2020ല്‍ വായിച്ച മലയാളം ചെറുകഥകളില്‍ നിന്ന് പ്രിയപ്പെട്ടവ തെരഞ്ഞെടുക്കുകയാണ് എഴുത്തുകാരന്‍ എസ്.ഹരീഷ്.
കളങ്കഥ
ഈ വർഷം വായിച്ചതില്‍ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു കഥ ഫ്രാന്‍സിസ് നെറോണയുടെ 'കളങ്കഥ'യാണ്. ഭാഷാപോഷിണി മാസികയില്‍ നവംബര്‍ ലക്കത്തില്‍ വന്നതാണത്. നെറോണയുടെ ക്രാഫ്റ്റിങ്ങിന്‍റെ ഭംഗി ഏറ്റവുമധികം കാണാന്‍ സാധിക്കുന്ന ഒരു കഥയാണത്.ഒരു ചെസ്സ് കളിയുടെ പശ്ചാത്തലത്തില്‍,ഒരു കാര്‍ ഡ്രൈവറും അയാളുടെ കൂട്ടുകാരനും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ മുന്നോട്ടു പോകുന്ന ഒരു ശൈലി.വളരെ നല്ല ഒരു കഥ.
ചാരുമാനം
ഇഷ്ട്ടപ്പെട്ട മറ്റൊരു കഥ പ്രിന്‍സ് അയ്മനത്തിന്റെ 'ചാരുമാനം' ആണ്.സമകാലിക മലയാളം വാരികയില്‍ വന്ന കഥയാണത്. കഥയിലെ സ്ഥലം എന്റെ നാടായ അപ്പര്‍ കുട്ടനാടാണ്.ഇവിടുത്തെ ജീവിതങ്ങൾ മനോഹരമായി പ്രിന്‍സ് കഥയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
വാത്സ്യായനന്‍
ഉണ്ണി ആര്‍. എഴുതിയ 'വാത്സ്യായനന്‍' ഇഷ്ട്ടപ്പെട്ട മറ്റൊരു കഥയാണ്. പച്ചക്കുതിര മാസികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കഥയാണത്.കുറച്ചു നാളുകള്‍ക്കുശേഷം ഒരു ടിപ്പിക്കല്‍ ഉണ്ണി ആര്‍.കഥ.
വിലങ്ങോലില്‍ എന്നു പേരുള്ള വീടുകള്‍
സി.സന്തോഷ്‌കുമാറിന്റെ 'വിലങ്ങോലില്‍ എന്നു പേരുള്ള വീടുകള്‍' എന്ന കഥയാണ്. ഈയടുത്ത് സമകാലിക മലയാളം വാരികയില്‍ വന്ന കഥയാണത്.വളരെ ലളിതമായി കഥപറഞ്ഞു പോകുന്ന ഒരു രീതിയാണ് അതിനുള്ളത്.വളരെ നല്ല ഒരു കഥയാണ്.
മീന്‍റെ വാലേല്‍ പൂമാല
ഇഷ്ട്ടപ്പെട്ട മറ്റൊരു കഥ ഷനോജ് ആര്‍. ചന്ദ്രന്‍ എഴുതിയ 'മീന്‍റെ വാലേല്‍ പൂമാല' ആണ്.ട്രൂ കോപ്പി തിങ്കിലാണത് വന്നത്. തീര്‍ത്തും അപരിചിതമായൊരു സാഹചിര്യത്തില്‍ ജീവിതം ആഘോഷിക്കപ്പെടെണ്ടി വരുന്നതും പിന്നാലെ ഉണ്ടാകുന്ന സംഭവങ്ങളും ഒക്കെക്കൂടിയുള്ള നല്ല ഒരു കഥയാണത്.ഇ.സന്തോഷ്‌കുമാറിന്‍റെ 'ഒരാള്‍ക്ക് എത്രയടി മണ്ണുവേണം' എന്ന കഥയുമായി ചെറിയ സാദൃശ്യം അതിനുണ്ട്. അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ ജീവിതം കൃത്യമായി അവതരിപ്പിക്കുന്ന ഒരു കഥ .
മുഴക്കം
പി.എഫ്.മാത്യൂസിന്‍റെ 'മുഴക്കം' എന്ന കഥകൂടി ഇഷ്ട്ടപ്പെടുന്നവയുടെ കൂട്ടത്തിലുണ്ട്.മാതൃഭൂമിയില്‍ ആണത് വന്നത്.വല്ലാത്തൊരു മുഴക്കമുള്ള കഥ.അത് ഇപ്പോഴും മാറിയിട്ടില്ല.
തയ്യാറാക്കിയത് ഡി.പി.അഭിജിത്ത്