2019ല്‍ നവംബറില്‍ ഉണ്ണിക്കൃഷ്ണൻ ബാലി ദ്വീപിലേക്ക് നടത്തിയ യാത്രാനുഭവമാണ് ഒരു പുസ്തകമായി ഈ കൊവിഡ് കാലത്ത് ശാരീരിക അകലവും കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് ഒതുങ്ങി ജീവിക്കുന്ന നമുക്ക് മുന്നിലേക്കെത്തുന്നത്.
ആനയും കടലും കണ്ടാലും കണ്ടാലും മതിവരില്ലെന്നാണ് ചൊല്ല്. എന്നാല്‍ സഞ്ചാരികള്‍ അതില്‍ കൂട്ടിച്ചേര്‍ക്കുന്ന ഒരു സ്ഥലമുണ്ട്. ബാലിദ്വീപ്. സഞ്ചാരികള്‍ക്ക് എത്രപോയാലും വീണ്ടും വീണ്ടും ക്ഷണിച്ചുകൊണ്ടുപോകുന്ന ഇടമാണത്. പ്രത്യേകിച്ച മലയാളികള്‍ക്ക്.
1953ല്‍ എസ്‌കെ പൊറ്റക്കാട് കപ്പല്‍ മാര്‍ഗ്ഗം നടത്തിയ ബാലിയാത്രയിലാണ് അതാരംഭിക്കുന്നത്. എഴുപത്തിനാല് വര്‍ഷം മുമ്പ് നടത്തിയ ആ യാത്രവഴിയാണ് മലയാളികള്‍ ബാലിദ്വീപിനെ കുറിച്ച് അറിയുന്നത്. അതിന് ശേഷം എത്രയോ പേർ ഇവിടെ നിന്ന് ബാലിദ്വീപിലേക്ക് യാത്ര പോയി. അതിൽ ചിലർ അനുഭവക്കുറിപ്പുകളുമെഴുതി.
അക്കൂട്ടത്തിലിതാ പുതിയ ഒന്നു കൂടി . സഞ്ചാരികളുടെ ബാലി.
ബാലി ദ്വീപിനെ കുറിച്ചറിയാനും കാലാനുസൃതമായി ബാലി ദ്വീപിനുണ്ടായ വ്യത്യസ്തതകള്‍ മനസ്സിലാക്കാനും ഒരു സാങ്കല്‍പ്പിക ബാലി സഞ്ചാരം നടത്താനും ഉതകുന്ന ഏറ്റവും പുതിയ ബാലിയാത്രാനുഭവമാണ് ഈ പുസ്തകം.
ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠപുരം രചിച്ച ഈ പുസ്തകം പ്രസിദ്ധീകരിച്ചത് കോഴിക്കോട്ടെ ബാഷോ ബുക്‌സ് ആണ്
2019ല്‍ നവംബറില്‍ ഉണ്ണിക്കൃഷ്ണൻ ബാലി ദ്വീപിലേക്ക് നടത്തിയ യാത്രാനുഭവമാണ് ഒരു പുസ്തകമായി ഈ കൊവിഡ് കാലത്ത് ശാരീരിക അകലവും കൊവിഡ് പ്രോട്ടോക്കോളും പാലിച്ച് ഒതുങ്ങി ജീവിക്കുന്ന നമുക്ക് മുന്നിലേക്കെത്തുന്നത്.
ബാലിയിലെ കുരങ്ങുകള്‍
കൊവിഡ് ലോക്ഡൗണിനിടെ 2020 മാര്‍ച്ച് 27ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒരുകാര്യം പറഞ്ഞു.
'ലോക് ഡൗണ്‍ കാരണം ക്ഷേത്രങ്ങളും കാവുകളും അടച്ചിട്ടിരിക്കുകയാണ്. പല ക്ഷേത്രങ്ങളിലും ഭക്തജനങ്ങളെ മാത്രം ആശ്രയിച്ചുകഴിയുന്ന മൃഗങ്ങളുണ്ട്. ശാസ്താംകോട്ട കാവ്, കോഴിക്കോട്ടെ വള്ളിക്കോട്ട് കാവ് തുടങ്ങിയ ഇടങ്ങളിലെ വാനരന്മാര്‍ക്കിപ്പോ ഭക്ഷണമില്ല. ഭക്ഷണം കിട്ടിയില്ലെങ്കില്‍ അവ അക്രമാസക്തരാകും. അതിനാല്‍ അവ പട്ടിണിയാകാതെ നോക്കേണ്ട ബാധ്യത കൂടി പൂജാരിമാര്‍ ഏറ്റെടുക്കണം'
ഈ പരാമര്‍ശത്തില്‍ നിന്നാണ് കൊവിഡിന് മുമ്പ് നടത്തിയ ആ ബാലിയാത്രയിലേക്ക് ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠപുരം വീണ്ടും വൈകാരികമായ ഒരു സഞ്ചാരം നടത്തുന്നത്.
' മുഖ്യമന്ത്രിയുടെ പരാമര്‍ശം എന്റെ ഓര്‍മകളെ വീണ്ടം ബാലിദ്വീപിലെത്തിച്ചു. ഉലുവത്തു ക്ഷേത്രപരിസരത്തെ നൂറുകണക്കിന് കുരങ്ങന്മാര്‍ എന്റെ നിനവിലെത്തി. ആ കുരങ്ങുകളെ ദശാബ്ദങ്ങളായി തീറ്റിപ്പോറ്റുന്നത് അവിടെയെത്തുന്ന ടൂറിസ്റ്റുകളാണ്. ബാലിയിലും ലോക്ഡൗണായിരിക്കില്ലേ, അവയ്ക്ക തീറ്റ നല്‍കുന്നതാരാകും.'
ഒരു സഞ്ചാരിക്ക് അയാള്‍ എത്തിപ്പെടുന്ന സ്ഥലങ്ങളുമായി രൂപപ്പെടുന്ന വൈകാരിക അടുപ്പമാണ് ഈ ആശങ്കില്‍ നിറയെ.
പിറ്റേന്നാള്‍ ബാലിയില്‍ നിന്ന് ഒരു സൂഹൃത്ത് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍ എല്ലാമുണ്ടായിരുന്നു. ടൂറിസ്റ്റുകള്‍ വരാതായപ്പോള്‍ കുരങ്ങന്മാർ തെരുവിലിറങ്ങി കടകളില്‍ നിന്നും വീടുകളില്‍ നിന്നും ആഹാരം തട്ടിപ്പറിക്കുന്ന കാഴ്ചകള്‍...
ഈ സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠപൂരം താന്‍ പോയ വഴികളിലൂടെ ആ സഞ്ചാരം പുനസൃഷ്ടിക്കുകയായിരുന്നു. അങ്ങനെ യാത്രയുടെ ഓര്‍മകള്‍ എഴുതിയെഴുതി ഒരു പുസ്തകമായി. അതാണ് സഞ്ചാരികളുടെ ബാലിയെന്ന ഈ പുസ്തകം.
ടൂറിസം കൊണ്ട് ജീവിക്കുന്ന ജനത
മാലിദ്വീപിന്റെ ആകെ വരുമാനത്തില്‍ 90 ശമാനവും ടൂറിസം വഴിയാണ്. അങ്ങനെയൊരു നാട്ടിനെ കുറിച്ചാണ് ഈ ലോക്ഡൗണ്‍കാലത്തൊരു പുസ്തകം വായിക്കപ്പെടുന്നത്.
സഞ്ചാരികളുടെ ബാലി ബാലിദ്വീപിന്റെ ജീവിതസാഹചര്യങ്ങളും സാംസ്‌കാരിക വൈവിദ്ധ്യവും തേടിപ്പോകുകയാണ് ചെയ്യുന്നത്. എസ് കെ പൊറ്റക്കാട് പോയ കാലത്തെ ബാലിദ്വീപില്‍ നിന്ന് ഇന്നത്തെ ബാലി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഉണ്ണികൃഷ്ണന്റെ രചന നമ്മെ ബോധ്യപ്പെടുത്തും.
സാധാരണ സഞ്ചാരസാഹിത്യത്തിനപ്പുറത്ത് ചിലയിടങ്ങളില്‍ ആത്മനിഷ്ഠമായ അനുഭവ കുറിപ്പ് കൂടിയായി മാറുന്നിടത്ത് ഈ പുസ്തകം വ്യത്യസ്തമാകുന്നത്.
യാത്രാരംഭത്തിലെ വിമാനജീവിതം മുതലാരംഭിക്കുന്നതാണ് പുസ്തകം. വിമാനയാത്ര രസകരമായി തന്നെ എഴുത്തുകാരന്‍ പ്രതിപാദിക്കുന്നുണ്ട്. വിമാനയാത്രയില്‍ യാത്രികരുടെ പെരുമാറ്റത്തില്‍ നിന്ന് എഴുത്തുകാരന്‍ കണ്ടെടുക്കുന്ന ഒരു നിരീക്ഷണം രസകരമാണ്.
' വിമാനം നിലം തൊടുംമുമ്പേ സീറ്റ് ബെല്‍റ്റഴിക്കുക മലയാളികളുടെ ശീലമാണ്. ഒരിക്കലും ചെയ്യരുതാത്ത കാര്യം. ഇവിടെയും അതുകണ്ടു. ബെല്‍റ്റഴിച്ചും ക്യാബിന്‍ തുറന്ന് കാരിയര്‍ ബാഗ് കൈക്കലാക്കിയും ഇറങ്ങാനുള്ള ധൃതിയിലാണ്. മലയാളികളെ പോലെ ഇങ്ങനെ ധൃതി കൂട്ടുന്ന മറ്റുജനതയില്ല എന്ന് പലരും പറയാറുണ്ട്'
മറ്റൊരു കേരളം
ഇതുവരെ പൂര്‍ണായി നഗരവല്‍ക്കരണത്തിന് വിധേയമാകാത്ത ഒരു പ്രദേശമാണ് ബാലി. എസ്‌കെ പൊറ്റക്കാട് ബാലി സഞ്ചാരക്കുറിപ്പെഴുതുമ്പോള്‍ ഏറ്റവും പ്രധാനമായി പറഞ്ഞ ഒരുകാര്യം കേരളവുമായി ബാലിക്കുള്ള സമാനതയാണ്.
ലോകത്തേറ്റവുമധികം മുസ്ലീങ്ങളുള്ള ഇന്ത്യോനേഷ്യയെന്ന മുസ്ലിംരാഷ്ട്രത്തിന്റെ ഒരു പ്രവിശ്യയാണ് ബാലി. 90 ശതമാനം ഹിന്ദുക്കള്‍ ജീവിക്കുന്ന ഒരു പ്രദേശം കൂടിയാണ് ബാലി.
കേരളത്തിൽ നിന്നെത്രയോ അകലെയുള്ള പ്രദേശം. എങ്കിലും ഭൂമിശാസ്ത്രപരമായും ബാലി കേരളത്തോട് സമാനപ്പെട്ടിരിക്കുന്നു.
എസ് കെ കണ്ട അന്നത്തെ ബാലിയിൽ നിന്ന് ഇത്രകാലത്തിനിപ്പുറവും അക്കാര്യത്തില്‍ വ്യത്യാസമില്ലെന്ന് സഞ്ചാരികളുടെ ബാലി വ്യക്തമാക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ അക്കാര്യം വിശദമായി തന്നെ രേഖപ്പെടുത്തുന്നുണ്ട.്
'എസ്‌കെ പൊറ്റക്കാട് 1950 കളില്‍ കണ്ട ഗ്രാമീണ വിശുദ്ധി ഇന്നും ബാലിയില്‍ പലയിടങ്ങളിലുമുണ്ട്. വീടുകളേറെയും ചെരിഞ്ഞ മേല്‍ക്കുരയോട് കൂടി ഓടിട്ടവയാണ്. കാഴ്ചയില്‍ കേരളീയ ഗൃഹങ്ങള്‍ തന്നെ. കേരളത്തില്‍ വീടിനോട് ചേര്‍ന്ന് പൂജാമുറി പണിയുന്നതിന് സമാനമായി അവിടെ ഓരോ വീടിനോട്‌ചേര്‍ന്നുംചെറു ക്ഷേത്രങ്ങള്‍ പണിയും.'
ക്ഷേത്രങ്ങളുടെ നാട്
കൂടുതല്‍ ക്ഷേത്രങ്ങളുള്ള സ്ഥലമാണ് ബാലി. ക്ഷേത്രങ്ങള്‍ക്ക് നിര്‍മാണ ശൈലിയില്‍ സമാനതകളുണ്ടെങ്കിലും ഓരോയിടത്തെയും ആചാരങ്ങള്‍ വ്യത്യസ്തമാണ്.
കേരളയീ സാഹചര്യങ്ങളിലെ ക്ഷേത്രങ്ങള്‍ക്ക് സമാനമാണ് പലതും
. ഉലാവത്ത്, തീര്‍ത്ഥ എം ഫുല്‍ തുടങ്ങിയ ചില ക്ഷേത്രങ്ങളിലൂടെ ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠപുരം യാത്ര ചെയ്യുമ്പോള്‍ ബാലിയിലെ ദൈവങ്ങളുടെ ആധിക്യത്തെ കുറിച്ച് അതിശയപ്പെടുന്നുണ്ട്.
കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കില്‍ ബാലി ദൈവങ്ങളുടെ നാടാണ് എന്ന് ഒരിടത്ത് പറയുന്നതും ഈ ക്ഷേത്രബാഹുല്യത്തിന്റെ അടിസ്ഥാനത്തിലാണ്.
ഭക്ഷ്യസംസ്‌കാരം
ബാലിയുടെ ഭക്ഷ്യസംസ്‌കാരത്തെ കുറിച്ചും ചില അനുഭവങ്ങളിലൂടെ എഴുത്തുകാരന്‍ പ്രതിപാദിക്കുന്നുണ്ട്. ഒരു കോടി രൂപ വിലയ്ക്ക ്കിട്ടുന്ന ഒരു കിലോ കാപ്പിപ്പൊടിയുടെ കഥകേട്ടാല്‍ വായനക്കാരന്‍ അതിശയിക്കുമെന്നുറപ്പ്. ഇത്രയധികം മൂല്യമുള്ള കാപ്പിപ്പൊടിയോ, അതെന്താ എന്ന് നമ്മള്‍ ചോദിക്കും. എന്നാല്‍ അത് വസ്തുതയാണ്. കോഫി ലുവാക് എന്ന പേരുള്ള ആ കാപ്പി ഒരു കപ്പ് കുടിക്കണമെങ്കില്‍ 1750 രൂപ കൊടുക്കണം. ലുവാക്ക് എന്ന മരപ്പട്ടി ഭക്ഷിച്ച് വിസര്‍ജ്ജിച്ച കാപ്പിക്കുരുവില്‍ നിന്നുണ്ടാക്കുന്ന കാപ്പിയാണത്. അത്തരം കാപ്പികള്‍ ഉണ്ടാക്കുന്ന നിരവധി കാപ്പിത്തോട്ടങ്ങളുടെയും ഈ കച്ചവടത്തിനായി വളര്‍ത്തുന്ന ലുവാക് മൃഗത്തിന്റെയും കഥ എഴുത്തുകാരന്‍ പറയുന്നുണ്ട്. എന്താണ് ഈ കാപ്പിയുടെ പ്രത്യേകതയെന്ന നമ്മുടെ മുഖ്യ സംശയം നിവര്‍ത്തിക്കുന്ന ശാസ്ത്രീയമായ വിശകലനവും പുസ്തകത്തിലുണ്ട്.
അതിജീവനത്തിന്റെ ബാലി
പതിനായിരത്തിലധികം ദ്വീപുകളായി പടര്‍ന്നുകിടക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ലോകത്തെ ജനസംഖ്യാനിരക്കില്‍ നാലാംസ്ഥാനത്തുള്ള രാജ്യം. 25 കോടി. അതിലെ ഒരു ചെറുദ്വീപായ ബാലി ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കെന്നും കൗതുകമാണ്.
ബാലി നേരിട്ട തീവ്രവാദ ആക്രമണങ്ങളുടെ ദുരന്തചിത്രവും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. അമേരിക്കയിലെ സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തിന് ശേഷം ഭീകരവാദികൾ പലേടങ്ങളിലും അക്രമ പരമ്പരയാരംഭിച്ചതോടെയാണ് ബാലിയും അത്തരമൊരതിക്രമത്തിന് വിധേയമായത്.
അല്‍ഖൈ്വദ്യതയുടെ പിന്തുണയോടെ ജിമാ ഇസ്ലാമിയ എന്ന തീവ്രവാദ സംഘടന ബാലിയില്‍ സ്‌ഫോടനം നടത്തി. വിദേശികളെ കൂട്ടക്കൊല ചെയ്ത് ബാലി ടൂറിസം തകര്‍ക്കാനായിരുന്നുപരിപാടി. അന്നവർ നടത്തിയ ബോംബ് സ്ഫോടനത്തിൽ
202 പേര്‍ കൊല്ലപ്പെട്ടു. ഫലത്തില്‍ ബാലി ടൂറിസത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന ആക്രമണമായിരുന്നു അത്. എന്നാല്‍ ബാലി ജന തോറ്റില്ല. അവര്‍ പോരുതി തിരിച്ചുവന്നു.
അന്ന് മരണപ്പെട്ടവരുടെ സ്മാരകത്തിലും സ്‌ഫോടനം നടന്നയിടങ്ങളിലും ഉണ്ണികൃഷ്ണന്‍ ശ്രീകണ്ഠപുരം സഞ്ചരിക്കുന്നുണ്ട്. അതിന് ശേഷം അതിശക്തമായി തിരിച്ചെത്തിയ ജനതയെ ഈ കൊവിഡ് കാലം എങ്ങനെയായിരിക്കും തളര്‍ത്തിയിട്ടുണ്ടാക്കുക എന്ന് എഴുത്തുകാരന്‍ ആശങ്കപ്പെടുന്നു. ഒരുപക്ഷേ ആ ആശങ്കയാണ് ഈ പുസ്തകം.
കൊവിഡ് കാലത്തെഴുതുന്ന സഞ്ചാരസാഹിത്യമെന്ന നിലയില്‍ സഞ്ചാരികളുടെ ബാലി അര്‍ത്ഥവത്താകുന്നതും ഈ വീക്ഷണം കൊണ്ട് തന്നെ. സഞ്ചാരസാഹിത്യം ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമല്ല ലോകരാഷ്ട്രീയം ഉറ്റുനോക്കുന്നവര്‍ക്കും സഞ്ചാരികളുടെ ബാലി എന്ന പുസ്തകത്തിന്റെ വായന വ്യത്യസ്തമായ അനുഭവമാകും..