സാഹിത്യരൂപങ്ങളിൽ വൈകാരികതയുടെ ഏറ്റവും തീക്ഷ്ണമായ ആവിഷ്ക്കാരങ്ങളിലൊന്നോ ഒരു പടികൂടി കടന്ന് പറഞ്ഞാൽ വൈകാരികതയുടെ ഏറ്റവും തീവ്രമായ മുഖമോ ആണ് കവിത എന്ന് നിസ്സംശയം പറയാം . മഹത്തായ , കാവ്യേതരങ്ങളായ സാഹിത്യസൃഷ്ടികൾ എടുത്ത് പരിശോധിച്ചാൽ പോലും അവയിലെ കാവ്യാംശങ്ങൾ തുളുമ്പി നിൽക്കുന്ന വൈകാരിക മുഹൂർത്തങ്ങൾ കൊണ്ടാണ് പല മികച്ച കലാസൃഷ്ടികളും സാഹിത്യ ചരിത്രത്തിൽ സ്വയം അടയാളപ്പെടുത്തിയിട്ടുള്ളത്. ഷേക്സ്പിയറിന്റെയോ ക്രിസ്റ്റഫർ മാർ ലോയുടേയോ സാമുവേൽ ബെക്കറ്റിന്റെയോ നാടകങ്ങളിലെ പ്രസിദ്ധമായ ഏകാന്ത സംഭാഷണങ്ങളായാലും ( soliloquy), വിർജീനിയ വൂൾഫിന്റെയോ യുഹിയോ മിഷിമയുടേയോ ഒ വി വിജയിന്റെയോ മാർക്കേസിന്റെയോ ബോർഹേസിന്റെയോ ഒക്കെ നോവലുകളിലും കഥകളിലും കഥായനം അത്തരം മുഹൂർത്തങ്ങളെ വന്ന് തൊടുന്ന സ്ഥലങ്ങളിലായാലും എവിടെയും ഒരു കവിത നമുക്ക് കാണാൻ സാധിക്കും. വിജയന്റെ പ്രസിദ്ധമായ 'കടൽത്തീരത്ത് ' എന്ന കഥ ഏതോ ഒരു ലേഖനത്തിൽ മുറിച്ച് മുറിച്ച് കവിത പോലെയടുക്കി വച്ച ഞെട്ടിക്കുന്ന ഒരു കാഴ്ച പണ്ടെങ്ങോ കണ്ടതോർക്കുന്നു. (ആനന്ദി രാമചന്ദ്രന്റെ വിജയനെ പറ്റിയുള്ള ഓർമ്മക്കുറിപ്പുകൾ അടങ്ങിയ ഒരു പുസ്തകത്തിലാണ് എന്നാണ് ഓർമ്മ. ) ആ കഥ സത്യത്തിൽ കഥയുടെ രൂപത്തിൽ മറഞ്ഞിരിക്കുന്ന ഒരു മനോഹരമായ കവിതയാണ്.
കവിത നമ്മുടെ സാഹിത്യത്തിന്റെ മുഖ്യധാരയിൽ ഇന്നുണ്ടോ എന്ന് ചോദിച്ചാൽ ' അതെ ' എന്ന് ഉത്തരം പറയാൻ പലപ്പോഴും ബുദ്ധിമുട്ടാണ്. പലപ്പോഴും കഥയുടേയും നോവലിന്റെയും പിന്നിലാണ് കവിതയുടെ സ്ഥാനം. അതിന് പ്രധാനപ്പെട്ട ഒരു കാരണം ഇന്നത്തെ കവിത ആസ്വദിക്കാനുള്ള വായനക്കാരുടെ സംവേദനക്ഷമതയുടെ പ്രശ്നങ്ങളാണ്. കഥയും നോവലും വായിക്കുമ്പോൾ ഉണ്ടാവേണ്ട സംവേദനക്ഷമതയല്ല കവിതയാസ്വദിക്കുമ്പോൾ വേണ്ടത്. അത് ഇന്ന് പലർക്കും ഇല്ല എന്നതാണ് ഒരു നിർഭാഗ്യകരമായ സത്യം. പക്ഷെ കുറെക്കാലം മുമ്പ് വരെ അങ്ങനെയല്ലായിരുന്നു. കവിത കുറെക്കൂടി ജനകീയമായിരുന്നു. സാധാരണ മനുഷ്യർക്ക് സ്വാഭാവികമായ അടുപ്പം കവിതയോട് തോന്നിയിരുന്നു. പിന്നീടെപ്പോഴോ നമ്മൾ കവിതയിൽ നിന്നും അകന്നു പോയതായോ കവിത നമ്മളിൽ നിന്നും അകന്ന് പോയതായോ തോന്നിയിട്ടുണ്ട്. അങ്ങനെ അകന്നു പോയവരെ കവിതയിലേയ്ക്ക് തിരിച്ചു കൊണ്ടുവരിക എന്നത് അത്യന്തം ശ്രമകരമായ ഒരു ദൗത്യമാണ്.
പുതിയ കവികൾ ധാരാളം മലയാളത്തിലേയ്ക്ക് തങ്ങളുടെ കവിതാ പുസ്തകങ്ങളുമായി കടന്നുവരുന്നുണ്ട്. അവരൊക്കെ കവിതയെ കുറെക്കൂടി ജനകീയമാക്കിത്തീർക്കാൻ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്.
അങ്ങനെ വന്നുകൊണ്ടിരിക്കുന്ന പുസ്തകങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വായിക്കാനിടയായ ഒരു കവിതാസമാഹാരമാണ് ശ്രീ മുരുകൻ കാട്ടാക്കട തിരക്കഥാകൃത്ത് ശ്രീ ബിപിൻ ചന്ദ്രന് നൽകി പ്രകാശനം നിർവ്വഹിച്ച പത്രപ്രവർത്തയും ബ്ലോഗറും കവിയുമായ ശ്രീമതി പ്രിയദർശിനി പ്രിയയുടെ ടെൽ ബ്രയിൻ ബുക്ക്സ് പ്രസിദ്ധീകരിച്ച 'പുക്കുന്നശോകം' എന്ന കവിതാ പുസ്തകം. വായനയിൽ വളരെ പ്രതീക്ഷയുണർത്തിയ ഒരു പുസ്തകമായിരുന്നു ഇത്.
പ്രിയയുടെ കവിത വായനയിൽ പല മുഖങ്ങളിൽ നമ്മോട് സംവദിക്കാറുണ്ട്. കവിത ചിലപ്പോൾ ശാന്തമായ ഒരു പുഴ പോലെയൊഴുകും, ചിലപ്പോൾ ഒരു നേർത്ത മഴപോലെ പതിഞ്ഞ് ചാറാറുണ്ട് , മറ്റ് ചിലപ്പോൾ കൊടുങ്കാറ്റും പേമാരിയുമുമായി നമ്മുടെ സ്വസ്ഥമായ മനസുകളിലേയ്ക്ക് അശാന്തിയുടെ ഗീതങ്ങളായി പെയ്തു നിറയും, മറ്റു ചില മുഹൂർത്തങ്ങളിൽ വൃദ്ധനായ ഒരു താപസനെപ്പോലെ ലോകതത്ത്വങ്ങൾ പറയും. സാധാരണ രണ്ട് തരത്തിലാണ് കവിതയുടെ നില . ഒന്ന് വളരെ objective ആയ അവസ്ഥയും മറ്റൊന്ന് വളരെ subjective ആയ അവസ്ഥയും. രണ്ടാമത്തെ വിഭാഗം കവിതകൾ കവിയുടെ തന്നെ ഉള്ളിലേയ്ക്ക് നോക്കുന്ന ആത്മനിരീക്ഷണങ്ങളാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മിക്ക കവിതകളും ചങ്ങമ്പുഴയുടെ പല കവിതകളും ഇടപ്പള്ളിയുടെ ഏതാണ്ടെല്ലാ കവിതകളും അങ്ങനെയാണ്. നന്ദിതയുടെ പൂർണ്ണമായും എല്ലാ കവിതകളും അങ്ങനെയാണ്. സിൽവ്യ പ്ലാത്തിന്റെ കവിതകൾ മിക്കതും അങ്ങനെ തന്നെ. ഈയൊരു സ്വഭാവമുള്ള കവിതകളാണ് പ്രിയദർശിനിയുടെ കവിതകൾ . ആത്മനിഷ്ഠമായ രചനകളാണ് അവയെല്ലാം . കവി തന്റെ തന്നെ ജീവിതത്തിലേയ്ക്കും പിന്നിട്ട വഴികളിലേയ്ക്കും നോക്കുന്നതായാണ് വായനക്കാർക്ക് തോന്നുന്നത്. ആ വഴികളൊക്കെ കവിയുടെ അനുഭവങ്ങളാകാം ഒരു പക്ഷെ . അല്ലെങ്കിൽ കവി നടത്തിയ മാനസിക യാത്രകളാകാം. എന്തായിരുന്നാലും കവിതാസ്വാദനത്തിലേയ്ക്ക് , കവിതാവായനയിലേയ്ക്ക് കവിയുടെ ജീവിതത്തെ വലിച്ചിടുന്ന പ്രാകൃതമായ വികലമായ ചർച്ചാ രീതി ഇന്നും ഇവിടെ ഉപേക്ഷിക്കപ്പെടാതെ കൊണ്ടു നടക്കുന്ന സമ്പ്രദായം ഉണ്ട് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ആ വഴി സഞ്ചരിക്കാതെ സാഹിത്യം വായിച്ചു ശീലിക്കണം എന്ന അഭ്യർത്ഥനയോടെ പുസ്തകത്തിലേയ്ക്ക് പോകാം.
ഈ പുസ്തകത്തിൽ ധാരാളം കവിതകളുണ്ടെങ്കിലും ചില നുറുങ്ങു കവിതകൾ മനോഹരങ്ങളാണ്.
ഉദാഹരണത്തിന് ' ഞാനും നീയും ' എന്ന കവിത.
" ചിന്തകൾ കൂടിക്കലരുന്നതേയില്ല.
ഞാനും നീയും വെവ്വേറെ... "
പല കവിതകളിലും മനോഹരമായ ബിംബങ്ങൾ കവി നിർമ്മിച്ചിട്ടുണ്ട്.
'പെയ്തൊഴിയാതെ ' എന്ന കവിത. അതുപോലെ 'വിഭ്രാന്തി' എന്ന കവിത .
രാത്രിമഴയും അശാന്തിയും രാത്രി പൂക്കുന്ന മരങ്ങളും ഏകാന്തമായി രാത്രിയിലൊഴുകുന്ന പുഴയുടെ തണുപ്പും രാത്രിയുടെ ചിറകുകളാകുന്ന കടവാവലുകളുമൊക്കെ വന്നു നിറയുന്ന
'ഗന്ധർവ്വ ക്ഷേത്രം ' എന്ന കവിത ഇത്തരം സിംബങ്ങൾ കൊണ്ട് സമൃദ്ധമാണ്.
'എന്റെ പ്രിയപ്പെട്ടവന് ' എന്ന കവിത പ്രണയിക്കുന്ന ഹൃദയങ്ങൾ തമ്മിലുള്ള ദൂരങ്ങളെ നിഷ്പ്രഭമാക്കുന്നു.
'വാണ്ടർ ലസ്റ്റ് ' എന്ന കവിത കാലങ്ങൾക്കും ദേശങ്ങൾക്കും കുറുകെ ആകാശങ്ങൾ അളന്ന് പറക്കുന്ന ദേശാടനക്കിളികളെപ്പോലെ സഞ്ചരിക്കാൻ കൊതിക്കുന്ന മനസ്സിന്റെ അനന്തമായ യാത്രകളെ പറ്റിയുള്ള വെമ്പലുകളാണ്.
"ചില സമയങ്ങളിൽ അകം നിറഞ്ഞൊരു ശൂന്യത പുറത്തേയ്ക്കൊഴുകുന്നു ..... " എന്ന് തുടങ്ങുന്ന 'തമോഗർത്തം ' എന്ന കവിതയാണ് ഇതിലെ ഏറെയാകർഷിച്ച ഒരു കവിത. ആന്തരിക സംഘർഷങ്ങളും നിസ്സഹായാവസ്ഥയും ആണ് ഇതിലെ പ്രമേയങ്ങൾ .
'പൂക്കുന്നശോകം' എന്ന കവിത മുറിവേറ്റ ഒരു സ്ത്രീയുടെ ഉയിർപ്പും മുന്നറിയിപ്പുമാണ്. ആശാന്റെ സീതാകാവ്യം മുതൽ ആ പാരമ്പര്യം മലയാള കവിത പിൻപറ്റുന്നുണ്ട്. 'പൂക്കുന്നശോകം' എന്ന കവിത ഈ സമാഹാരത്തിലെ മറ്റു കവിതകളിൽ നിന്നെല്ലാം അതിന്റെ സവിശേഷമായ സജീവമായ യുദ്ധോത്സുകത ( belligerence) കൊണ്ട് വ്യത്യസ്തമാണ് .
ഇതിലൂടെ കടന്ന് പോയപ്പോൾ പ്രസിദ്ധമായ Lady Lazarus എന്ന സിൽവ്യ പ്ലാത്തിന്റെ (Sylvia Plath) കവിതയിലെ
Out of the ash
I rise with my red hair
And I eat men like air. എന്ന് പോകുന്ന കവിത പെട്ടെന്ന് ഓർത്തു പോയി.
മരണത്തിന്റെ പടരുന്ന ഒരു നിഴൽ പ്രിയയുടെ പല കവിതകളിലും വീണു കിടക്കുന്നതായി തോന്നുന്നു. Dying is an art....
I have done it again.
One year in every ten
I manage it. എന്ന് പ്ലാത്ത് എഴുതുമ്പോഴും
" മൃതിയുടെ രണഭൂമികളിൽ വിലപിച്ച്
ഇനി ഞാനെന്റെ നഷ്ടങ്ങളെ ശ്വസിച്ചുറങ്ങാം " എന്ന് നന്ദിതയെഴുതുമ്പോഴും അതേ വൈകാരിക മുഹൂർത്തങ്ങളെ പ്രിയദർശിനിയുടെ ചില കവിതകൾ മറ്റൊരു തരത്തിൽ ആവിഷ്ക്കരിക്കുമ്പോഴും
പലപ്പോഴും പരാജയത്തെയും നിസ്സഹായാവസ്ഥയെയും മരണത്തെയും ഇവരുടെയെല്ലാം ചില കവിതകൾ വീണ്ടും വീണ്ടും പുണരുമ്പോഴും ചിലയിടങ്ങളിലൊക്കെ ഉയിർപ്പിന്റെയും പോരാട്ടത്തിന്റെയും തിരിച്ചുവരവിന്റെയും തീപ്പൊരികൾ ചിതറുന്നതായി നമുക്ക് കാണാം. സമാഹാരത്തിൽ ധാരാളം കവിതകൾ വേറെയുണ്ടെങ്കിലും എല്ലാം വിശദീകരിച്ച് വായനക്കാരുടെ ആസ്വാദനത്തിന്റെ പുതുമ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. ധാരാളം പുതിയ കവികൾ കവിതാരചനയിലേയ്ക്ക് കടന്നു വരുന്നത് ഒരു ശുഭപ്രതീക്ഷയാണ് , അത്തരം പ്രതീക്ഷ നിലനിർത്തുന്നുണ്ട് 'പൂക്കുന്നശോകം ' എന്ന പുസ്തകവും.