന്ന നടുക്കവും, വയറ്റാട്ടി മരിച്ച കിണറിനെ ചുറ്റിപ്പറ്റി വളരുന്ന യക്ഷിക്കഥകളും സ്ത്രീജീവിതങ്ങളുടെ സമഗ്രമായ ആവിഷ്‌കാരവും അനുഭവലോകവും, അവരുടെ കുടുംബ - ദാമ്പത്യ സാമൂഹിക - വിദ്യാഭ്യാസ നിലയുമൊക്കെ നോവലില്‍ കൃത്യമായി അടയാളപ്പെടുത്തുന്നു. പുന്നപ്ര വയലാര്‍ സമരത്തിന്റെ അടയാളപ്പെടുത്തലായി കുന്തപ്പോരും, പിന്നീട് വളരെ കാലങ്ങള്‍ക്ക് ശേഷം വന്ന കൃതമായി പറഞ്ഞാല്‍ 1981ല്‍ വന്ന എറണാകുളം റെയില്‍പാതയുടെ വരവും തുടര്‍ന്ന് ഓടിയ വണ്ടികള്‍ക്ക് തലവെച്ച് മരിച്ച ജനങ്ങളെക്കറുയിച്ചും അവരുടെ ആത്മാക്കളെക്കുറിച്ചുമെല്ലാം യാഥാര്‍ത്ഥ്യവും ഭീതിയും ഇടകലര്‍ന്ന ഭാഷയില്‍ നോവലില്‍ പ്രസ്താവിക്കുമ്പോളും അടിസ്ഥാനപരമായ കഥാപരിസരത്തെ കെട്ടുറപ്പോടെ നിര്‍ത്തുകയും ചെയ്യുന്നുണ്ട്.

പ്രേത സങ്കല്‍പ്പം ഉരുത്തിരിഞ്ഞു വരുന്ന വഴിയും, ഇന്ന് അത്ര സുപരിചിതമല്ലാത്ത കരിമുണ്ടി വേട്ടയും, മത്സ്യബന്ധന സമൂഹങ്ങളില്‍ നിലനില്‍നില്‍ക്കുന്ന Survival Of The Fittest പരിണാമയുക്തിയും കരുത്തുള്ളവനിലേക്ക് വള്ളവും വലയും ചെന്നെത്തുന്ന ഗോത്രസ്വഭാവത്തിന്റെ നിലനില്‍പ്പുമെല്ലാം കാലഘട്ടത്തെ മുന്‍നിര്‍ത്തിയുള്ള ചരിത്രാത്മക വായന ഈ നോവല്‍ അര്‍ഹിക്കുന്നുവെന്ന അനുമാനത്തിലേക്ക് വായനക്കാരെക്കൊണ്ടെത്തിക്കുന്നു. അതേസമയം വാവക്കാട്ടിലെ പുതുതലമുറയില്‍പ്പെട്ട കുട്ടികള്‍ക്ക്, ജീവിതവും ഭാവനയും മിത്തും കെട്ടുപിണഞ്ഞു കിടക്കുന്ന മുതിര്‍ന്നവരുടെ ഈ അനുഭവലോകത്തോടുള്ള അത്ഭുതവും അതിനെ ചുരുളഴിക്കാനുള്ള ശ്രമവും സൃഷ്ടിക്കുന്ന തലമുറവ്യത്യാസവും (Generation Gap) കഥാപാത്രങ്ങളുടെ വ്യക്തിത്വത്തെയും അനുഭവപരതയെയും എടുത്തുകാട്ടുന്നു.

നോവലില്‍ പ്രസ്താവ്യമാകുന്ന തലമുറ വ്യത്യാസത്തിന്റെ അനുഭവ മണ്ഡലത്തെ വ്യക്തമാക്കുന്ന സന്ദര്‍ഭങ്ങള്‍ 'മൂണീ' എന്ന ആദ്ധ്യായത്തില്‍ കാണാനാവും. അച്ചപ്പനും ബെഞ്ചമിന്നും, മോളമ്മയും, പൊടിവാവയും തുടങ്ങി വൈദ്യരുടെ നേതൃത്വത്തിലുളള കുട്ടികളുടെ സംഘം, ബാലസഹജ വിനോദങ്ങളുടെ ഭാഗമായി മൂണി എന്നൊരു ഈശ്വര സങ്കലപ്പത്തെ നിര്‍മ്മിക്കുകയും, ഉന്നത സംസ്‌കാരത്തിന്റെ നിയാമകമായ ആചാരങ്ങള്‍ക്ക് സമാന്തരമായി മറ്റൊരു ലോകം കെട്ടിപ്പടുക്കുകയും മൂണീ എന്ന നാമത്തില്‍ ഒരു പൂച്ചയെ ദൈവമായി കണ്ട് ആരാധിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.

ഒപ്പം മൂണീപ്പെരുന്നാള്‍, പ്രദക്ഷിണം, നേര്‍ച്ച കഞ്ഞി വിതരണം, പ്രദക്ഷിണം അത് തുടങ്ങിയെന്ന് അറിയുമ്പോള്‍ സമയത്ത് എത്താന്‍ കഴിയാത്ത കുട്ടിഭക്തന്മാര്‍ പ്രദക്ഷിണത്തിന് പിറകെ ഓടുന്നതും, മുതിര്‍ന്നവര്‍ പിള്ളേരുടെ ബാലകേളിയായി പുച്ഛിക്കുകയും ചെയ്യുന്നതല്ലാതെ അവരുടെ ലോകത്തേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കാത്ത പേര്‍സണല്‍ സ്‌പേസിന്റെയും ബാല്യ കൗമാര യൗവന വാര്‍ദ്ധക്യ അതിര്‍വരമ്പുകള്‍ക്കപ്പുറം വാവക്കാട്ട് നിലനില്‍ക്കുന്ന 'എല്ലാവരുടേതുമായ' ഒരു ലോക സങ്കലപ്പനിര്‍മ്മിതികള്‍ക്കൊപ്പം വ്യവസ്ഥാപിത മതവിശ്വാസത്തിന്റെ പാതയ്ക്ക് തിരശ്ചീനമായി സഞ്ചരിക്കുന്ന അനുകരണത്തിന്റെ ബാല്യകാലം (Childhood Of Imitation) നോവലില്‍ നിലനില്‍ക്കുന്നു. അനുകരണത്തിന്റെ ഈ സവിശേഷ അസ്തിത്വം ഗ്രന്ഥകാരന്‍ ഈ കുട്ടികള്‍ക്ക് നല്‍കുന്നതിന് പിന്നിലെ കാരണമറിയാന്‍ നോവലിന്റെ സമഗ്രമായ വായന ആവശ്യമാണ്. കുട്ടികളിലൂടെയാണ് രചയിതാവ് കഥാന്ത്യം വരെ നീളുന്ന പല രഹസ്യങ്ങളും ചുരുളഴിക്കാന്‍ ശ്രമിക്കുന്നതും പകയുടെയും മായയുടെയും സത്യത്തിന്റെയും അസത്യത്തിന്റെയും ഇടയിലുള്ള പല മുഹൂര്‍ത്തങ്ങളും നേരില്‍ കാണുന്നതും.

സത്വത്തെ തേടിയുള്ള സ്വത്വാന്വേഷണത്തിന്റെ യാത്ര

വാവക്കാടിന്റെ ഗ്രാമീണ ശരീരത്തിന്റെ ഞരമ്പുകളായി നിലനില്‍ക്കൂന്ന പൊഴികളിലേക്കും, മഴപെയ്ത് കടല്‍ അതിന്റെ സര്‍വ്വശക്തിയില്‍ ഇരമ്പുന്ന രാവുകളില്‍ കടലിലേക്ക് ഇറങ്ങുന്ന വള്ളങ്ങളിലേക്കും ഇരച്ചെത്തി ഗ്ലാത്തി പൊഴിക്കുന്ന അജ്ഞാത സത്വങ്ങളുടെ ലോകവും അവയുടെ നേരും തേടിയുള്ള മായികയാത്രയാണ് ഉദാപ്ലുതസത്വങ്ങള്‍. സത്യാന്വേഷണത്തിന്റെ ഈ ദൗത്യം ഏറ്റെടുക്കുന്നത് കുറച്ച് കൗമാരക്കാരാണ് എന്നത് നോവലിനെ സവിശേഷമാക്കുന്ന വസ്തുതയാണ്. ബാല്യ- കൗമാര- യൗവന- വര്‍ദ്ധക്യഭേദമില്ലാത്ത എല്ലാവരുടേതുമായ ലോകമാണ് നോവലില്‍ പ്രസ്താവ്യമാകുന്നത്. ഇവിടെയാണ് ബെഞ്ചമിന്നും പൊടിവാവയും സ്റ്റീപ്പനും നാടിന്റെ നിഗൂഡമായ ഇരുളറകളിലേക്കും കടലാഴങ്ങളില്‍ സംഭവിക്കുന്ന ദുരൂഹമായ മരണങ്ങളിലേക്കും ജരാനരബാധിച്ച മുന്‍തലമുറയുടെ രഹസ്യനീക്കങ്ങളിലേക്കും തങ്ങളുടെ നോട്ടമെത്തിക്കുന്നത്.

''നീ കറുമ്പച്ചന്‍ കരേല് വരണത് കേട്ടിട്ടൊണ്ടാ?' തലയുയര്‍ത്താതെ ബെഞ്ചമിന്‍ ചോദിച്ചു.

''വലുതായിട്ടൊന്നുവില്ല. എനിക്കീ പോഴത്തരവൊന്നും വിശ്വാസവില്ല. പിന്ന പാറുവമ്മ എടക്കിരുന്നോരോന്നു പറയും. കടലീ മനുഷ്യരക്തം കുടിക്കാന്‍ തക്കം നോക്കിയിരിക്കണ പിശാചുക്കളൊണ്ടെന്നും മഴ പെയ്യുമ്പ കടപ്പൊറത്തു പോണവരെ അതുങ്ങളെല്ലാം കൂടി കടിച്ചു കൊല്ലുവെന്നുവൊക്കെ കേട്ടിട്ടൊണ്ട്. എന്തായിപ്പ പെട്ടെന്ന്?'

''എന്റപ്പാ മരിച്ചതെങ്ങനാ?''

''അതൊക്കെയിപ്പയെന്തിനാ ആലോ...' 'പറ.''

കടുപ്പത്തില്‍ ബെഞ്ചമിന്റെ ഒച്ച പൊങ്ങി.

''വള്ളം മുങ്ങി.''

'അന്നും കടലീ മഴ പെയ്താരുന്ന്. നിനക്കോര്‍മ്മയൊണ്ടാ?''

''നീയിതു ചുമ്മാ ഓരോന്നു ചിന്തിച്ചുകൂട്ടുവാ...'

തലമുറകളായി മത്സ്യബന്ധനം ഉപജീവനമാക്കിയ കുടുംബങ്ങളെ സംബന്ധിച്ച് കടല്‍ ജീവന്റെയും നിലനില്‍പ്പിന്റെയും മരണത്തിന്റെയും ഭൂമികയാണ്. നിലനില്‍പ്പിനായി കടലിനെ ആശ്രയിച്ച് ഒടുക്കം കടലിലേക്ക് മടങ്ങിയ ജീവനുകളില്‍ ഭൂരിഭാഗവും 'കറുമ്പച്ചന്‍' എന്ന അജ്ഞാതസത്വത്താല്‍ കൊല്ലപ്പെടുന്നതാണെന്ന ഗ്രാമീണരുടെ വിശ്വാസത്തെ അപനിര്‍മ്മിക്കാന്‍ കുട്ടികള്‍ തങ്ങളുടേതായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതാണ് കഥയുടെ കേന്ദ്രം. തുടക്കകാലങ്ങളില്‍ തങ്ങളൂടെ വൃദ്ധജനങ്ങളുടെയിടയില്‍ പ്രചരിക്കുന്ന കറുമ്പച്ചന്‍ കഥകളെയും അവയുടെ നിലനില്‍പ്പിനെയും കളിയാക്കിയും അവയെ പള്ളുപറഞ്ഞും പുതിയ കഥകള്‍ മെനഞ്ഞും അവര്‍ മിത്തുകളെയും വിശ്വാസങ്ങളെയും ഉദാസീനമായി സമീപിക്കുന്നുണ്ട്. പിന്നീട് ഏതൊരു കൗമാരക്കാരെയും പോലെ പ്രായം കൂടുന്തോറും വളരുന്ന അനുഭവജ്ഞാനവും ജീവിതവഴികളില്‍ അഴിയുന്ന മിഥ്യയുടെ ചുരുളുകളുമെല്ലാം അവരെക്കൊണ്ടെത്തിക്കുന്നത് നേരിന്റെ കടല്‍വഴികളിലാണ്. തുടക്കം മുതല്‍ വികസിപ്പിച്ചു കൊണ്ടുവരുന്ന മിത്തുകളും വിശ്വാസങ്ങളും കഥാന്ത്യത്തില്‍ നേരും നേരും തമ്മിലുള്ള പോരാട്ടമായി പരിണമിക്കുന്നുണ്ട്. ഇരുട്ടില്‍ ഗര്‍ജ്ജിക്കുന്ന കടലിലെ സത്വങ്ങളെ തേടിയിറങ്ങുന്ന അവയെക്കാള്‍ പതിന്മടങ് ശക്തിയുള്ള കരയിലെ ഭീകര സത്വത്തെ ദര്‍ശിക്കുമ്പോളാണ് യാഥാര്‍ത്ഥ്യത്തില്‍ ആരാണ് ഉദാപ്ലുതസത്വങ്ങള്‍ എന്ന് വായനക്കാര്‍ മനസ്സിലാക്കുന്നത്. ജീവിതം അവശേഷിപ്പിക്കുന്ന ചില ഉത്തരമില്ലാത്ത ചോദ്യങ്ങളില്‍ത്തന്നെ ഈ നോവലും തീരുന്നതിനാല്‍ ഇത് വായനക്കാരുടെ നോവ് തന്നെയായി മാറുന്നു.

കടലിലെ ലോകവും കരയിലെ ലോകവും, തമ്മിലുള്ള ഇരുള്‍വഴിയിലെ കടല്‍പോരാട്ടത്തിന്റെ കഥ പറയുന്ന ഈ നോവലും നോവലിസ്റ്റും നിരവധി വായനകള്‍ക്കും അന്വേഷണങ്ങള്‍ക്കും വിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നു.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT